മേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനുശേഷം.. അമേരിക്കയിലെ ഒരു കമ്പനി അവരുടെ പുതിയ കളിബോര്‍ഡ് അവതരിപ്പിച്ചു, 'യുദ്ധത്തിനുപോയി തിരിച്ചുവരാത്ത നിങ്ങളുടെ അച്ഛനോ സഹോദരനോ മകനോ ഭര്‍ത്താവിനോ എന്ത് സംഭവിച്ചു, എന്നറിയാതെ ആശങ്കയിലാണോ നിങ്ങള്‍... എങ്കിലിതാ, അവര്‍ക്ക് എന്തുസംഭവിച്ചു എന്നതിനുള്ള ഉത്തരം ഈ 'അദ്ഭുത ബോര്‍ഡ്' തരും. ബോര്‍ഡില്‍ എഴുതിയിട്ടുള്ള അക്ഷരങ്ങളിലൂടെ നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അത് പറഞ്ഞുതരും. മരണത്തിനപ്പുറമുള്ള ഒരു ലോകത്തുനിന്നും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളുമായി സംസാരിക്കും.. 'വീജാ, ദി വണ്ടര്‍ഫുള്‍ ടോക്കിങ് ബോര്‍ഡ്' എന്ന പരസ്യവാചകത്തോടെ എത്തിയ ആ ബോര്‍ഡിന്റെ സഹായത്തോടെ ഭൂതവും ഭാവിയും അറിയാം എന്നുമാത്രമല്ല ആത്മാക്കളുമായി സംവദിക്കാം എന്നും അവര്‍ അവകാശപ്പെട്ടു.

To advertise here,

അതേ, നമ്മള്‍ ഓജോ ബോര്‍ഡ് എന്ന് വിളിക്കുന്ന അദ്ഭുത ബോര്‍ഡിന്റെ തുടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു. പ്രാദേശികമായി വിയാ ബോര്‍ഡ്, വീജീ ബോര്‍ഡ്, ഓജോ ബോര്‍ഡ് എന്നിങ്ങനെ പല പേരുകളിലും ഈ ബോര്‍ഡ് വിളിക്കപ്പെടാറുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷില്‍ ഇതിന്റെ ഉച്ചാരണം വീജാ എന്നും അമേരിക്കന്‍ ഇംഗ്ലീഷില്‍ വീജീ എന്നുമാണ്. നമ്മുടെ നാട്ടില്‍ പൊതുവേ ഓജോ ബോര്‍ഡ് എന്നാണ് ഇതിനെ വിളിക്കാറുള്ളത്. അതുകൊണ്ട് നമുക്ക് ഓജോ ബോര്‍ഡെന്ന പേരുമായി മുന്നോട്ടുപോകാം.

1861 മുതല്‍ 1865 വരെ നീണ്ട ആഭ്യന്തരയുദ്ധം ശാരീരികമായും മാനസികമായും അമേരിക്കന്‍ ജനതയെ തകര്‍ത്ത സമയം. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും അവര്‍ ഒരുപോലെ മുറുകെപ്പിടിച്ചു. ഇതിനെ മുതലെടുത്താണ് ഓജോ ബോര്‍ഡ് ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ചോദ്യങ്ങള്‍ക്ക് ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള അക്ഷരങ്ങളിലൂടെ ഉത്തരം തരുന്ന രസകരമായ കളി ബോര്‍ഡില്‍ നിന്ന് ആത്മാക്കളെ വിളിച്ചുവരുത്താനും സംവദിക്കാനുമുള്ള ഒരുപകരണമായി ഓജോ ബോര്‍ഡ് മാറുന്ന കാഴ്ചയ്ക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. ഓജോ ബോര്‍ഡിന്റെ സഹായത്തോടെ മന്ത്രവാദികളും സാധാരണക്കാരും വരെ ആത്മാക്കളെ വിളിച്ചുവരുത്തിയതും അസാധാരണ സംഭവങ്ങളും അപകടങ്ങളും ഉണ്ടായതുമായ കഥകള്‍ വാര്‍ത്തകളിലടക്കം ഇടംപിടിച്ചു. കേരളത്തില്‍ നിന്നുള്ള വാര്‍ത്തകളുമുണ്ട് ഇക്കൂട്ടത്തില്‍. ഇതിനെയൊക്കെ പിന്‍പറ്റി ഓജോ ബോര്‍ഡ് പ്രമേയമായി വന്ന സിനിമകളും കുറവല്ല.

placeholder
.
രോമാഞ്ചം സിനിമയിലെ രംഗം

സൗബിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തിലാണ് മലയാളികള്‍ അവസാനമായി ഓജോ ബോര്‍ഡ് കണ്ട് പേടിച്ചത്. 'യഥാര്‍ത്ഥത്തില്‍ നടന്ന കഥ' എന്നുപറഞ്ഞാണ് ഈ സിനിമയും അവസാനിക്കുന്നത്. അങ്ങനെയാണെങ്കില്‍ ശരിക്കും ഓജോ ബോര്‍ഡ് വെച്ച് കളിച്ചാല്‍ ആത്മാവ് വരുമോ? ഇതിലൊക്കെ എന്തെങ്കിലും സത്യമുണ്ടോ? കഥകള്‍ക്കപ്പുറം എന്താണ് ഓജോ ബോര്‍ഡ്? അറിയാം. 

