ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ദൗത്യം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഏറ്റെടുത്തിട്ട് ഒരു വര്‍ഷത്തോളമായി. വിവിധ സംസ്ഥാനങ്ങളിലെത്തി പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തിയ നിതീഷ് ഒടുവില്‍ തന്റെ തട്ടകത്തില്‍ ആദ്യ യോഗം സംഘടിപ്പിച്ചു. പട്നയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത 15 പാര്‍ട്ടികളില്‍ 14 എണ്ണം മാത്രമാണ് ഐക്യത്തിന് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്. ആദ്യ യോഗത്തില്‍ തന്നെ ഉടക്കിയ അരവിന്ദ് കെജ്രിവാളിന്റെ എഎപി തുടര്‍ യോഗങ്ങളില്‍ പങ്കെടുക്കാനുള്ള സാധ്യതയില്ല. രണ്ടാം യോഗം ഈ മാസം നടക്കാനിരിക്കെ പ്രതിപക്ഷ നിരയിലെ പ്രധാന പാര്‍ട്ടിയായ എന്‍സിപി നെടുകെ പിളരുന്ന കാഴ്ചയും കണ്ടു. 

To advertise here,

വൈരുദ്ധ്യങ്ങളും പിളര്‍പ്പുകളും പൊട്ടിത്തെറികളുമായി ഓപ്പറേഷന്‍ നിതീഷ് മാറുന്ന കാഴ്ചയാണ് കാണുന്നത്. പട്നയില്‍ ശരത് പവാറിനും  രാഹുല്‍ ഗാന്ധിക്കും മമതയ്ക്കുമൊപ്പം ചിരിച്ച്കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്ന പ്രഫുല്‍ പട്ടേല്‍ പത്ത് ദിവസം പിന്നിടും മുമ്പേ മോദി സ്തുതിയുമായി ബിജെപി ക്യാമ്പിലെത്തി. ഒരു ഭാഗത്ത് പ്രതിപക്ഷ ഐക്യത്തിന് പിന്തുണ അറിയിക്കുമ്പോഴും ബംഗാളില്‍ കോണ്‍ഗ്രസുമായും ഇടത് പാര്‍ട്ടികളുമായും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മമത തുടരെ തുടരെ പ്രസ്താവനകളിറക്കുന്നു. ഫലത്തില്‍ ബിഹാറില്‍ നിതീഷ് കുമാറിനെ കൂടെക്കൂട്ടാനായി എന്നതിനപ്പുറം കോണ്‍ഗ്രസിന് 2019-നപ്പുറം സഖ്യങ്ങളില്‍ ഒരടി മുന്നോട്ട് പോകാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

നിലപാടുകളുടെ വൈരുദ്ധ്യങ്ങളും ബിജെപിയുടെ മറുതന്ത്രങ്ങള്‍ അതിജീവിക്കാനാകാത്തതും പ്രതിപക്ഷ ഐക്യത്തിനുള്ള ഓപ്പറേഷന്‍ നിതീഷിന് വെല്ലുവിളിയാകുന്നു. സ്വയം കരുത്താര്‍ജിക്കുക എന്നതല്ലാതെ അധികാരം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസിന് മറ്റുമാര്‍ഗങ്ങളില്ലെന്ന് വ്യക്തമാകുന്നതാണ് നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍. പ്രധാനമന്ത്രി മോഹവുമായി നടക്കുന്ന ഒട്ടേറെ നേതാക്കളുടെ കൂട്ടായ്മ എന്ന വിശേഷണം കൂടി പ്രതിപക്ഷ ഐക്യനിരയ്ക്കുണ്ട് എന്നതും കൂട്ടിവായിക്കേണ്ടതാണ്.

