ക സിവില്‍ കോഡ് വീണ്ടും ഇന്ത്യയുടെ രാഷ്ട്രീയവേദിയില്‍ ചൂടുപിടിച്ച വിഷയമായി തീര്‍ന്നിരിക്കുകയാണ്. 110 മാസമായി ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദി ഇനി കഷ്ടിച്ച് പത്തുമാസം മാത്രം ബാക്കിയുള്ള തന്റെ ഭരണകാലത്തിന്റെ അവസാനഘട്ടത്തിലാണ് ഒരു രാജ്യത്തിന് എങ്ങനെ രണ്ടു നിയമങ്ങളുമായി മുന്നോട്ടുപോകാമെന്ന വാദം മധ്യപ്രദേശിലെ ബി.ജെ.പി. പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്. 

To advertise here,

ഏക സിവില്‍ കോഡ് എന്നത് ഒരു പുതിയ കാര്യമേ അല്ല. ഭരണഘടനാ സമിതിയുടെ ചര്‍ച്ചകളില്‍ വേണ്ടുവോളം ചര്‍ച്ച ചെയ്യപ്പെട്ട ഒരു സാമൂഹിക നിയമപ്രശ്‌നം തന്നെയാണ് അത്. അതുകൊണ്ടുതന്നെ ഭരണഘടനയുടെ നാലാം ഭാഗത്തില്‍ നാല്‍പത്തിനാലാം ഖണ്ഡികയായി രാജ്യത്തിന് ഒരു പൊതുനിയമം ഉണ്ടാകേണ്ടതാണെന്ന നിര്‍ദേശം കൃത്യമായി എഴുതിവെച്ചിട്ടുണ്ട്. സിവില്‍ കോഡിനെ ശക്തിയായി പിന്തുണയ്ക്കുന്ന ആളുകള്‍ ഈ ഭരണഘടന അനുച്ഛേദത്തെയാണ് വലിയ ശബ്ദത്തോടുകൂടി ഉയര്‍ത്തിപ്പിടിക്കുന്നത്. 

പക്ഷേ, ആര്‍ട്ടിക്കിള്‍ 44 ഉള്‍പ്പെടുന്ന ഭരണഘടനയുടെ നാലാംഭാഗം ഒരു കോടതിയിലും പോയി നമുക്ക് വാദിച്ചു വാങ്ങാന്‍ കഴിയുന്ന ഖണ്ഡികകള്‍ അഥവാ ആര്‍ട്ടിക്കിളുകള്‍ ഉള്‍പ്പെട്ടതല്ല. കോടതിയില്‍ പോയി 'ഇതുനടപ്പാക്കാത്തത്‌ എന്തുകൊണ്ടാണെന്ന്' ചോദിക്കാന്‍ കഴിയാത്ത നിര്‍ദേശക തത്വങ്ങളാണ് അവ. അത് ആരംഭിക്കുന്നത് 38-ാം അനുച്ഛേദത്തില്‍ നിന്നാണ്. അതില്‍ ആദ്യത്തേത് നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തെയാണ് ലക്ഷ്യമിടുന്നത്. സാമൂഹിക, സാമ്പത്തിക നീതി ഉറപ്പുവരുത്തുക എന്നതാണ് ആ അനുച്ഛേദത്തിന്റെ പ്രധാന ലക്ഷ്യം. മാത്രമല്ല, സാമ്പത്തികമായ എല്ലാ ഉച്ചനീചത്വങ്ങളും- അത് വ്യക്തികള്‍ക്കിടയിലും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്കിടയിലും- ഇല്ലാതാക്കണമെന്നും ഭാഗം നാലിന്റെ ആദ്യ അനുച്ഛേദമായ 38-ല്‍ പറയുന്നുണ്ട്. 39 ആകട്ടേ പണം കുന്നുകൂടരുത് എന്ന് നിര്‍ദേശിക്കുന്നു. മനുഷ്യര്‍ക്ക് ജീവിക്കാനുള്ള സംവിധാനങ്ങളുണ്ടാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നാല്പത്തിനാലിന് മുമ്പുള്ള ഓരോ അനുച്ഛേദവും വീണ്ടും എടുത്ത് വായിക്കുമ്പോള്‍ നമ്മുടെ സര്‍ക്കാരുകള്‍ കണ്ടു എന്ന് നടിക്കാത്ത ഇന്ത്യന്‍ ജനതയുടെ അവകാശങ്ങളാണ് ഇവയെന്ന് കാണാം.