പതിനെട്ടാം നൂറ്റാണ്ടില്‍ അമേരിക്കന്‍ ജനതയ്ക്കിടയില്‍ ആധ്യാത്മിക വിഷയങ്ങളിലുള്ള വിശ്വാസം വളരെക്കൂടുതലായിരുന്നു. ഇതിനെ മുതലെടുക്കാനെന്നവണ്ണം നിര്‍മിക്കപ്പെട്ട ഒരു കളിപ്പാട്ടമായിരുന്നു ഓജോ ബോര്‍ഡ്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള അക്ഷരങ്ങളിലൂടെ ഉത്തരം തരുന്ന അദ്ഭുത ബോര്‍ഡ്, അതായിരുന്നു ഓജോ ബോര്‍ഡിന് അതിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്ന പരസ്യവാചകം. 1886-ല്‍ ഒഹിയോയിലെ സ്പിരിച്വലിസ്റ്റുകളുടെ ക്യാമ്പുകളിലാണ് ഓജോ ബോര്‍ഡിന്റെ ഉത്ഭവം എന്നാണ് സ്പിരിച്വലിസ്റ്റ് ഹിസ്റ്റോറിയനായ ബ്രാന്‍ഡണ്‍ ഹോഗ് പറയുന്നത്. ഈ ക്യാമ്പുകളില്‍ ആത്മാക്കളുമായി നേരിട്ട് സംവദിക്കാന്‍ കഴിയുന്നത് എന്ന് സ്പിരിച്വലിസ്റ്റുകള്‍ അവകാശപ്പെട്ടിരുന്ന പല രൂപത്തിലും ആകൃതിയിലുമുള്ള ബോര്‍ഡുകള്‍ ഉണ്ടായിരുന്നു.

ആധ്യാത്മികത അതിന്റെ ഉച്ചസ്ഥായിയില്‍ നിന്ന അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഇത്തരം ഒരു ഉപകരണം പരിചയപ്പെടുത്തുന്നതിന്റെ ബിസിനസ് സാധ്യത ആദ്യം മനസിലാക്കിയത് ചാള്‍സ് കെന്നാര്‍ഡ് എന്ന വ്യക്തിയാണ്. ഇതിനായി നിലവിലുണ്ടായിരുന്ന പലതരം ബോര്‍ഡുകളില്‍ നിന്നും ആളുകളെ ഏറ്റവും കൂടുതല്‍ എന്‍ഗേജ് ചെയ്യിക്കുന്ന തരത്തില്‍ പുതിയ ഒരു ബോര്‍ഡ് ഉണ്ടാക്കിയെടുക്കുകയാണ് കെന്നാര്‍ഡ് ആദ്യം ചെയ്തത്. ഇതിനായി  ചതുരാകൃതിയിലുള്ള ഒരു ബോര്‍ഡ് നിര്‍മ്മിച്ചു. അതില്‍ അര്‍ധചന്ദ്രാകൃതിയില്‍ മാരിവില്ലുപോലെ വളച്ച് അക്ഷരങ്ങള്‍ രേഖപ്പെടുത്തി. ബോര്‍ഡിന്റെ മുകളില്‍, വലത്തേ അറ്റത്തായി ചന്ദ്രന്റെയും ഇടത്തേ അറ്റത്തായി സൂര്യന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തു. ചന്ദ്രന്റെ വശത്തായി 'നോ' എന്നും, സൂര്യന്റെ വശത്തായി 'യെസ്' എന്നും രേഖപ്പെടുത്തി.

അക്ഷരങ്ങള്‍ക്ക് താഴെ ബോര്‍ഡിന്റെ മധ്യഭാഗത്തായി അക്കങ്ങളും, അതിന് താഴെ ഗുഡ്‌ബൈ എന്നും രേഖപ്പെടുത്തി. ഇതിനൊപ്പം മരംകൊണ്ട് ഉണ്ടാക്കിയ പ്ലാന്‍ചെറ്റ് എന്ന ഉപകരണവും ഉണ്ടാക്കി. വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ള ഈ ഉപകരണത്തിന്റെ മധ്യഭാഗത്ത് ഗ്ലാസ് കൊണ്ട് മൂടപ്പെട്ട ഒരു ദ്വാരവുമുണ്ടായിരുന്നു. ഈ വൃത്തത്തിനുള്ളില്‍ വരുന്ന അക്ഷരങ്ങളിലൂടെയാണ് ബോര്‍ഡ് നമ്മോട് സംവദിക്കുക. നമ്മുടെ നാട്ടില്‍ ഈ ഉപകരണത്തിന് പകരമായി ഗ്ലാസും നാണയവുമൊക്കെയാണ് ഉപയോഗിക്കാറുള്ളത്.

