രാജസ്ഥാനിലെ ആരവല്ലി മലനിരകള്‍ക്ക് നടുവില്‍ മനോഹരമായ ഒരു കൊട്ടാരം പണിയാന്‍ അവിടുത്തെ രാജാവ് ആഗ്രഹിച്ചു. പക്ഷേ പിന്നീടാണ് അവിടെ ഒരു സന്യാസി ധ്യാനിക്കുന്നുണ്ടെന്ന് അദ്ദേഹം മനസിലാക്കിയത്. അതോടെ രാജാവ് തന്റെ ആഗ്രഹം സന്യാസിയെ അറിയിച്ചു. രാജാവിന്റെ ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളിയ സന്യാസി, കൊട്ടാരം നിമിത്തം തന്റെ ധ്യാനത്തിന് ഭംഗം വരരുത് എന്നുമാത്രം രാജാവിനോട് ആവശ്യപ്പെടുന്നു. കൊട്ടാരത്തിന്റെ നിഴല്‍ തന്റെ ആശ്രമത്തിന് മുകളില്‍ വീഴുന്ന തരത്തില്‍ കൊട്ടാരം പണിയരുത് എന്നായിരുന്നു സന്യാസിയുടെ ആവശ്യം. ഇതിന് സമ്മതം മൂളിയ രാജാവ് കൊട്ടാരം പണിത് സന്തോഷത്തോടെ അവിടെ ജീവിച്ചു. എന്നാല്‍ രാജാവിന്റെ ചെറുമകന്‍ ഈ വാക്ക് തെറ്റിച്ച് കൊട്ടാരത്തിന്റെ ഉയരം കൂട്ടിയതോടെ കൊട്ടാരത്തിന്റെ നിഴല്‍ ആശ്രമത്തിന് മുകളില്‍ പതിക്കാന്‍ തുടങ്ങി. കൊട്ടാരത്തിന്റെയും അതിന് ചുറ്റുമുണ്ടായിരുന്ന ഗ്രാമത്തിന്റെയും നാശം അവിടംമുതല്‍ ആരംഭിക്കുന്നു.

To advertise here,

ഗ്രാമത്തിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പൊളിഞ്ഞുവീഴുന്നത് തുടര്‍ക്കഥയാകുകയും കൊട്ടാരത്തില്‍ ദുര്‍മരണങ്ങള്‍ സംഭവിക്കുകയും ചെയ്തതോടെ ഗ്രാമവാസികള്‍ കൂട്ടത്തോടെ ഇവിടെനിന്നും പലായനം ചെയ്തു തുടങ്ങി. ഉപേക്ഷിക്കപ്പെട്ട നഗരത്തില്‍ നിന്നും രാത്രികാലങ്ങളില്‍ നിലവിളികള്‍ കേട്ടുതുടങ്ങി. അതുവഴി പോകുന്നവര്‍ക്ക് അദൃശ്യശക്തികളുടെ സാന്നിധ്യം അനുഭവപ്പെടാന്‍ തുടങ്ങി. അസമയത്ത് അതുവഴി പോകുന്നവര്‍ക്ക് അപകടങ്ങളും ദുര്‍മരണങ്ങളും സംഭവിക്കാന്‍ തുടങ്ങി. അതോടെ ഗ്രാമവാസികള്‍ അതുവഴി പോകുന്നത് അവസാനിപ്പിച്ചു.. എന്നാണ് കഥ.

കഥ എന്തായാലും, രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയ ഇവിടേയ്ക്ക് സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും സഞ്ചാരികള്‍ പ്രവേശിക്കുന്നത് ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിരോധിച്ചിട്ടുണ്ട്. പറഞ്ഞുവന്നത് ഭാംഗഡ് കോട്ടയെക്കുറിച്ചാണ്... ജയ്പൂരിനും ആള്‍വാറിനുമിടയില്‍ സരിസ്‌കാ കടുവ സംരക്ഷണ കേന്ദ്രത്തിന് 50 കിലോമീറ്റര്‍ അകലെയായി ആരവല്ലി മലനിരകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഭാംഗഡ് കോട്ട. പറയാന്‍ പോകുന്ന കഥയും 100% ശരി എന്ന് അവകാശപ്പെടാന്‍ പറ്റില്ല. എന്നാലും ചില ശരികള്‍ ഉറപ്പായും ഇതിലുണ്ടാവും. 

അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ നവരത്നങ്ങളില്‍ ഒരാളായിരുന്ന, ആമ്പറിലെ ഭരണാധികാരി മാന്‍ സിങിന്റെ സഹോദരന്‍ രാജാ ഭഗവന്ദ് സിങ് പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കോട്ടയാണ് ഭാംഗഡ്. ഇളയമകന്‍ മാധോ സിങിന് വേണ്ടിയാണ് അദ്ദേഹം എ.ഡി. 1573-ല്‍ കോട്ട പണികഴിപ്പിച്ചത്. മുഗള്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയുടെ ഭംഗി ആസ്വദിക്കുന്നതിനും ആരവല്ലി മലനിരകള്‍ കാണുന്നതിനുമായാണ് സഞ്ചാരികള്‍ പ്രധാനമായും ഇങ്ങോട്ട് എത്തുന്നത്. 1720 വരെ കോട്ട അതിന്റെ ഏറ്റവും നല്ല സ്ഥിതിയില്‍ ആയിരുന്നതായാണ് പറയപ്പെടുന്നത്. കോട്ടയ്ക്ക് ചുറ്റുമായി വലിയ ഒരു ഗ്രാമം തന്നെ നിലനിന്നിരുന്നു. ഒന്‍പതിനായിരത്തോളം വീടുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു.  

ആരവല്ലി മലനിരകളുടെ ഭംഗി പകര്‍ത്തുന്നതിനും ഭാംഗഡ് കോട്ടയുടെ ശില്‍പചാതുരി ആസ്വദിക്കുന്നതിനുമായി നിരവധി സഞ്ചാരികളാണ് ദിവസേന രാജസ്ഥാനിലേക്ക് എത്തുന്നത്. എന്നാല്‍ നശിച്ചുനാമാവശേഷമായ ഒരു കൊട്ടാരവും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കുറെ കഥകളും ആത്മാക്കളെ കണ്ടതും അനുഭവിച്ചതുമായ ഗ്രാമവാസികളുടെ അനുഭവസാക്ഷ്യങ്ങളുമാണ് രാജസ്ഥാനിലെ ഭാംഗഡിലേക്ക് എത്തുന്ന സഞ്ചാരികളെ വരവേല്‍ക്കുക. കോട്ടയുടെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ബോര്‍ഡ് കൂടി കാണുന്നതോടെ ഉള്ളില്‍ ഭയം ഇത്തിരിയെങ്കിലുമുണ്ടെങ്കില്‍ അത് പാരമ്യത്തിലെത്തും. കാരണം, ഇന്ത്യയുടെ പുരാവസ്തുവകുപ്പ് സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് ശേഷവും പ്രവേശനം നിഷേധിച്ചിട്ടുള്ള എണ്ണപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ഭാംഗഡ് കോട്ട. 

അതായത്, പകല്‍വെളിച്ചത്തില്‍ മാത്രമേ സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശനമുള്ളൂ, ഇരുട്ടുവീണാല്‍ ഭാംഗഡ് കോട്ട പിന്നെ കഥകളിലെ പ്രേതക്കോട്ടയുടെ മൂടുപടമണിയും. നഷ്ടപ്രതാപത്തിന്റെ  അവശേഷിപ്പുകളുമായി ആരവല്ലി മലനിരകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ഭാംഗഡ് കോട്ട പ്രേതവേട്ടക്കാരുടെ അഥവാ ഗോസ്റ്റ് ഹണ്ടേഴ്സിന്റെ പ്രിയപ്പെട്ട ഇടമാണ്. സന്ധ്യ കഴിഞ്ഞ് പ്രവേശനം ഇല്ല എന്നതുകൊണ്ടുതന്നെ പൊടിപ്പും തൊങ്ങലും വെച്ച നിരവധി കഥകളാണ് ഭാംഗഡ് കോട്ടയെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നത്. രാത്രികളില്‍ ഇവിടെ നിന്നും സ്ത്രീകളുടെ അലറിക്കരച്ചിലുകളും കൊലുസ്സിന്റെ കിലുക്കവും കേള്‍ക്കാറുണ്ടെന്നും ഒരു പ്രത്യേക മണം അന്തരീക്ഷത്തില്‍ പരക്കാറുണ്ടെന്നും കോട്ടയുടെ പരിസരത്തെ ഗ്രാമവാസികള്‍ പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ഹോണ്ടഡ് ആയ സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ഭാംഗഡ്. വിദേശികള്‍ക്ക് പ്രവേശനത്തിന് പ്രത്യേകം അനുമതി വാങ്ങേണ്ട ഒരു വിനോദസഞ്ചാര കേന്ദ്രം. 

തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്ന അമ്പലങ്ങളും ഹവേലികളും ചന്തകളുടെ അവശിഷ്ടങ്ങളും ഭാംഗഡ് കോട്ടയുടെ നഷ്ടപ്രതാപം വിളിച്ചോതുന്നു. രാജസ്ഥാനിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ് ഭാംഗഡ് കോട്ട. അഞ്ച് വലിയ കവാടങ്ങളും മൂന്ന് ഭീമാകാരമായ ചുറ്റുമതിലും ചേര്‍ന്നാണ് കോട്ടയും ചുറ്റുമുള്ള ഗ്രാമവും സംരക്ഷിച്ചിരുന്നത്. പ്രധാന കവാടത്തെ കൂടാതെ നാലുകവാടങ്ങള്‍ കൂടിയുണ്ട് ഭാംഗഡ് കോട്ടയ്ക്ക്. ലാഹോറി ഗേറ്റ്, അജ്മീരി ഗേറ്റ്‌, ഫുല്‍ബാരി ഗേറ്റ്, ഡല്‍ഹി ഗേറ്റ് എന്നിങ്ങനെയാണ് ഈ നാല് കവാടങ്ങളുടെ പേരുകള്‍. കോട്ടയുടെ പ്രധാന കവാടത്തില്‍ തന്നെ നിരവധി ക്ഷേത്രങ്ങളുണ്ട്. ഗോപിനാഥ് ക്ഷേത്രം, സോമേശ്വര്‍ ക്ഷേത്രം, കേശവ് റായ് ക്ഷേത്രം, മംഗളാ ദേവി ക്ഷേത്രം, ഗണപതി ക്ഷേത്രം എന്നിവയാണ് അവയില്‍ പ്രധാനം. പതിനേഴാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ ഖ്യാതി വിളിച്ചോതുന്നതാണ് ഈ ക്ഷേത്രാവശിഷ്ടങ്ങള്‍.

നഗരശൈലിയിലാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌.  കല്ലില്‍ കൊത്തിയെടുത്ത മനോഹരമായ ശില്‍പചാരുതയോടെയുള്ള ഗോപിനാഥ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 14 അടി ഉയരമുള്ള ഈ ക്ഷേത്രം അക്കാലത്തെ കൊത്തുപണി വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. ക്ഷേത്രത്തിലെ പ്രധാന പുരോഹിതന് താമസിക്കാനുള്ള ഹവേലിയും ഈ ക്ഷേത്രത്തിനുള്ളില്‍ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

കോട്ടയുടെ അവശിഷ്ടങ്ങളുടെ ഇടയില്‍ കൊട്ടാരം നര്‍ത്തകിമാര്‍ താമസിച്ചിരുന്ന വലിയ ഹവേലികളുടെ അവശിഷ്ടങ്ങളും കാണാം. ഇത്രയൊക്കെ കാണാനും അറിയാനും ഉണ്ടെങ്കിലും ഭാംഗഡ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത് പ്രേതകഥകള്‍ കൊണ്ടുകൂടിയാണ്. ഏകദേശം 400 വര്‍ഷത്തോളം പഴക്കമുള്ള ഭാംഗഡ് കോട്ടയുടെ തകര്‍ച്ചയ്ക്ക് കാരണമായി രണ്ട് കഥകളാണ് പ്രധാനമായും നാട്ടുകാര്‍ പറയുന്നത്. ഇപ്പോള്‍ കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായി താമസിച്ചിരുന്ന ഒരു സന്യാസിയുമായി ബന്ധപ്പെട്ടതാണ് ഇതില്‍ ആദ്യത്തെ കഥ.

മനോഹരമായ ആരവല്ലി മലനിരകള്‍ക്ക് നടുവില്‍ മകനുവേണ്ടി കൊട്ടാരം പണിയാന്‍ ആഗ്രഹിച്ച രാജാ ഭഗവന്ദ് സിങ്ങിന്റെയും, അവിടെ തപസ്സിരുന്ന ഗുരു ബാലു നാഥ് എന്ന സന്യാസിയുടെയും ആ കഥയാണ് തുടക്കത്തില്‍ പറഞ്ഞത്. മകന്‍ മാധോ സിങിന് ശേഷം അധികാരത്തിലെത്തിയ മൂത്ത മകന്‍ ഛത്തര്‍ സിങ്ങിന്റെ
മകന്‍ അജബ് സിങ്ങാണ്‌ വിലക്കുകളും മുന്നറിയിപ്പുകളും വകവയ്ക്കാതെ കോട്ടയുടെ ഉയരം കൂട്ടാന്‍ തീരുമാനിച്ചത്.