നീതി നിര്‍വഹിക്കാനുള്ള കുറ്റമറ്റ ഒരു നിയമവ്യവസ്ഥ ഉണ്ടാക്കണമെന്നും പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍  നല്‍കണമെന്നും പറയുന്ന 39, 40 അനുച്ഛേദങ്ങള്‍ക്ക് ശേഷം 41, 42 അനുച്ഛേദങ്ങള്‍ തൊഴില്‍ ചെയ്യാനുള്ള അവകാശവും വിദ്യ ലഭിക്കാനുള്ള അവകാശവും സംബന്ധിച്ച് മാത്രമല്ല, തൊഴിലിടങ്ങളെ തികച്ചും മാന്യമായി തൊഴില്‍ ചെയ്യാവുന്ന ഇടങ്ങളാക്കി മാറ്റണമെന്നും തൊഴിലാളികള്‍ക്ക് മാനേജ്‌മെന്റില്‍ അംഗത്വം കൊടുക്കണമെന്നും പറയുന്ന അനുച്ഛേദങ്ങളാണ്. ഇത്രയും വിപ്ലവകരമായ അനുച്ഛേദങ്ങള്‍ക്ക് ശേഷമാണ് ഏക സിവില്‍ കോഡ് എന്ന ആര്‍ട്ടിക്കിള്‍ നാം വായിക്കുന്നത്. അതിനു ശേഷമാകട്ടേ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തെ കുറിച്ചും ദളിത്, ആദിവാസി സംരക്ഷണത്തെ കുറിച്ചും മനുഷ്യര്‍ പോഷകമൂല്യമുള്ള നല്ല ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചും ഭരണഘടന വാചാലമാകുന്നുണ്ട്. അതിനിടയില്‍ പാല്‍ തരുന്ന മൃഗങ്ങളെ കൊല്ലുന്നത് ഒഴിവാക്കുക എന്ന അനുച്ഛേദം 48-ാമതായി കടന്നുവരുന്നുണ്ട്. അതിനെയാണ് ഗോവധ നിരോധനത്തിന്റെ വക്താക്കള്‍ പലപ്പോഴും എടുത്ത് കാണിക്കാറുള്ളത്. വനസംരക്ഷണവും ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള വേര്‍പിരിയലും അന്താരാഷ്ട്ര സമാധാനത്തിന് വേണ്ടി ഇന്ത്യ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും 51 വരെയുള്ള ഖണ്ഡികകളില്‍ നിറയുന്നു. ഇതിനിടയില്‍ 49-ാമത്തെ ഖണ്ഡിക പറയുന്നത് നമ്മുടെ സ്മാരകങ്ങള്‍ തകരാതെ,തകര്‍ക്കാതെ നോക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്. (ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ കുറിച്ച് ഓര്‍ക്കാതിരിക്കണം എന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്) 

ചുരുക്കിപറഞ്ഞാല്‍, ബി.ജെ.പിയുടെ വക്താക്കള്‍ കൊട്ടിഘോഷിക്കുന്ന 44-ാംഖണ്ഡിക 38 മുതല്‍ 51 വരെയുള്ള നിരവധി ഖണ്ഡികകളില്‍ ഒന്നു മാത്രമാണ്. അതില്‍ ബാക്കിയെല്ലാം ചെയ്തുകഴിഞ്ഞ് ഇനി 44 മാത്രമേ ബാക്കിയുള്ളൂ എന്ന മട്ടിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുന്നതും അദ്ദേഹത്തിന്റെ വക്താക്കള്‍ അതിനെകുറിച്ച് വലിയ ഒച്ചപ്പാട് ഉണ്ടാക്കുന്നതും.

എന്നാല്‍, എന്താണ് ഈ പുതിയ നിയമത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം എന്നുപരിശോധിക്കാം. ബി.ജെ.പിക്ക് എതിരായ ഐക്യം പടിപടിയായി ശക്തിപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ പരാജയം അത്ര ഗൗരവമായി ബി.ജെ.പി. എടുത്തില്ലെങ്കിലും കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം ബി.ജെ.പിക്ക് താങ്ങാവുന്നതിലും വലിയ ആഘാതം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിന്റെ അനുരണനങ്ങള്‍ എന്ന നിലയ്ക്ക് പറ്റ്‌നയില്‍ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം 2024-ലെ തിരഞ്ഞെടുപ്പ് ദുഷ്‌കരമാക്കിയിരിക്കുന്നു എന്ന്  മനസ്സിലാക്കാന്‍ ഗവേഷണങ്ങള്‍ ആവശ്യമില്ല. ഈ പ്രതിസന്ധിയെ മുറിച്ചുകടക്കുക എന്നതിന് വേണ്ടി അവസാനമായി എടുത്ത് ഉപയോഗിക്കുന്ന പൂഴിക്കടകന്‍ ആണ് ഏക സിവില്‍ കോഡ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്...!

ഏക സിവില്‍ കോഡ് എന്ന വിഷയം എടുത്തിട്ടാല്‍ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കാമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ പ്രതിനിധി സന്ദീപ് പഥക് നടത്തിയ പ്രസ്താവനയെ വിശദീകരിച്ചുകൊണ്ട് ഒരുപക്ഷേ ആവശ്യത്തിലധികം വലിച്ചുനീട്ടിക്കൊണ്ട് ആപ് എന്ന പാര്‍ട്ടി ഇതിന് അനുകൂലമാണെന്ന് ചിലര്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും ബി.ജെ.പി. ഇട്ട ഈ ചൂണ്ടയില്‍ കൊത്താതെ തന്നെ ബി.ജെ.പി. വിരുദ്ധതയുടെ ഐക്യം തകരാതെ നോക്കണം എന്ന അഭിപ്രായക്കാരാണ്. അവരുടെ പ്രസ്താവനകള്‍ ഇതിനകം തന്നെ പുറത്തുവന്നുകഴിഞ്ഞു. കോണ്‍ഗ്രസ് മുതല്‍ ഡി.എം.കെ. വരെയുള്ള കക്ഷികള്‍ ഇക്കാര്യത്തില്‍ തിടുക്കം പിടിച്ചുള്ള ഏക സിവില്‍ കോഡ് എന്ന പുതിയ പുതിയ വിഭജനതന്ത്രത്തെ കൃത്യമായി തിരിച്ചറിയുന്നുണ്ട്.