ബോര്‍ഡ് തയ്യാറാക്കിയ കെന്നാര്‍ഡ് പിന്നീട് ചെയ്തത്, തന്റെ സുഹൃത്തായ അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള അഭിഭാഷകന്‍ ഏലിയാ ബോണ്ട് വഴി 1890-ല്‍ ഓജോ ബോര്‍ഡിന് പേറ്റന്റ് ലഭിക്കുന്നതിനായി അപേക്ഷ നല്‍കുകയാണ്. 1891-ല്‍ ബോണ്ടിന് ഓജോ ബോര്‍ഡിന്റെ പേറ്റന്റ് ലഭിച്ചു. ബോണ്ടിനൊപ്പം പേറ്റന്റില്‍ തുല്യ അവകാശം ചാര്‍ത്തപ്പെട്ടുകിട്ടിയ ചാള്‍സ് കെന്നാര്‍ഡ് തന്നെയാണ് അമേരിക്കയില്‍ ഓജോ ബോര്‍ഡ് നിര്‍മാണവും വില്‍പ്പനയും തുടങ്ങിയത്. 'ഓജോ, ദി വണ്ടര്‍ഫുള്‍ ടോക്കിങ് ബോര്‍ഡ്' 'ഭൂതവും ഭാവിയും വര്‍ത്തമാനവും പറയുന്ന അദ്ഭുത ബോര്‍ഡ്' എന്ന പരസ്യവാചകത്തോടെ കെന്നാര്‍ഡിന്റെ നോവല്‍റ്റി കമ്പനി, 1891 ഫെബ്രുവരിയില്‍ ഓജോ ബോര്‍ഡ് വില്‍പന ആരംഭിച്ചു. ചാള്‍സ് കെന്നാര്‍ഡ് താമസിച്ചിരുന്ന ചെസ്റ്റര്‍ ടൗണില്‍ തന്നെയായിരുന്നു ഓജോ ബോര്‍ഡുകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നതും വിറ്റഴിക്കപ്പെട്ടിരുന്നതും, ഏറ്റവും പ്രശസ്തിയാര്‍ജിച്ചതും. ചെസ്റ്റര്‍ ടൗണില്‍ നിന്നാണ് ലോകത്തിന്റെ മറ്റെല്ലാ കോണുകളിലേക്കും ഓജോ ബോര്‍ഡ് എത്തിയിരുന്നത്.

മരിച്ചുപോയവരുമായി സംസാരിക്കാന്‍ അതുവരെ ഉണ്ടായിരുന്ന രീതികള്‍ മടുത്തവര്‍ക്ക് ഓജോ ബോര്‍ഡ് ഒരു പുതിയ അനുഭവമായിരുന്നു. മറ്റ് മീഡിയങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്പിരിച്വലിസ്റ്റിനൊപ്പം ആത്മാവിനോട് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും പങ്കെടുക്കാം എന്നതായിരുന്നു ഓജോ ബോര്‍ഡിന്റെ ജനപ്രീതി കൂട്ടിയത്. ദൈവത്തിനും വിശ്വാസിക്കുമിടയില്‍ ഒരു വൈദികന്‍ എങ്ങനെയാണോ ഒരു ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് അതുപോലെ ഇത്തരം ഉപകരണങ്ങളിലൂടെ ആത്മാവുമായി സംസാരിക്കാനും ഇടനിലക്കാര്‍ ഉണ്ടായിരുന്നു, അവരാണ് സ്പിരിച്വലിസ്റ്റുകള്‍. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഇടയിലെ ഇടനിലക്കാര്‍ എന്ന് സ്വയം പ്രഖ്യാപിച്ചിരുന്നവര്‍. നമ്മള്‍ നാട്ടില്‍ മന്ത്രവാദികള്‍ എന്നൊക്കെ പറയും. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലും മറ്റും ഇവര്‍ക്ക് വലിയ ആദരവാണ് ലഭിച്ചിരുന്നത്. ഓജോ ബോര്‍ഡിനെ സ്പിരിച്വലിസ്റ്റുകള്‍ നന്നായി ഉപയോഗിച്ചു. ഓജോ ബോര്‍ഡിലൂടെ ആത്മാക്കളുമായി സംവദിക്കാന്‍ കഴിയും എന്ന് സാധാരണക്കാരെ വിശ്വസിപ്പിച്ചതില്‍ സ്പിരിച്വലിസ്റ്റുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.

ആത്മാക്കളുമായി സംവദിക്കാന്‍ പ്രാചീന ഈജിപ്തിലും ചൈനയിലും ഇന്ത്യയിലുമടക്കം നിലനിന്നിരുന്ന രീതികളില്‍, ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയും വിപുലപ്പെടുത്തിയുമാണ് യൂറോപ്പിലും മറ്റും സ്പിരിച്വലിസ്റ്റുകള്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നത്. ടേബിള്‍ ടിപ്പിങ്, പെന്‍ഡുലം, ടെറോ കാര്‍ഡ്സ് ഇതൊക്കെ അവയില്‍ ചിലത് മാത്രമാണ്. പണ്ടുമുതല്‍ തന്നെ ആധ്യാത്മിക വിഷയങ്ങളിലും അന്ധവിശ്വാസത്തിലും ഒരുപോലെ വിശ്വസിച്ചിരുന്നവരാണ് യൂറോപ്യന്മാര്‍, എന്നാലിത് അമേരിക്കയില്‍ വിപുലമാകുന്നത് 1848-ല്‍ ഫോക്സ് സിസ്റ്റേഴ്സ് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ്. വീടിന്റെ തട്ടിന്‍പുറത്തെ മേശയിലൂടെ അസാധാരണമായ ശബ്ദങ്ങളുണ്ടാക്കി, ആത്മാക്കള്‍ തങ്ങളുമായി സംവദിക്കാന്‍ ശ്രമിക്കുന്നു, എന്നായിരുന്നു ഇവരുടെ വാദം. ന്യൂയോര്‍ക്കിലെ ഇവരുടെ വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു പിന്നെ. എന്നാല്‍ തങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് ഫോക്സ് സിസ്റ്റേഴ്സ് തന്നെ പില്‍ക്കാലത്ത് വാര്‍ത്താ മാധ്യമങ്ങളോട് തുറന്ന് സമ്മതിച്ചിട്ടുണ്ട്.

