ചേരാനല്ലൂർ: കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും സർക്കാർ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതിന്റെ ഭാഗമായിട്ടാണ് കമ്മിഷണറെ സ്ഥലംമാറ്റിയതും പ്രതികളെ സഹായിച്ചുവെന്ന് ആരോപിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിയിലും സമർഥരായ പ്രോസിക്യൂട്ടർമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. യാതൊരു തരത്തിലും കേസ് അട്ടിമറിക്കപ്പെടില്ലെന്നും ഇക്കാര്യത്തിൽ കുടുംബം ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

To advertise here,

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മുഖ്യമന്ത്രി ചിറ്റൂരിലുള്ള ജയബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു, മക്കളായ ഭരത്ശങ്കർ, ഭദ്രകീർത്തി, ഭാഗ്യദർശൻ എന്നിവരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് കുടുംബത്തിനുള്ള ആശങ്ക അറിയിച്ചുകൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിക്കു നൽകി. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്. ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നിയമപരിരക്ഷ കിട്ടുന്നത് പ്രതികൾക്കു മാത്രമെന്ന് കുടുംബം

അന്വേഷണവുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള ആശങ്ക ജയബാലകൃഷ്ണന്റെ കുടുംബം മുഖ്യമന്ത്രിയോട് പങ്കുവെച്ചു. നിയമപരിരക്ഷ മുഴുവൻ കിട്ടുന്നത് സ്വാധീനമുള്ള പ്രതികൾക്ക് മാത്രമാണെന്നും, തുടക്കംമുതൽ തന്നെ പ്രതികളെ സംരക്ഷിക്കുന്നതിനുള്ള മനഃപൂർവമായ കാലതാമസം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അവർ പറഞ്ഞു.

'ജയബാലകൃഷ്ണൻ അപകടത്തിൽ മരിച്ച് രണ്ടുമണിക്കൂറിന് ശേഷം മാത്രമാണ് കുടുംബത്തെ വിവരം അറിയിച്ചത്. ഇതു പ്രതികൾക്ക് രക്ഷപ്പെടുന്നതിന് സൗകര്യം ഒരുക്കാനായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെന്നപ്പോൾ മൃതദേഹം കാണിച്ചുതന്നില്ല. അജ്ഞാത മൃതദേഹമാണെന്നാണ് പറഞ്ഞത്. സംഭവം നടന്ന് ഇത്രദിവസമായിട്ടും സി.സി.ടി.വി. ദൃശ്യങ്ങൾ കുടുംബത്തെ കാണിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതിൽ പോലീസ് കാലതാമസം വരുത്തി. പതിനേഴുകാരൻ ഓടിച്ച കാറിനു പിന്നാലെ ജഡ്ജിയും ഭാര്യയും സുഹൃത്തും രണ്ടു കാറുകളിലായി ഉണ്ടായിരുന്നു' - ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു മുഖ്യമന്ത്രിയോട് പറഞ്ഞു.

അഭിഭാഷകനെ മാറ്റിയിട്ടില്ലെന്ന് ഭദ്രകീർത്തി

കൊച്ചി ? അഭിഭാഷകനുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ തള്ളി ചേരാനല്ലൂരിൽ കാറപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. അഡ്വ. എം.ജി. ശ്രീജിത്ത് തന്നെയാണ് തങ്ങളുടെ അഭിഭാഷകൻ.

താൻതന്നെയാണ് അഡ്വ. ശ്രീജിത്തിന് വക്കാലത്ത് ഒപ്പിട്ടു നൽകിയത്.

നിലവിൽ അഭിഭാഷകനെ മാറ്റിയിട്ടില്ലെന്നും ഭദ്ര മാധ്യമങ്ങളോട് വ്യക്തമാക്കി. കോടതിയിൽനടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഭദ്ര പറഞ്ഞു.

'അഡ്വക്കേറ്റ് ശ്രീജിത്ത് ഞങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. അച്ഛനുമായി ഏറെ ആത്മബന്ധമുള്ള വക്കീലാണദ്ദേഹം. കേസിന്റെ തുടക്കത്തിൽ നിയമോപദേശത്തിനു വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ചത്.

ഞാൻതന്നെയാണ് വക്കാലത്തിൽ ഒപ്പിട്ടുകൊടുത്തത്. ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചിട്ടോ അല്ല, ഞങ്ങൾ തന്നെയാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്.' -ഭദ്ര പറഞ്ഞു.

'ഇതുസംബന്ധിച്ച് ബന്ധു പറഞ്ഞ കാര്യങ്ങൾ അറിയില്ല, വക്കീലിനെക്കുറിച്ച് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല.

കേസേറ്റെടുക്കാമെന്നുപറഞ്ഞ് ഒരുപാടുപേർ വന്നു. എതിർവശത്ത് നിൽക്കുന്ന ജഡ്ജിയുടെ സ്വാധീനത്തെക്കുറിച്ചൊക്കെ അറിയാം. എന്റെ അച്ഛന് വേണ്ടിയാണ് ഞാനിതെല്ലാം ചെയ്യുന്നത്. നിലവിൽ ശ്രീജിത്ത് തന്നെയായിരിക്കും വക്കീൽ എന്നും ഭദ്ര മാധ്യമങ്ങളോട് പറഞ്ഞു.