ഒരു കാര്യം വ്യക്തമാണ്. ബി.ജെ.പി. പത്തുവര്‍ഷം നീളുന്ന അതിന്റെ ഭരണകാലത്തിന്റെ ഏറ്റവും അവസാനത്തെ പാദത്തില്‍ ഏകീകൃത വ്യക്തിനിയമത്തെ കുറിച്ച് പറയുന്നത് ഏകീകരണം ലക്ഷ്യമാക്കിയല്ല മറിച്ച്, ധ്രുവീകരണം ലക്ഷ്യമാക്കി മാത്രമാണ്. ഇത് രാജ്യത്തെ വിവിധ മതങ്ങളെയും ഗോത്രവിഭാഗങ്ങളെയും വ്യത്യസ്തമായി ജീവിച്ചുവരുന്ന സാമൂഹിക ഗ്രൂപ്പുകളെയും ബി.ജെ.പിക്കെതിരേ ഒന്നിപ്പിക്കാതിരിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ചിതറിച്ചുകളയാനുള്ള സമര്‍ഥമായ നീക്കമാണെങ്കിലും നരേന്ദ്ര മോദിയും ബി.ജെ.പിയും പ്രതീക്ഷിച്ചതുപോലെ ഈ കെണിയില്‍ അധികം പേരൊന്നും വീഴുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 

ഈ രാഷ്ട്രീയ പശ്ചാത്തലം നിലനില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ നിയമസംഹിതയെ കുറിച്ചും അതിലെ ക്രിമിനല്‍-സിവില്‍ സംഹിതകളെ കുറിച്ചുമുള്ള ചര്‍ച്ച പ്രസക്തമാണ്. നമുക്ക് അറിയാവുന്നത് പോലെ ഇന്ത്യയുടെ ക്രിമിനല്‍ നിയമങ്ങളെല്ലാം ഏകീകൃതമാണ്. സിവില്‍ നിയമങ്ങളില്‍ സുപ്രധാനമായ ബാങ്കിങ് നിയമവും കരാര്‍ നിയമവും (കോണ്‍ട്രാക്ട് ആക്ട്) കമ്പനി നിയമവും രജിസ്‌ട്രേഷന്‍ നിയമവും സ്ത്രീധന നിരോധന നിയമവും ശൈശവ വിവാഹത്തിന് എതിരായ നിയമവും എന്തിന് മറ്റു പല രാജ്യങ്ങളിലും വിവാദമായ ഗര്‍ഭഛിദ്ര നിയമവും എല്ലാ മതങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമാണ് എന്ന കാര്യം നാം മറന്നുകൂടാ. വാസ്തവത്തില്‍ സിവില്‍ നിയമങ്ങളില്‍ വ്യത്യസ്തത നിലനില്‍ക്കുന്നത് വിവാഹം, വിവാഹമോചനം, ദായ്ക്രമം(സക്‌സഷന്‍), ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ തികച്ചും കുടുംബപരവും വ്യക്തിപരവും ആയ കാര്യങ്ങളില്‍ മാത്രമാണ്. ഇക്കാര്യത്തില്‍ ഒരു ഏകീകൃത നിയമം ആവശ്യമാണോ എന്നതിനെ സംബന്ധിച്ച് ഏറ്റവും അവസാനമായി വിശദമായി പഠിച്ചത് 2018-ല്‍ ലോ കമ്മിഷന്‍ റിപ്പോര്‍ട്ടാണ്. ആ റിപ്പോര്‍ട്ട് ബി.ജെ.പിയുടെ ഭരണകാലത്താണ് പുറത്തുവന്നതെങ്കിലും ലോ കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നത് നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ തൊട്ടുമുമ്പേ സൂചിപ്പിച്ച വിഷയങ്ങളില്‍ ഏകീകൃത നിയമ നിര്‍മാണത്തിന് പാകമായിട്ടില്ല എന്നുതന്നെയാണ്, അങ്ങനെ പാകമാകുന്നത് വരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നു പറയാതെ പറയുകയാണ്  ലോ കമ്മിഷന്‍. 