placeholder
.
ഫോക്‌സ് സിസ്‌റ്റേഴ്‌സ്‌

ഈ ഫോക്സ് സിസ്റ്റേഴ്സിനെ പിന്‍പറ്റിയാണ് 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ അമേരിക്കയില്‍ സ്പിരിച്വലിസ്റ്റുകള്‍ പ്രധാനികളാകുന്നത്. യുദ്ധം വിതച്ച നാശങ്ങളും യുദ്ധത്തിന് പോയവര്‍ തിരിച്ചുവരാതായതും അമേരിക്കന്‍ ജനതയെ മാനസികമായിട്ട് ഏറെ തളര്‍ത്തിയിരുന്നു. യുദ്ധക്കെടുതിയില്‍പെട്ടും അസുഖങ്ങള്‍ ബാധിച്ചും ജനങ്ങള്‍ പെട്ടെന്ന് മരിക്കാന്‍ തുടങ്ങി. അക്കാലഘട്ടത്തില്‍ ഒരു അമേരിക്കക്കാരന്റെ ശരാശരി പ്രായം 50-ലേക്ക് കൂപ്പുകുത്തി. ഭയന്നുപോയ ജനങ്ങള്‍ ആധ്യാത്മികതയിലും ആഭിചാരത്തിലും ഒരുപോലെ വിശ്വസിച്ചു. ഇതിനുതകുന്ന തരത്തിലായിരുന്നു അമേരിക്കയിലെ അന്നത്തെ ക്രൈസ്തവ വിശ്വാസ സംഹിതകളും. ശനിയാഴ്ച അന്ധവിശ്വാസത്തിന്റെ ആഭിചാരകര്‍മ്മങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുകയും ഒന്നിരുട്ടി വെളുക്കുമ്പോള്‍, ഞായറാഴ്ച പള്ളിയിലെത്തി നല്ല വിശ്വാസിയാവുകയും ചെയ്തു അവര്‍. അമേരിക്കന്‍ ജനതയുടെ ഈ ദ്വന്ദ മനസ്സിനെ ബിസിനസിനായി ഉപയോഗിക്കുകയാണ് ചാള്‍സ് കെന്നാര്‍ഡ് ഓജോ ബോര്‍ഡിലൂടെ ചെയ്തത്. മനുഷ്യമനസിന്റെ ഈ ചാഞ്ചാട്ടത്തെ കൃത്യമായി ഉപയോഗിച്ചു.

ഓജോ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന്റെ ആധാരം ഇതുതന്നെയാണ് എന്നാണ് ശാസ്ത്രകാരന്മാരും പറയുന്നത്. ശാസ്ത്രീയതയ്ക്ക് വിപരീതം എന്ന് അര്‍ത്ഥം വരുന്ന ശാസ്ത്രാഭാസം എന്നാണ് ശാസ്ത്രസമൂഹം ഓജോ ബോര്‍ഡിനെ വിശേഷിപ്പിക്കുന്നത്. തീര്‍ത്തും മനുഷ്യന്റെ ഉപബോധ മനസിന്റെ ചോതനകള്‍ ഉപയോഗപ്പെടുത്തുന്ന ഒരു ഗെയിം മാത്രമാണ് ഓജോ ബോര്‍ഡ് എന്നാണ് മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. ഇഡിയോ മോട്ടോര്‍ റെസ്‌പോണ്‍സ് (ideomotor response / ideomotor reflex) എന്ന മാനസിക നിലയുമായി ബന്ധപ്പെടുത്തിയാണ് ഓജോ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ മനഃശാസ്ത്രഞ്ജന്മാര്‍ വിലയിരുത്തുന്നത്. നമ്മളറിയാതെ നമ്മുടെ ഉപബോധമനസ് ചെയ്യുന്ന പ്രവര്‍ത്തികളെയാണ് ഇഡിയോ മോട്ടോര്‍ റെസ്‌പോണ്‍സ് എന്ന് പറയുന്നത്. ഇഡിയോ മോട്ടോര്‍ റെസ്‌പോണ്‍സ് വഴി ഓജോ ബോര്‍ഡില്‍ നമ്മളറിയാതെ വിരലുകള്‍ ചലിക്കുന്നതിനെയാണ് നമ്മള്‍ അമാനുഷികമെന്നും ആത്മാവിന്റെ പ്രവൃത്തിയെന്നുമൊക്കെ തെറ്റിദ്ധരിക്കുന്നത്. ശാസ്ത്രത്തെ വിശ്വസിക്കാതെ ഈ തെറ്റിദ്ധാരണയില്‍ തന്നെ തുടരുന്നവരാണ് ഓജോ ബോര്‍ഡിനെ ഇപ്പോഴും പ്രേതബോര്‍ഡ് എന്ന് വിശ്വസിക്കുന്നത്.

