കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണ സംഘത്തിന്റെ ഹർജി മാറ്റി. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും. 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം ഹർജി നൽകിയത്.

To advertise here,

കേസിൽ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമർശിച്ചു. 17-കാരന്റെ വിവരങ്ങൾ ചോർന്നതിൽ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. സൈബർ പോലീസ് എന്ത് ചെയ്യുകയായിരുന്നു? പ്രായപൂർത്തിയാകാത്ത കുട്ടിയെ 'കുറ്റവാളി' എന്നുപോലും വിളിക്കാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

17-കാരന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ നടപടിയെടുക്കാനും കോടതി നിർദേശം നൽകി. സൈബർ പോലീസ് വിഷയത്തിൽ നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഡയറി തിങ്കളാഴ്ച ഹാജരാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

നരഹത്യാക്കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്നും രേഖകൾ കൃത്യമായി പരിശോധിക്കാതെയാണ് ബോർഡ് ജാമ്യം നൽകിയതെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ, 17-കാരനെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.

തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ എന്ന സ്‌കൂട്ടർ യാത്രികനാണ് 17-കാരൻ ഓടിച്ച ബെൻസ് ഇടിച്ച് മരിച്ചത്. പുലർച്ചെ അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിക്കുകയും ചെയ്തിരുന്നു.