2018-23ന് ഇടയില്‍ അത്തരത്തിലുള്ള പാകപ്പെടല്‍ സംഭവിച്ചുവെന്ന് ആരും അവകാശപ്പെടുന്നതു പോലുമില്ല. പിന്നെന്തിനാണ് ഈ തിടുക്കം കൂട്ടല്‍ എന്നു ചോദിച്ചാല്‍ തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായ ഒരു തന്ത്രം എന്ന ഉത്തരത്തിലേക്ക് നാം തിരിച്ചെത്തുന്നു. ലോകത്തെ ഇതര രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് നമുക്ക് അറിയാം. ഓരോ രാജ്യങ്ങളിലെയും സമൂഹങ്ങള്‍ രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്നതിന് അനുസരിച്ച് വ്യക്തി നിയമങ്ങളില്‍- പ്രത്യേകിച്ചും വിവാഹം, വിവാഹമോചനം, ദായക്രമം തുടങ്ങിയ കാര്യങ്ങളില്‍- വമ്പിച്ച മാറ്റങ്ങളും മറിച്ചിലുകളും ഉണ്ടാകുന്നുണ്ട്. വികസിതവും ജനാധിപത്യം അംഗീകരിക്കുന്നതുമായ പടിഞ്ഞാറന്‍ യൂറോപ്പിലും അമേരിക്കയിലും വിവാഹ സമ്പ്രദായത്തില്‍ മൗലിക മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ രാജ്യങ്ങളിലെ പ്രധാനമതമായ ക്രിസ്തുമതം ഇക്കാര്യത്തില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എല്‍.ജി.ബി.ടി. അവകാശത്തെ സംബന്ധിച്ച് ഇപ്പോഴും ക്രിസ്തുമതത്തിന് ഒരു നിലപാടിലേക്ക് പൂര്‍ണമായും എത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ തര്‍ക്കമേയല്ലാത്ത ഗര്‍ഭഛിദ്രം അമേരിക്കയില്‍ വലിയ സാമൂഹിക വിഷയമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപോലും ബാധിക്കുന്ന നിയമപ്രശ്‌നമായി തുടരുകയാണ്. 

placeholder
സുപ്രീം കോടതി മുൻ ജഡ്ജ് രഞ്ജന ദേശായി

സ്വവര്‍ഗ വിവാഹവും അവര്‍ക്കിടയിലെ വിവാഹമോചനവും പുതിയ കീറാമുട്ടിയാണ്. ഇന്ത്യന്‍ സുപ്രീം കോടതിയും ആ വിഷയം ഗൗരവത്തോടുകൂടി പഠിച്ചുകൊണ്ടിരിക്കുന്നു. സ്വവര്‍ഗ വിവാഹങ്ങളില്‍ കുട്ടികളുണ്ടാകുകയില്ലെന്നു വ്യക്തമാണല്ലോ. ഇങ്ങനെ വിവാഹതിരായവര്‍ക്ക് എങ്ങനെ കുട്ടികളെ ദത്തെടുക്കാം എന്നത് പല രാജ്യങ്ങളിലും വലിയ ചര്‍ച്ചയ്ക്ക് വിധേയമാകുന്നുണ്ട്. നമുക്ക് പരിചിതമായ ആണ്‍-പെണ്‍ വിവാഹങ്ങളിലെ അദര്‍ സ്പൗസ് സ്റ്റാറ്റസ് അഥവാ ഭാര്യക്ക് ഭര്‍ത്താവും ഭര്‍ത്താവിന് ഭാര്യയും എന്ന നില കൃത്യമായി സ്വവര്‍ഗ വിവാഹങ്ങളില്‍ എങ്ങനെ പാലിക്കപ്പെടണമെന്നത് ചര്‍ച്ചാവിഷയമാണ്. ലോകത്തെമ്പാടുമുള്ള വിവാഹ നിയമങ്ങള്‍ ലൈംഗിക അവകാശത്തിന് പുറമേ സ്വത്തവകാശത്തെ കൂടി സംബന്ധിച്ചുള്ളതാണ്. ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ സ്വത്ത് ഭാര്യയ്ക്കും ഭാര്യ മരിച്ചാല്‍ ഭാര്യയുടെ സ്വത്ത് ഭര്‍ത്താവിനും കിട്ടുക എന്നത് മിക്ക നിയമ വ്യവസ്ഥകളിലും ഉണ്ട്. അതെങ്ങനെ സ്വവര്‍ഗ വിവാഹങ്ങളില്‍ ബാധകമാകുമെന്നത് അത്തരം വിവാഹങ്ങള്‍ നിയമപരമായി അംഗീകരിച്ച രാജ്യങ്ങളിലെ കടിച്ചാല്‍ പൊട്ടാത്ത വിഷയങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇന്ത്യയില്‍ വളരെ പരമ്പരാഗതമായി നാം സെറ്റില്‍ ചെയ്ത അഥവാ അംഗീകരിച്ച ഇന്ത്യയിലെ വിവിധ മതങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ വ്യക്തി നിയമ സംഹിത ഒറ്റനിറത്തിലുള്ള യൂണിഫോം പോലെ ഒന്നാക്കണം എന്ന വാദവുമായി പ്രധാനമന്ത്രി തന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഒരേ നിലയിലുള്ള വിവാഹരീതികളോ- എന്തിന് ശവസംസ്‌കാര രീതികളോ ഇല്ലാത്ത നമ്മുടെ നാട്ടില്‍ ഒറ്റയടിക്ക് എല്ലാം ഏകീകൃതമാക്കണമെന്ന്‌ പ്രധാനമന്ത്രിയെ പോലെ ഒരാള്‍ പറയുമ്പോള്‍ അദ്ദേഹം ഉന്നം വെക്കുന്നത് ആരെയാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധിവൈഭവം തെരുവിലെ ഓരോ സാധാരണക്കാരനുമുണ്ട്. നരേന്ദ്ര മോദി പറയുന്നതിന്റെ ആന്തരാര്‍ഥം ഇതാണ്: "1955-56-ല്‍ രൂപപ്പെട്ട ഹിന്ദു വ്യക്തിനിയമമാണ് മുന്തിയ വ്യക്തിനിയമം. അതിലേക്ക് മറ്റു വിഭാഗം- പ്രത്യേകിച്ച് മുസ്ലീം വിഭാഗം- കടന്നുവരേണ്ടതുണ്ട്." അതുകൊണ്ടുതന്നെയാണ് മുസ്ലീം ന്യൂനപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുളള ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടുളള ഏകീകരണത്തിനെതിരേ ശക്തമായ പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്. 