ഇത് തെളിയിക്കുന്നതിനായി നിരവധി പരീക്ഷണങ്ങളും ഈ കാലയളവില്‍ നടന്നിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഷണല്‍ ജ്യോഗ്രഫി തയ്യാറാക്കിയ ഒരു വീഡിയോയില്‍ ഇത് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. പാരാനോര്‍മല്‍ എക്‌സ്‌പേര്‍ട്ടായ മാര്‍ക് എഡ്വേഡ്, കളിക്കാരുടെ കണ്ണുകള്‍ തുറന്നുവെച്ചും കണ്ണുകെട്ടിയും ഓജോ ബോര്‍ഡ് കളിപ്പിക്കുന്നു. കണ്ണ് തുറന്ന് കളിച്ചപ്പോള്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം നല്‍കിയിരുന്ന ആത്മാവിന് കളിക്കാരുടെ കണ്ണുകെട്ടിയപ്പോള്‍ ആകെ സംശയം. ബോര്‍ഡ് കാണാനാവാത്ത കളിക്കാര്‍, അക്കങ്ങള്‍ ചോദിക്കുമ്പോള്‍ അക്ഷരങ്ങളിലും അക്ഷരങ്ങള്‍ ചോദിക്കുമ്പോള്‍ അക്കങ്ങളിലും ചിലപ്പോഴൊക്കെ ബോര്‍ഡിലെ ബ്ലാങ്കായ സ്‌പേസുകളിലുമാണ് പ്ലാന്‍ചെറ്റ് വയ്ക്കുന്നത്. ഇവിടെ അദ്ദേഹം ഇഡിയോ മോട്ടോര്‍ റെസ്‌പോണ്‍സ് വിശദീകരിക്കുന്നു.

ഇത്തരം കളികള്‍ക്കായി തിരഞ്ഞെടുക്കുന്ന അല്ലെങ്കില്‍ ഒരുക്കുന്ന ബാക്ക് ഗ്രൗണ്ട്- ഇരുണ്ട മുറി, മെഴുകുതിരി വെളിച്ചം, നിശബ്ദത ഇവയെല്ലാം നമ്മളെ, നമ്മുടെ മനസിനെ ഒരു പ്രത്യേക അവസ്ഥയില്‍ എത്തിക്കുന്നു. ഭയവും ഉത്കണ്ഠയും അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ നമ്മുടെ ഉപബോധ മനസ് ഉണരുകയും ശരീരം അറിയാതെ പലതും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഓജോ ബോര്‍ഡിലെ പ്ലാന്‍ ചെറ്റ് ചലിക്കുന്നത് ഇത്തരത്തിലാണ്, ഇത് നമ്മള്‍ തന്നെ ചെയ്യുന്നതാണെന്ന് നമുക്ക് മനസിലാവുകയുമില്ല, എന്നാണ് മാര്‍ക് പറയുന്നത്. ഓജോ ബോര്‍ഡ് നിര്‍മ്മിക്കപ്പെട്ട കഥയും, ബോര്‍ഡിന് ഓജോ എന്ന പേര് ലഭിച്ച കഥയുമൊക്കെ ഇതിനെ ഏറെക്കുറെ ശരിവയ്ക്കുന്നുണ്ട്.  

placeholder
.
ചാള്‍സ് കെന്നാര്‍ഡ്

ഉദാഹരണത്തിന്, ഓജോ ബോര്‍ഡ് നിര്‍മിച്ചത് ചാള്‍സ് കെന്നാര്‍ഡ് ആണെന്ന് നമ്മള്‍ നേരത്തെ പറഞ്ഞല്ലോ. വീടിന്റെ അടുക്കളയില്‍ ഇരിക്കുമ്പോള്‍ മുന്നിലുണ്ടായിരുന്ന ബോര്‍ഡില്‍ ചായക്കപ്പ് വെച്ച് കളിച്ചുകൊണ്ടിരുന്ന കെന്നാര്‍ഡ്, കളിയില്‍ തന്റെ ശ്രദ്ധ കൂടുന്നതിനനുസരിച്ച് തന്റെ ഉപബോധമനസിന്റെ പ്രവര്‍ത്തനത്തിലൂടെ കപ്പ് ചലിക്കുന്നതായി കണ്ടെത്തുകയും, അതുവഴിയാണ് ഓജോ ബോര്‍ഡിന്റെ നിര്‍മ്മിതിയിലേക്ക് എത്തിയതെന്നുമാണ് ഒരു കഥ. എന്നാല്‍ ശരിക്കും ഇ.സി. റിച്ചി എന്നയാളാണ് ബോര്‍ഡിനെ ഇന്നുകാണുന്ന രൂപത്തില്‍ എത്തിച്ചതെന്നും അയാള്‍ ഇത് ചാള്‍സ് കെന്നാര്‍ഡിന് വില്‍ക്കുകയായിരുന്നു എന്നും വീജാ ബോര്‍ഡ് സംഘങ്ങള്‍ക്കിടയില്‍ ഒരു കഥയുണ്ട്. അതേസമയം, കെന്നാര്‍ഡ് ഈ ബോര്‍ഡ് തന്റെ കൈയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് റിച്ചി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