എ.ഡി. 1573-ല്‍ പണികഴിപ്പിച്ച കോട്ട 1720 വരെ അതിന്റെ ഏറ്റവും നല്ല സ്ഥിതിയില്‍ ആയിരുന്നതായാണ് പറയപ്പെടുന്നത്. കോട്ടയ്ക്ക് ചുറ്റുമായി വലിയ ഒരു ഗ്രാമം തന്നെ നിലനിന്നിരുന്നു. ഒന്‍പതിനായിരത്തോളം വീടുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു.  

കോട്ടയുടെ ഉയരം കൂട്ടിയതിന് പിന്നാലെ, കൊട്ടാരത്തിന്റെ നിഴല്‍ ആശ്രമത്തിന് മുകളില്‍ വീണ അന്നുമുതല്‍ അനര്‍ഥങ്ങള്‍ സംഭവിച്ചുതുടങ്ങി എന്നാണ് കഥ. അതോടെ ഭാംഗഡ് ശാപംവീണ മണ്ണായി മാറി എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. കൊട്ടാരത്തില്‍ ദുര്‍മരണങ്ങള്‍ പലതും സംഭവിച്ചു. ഗ്രാമത്തിലെ വീടുകളുടെ മേല്‍ക്കൂരകള്‍ പൊളിഞ്ഞുവീഴാന്‍ തുടങ്ങി. പലതവണ പണിതിട്ടും മേല്‍ക്കൂരകള്‍ പൊളിഞ്ഞുവീഴുന്നത് ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ ഇവിടംവിട്ടു പോകാന്‍ തുടങ്ങി. കോട്ടയില്‍ ദുര്‍മരണപ്പെട്ട ആളുകളുടെ ആത്മാക്കള്‍ ഇപ്പോഴും ഇവിടെ അലഞ്ഞുതിരിയുന്നതായാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്.

placeholder
രത്നാവതി/AI Generated Image

ഛത്തര്‍ സിങ്ങിന്റെ മകള്‍ രത്നാവതിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. രാജസ്ഥാനിലെ തന്നെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്നാണ് രത്നാവതിയെപ്പറ്റി പറയപ്പെടുന്നത്. അതിസുന്ദരിയായിരുന്ന രത്നാവതിയെ കണ്ട് ഒരു ദുര്‍മന്ത്രവാദി പ്രണയപരവശനാവുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ രാജകുമാരി അയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതോടെ രാജകുമാരിയുടെ മനസ് മാറ്റുന്നതിനായി ദുര്‍മന്ത്രവാദി അത്തറില്‍ വശീകരണപ്പൊടി കലക്കി രാജകുമാരിക്ക് നല്‍കാന്‍ തീരുമാനിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ ഭാംഗഡ് ചന്തയില്‍ എത്തിയ രാജകുമാരിക്ക് വശീകരണപ്പൊടി ചേര്‍ത്ത അത്തര്‍കുപ്പി നല്‍കിയെങ്കിലും ചതി മനസിലാക്കിയ രാജകുമാരി അത്തര്‍ കുപ്പി മലമുകളിലെ ഒരു വലിയ പാറയിലേക്ക് വലിച്ചെറിഞ്ഞു. കുപ്പി വീണ് പൊട്ടിയതും പാറ താഴേക്ക് ഉരുണ്ട് മന്ത്രവാദിയുടെ മുകളിലേക്ക് വീണു. പാറയുടെ അടിയില്‍ കിടന്ന് മരിക്കുന്നതിന് മുമ്പായി ദുര്‍മന്ത്രവാദി രാജകുമാരിയേയും രാജ്യത്തേയും ശപിച്ചു.