ഇത്തവണ മുസ്ലീം സമുദായം മാത്രമല്ല രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍ ഇക്കാര്യത്തെ സമീപിക്കുന്നത് ആദിവാസികളുടെ വ്യക്തിനിയമത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ഹിന്ദു മതനിയമത്തില്‍ ഉള്‍പ്പെടുന്ന ആദിവാസികള്‍ക്കിടയില്‍ വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ വിവാഹ സംബന്ധമായി ഉണ്ടെന്നും അടിച്ചേല്‍പ്പിക്കപ്പെടുന്ന സിവില്‍ കോഡ് അവരെ കാണാതെ ള്ളതാണെന്നും അവര്‍ പറയുമ്പോള്‍ ഇത് മുസ്ലീം സമുദായത്തെ മാത്രം ബാധിക്കുന്നതല്ല എന്നര്‍ഥമാണ് നാം വായിച്ചെടുക്കേണ്ടത്. ആര്‍.ജെ.ഡിയുടെ വക്താവ് മനോജ് ഝാ സൂക്ഷ്മമായി ഈ വിഷയത്തെ സമീപിക്കുന്നു. ഡോഗ് വിസില്‍ പൊളിറ്റിക്‌സ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്. സമൂഹത്തെ ധ്രുവീകരിക്കാനുള്ള ഒരു തരം മൃഗതന്ത്രമാണ് ഇതെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു. ഡി.എം.കെയുടെ വക്താവാകട്ടേ കുറച്ചുകൂടെ കാര്യങ്ങള്‍ വ്യക്തമാക്കി. ഹിന്ദുക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുന്നതില്‍ പോലും ഹിന്ദു മതത്തിലെ എല്ലാ ജാതിയില്‍ പെട്ടവര്‍ക്കും സാധിക്കാത്ത സാഹചര്യത്തില്‍ ഏകീകൃതമായ വ്യക്തിനിയമം എല്ലാ മതങ്ങള്‍ക്കും ഒരുപോലെ എന്നത് എത്ര അശാസ്ത്രീയമായ യുക്തിയാണ് എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. 

മുസ്ലീം വ്യക്തിനിയമത്തിന്റെ വിശദാംശങ്ങളിലേക്ക് എത്തിനോക്കാം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുഹമ്മദന്‍ നിയമം 1937-ല്‍ ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയതാണ്. അതിന് അടിസ്ഥാനമായ സിദ്ധാന്തങ്ങള്‍ എഴുതി തയ്യാറാക്കിയത് 1906-ല്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുള്ള (Dinshah Fardunji Mulla) എന്ന നിയമ പണ്ഡിതനാണ്. അദ്ദേഹം ഒരു മുസല്‍മാന്‍ ആയിരുന്നില്ല. ഫാര്‍സി ആയിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഇസ്ലാമിക നിയമം സംബന്ധിച്ച ആഴത്തിലുള്ള അറിവാണ് 1937-ലെ മുഹമ്മദന്‍ നിയമത്തിന്റെ അടിസ്ഥാനമായി നില്‍ക്കുന്നത്. മാത്രമല്ല, കോടതിയില്‍ ഇതു സംബന്ധിച്ച തര്‍ക്കമുണ്ടാകുമ്പോള്‍ വളരെ വിശദമായി മുള്ള ഉദ്ധരിക്കപ്പെടാറുമുണ്ട്. 37-ല്‍ രൂപീകരിച്ച മുഹമ്മദന്‍ നിയമം അതില്‍ തന്നെ സമ്പൂര്‍ണമാണെന്ന്‌ മുസ്ലീം ജനവിഭാഗത്തിലെ അംഗങ്ങളോ അവരുടെ  സാമൂഹിക നേതൃത്വമോ പൂര്‍ണമായും വിശ്വസിക്കുന്നില്ല. കാലോചിതമായ ഭേദഗതികള്‍ ഉണ്ടാകേണ്ടതുണ്ട്‌ എന്ന അഭിപ്രായം തന്നെയാണ് അവര്‍ക്കിടയിലെ സാമൂഹിക സംഘടനകളില്‍ കാണാന്‍ കഴിയുന്നത്. 