മഹാവികാസ് അഘാഡിയുടെ തകര്‍ച്ച

2019-ല്‍ എന്‍ഡിഎയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സംഭാവന ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ആകെയുള്ള 48-ല്‍ 41 സീറ്റും ബിജെപി-ശിവസേന സഖ്യം നേടി. എന്നാല്‍ ശിവസേന മുന്നണി വിട്ട് കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം ചേര്‍ന്നത് ബിജെപിയെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരുന്നത്. ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തിന് മഹാരാഷ്ട്ര ഒരു മാതൃകയായി ചൂണ്ടിക്കാട്ടപ്പെട്ടു. എന്നാല്‍ ആ മാതൃകയ്ക്ക് അല്‍പായുസ് മാത്രമേ ബിജെപി നല്‍കിയുള്ളൂ. ഉദ്ധവ്-പവാര്‍-കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ വലിയ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിടത്താണ് പാര്‍ട്ടികളെ പിളര്‍ത്തി തരിപ്പണമാക്കിയിരിക്കുന്നത് ബിജെപി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ പിളര്‍ത്തിയതിന് പിന്നാലെയാണ് ശര്ദ പവാറിന്റെ പാര്‍ട്ടിയേയും വീഴ്ത്തിയിരിക്കുന്നത്.

placeholder
നാഗ്പുരില്‍ നടന്ന മഹാവികാസ് അഘാഡി റാലിയില്‍ ബാലസാഹേബ് തൊറാട്ട്, ഉദ്ധവ് താക്കറെ, അജിത് പവാര്‍ എന്നിവര്‍ (ഫയല്‍) |ഫോട്ടോ:ANI

ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷ ഐക്യത്തിന് ഇടനിലക്കാരാവുന്ന പ്രമുഖ നേതാക്കളിലൊരാള്‍ ശരദ് പവാറാണ്. പട്നയില്‍ ജൂണ്‍ 23-നു ചേര്‍ന്ന ആദ്യ പ്രതിപക്ഷ ഐക്യയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും മേല്‍ക്കോയ്മ അംഗീകരിക്കുന്നതിന് മുന്നണിയില്‍ പ്രവര്‍ത്തിച്ചതിലും പവാറുണ്ട്. അടുത്ത യോഗം ബെംഗളൂരുവിലായിരിക്കുമെന്ന പ്രഖ്യാപനം നടത്തിയതും പവാറായിരുന്നു. ആ പവാറിന്റെ വിശ്വസ്തരെ അടക്കമാണ് ബിജെപി എന്‍ഡിഎ ക്യാമ്പിലെത്തിച്ചിരിക്കുന്നത്. പവാറിനൊപ്പം എന്‍സിപിയെ പ്രതിനിധീകരിച്ച് പ്രതിപക്ഷ യോഗത്തിന് പടനയിലെത്തിയ പ്രഫുല്‍ പട്ടേല്‍, മുതിര്‍ന്ന നേതാക്കളായ ഛഗന്‍ ഭുജ്ബല്‍, സുനില്‍ തത്കരെയുടെ മകള്‍ അദിതി തത്കരെ, ദിലീപ് വത്സെ പാട്ടീല്‍ എന്നിവരും അജിത് പവാറും അടക്കമുള്ളവരുടെ മാറ്റം വലിയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഒപ്പം ശിവസേനയുടെ പേരും ചിഹ്നവും ഷിന്ദേ പിടിച്ചടക്കിയതിന് സമാനമായ നീക്കം തന്നെയാണ് എന്‍സിപിയില്‍ അജിത് പവാറും നടത്തിവരുന്നത്. എന്‍സിപി എന്ന പേരില്‍ തന്നെ മുംബൈയില്‍ പുതിയ ഓഫീസ് തുറന്നത് ഇതിന്റെ സൂചനകളാണ്. ഫലത്തില്‍ മഹാരാഷ്ട്രയിലെ മഹാ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് മാത്രമായി ചുരുങ്ങുന്ന സ്ഥിതിയാണുള്ളത്. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും പവാറിന്റെ എന്‍സിപിക്കും കടലാസ് പാര്‍ട്ടികളായി മാറുന്ന കാഴ്ചയും. ശിവസേനയ്ക്കും എന്‍സിപിക്കും പിന്നാലെ കോണ്‍ഗ്രസിനേയും ബിജെപി പിളര്‍ത്തുമോ എന്നും പറയാനാവില്ല. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയയും അദ്ദേഹത്തോടൊപ്പമുള്ള എംഎല്‍എമാരേയും അയോഗ്യരാക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കൂടിയാണ് എന്‍സിപി പിളര്‍ത്താന്‍ ബിജെപി തുനിഞ്ഞിറങ്ങിയത്. അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ സ്പീക്കര്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനെതിരെ ഉദ്ധവ് വിഭാഗം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഷിന്ദേ വിഭാഗം അയോഗ്യരാക്കപ്പെടുകയും അതിജ് പവാറിനൊപ്പം അവകാശപ്പെടുന്നത് പോലെ എന്‍സിപി എംഎല്‍എമാര്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിനെ ലക്ഷ്യംവെച്ചാകും ബിജെപിയുടെ അടുത്ത നീക്കം.