സത്യം ഇതിലേതായാലും 1890-ല്‍ കെന്നാര്‍ഡിലൂടെയാണ് ഏലിയാ ബോണ്ടും മറ്റുള്ളവരും ഓജോ ബോര്‍ഡിന്റെ ബിസിനസ് സാധ്യതകളിലേക്ക് എത്തുന്നത്. ആത്മാക്കളോട് സംസാരിക്കാന്‍ സഹായിക്കുന്ന മാധ്യമം എന്ന പേരില്‍ ഇറക്കുന്ന ഈ കളിബോര്‍ഡിന് എന്ത് പേര് നല്‍കും എന്നതായിരുന്നു അവര്‍ക്കുമുന്നില്‍ ഉണ്ടായിരുന്ന അടുത്ത വെല്ലുവിളി. നിലവിലുണ്ടായിരുന്ന ബോര്‍ഡുകളില്‍ നിന്നും തങ്ങളുടെ ബോര്‍ഡിനെ വ്യത്യസ്തമാക്കുന്ന ഒരു പേര് വേണം, അത് കണ്ടെത്താന്‍ അവര്‍ തിരഞ്ഞെടുത്തത് ഓജോ ബോര്‍ഡിന്റെ സഹായം തന്നെയായിരുന്നു. ഓയ്, ജാ എന്നീ ഫ്രഞ്ച്, ജര്‍മ്മന്‍ വാക്കുകളില്‍ നിന്നാണ് ഓജോ എന്ന വാക്കിന്റെ ഉത്ഭവം, അതല്ലാ ഈജിപ്ഷ്യന്‍ ഭാഷയില്‍ 'ഗുഡ് ലക്ക്' എന്ന് അര്‍ത്ഥം വരുന്ന 'വീജാ' എന്ന വാക്കില്‍ നിന്നാണ് അവര്‍ക്കീ പേര് കിട്ടിയത് - ഈ രണ്ട് വാദങ്ങളേക്കാളും ജനങ്ങള്‍ വിശ്വസിക്കുന്നത്, ഓജോ ബോര്‍ഡിലൂടെ ചാള്‍സ് കെന്നാര്‍ഡും ഏലിയാ ബോണ്ടും ഒരു സ്പിരിച്വലിസ്റ്റിന്റെ സഹായത്തോടെ വിളിച്ചുവരുത്തിയ ആത്മാവ് തന്നെ പറഞ്ഞുകൊടുത്ത പേരാണ് 'ഓജോ', എന്ന കഥയാണ്.

ആ കഥ ഇങ്ങനെയാണ്, 1890 ഏപ്രില്‍ 25-ന് ചാള്‍സ് കെന്നാര്‍ഡും ഏലിയാ ബോണ്ടും ചേര്‍ന്ന്, സ്പിരിച്വലിസ്റ്റായ ഹെലന്‍ പീറ്റേഴ്സ് നോസ് വര്‍ത്തിയുടെ സഹായത്തോടെ ഒരു ആത്മാവിനെ വിളിച്ചുവരുത്തുന്നു. ബോര്‍ഡിനെ എന്താണ് വിളിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ഹെലന്റെ ചോദ്യത്തിന്, ബോര്‍ഡ് 'ഓജോ' എന്നും, ആ വാക്കിന്റെ അര്‍ത്ഥമെന്താണ് എന്ന ചോദ്യത്തിന് 'ഗുഡ് ലക്ക്' എന്നും മീഡിയേറ്ററിലൂടെ ഉത്തരം നല്‍കുന്നു. അങ്ങനെയാണ് ആ കളിബോര്‍ഡ് ഓജോ ബോര്‍ഡ് ആവുന്നത്. സംസാരിക്കുന്ന ബോര്‍ഡുമായി ബന്ധപ്പെട്ട് ബോണ്ടിന് എഴുതിയിരുന്ന കത്തുകളില്‍, തന്റെ മരുമകള്‍ കൂടിയായ ഹെലന്‍ പീറ്റേഴ്സണെ 'സ്‌ട്രോങ് മീഡിയം' എന്നാണ് കെന്നാര്‍ഡ് വിശേഷിപ്പിക്കുന്നത്.