അത്തരത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ അവര്‍ക്കിടയില്‍നിന്ന് തന്നെ ഉയര്‍ന്നുവരാന്‍ കാത്തുനില്‍ക്കാതെ, അതിന് അവരെ പ്രേരിപ്പിക്കാതെ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ അത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക എന്ന് അറിയാത്തതുകൊണ്ടല്ല, മറിച്ച് നേരത്തേ സൂചിപ്പിച്ചതുപോലെ ധ്രൂവീകരണമാണ് ലക്ഷ്യമെന്നതുകൊണ്ടാണ് ബി.ജെ.പി. ഏക സിവില്‍ കോഡിനായി തിടുക്കം കൂട്ടുന്നത്. 

1980-കളുടെ മധ്യത്തില്‍ മുസ്ലീം വ്യക്തിഗത നിയമം ഇതിലും വലിയ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. കേരളത്തിലും ഇ.എം.എസ്. തൊടുത്തുവിട്ട ശരീഅത്ത് വിവാദം വലിയ രാഷ്ട്രീയ ആഘാതങ്ങളിലേക്ക് നയിച്ചു. അഖിലേന്ത്യാ മുസ്ലീംലീഗിനെ ഇടതു മുന്നണിയില്‍നിന്നും ഒഴിവാക്കുക എന്ന തന്ത്രം ഫലിച്ചെങ്കിലും അതിനെ ചൊല്ലി സി.പി.എമ്മിൽ തന്നെ നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായത് രാഷ്ട്രീയ ചരിത്രമാണ്. എം.വി.രാഘവന്‍ കൊണ്ടുവന്ന ബദല്‍രേഖയുടെ ആവിര്‍ഭാവവും ഈ തര്‍ക്കത്തിന് ശേഷമുണ്ടായ രാഷ്ട്രീയ ചര്‍ച്ചകളുടെ ഉല്പന്നമായിരുന്നു . അക്കാലത്താണ് മുസ്ലീംലീഗിന്റെ എം.പിയായ ബനാത്ത് വാല പാര്‍ലമെന്റില്‍  സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. പക്ഷേ, രാജീവ് ഗാന്ധി ആ സ്വകാര്യ ബില്‍ പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കുകയും ഒരു ഔദ്യോഗിക ബില്‍ കൊണ്ടുവന്ന് മുസ്ലീം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡിവോഴ്‌സ് ആക്ട് 1986 എന്ന നിയമം നിര്‍മിക്കുകയും ചെയ്തു. ആ നിയമ നിര്‍മാണത്തിന് ശേഷം ഇത് മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്കെതിരായ നിയമനിര്‍മാണമാണെന്ന വാദം ആത്മാര്‍ഥമായി തന്നെ നിരവധി ആളുകള്‍ നമ്മുടെ നാട്ടില്‍ പ്രചരിപ്പിച്ചു. 

രാജീവ് ഗാന്ധിയുടെ പുരോഗമന ചിന്തകള്‍ക്കെതിരായ ഒരു തെളിവായിട്ടാണ് ഈ നിയമത്തെ ഇന്നും പലരും കാണുന്നത്. പക്ഷേ, കഴിഞ്ഞ 37 കൊല്ലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലീം സ്ത്രീ സംരക്ഷണ നിയമം ആ സമുദായത്തിലെ സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടുത്തുകയാണ് ചെയ്തതെന്ന്‌ അതുമായി സംബന്ധിച്ച കേസുകളിലുണ്ടായ വിധികള്‍ വ്യക്തമാക്കുന്നുണ്ട്. ഇതര മതവിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്ക് സി.ആര്‍.പി.സിയുടെ 125-ാം വകുപ്പനുസരിച്ച് മാത്രമാണ് വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്നതെങ്കില്‍ പ്രസ്തുത നിയമത്തിന്റെ പിന്‍ബലത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക് കൂടുതല്‍ ഫലപ്രദമായ ജീവനാംശം നേടിയെടുക്കാന്‍ കഴിയുന്നുണ്ടെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ നടക്കുന്ന കേസുകള്‍ പഠിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. 

മുസ്ലീം ഇതര സമുദായത്തിലെ സ്ത്രീകള്‍ക്ക് ജീവനാംശം ഒരുമിച്ച് കിട്ടുവാനുള്ള വകുപ്പില്ല. ഈ വിഷയത്തില്‍ നിരവധി കേസുകള്‍ നടത്തിയ അഭിഭാഷകന്‍ സുഹൃത്ത് അബ്ദുള്ള മണപ്പുറത്ത് ചൂണ്ടിക്കാണിക്കുന്നത് സ്ത്രീയുടെ സമൂഹത്തിലെ സ്ഥിതിയനുസരിച്ച് വലിയ തുകകള്‍ തന്നെ അവര്‍ക്ക് ജീവനാംശമായി ലഭിക്കുന്നുണ്ടെന്നും പലപ്പോഴും അത് 50 ലക്ഷത്തിലും അധികമാണ് എന്നുമാണ്. 