ഏക സിവില്‍ കോഡ്: അജണ്ട നിശ്ചയിച്ച് ബിജെപി

പ്രതിപക്ഷ ഐക്യനിരയെ ദുര്‍ബലപ്പെടുത്തുന്നതിന് ബിജെപിയുടെ പ്രധാന ആയുധമായി മാറുകയാണ് ഏക സിവില്‍കോഡ്. 2024 തിരഞ്ഞെടുപ്പിലും ഈ വര്‍ഷം വരാനിരിക്കുന്ന ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും പ്രധാന പ്രചാരണ വിഷയം ഏക സിവില്‍കോഡ് ആകുമെന്ന് ബിജെപി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഏക സിവില്‍ കോഡിനോട് പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത് എന്നത് കൊണ്ട് തന്നെ ഭിന്നിപ്പ് ലക്ഷ്യമിട്ട് ബിജെപി അതിനെ പ്രധാന ആയുധമായി മുന്നോട്ട് വെക്കുന്നത്. ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കേണ്ടതില്ല എന്ന നിലപാട് കോണ്‍ഗ്രസിനില്ല. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്.  മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ ബിജെപി വിഷയം ഉയര്‍ത്തികൊണ്ട് വരുമ്പോള്‍ ശക്തമായി എതിര്‍ക്കുന്നതിന് കോണ്‍ഗ്രസിന് പരിധികളുണ്ട്. ബിജെപിയുടെ കെണിയാണെന്ന വിലയിരുത്തലില്‍ ഏക സിവില്‍ ചര്‍ച്ചകളോട് മുഖംതിരിഞ്ഞ് നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനമെങ്കിലും വിഷയം പാര്‍ലമെന്റിലും തിരഞ്ഞെടുപ്പ് വേദികളിലും ഉയര്‍ന്ന് വരുമ്പോള്‍ പ്രതികരിക്കാതരിക്കാനാകില്ല. ഹിമാചല്‍പ്രദേശിലെ മന്ത്രി വിക്രമാദിത്യ സിങ് അടക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ ഏക സിവില്‍കോഡിന് പിന്തുണ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്. ഇവരുടെ പ്രസ്താവനകളില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മറുപടി പറയേണ്ടി വരും.

placeholder
പ്രതിപക്ഷ പാർട്ടി നേതാക്കൾ | Photo: ANI

കോണ്‍ഗ്രസിന് സമാനമായി ഇപ്പോള്‍ നടപ്പിലാക്കേണ്ട സാഹചര്യമില്ലെന്നും ബിജെപിക്ക് അജണ്ടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇടത് പാര്‍ട്ടികളും ഏക സിവില്‍കോഡിനെ  എതിര്‍ക്കുന്നത്. കേരളമാണ് പ്രധാന ലക്ഷ്യം എന്നുള്ളത് കൊണ്ട് തത്കാലം ഇതിനെ ശക്തമായി എതിര്‍ത്ത് പോകാന്‍ ഇടത് പാര്‍ട്ടികള്‍ക്കാകും. ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും മുസ്ലിംലീഗുമാണ് ഏക സിവില്‍കോഡിനെ ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷ നിരയിലെ മറ്റുപാര്‍ട്ടികള്‍. ഏക സിവില്‍കോഡിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലാണ് എസ്പിക്കും ആര്‍ജെഡിക്കും ജെഡിയുവിനുമുള്ള എതിര്‍പ്പ്.

അതേസമയം ഏക സിവില്‍കോഡിന് ഉദ്ധവ് താക്കറെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുമെന്ന് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേന ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏക സിവില്‍കോഡ് മഹാരാഷ്ട്രയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലില്‍ എന്‍സിപിയും ഇതിനോട് കൃത്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. ആരും ഒരഭിപ്രായവും പറയരുതെന്നാണ് ശരദ് പവാര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുത്ത നിര്‍ദേശം. ആംആദ്മി പാര്‍ട്ടിയും ഏക സിവില്‍ കോഡിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ ഏറെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ നിലപാടാണ് ഏക സിവില്‍കോഡ് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏക സിവില്‍കോഡ് ബിജെപി പ്രധാന പ്രചാരണായുധമാക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ എങ്ങനെ നേരിടുമെന്നത് കണ്ടറിയണം. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ നിലപാടുകള്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ബി.ജെ.പി.ക്ക് തലവേദനയാകുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റെ ആശ്വാസം. ഇവിടങ്ങളിലെ എന്‍.ഡി.എ. ഘടകകക്ഷികള്‍തന്നെ കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്.