ഓജോ ബോര്‍ഡിന്റെ ആദ്യകാല സ്റ്റോക്ക്ഹോള്‍ഡര്‍ കൂടിയായ ഹെലന്‍ തന്നെയാണ് ബോര്‍ഡിന് പേറ്റന്റ് ലഭിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചതും. ഭൂതവും ഭാവിയുമൊക്കെ പറയുന്ന ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച പേറ്റന്റ് ഓഫീസറുടെ പേര് അയാളുടെ മുന്നില്‍വെച്ചുതന്നെ ഓജോ ബോര്‍ഡ് ഉപയോഗിച്ച് കണ്ടുപിടിച്ചാണ് ഹെലന്‍ ബോര്‍ഡിന്റെ പേറ്റന്റ് സ്വന്തമാക്കിയത്. എന്നാല്‍ അവര്‍ കാണാന്‍ പോകുന്ന പേറ്റന്റ് ഓഫീസറുടെ പേര് ഹെലന് അറിയാതെ ഇരുന്നിരിക്കുമോ എന്നാണ് മറ്റൊരു കൂട്ടരുടെ ചോദ്യം. അപ്പോ ഹെലന്‍ കണ്ടെത്തിയ ഓജോ എന്ന പേരോ! അതിന് പിന്നില്‍ കളിച്ചത് ഹെലന്റെ സബ്കോണ്‍ഷ്യസ് മൈന്‍ഡാണ് എന്നാണ് ടോക്കിങ് ബോര്‍ഡ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ ചെയര്‍മാനും ഓജോ ബോര്‍ഡ് സ്പെഷ്യലിസ്റ്റുമായ റോബര്‍ട്ട് മര്‍ച്ച് പറയുന്നത്. വായന ഇഷ്ടപ്പെട്ടിരുന്ന ഹെലന്റെ ഇഷ്ട എഴുത്തുകാരി, ഇംഗ്ലീഷ് നോവലിസ്റ്റും സ്ത്രീപക്ഷവാദ ആക്ടിവിസ്റ്റുമായ ഔഡയായിരുന്നു. ഔഡയുടെ പേരെഴുതിയ ഒരു ലോക്കറ്റ് താന്‍ അന്ന് ധരിച്ചിരുന്നതായി ഹെലന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

അന്ന് ധരിക്കാന്‍ തിരഞ്ഞെടുത്ത ഔഡയുടെ ലോക്കറ്റ് ഹെലന്റെ ഉപബോധമനസില്‍ പതിയുകയും, കളിയുടെ ഇടയില്‍ ഹെലന്റെ ഉപബോധമനസില്‍ നിന്നും തനിക്കേറെ പ്രിയപ്പെട്ട ഔഡയുടെ പേര് പുറത്തുവരികയുമായിരുന്നു എന്നാണ് മര്‍ച്ച് പറയുന്നത്. ഔഡ എന്ന പേര് ഹെലന്‍ തെറ്റായി ഉച്ചരിച്ചതിലൂടെയാണ് ഓജോ എന്ന പേര് വന്നതെന്നും മര്‍ച്ച് പറയുന്നു. പ്രദേശങ്ങള്‍ മാറുന്നതിനനുസരിച്ച് വാക്കുകളുടെ ഉച്ചാരണങ്ങളിലും മാറ്റം വരാറുണ്ടല്ലോ. വീജാ ബോര്‍ഡ് വിയാ ബോര്‍ഡും, വീജീ ബോര്‍ഡും, ഓജോ ബോര്‍ഡുമൊക്കെ ആയത് അങ്ങനെയാണല്ലോ. എന്നാലിതിന്റെ ശരിയായ ഉച്ചാരണം വീജാ എന്നാണ്. എന്തായാലും ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള വീജാ ബോര്‍ഡ് സൊസൈറ്റികളും ഹെലന്‍ നോസ് വര്‍ത്തിയെ 'മദര്‍ ഓഫ് ദി ഓജോ ബോര്‍ഡ്' എന്നാണ് വിളിക്കുന്നത്.

ഓജോ ബോര്‍ഡുമായി ബന്ധപ്പെട്ട് ഹെലന്റെ പേരുകൂടി കൂട്ടിവായിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ഒരു കേസുമായി ബന്ധപ്പെട്ട് ചാള്‍സ് കെന്നാര്‍ഡും ഏലിയാ ബോണ്ടും പരസ്പരം അയച്ചിരുന്ന കത്തുകളില്‍ നിന്നാണ് ഓജോ ബോര്‍ഡ് സംഘടനയായ ടോക്കിങ് ബോര്‍ഡ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റി ഹെലനെ സംബന്ധിച്ച് വിവരങ്ങള്‍ കണ്ടെത്തിയതും പുറത്തുവിട്ടതും. രസകരമായ മറ്റൊരു സംഗതി, ഓജോ ബോര്‍ഡിന്റെ പേരിനായി ഹെലന്‍ ആത്മാവിനെ വിളിച്ചുവരുത്തി എന്ന് പറയപ്പെടുന്ന ആ കെട്ടിടം ഇപ്പോഴും യുഎസിലെ 529 എന്‍. ചാള്‍സ് സ്ട്രീറ്റില്‍ ഉണ്ട് എന്നതാണ്. അങ്ങനെ, പേരും പേറ്റന്റും കിട്ടി ബോര്‍ഡ് നിര്‍മിച്ച് തുടങ്ങിയത് കെന്നാര്‍ഡ് ആയിരുന്നുവെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ അദ്ദേഹം കമ്പനി വിട്ടു.

placeholder
Ouija Board
വില്യം ഫുള്‍ഡ് ബോര്‍ഡുകളുടെ നിര്‍മാണം ഏറ്റെടുത്ത ശേഷമുള്ള ബോര്‍ഡ്‌