എല്ലാ മതങ്ങളിലുമുളള വ്യക്തിനിയമങ്ങളില്‍ കാലോചിതമായ ഭേദഗതികള്‍ ആവശ്യമുണ്ടെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണ് ഉള്ളത്. മുസ്ലീം നിയമങ്ങള്‍ അനുശാസിക്കണമെന്ന് കരുതുന്നവര്‍ തന്നെ ആ സമുദായത്തിലെ മതം അനുവദിക്കാത്ത സ്ത്രീധനം എതിര്‍ക്കപ്പെടേണ്ടതാണെന്നു വ്യക്തമാക്കുന്നു. സ്ത്രീക്ക് പുരുഷന്‍ നല്‍കേണ്ട മഹര്‍ ചെറിയ തുകയും സ്ത്രീധനം വലിയ തുകയുമായി മാറുന്നത് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമാണ്. മഹര്‍ എത്രയാണെന്ന്‌ നിശ്ചയിക്കാന്‍ സ്ത്രീക്ക് അധികാരമുണ്ടെന്നതാണ് അടിസ്ഥാനപരമായ ഇസ്ലാമിക തത്വം. ഖലീഫ ഉമറിന്റെ കാലത്ത് പരമാവധി തുകയായി നിജപ്പെടുത്തിയപ്പോള്‍ അത് പ്രവാചകന്‍ തന്ന അവകാശമാണെന്ന്‌ ചൂണ്ടിക്കാണിച്ച സ്ത്രീകളുടെ മുന്നില്‍ ഉമറിന് അയയേണ്ടി വന്നു എന്നാണ് ചരിത്രം പറയുന്നത്. അതുകൊണ്ട് 1937-ലെ മുഹമ്മദന്‍ നിയമമാണ് ആത്യന്തികമായ നിയമാവലിയെന്ന് ആരും കരുതുന്നില്ല. ഇതര മതവിവാഹങ്ങളുടെയും സ്ഥിതി അതുതന്നെ. ക്രിസ്തുമതത്തിലെ ദായക്രമങ്ങള്‍ മേരി റോയ് കേസോടെ തകിടം മറിഞ്ഞത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടായിരിക്കും. 

തലാഖ് സംബന്ധിച്ച വിഷയത്തിലും നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ സ്ത്രീക്ക് പുരുഷനെ വിവാഹബന്ധത്തില്‍നിന്ന് ഒഴിവാക്കാനുള്ള നിയമം(Khula) ഉപയോഗിക്കാന്‍ മുഹമ്മദന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോഗം തുലോം കുറവാണ് എന്ന് കാണാം. ഹിന്ദു മതവിഭാഗത്തില്‍ പെട്ട വിവിധ ജാതികള്‍ക്ക് വ്യത്യസ്ത നിയമമാണ് കേരളത്തില്‍ അടക്കം ഉണ്ടായിരുന്നത്. ഉദാഹരണത്തിന് നായര്‍ ആക്ട്. അതെല്ലാം സംയോജിപ്പിച്ചുകൊണ്ടാണല്ലോ 1955- 56 കാലത്ത്  ഹിന്ദു സക്‌സഷന്‍ ആക്ട് നിലവില്‍ വന്നത്. ഇത് ഒരുപാട് ഏകീകരണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിലും നിരവധി പോരായ്മകള്‍ ഉണ്ടെന്ന് വിദഗ്ദ്ധരും സാമൂഹിക നേതാക്കളും പറയുന്നുണ്ട്. ഈ പോരായ്മകള്‍ തിരുത്തിയും ഓരോ മതവിഭാഗങ്ങളുടെയും വ്യക്തിനിയമത്തിലെ നല്ല കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഒരു മാതൃകാ വ്യക്തിനിയമം മതവിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ ഒമ്പതുവര്‍ഷം കഴിഞ്ഞിട്ടും ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. 

ഒരു കരടുനിയമം അവതരിപ്പിച്ചുകൊണ്ട് അതിനെ കുറിച്ചാണ് ചര്‍ച്ച ഉയര്‍ന്നുവരേണ്ടത്. അതിനു പകരം ഒരു ചോദ്യാവലിയിലൂടെ കുറേ നിര്‍ദേശങ്ങള്‍ ചോദിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഒരു ചോദ്യാവലിയിലൂടെയല്ല ഈ പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടത്. മറിച്ച്, സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന കരടുനിയമത്തിലൂടെയാണ്.

വാസ്തവത്തില്‍ ഒരു മതത്തിലും അംഗമല്ലാത്തിടത്തോളം ഒരു സക്‌സഷന്‍ ആക്ട് നിലവില്‍ ഇല്ല. മറിച്ച് വിവാഹനിയമം(Special marriage act) ഉണ്ട്.  സിവില്‍ വിവാഹനിയമം അനുസരിച്ച് വിവാഹം ചെയ്ത ആളുകളുടെ പിന്‍തലമുറയ്ക്ക് സക്‌സഷന്‍ എന്തായിരിക്കണമെന്നു സൂചിപ്പിക്കുന്ന നിയമം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അതിന്റെ ഭാഗമായി ഒരു മോഡല്‍ ആക്ട് പുറത്തിറക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. ഈ ആക്ട് സമാന്തരമായി നില്‍ക്കണമെന്നാണ് ഈ ലേഖകന്റെ അഭിപ്രായം.ഈ ബില്‍ പാസ്സായാല്‍ തന്നെ എല്ലാവരിലും അടിച്ചേല്‍പ്പിക്കുകയല്ല മറിച്ച്; ഒരു സമാന്തര നിയമമായി നിലനില്‍ക്കുകയാണ് വേണ്ടത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇക്കാലത്ത് ഒരു മതത്തിന്റെയും ഭാഗമല്ലാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യുക്തിസഹമായ സ്വയം തിരഞ്ഞെടുക്കലിലൂടെ(reasonable choice) ഈ നിയമം അംഗീകരിക്കുന്ന മതവിശ്വാസികള്‍ക്കും ഈ സമാന്തര നിയമം ഉപയോഗിക്കാവുന്നതാണ്.