തൊട്ടടുത്ത വര്‍ഷം അജബ്ഗഡ് സൈന്യവും ഭാംഗഡ് സൈന്യവും തമ്മില്‍ വലിയ യുദ്ധമുണ്ടായി. യുദ്ധത്തില്‍ ഭാംഗഡ് സൈന്യം പരാജയപ്പെടുകയും രാജകുമാരി രത്നാവതി അടക്കം കൊട്ടാരത്തിലുള്ള നിരവധി പേര്‍ കൊല്ലപ്പെടുകയും, ഗ്രാമം മുഴുവന്‍ നശിപ്പിക്കപ്പെടുകയുമാണ് ഉണ്ടായത്. ദുര്‍മന്ത്രവാദിയുടെ ശാപത്തിന്റെ ഫലമായാണ് കോട്ടയും നഗരവും നശിച്ചതെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ഇവിടെ മരിക്കുന്നവരാരും പുനര്‍ജനിക്കില്ലെന്നും അവരുടെയെല്ലാം ആത്മാക്കള്‍ കോട്ടയിലും പരിസരത്തുമായി  അലഞ്ഞുതിരിഞ്ഞു നടക്കുകയും ചെയ്യുന്നു എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

placeholder
Bhangarh Fort

ഈ കെട്ടുകഥകളോട് മുഖംതിരിച്ച് പലരും ചൂണ്ടികാണിക്കുന്ന ഒരു സംഗതിയുണ്ട്. ഛത്തര്‍ സിങ്ങിന്റെ
മരണശേഷം മകന്‍ അജബ് സിങ് ഭാംഗഡില്‍ നിന്നും കുറച്ചകലെയായി അജബ്ഗഡ് എന്ന കോട്ട നിര്‍മ്മിക്കുകയും താമസവും ഭരണവും അങ്ങോട്ടേക്ക് മാറ്റുകയും ചെയ്തിരുന്നു. ഭരണകേന്ദ്രം മാറിയതോടെ ഭാംഗഡില്‍ നിന്നും കച്ചവടക്കാരും ജനങ്ങളും അജബ്ഗഡ് നഗരത്തിലേക്ക് പോകുകയും, ഭാംഗഡ് കോട്ടയും നഗരവും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് നശിക്കുകയും ചെയ്തു എന്ന കാര്യമാണ് അത്. എന്നാല്‍ പ്രേതസാന്നിധ്യം ഇല്ലാത്തതുകൊണ്ടുതന്നെ ഈ കഥയോട് പൊതുവെ സഞ്ചാരികളോ ഭാംഗഡ് കോട്ടയുടെ കഥ പറയുന്ന ഗൈഡുകളോ വലിയ താല്‍പര്യം കാണിക്കാറില്ല.

'സൂര്യാസ്തമയത്തിന് മുമ്പോ ശേഷമോ ഇവിടേക്ക് പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു' - ഭാംഗഡ് കോട്ടയുടെ മുന്നില്‍ ഇന്ത്യന്‍ പുരാവസ്തുവകുപ്പ് സ്ഥാപിച്ചിരിക്കുന്ന ഈ ബോര്‍ഡില്‍ കണ്ണുടക്കുന്ന നിമിഷം മുതല്‍ ആകാംക്ഷയുടെയും നിഗൂഢതകളുടെയും കെട്ടഴിക്കുന്നു ഭാംഗഡ്. പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സന്ധ്യയ്ക്കുശേഷം പ്രവേശനം നിഷേധിക്കാറുണ്ടെങ്കിലും പൗര്‍ണമിയോ മറ്റ് വിശേഷ ദിവസങ്ങളോ ഒക്കെ വരുമ്പോള്‍ ഈ സമയക്രമം മാറ്റാറുണ്ട്. എന്നാല്‍ സഞ്ചാരികള്‍ക്ക് ഇതുവരെയും സന്ധ്യയ്ക്ക് ശേഷം പ്രവേശനം അനുവദിച്ചിട്ടില്ലാത്ത ഇടമാണ് ഭാംഗഡ് കോട്ട. പോലീസിനെ കൂടാതെ രാത്രികാലങ്ങളില്‍ പട്ടാളവും കാവല്‍ നില്‍ക്കുന്നയിടമാണ് ഇത്. ഇവരുടെ കണ്ണുവെട്ടിച്ച് ഇടിഞ്ഞുപൊളിഞ്ഞ ഭാംഗഡ് കോട്ടയ്ക്കുള്ളില്‍ കടക്കാന്‍ വേറെയും വഴികളുണ്ടെങ്കിലും അതിന് മുതിരുന്നവരുടെ എണ്ണം വളരെ കുറവാണ്.