അതോടെ കെന്നാര്‍ഡിന്റെ കമ്പനിയിലെ ജോലിക്കാരനായ വില്യം ഫുള്‍ഡ് ബോര്‍ഡുകളുടെ നിര്‍മാണം ഏറ്റെടുത്തു. അങ്ങനെയാണ് 'കെന്നാര്‍ഡ് നോവല്‍റ്റി കമ്പനി', 'ഓജോ നോവല്‍റ്റി കമ്പനി'യായി മാറിയത്. 1901-ഓടെ വില്യം 'ഓജോ' എന്ന പേരില്‍ സ്വന്തം ബോര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. 1920 വരെ അത് വളരെ ജനപ്രിയമായി തന്നെ തുടര്‍ന്നു. ഏകദേശം രണ്ടുമില്യണിലധികം ഓജോ ബോര്‍ഡുകളാണ് ഈ കാലയളവിനുള്ളില്‍ ലോകത്താകമാനം വിറ്റഴിക്കപ്പെട്ടതെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ നിന്നുതന്നെ മനസിലാക്കാം ഓജോ ബോര്‍ഡിന് അക്കാലത്തുണ്ടായിരുന്ന ജനകീയത. 1966-ല്‍ ഫുള്‍ഡ് ഓജോ കമ്പനി പാര്‍ക്കര്‍ ബ്രദേഷ്സിന് വിറ്റു. കമ്പനികളും കാലങ്ങളും മാറിയിട്ടും ഓജോ ബോര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള കഥകളും കൗതുകങ്ങളും മാത്രം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.

placeholder
Museum
ഓജോ ബോര്‍ഡ് മ്യൂസിയമായ അമേരിക്കയിലെ സെയ്ലം വിച്ച് ബോര്‍ഡ്

ലോകത്തിലെ ഒരേയൊരു ഓജോ ബോര്‍ഡ് മ്യൂസിയമായ അമേരിക്കയിലെ സെയ്ലം വിച്ച് ബോര്‍ഡ് മ്യൂസിയത്തിന്റെ ഉടമയായ ജോണ്‍ കോസിക് പറയുന്നത്, ആ മ്യൂസിയത്തിലെത്തുന്നവര്‍ ഏതോ പ്രേതബാധ പിടിച്ച വീട്ടിലേക്ക് എന്നപോലെയാണ് മ്യൂസിയത്തിലേക്ക് കയറുന്നത് എന്നാണ്. പലര്‍ക്കും ശ്വാസം മുട്ടലും അസ്വസ്ഥതകളും ഉണ്ടാകുന്നുവത്രേ. ഒരിക്കല്‍ മ്യൂസിയത്തിലേക്ക് വന്ന ഒരു യുവതി ഉള്ളിലേക്ക് എടുത്തുവെച്ച കാല്‍ അതേപടി പിന്നാക്കം വലിച്ച് വേഗത്തില്‍ പോയെന്നും പിന്നാലെചെന്ന് അന്വേഷിച്ചപ്പോള്‍ ആരോ തന്നോട് 'പുറത്തു പോ' എന്ന് ആക്രോശിച്ചു എന്നുമാണ് അവര്‍  പറഞ്ഞതെന്നും ജോണ്‍ പറയുന്നത്. എന്നാലിതൊക്കെ മനസിന്റെ കളിയാണെന്നും പ്രേതകഥകള്‍ വിശ്വസിച്ചുവരുന്നവര്‍ക്ക് ഇതൊരു പ്രേതാലയവും, മറിച്ച് ഓജോ ബോര്‍ഡ് കളക്ഷന്‍ കാണാനെത്തുന്നവര്‍ക്ക് ഇതൊരു കളിപ്പാട്ട മ്യൂസിയവുമാണെന്ന് പറയുന്നു ജോണ്‍ കോസിക്.

ഓജോ ബോര്‍ഡിന്റെ ആദ്യകാല പരസ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന ഒരു വാചകമുണ്ട്, കുട്ടികള്‍ക്കും കുടുംബത്തിനോടുമൊപ്പം ഒരുമിച്ചിരുന്ന സമയം ചെലവഴിക്കാന്‍ ഇതാ രസകരമായ ഒരു പുതിയ കളിബോര്‍ഡ്. കുട്ടിക്കാലത്ത് കേട്ടുവളര്‍ന്ന പ്രേതകഥകളും മരണത്തിന് ശേഷമെന്ത് എന്നറിയാനുള്ള അടങ്ങാത്ത ആഗ്രഹവും, ഓജോ ബോര്‍ഡ് പ്രമേയമായി വന്ന സിനിമകളും സ്പിരിച്വലിസ്റ്റുകളും എല്ലാം ചേര്‍ന്ന് കാലക്രമത്തില്‍ ആ കളിബോര്‍ഡിനെ ഒരു പ്രേതബോര്‍ഡാക്കി മാറ്റി. ഇന്നും ഭൂരിഭാഗം ആളുകളും ഓജോ ബോര്‍ഡ് കളിക്കുന്നത് ഒരു ആകാംക്ഷയുടെ പുറത്താണ്. കളിച്ചാലെന്ത് സംഭവിക്കും എന്നറിയാനുള്ള കൗതുകം. എന്തായാലും ശാസ്ത്രവും യുക്തിയും ചരിത്രവും ഓജോ ബോര്‍ഡ് വെരുമൊരു കളിബോര്‍ഡാണ് എന്ന് പറയുമ്പോഴും ഇപ്പോഴും ഇതിലൂടെ ആത്മാവ് വരുമെന്ന് തന്നെയാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. ഇനി, ശരിക്കും ഓജോ ബോര്‍ഡിലൂടെ ആത്മാവ് വരുമോ! ആര്‍ക്കറിയാം!