ഇന്ന് സംജാതമായിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണ പരിശ്രമങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണം. ഒരു കരടുനിയമം വരട്ടേ, അതിനെ കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യട്ടേ. അത് പാസ്സാക്കാനുളള ഭൂരിപക്ഷം ബി.ജെ.പിക്ക് ഉണ്ടെങ്കില്‍ അവര്‍ പാസ്സാക്കിയാല്‍ തന്നെ അത് അംഗീകരിക്കാതിരിക്കാനുളള അവകാശം ഓരോ മതവിശ്വാസികള്‍ക്കും നല്‍കാവുന്നതാണ്. അവര്‍ക്ക് അവരുടെ പരമ്പാരാഗതമായ അഥവാ നിലവിലുള്ള നിയമസംഹിതകളിലൂടെ മുന്നോട്ടുപോകാനും ആവശ്യമുള്ളവര്‍ക്ക് പുതിയ സെക്കുലര്‍ നിയമം, എല്ലാവരും ചര്‍ച്ച ചെയ്ത് തിരഞ്ഞെടുക്കുന്ന പുതിയ നിയമം, അംഗീകരിക്കാനും സാധിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ ബി.ജെ.പി. തയ്യാറുണ്ടോ? അതല്ല, ധ്രുവീകരണ രാഷ്ട്രീയം വീണ്ടും കുത്തിപ്പൊക്കിക്കൊണ്ട് 2024-ലെ തിരഞ്ഞെടുപ്പ് മാത്രമാണോ പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യം? 

സെക്കുലര്‍ നിയമങ്ങള്‍ പോലും അമിതാധികാരം ഉപയോഗിച്ച് അടിച്ചേല്‍പ്പിച്ചാല്‍ നിലനില്‍ക്കുകയില്ലെന്നാണ് ചരിത്രം കാണിക്കുന്നത്. 1923-ല്‍ മുസ്തഫ കമാല്‍ പാഷ ( Mustafa Kemal Ata-türk) നേതൃത്വത്തില്‍ തുര്‍ക്കിയില്‍ കൊണ്ടുവന്ന കടുത്ത സെക്കുലര്‍ പരീക്ഷണങ്ങള്‍ പരാജയപ്പെടുകയും വീണ്ടും തുര്‍ക്കി ഫലത്തില്‍ മതരാഷ്ട്രമായി മാറുകയും ചെയ്തു. ശിരോവസ്ത്രം പോലും തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ടിരുന്നു. ബാങ്ക് വിളിക്കുന്നത് അറബി ഭാഷയില്‍നിന്ന് ടര്‍ക്കിഷ് ഭാഷയില്‍ ആകണമെന്നും അക്കാലത്ത് നിയമം ഉണ്ടായി. പക്ഷേ, പിന്നീട് അത് തകിടം മറിഞ്ഞു. കാരണം അമിതാധികാരം ഒന്നിനും പരിഹാരമല്ല.

സോവിയറ്റ് യൂണിയന്റെ ചരിത്രവും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ചരിത്രവും അതുതന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. അടിച്ചേല്‍പ്പിക്കല്‍ ആരും അംഗീകരിക്കില്ല. സോവിയറ്റ് യൂണിയന്റെ പിന്‍ഗാമിയായ റഷ്യ ഇന്ന് സെന്റ് ജോര്‍ജിനെ അവരുടെ കാവല്‍ പുണ്യവാളനായി അംഗീകരിക്കുന്ന സ്ഥിതിയിലുള്ള ഒരു ഓർത്തഡോക്‌സ് രാഷ്ട്രമായി മാറിയെന്ന് 30 വര്‍ഷം മുമ്പ് റഷ്യയെ അറിഞ്ഞവര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല.

അതുകൊണ്ട്, എല്ലാ വിഭാഗം ജനങ്ങളുടെയും സമ്മതത്തോടെയും അവരോടുള്ള സൗമന്യസത്തോടെയുള്ള പെരുമാറ്റത്തോടെയും കൂടിയല്ലാതെ വ്യക്തിനിയമങ്ങളില്‍ കൈവെച്ചാല്‍ അത് തിരിച്ചടിക്കും എന്നാണ് കാലം തെളിയിച്ചിട്ടുള്ളത്. ഇക്കാര്യം ബി.ജെ.പി. ഓര്‍ക്കുന്നത് നന്നായിരിക്കും.