കോട്ടയ്ക്കുള്ളില്‍ ചിലയിടങ്ങളില്‍ നില്‍ക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും വല്ലാത്ത വിമ്മിട്ടവും അനുഭവപ്പെട്ടതായും, കൂടെ ആരോ നടക്കുന്നതായും ആരോ നിരീക്ഷിക്കുന്നതായും തോന്നിയിട്ടുള്ളതായും, അകാരണമായ ഭയവും ഉത്കണ്ഠയും ഉണ്ടാകുന്നതായും സഞ്ചാരികള്‍ പറഞ്ഞതായി ഗ്രാമവാസികള്‍ പറയുന്നു. കോട്ടയ്ക്കുള്ളിലെ ഓക്സിജന്റെ കുറവോ അല്ലെങ്കില്‍ കോട്ടയെക്കുറിച്ച് കേട്ടിട്ടുള്ള കഥകള്‍ ഓര്‍ത്തിട്ടുള്ള ഉത്കണ്ഠ കൊണ്ടോ ആവാം ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് കെട്ടുകഥകളെ എതിര്‍ക്കുന്നവരുടെ വാദം. മറ്റൊന്ന്, കോട്ടയ്ക്കുള്ളില്‍ രാത്രികാലങ്ങളില്‍ കാണപ്പെടുന്ന നായ്ക്കള്‍ കുരയ്ക്കാറില്ലെന്ന് നാട്ടുകാര്‍ മാത്രമല്ല സുരക്ഷാജീവനക്കാരും പറയുന്നു. ഇതുപക്ഷേ അനധികൃതമായി കോട്ടയ്ക്കുള്ളില്‍ ആളുകള്‍ കടക്കാതിരിക്കാനായി അധികൃതര്‍ തന്നെ പറഞ്ഞുപരത്തുന്ന കഥയാണെന്നാണ് പ്രേതകഥയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.  

placeholder
Bhangarh Fort

എന്നാല്‍ ഇവിടെ നിര്‍മ്മിക്കുന്ന ഒരു വീടുകള്‍ക്കും മേല്‍ക്കൂര നിലനില്‍ക്കില്ല എന്നതാണ് ആകാംക്ഷ ഉളവാക്കുന്ന കാര്യം. എത്രതവണ പണിതാലും മേല്‍ക്കൂരകള്‍ പൊളിഞ്ഞു വീഴും. അത്തരത്തില്‍ മേല്‍ക്കൂര ഇടിഞ്ഞുവീണും ഇവിടെ നിരവധി പേര്‍ മരിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുമാത്രമല്ല, രാത്രിയില്‍ കോട്ടയ്ക്കുള്ളില്‍ കടന്നിട്ടുള്ളവര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ എന്തെങ്കിലും അപകടം സംഭവിച്ച് മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുള്ളതായി ഗ്രാമവാസികള്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി പത്രവാര്‍ത്തകളും റിപ്പോര്‍ട്ടുകളും 'ഭാംഗഡ് കോട്ടയിലെ പ്രേതബാധയെ' പിന്തുണയ്ക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഈ അസ്വാഭാവിക മരണങ്ങള്‍ക്കും മേല്‍ക്കൂരകള്‍ പൊളിഞ്ഞുവീഴുന്നതിനും മറ്റെന്താണ് കാരണം എന്നാണ് അവരുടെ ചോദ്യം.

ഇന്ത്യയിലെ 'ദി മോസ്റ്റ് ഹോണ്ടഡ് പ്ലേസസ്' ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ഭാംഗഡ് കോട്ട. പാരാനോര്‍മല്‍ ആക്ടിവിറ്റീസിന്റെ പഠനങ്ങള്‍ക്കായും ഗോസ്റ്റ് ഹണ്ടിങിനായും വിദേശരാജ്യങ്ങളില്‍നിന്നുപോലും നിരവധിപേര്‍ ഇവിടെ എത്താറുണ്ട്. എന്തൊക്കെയായാലും സന്യാസിയുടെയും രാജാവിന്റെയും കഥയ്ക്കും രാജകുമാരി രത്നാവതിയുടെയും ദുര്‍മന്ത്രവാദിയുടെയും കഥയ്ക്കും വലിയ സ്വീകാര്യതയാണ് സഞ്ചാരികളില്‍നിന്ന്‌ ലഭിക്കുന്നത്. അതോ ഇനി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി തദ്ദേശീയര്‍ പറഞ്ഞുപരത്തിയതായിരിക്കുമോ ഈ കഥകളൊക്കെ? ആര്‍ക്കറിയാം... 


Image Credits: Canva, Comyan