കൂട്ടത്തില്‍ കൂടാത്ത ശക്തര്‍

പട്‌നയില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ 15 പാര്‍ട്ടികള്‍ പങ്കെടുത്തെങ്കിലും പത്തില്‍ താഴെ മാത്രം പാര്‍ട്ടികള്‍ക്ക് മാത്രമാണ് ഇതില്‍ കാര്യമായ സ്വാധീനമുള്ളത്. അവയില്‍ തന്നെ എഎപി ഒഴികെ മറ്റുള്ളവരെല്ലാം കോണ്‍ഗ്രസുമായി പല ഘട്ടത്തില്‍ സഹകരിച്ച് പോരുന്ന പാര്‍ട്ടികളുമാണ്. എന്നാല്‍ ശക്തമായ പ്രാദേശിക സ്വാധീനമുള്ള  ബിആര്‍എസ്, വൈ.എസ്.ആര്‍.കോണ്‍ഗ്രസ്, ബിജെഡി തുടങ്ങിയവരുടെ അസാന്നിധ്യമാണ് പട്‌ന യോഗത്തിന്റെ പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസുമായി ഒരു തരത്തിലും യോജിക്കാനാകില്ലെന്ന നിലപാട് പ്രഖ്യാപിച്ചവരാണ് ഈ പാര്‍ട്ടികള്‍. ഈ സാഹചര്യത്തിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വയം സന്നദ്ധനായി ഐക്യശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തിറങ്ങിയത്. എന്നാല്‍ എഎപിയെ മാത്രമാണ് നിതീഷിന് പുതുതായി പട്‌നയിലേക്കെത്തിക്കാനായത്. ആ യോഗത്തില്‍ തന്നെ എഎപി ഉടക്കുകയും ചെയ്തു. ബിആര്‍എസുമായും ബിജെഡിയുമായും നിതീഷ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രതിപക്ഷ നിരയിലേക്ക് അവരെ കൊണ്ടുവരാനായിട്ടില്ല. ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് ഒരു മുന്നണയിലേക്കും ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞിട്ടുണ്ട്. ബിജെപിയെ പല നിര്‍ണായക ഘട്ടത്തിലും പിന്തുണച്ചിട്ടുള്ള ബിജെഡിയും വൈ.എസ്.ആര്‍.കോണ്‍ഗ്രസും പ്രതിപക്ഷ വിശാല സഖ്യത്തിലേക്ക് വരാനുള്ള സാധ്യത വിദൂരമാണ്.

placeholder
നിതീഷ് കുമാറും നവീന്‍ പട്‌നായികും |ഫോട്ടോ:PTI

എന്നാല്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നേതൃത്വം നല്‍കുന്ന ബിആര്‍എസിന് വിശാല പ്രതിപക്ഷ നിരയില്‍ ചേരുന്നതിന് ഏക തടസ്സം കോണ്‍ഗ്രസാണ്. ചന്ദ്രശേഖര റാവുവുമായുള്ള സഖ്യം തെലങ്കാന പിടിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കണക്കുകൂട്ടലിലാണ്‌ കോണ്‍ഗ്രസ്. ബിആര്‍എസുമായി സഖ്യമുണ്ടാക്കില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തെലങ്കാനയിലെത്തി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയതും ശ്രദ്ധേയമാണ്. പ്രതിപക്ഷ സഖ്യവുമായി തന്നെയാണ് അഖിലേഷിന്റെ സന്ദര്‍ശനമെന്ന് ബിആര്‍എസ് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞ തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തില്‍ മത്സരിച്ച ജെഡിഎസ് ഇത്തവണ ബിജെപിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ജെഡിഎസ് പങ്കെടുത്തിരുന്നില്ല.

ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി ഓര്‍ഡിനന്‍സും

പട്‌ന പ്രതിപക്ഷ യോഗത്തിലെ പ്രധാന മുഖം അരവിന്ദ് കെജ്‌രിവാളിന്റേതായിരുന്നു. മുന്‍പ് കോണ്‍ഗ്രസ് വിളിച്ച് പല പ്രതിപക്ഷ യോഗങ്ങളില്‍ നിന്നും വിട്ടുനിന്ന കെജ്‌രിവാളിന്റെ പട്‌നയിലെ സാന്നിധ്യം പ്രതിപക്ഷ നിരയിലുണ്ടാക്കിയ പ്രതീക്ഷകള്‍ക്ക് വലിയ ആയുസുണ്ടായിരുന്നില്ല.

ഡല്‍ഹി ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് തള്ളിപ്പറയുകയും രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യാതെ ഇനിയുള്ള പ്രതിപക്ഷ ഐക്യ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞാണ് കെജ്‌രിവാള്‍ പട്‌നയില്‍ നിന്ന് പോയത്. എന്നാല്‍ കോണ്‍ഗ്രസ് ഈ അന്ത്യശാസനം മുഖവിലയ്‌ക്കെടുത്തിട്ടില്ല. പഞ്ചാബിലെയും ഡല്‍ഹിയിലെയും കോണ്‍ഗ്രസ് ഘടകങ്ങളെ പൂര്‍ണമായും തള്ളി കെജ്രിവാളിനെ ഒറ്റയടിക്ക് പിന്തുണയ്ക്കുന്ന നിലപാട് കൈക്കൊള്ളാന്‍ കോണ്‍ഗ്രസിനാകില്ല.

placeholder
പട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ ശരത് പവാര്‍ അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് സിങ് മന്‍ എന്നിവര്‍ |ഫോട്ടോ:ANI

2019-ല്‍ കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എംപിമാരെ നല്‍കിയ സംസ്ഥാനമാണ് പഞ്ചാബ്. അവിടുത്തെ കോണ്‍ഗ്രസ് വോട്ട് ബാങ്ക് വിഴുങ്ങിയ എഎപിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. 2024ല്‍ ഡല്‍ഹിയിയേക്കാളും കൂടുതല്‍ എഎപി പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. കോണ്‍ഗ്രസാണ് അവിടുത്തെ പ്രധാന എതിരാളിയും. തെലങ്കാനയിലേതിന് സമാനമായി നേരിട്ട് ഏറ്റുമുട്ടുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് വിമുഖതയമുണ്ട്. ഡല്‍ഹിയിലും ഗുജറാത്തിലമുടക്കം തങ്ങളുടെ വോട്ട്ബാങ്കുകളിലാണ് എഎപിയുടെ വളര്‍ച്ചയെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അത്തരമൊരു സാഹചര്യത്തില്‍ എഎപിയെ പിന്തുണയ്ക്കുന്നത് പാര്‍ട്ടിക്ക് ദോഷമേ ഉണ്ടാകൂ എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഓപ്പറേഷന്‍ നിതീഷിന് മറുപടിയായി ഓപ്പറേഷന്‍ ലോട്ടസ് 

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുല്‍ ലോക്‌സഭാ അംഗങ്ങളെ അയക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. വിശാല പ്രതിപക്ഷ ഐക്യത്തിന് ഉദാത്ത മാതൃകയായി ഉയര്‍ത്തിക്കാട്ടിയിരുന്ന സംസ്ഥാനമായിരുന്നു മഹാവികാസ് അഘാഡി സഖ്യം. തുടര്‍ഭരണം നേടാനുള്ള ബിജെപിയുടെ മോഹത്തിന് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ഒരു വിലങ്ങ് തടി തന്നെയായിരുന്നു. ശിവസേനയെ പിളര്‍ത്തിയതിന് ശേഷവും ബിജെപി നടത്തിയ എല്ലാ ആഭ്യന്തര സര്‍വേകളും മഹാവികാസ് അഘാഡി സഖ്യത്തിനാണ് മുന്‍തൂക്കം പ്രവചിച്ചിരുന്നു എന്നത് അവരെ കൂടുതല്‍ ആശങ്കയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍സിപിയെ പിളര്‍ത്തുക എന്ന തീരുമാനത്തിലേക്ക് ബിജെപി എത്തിയത്. നാല് മാസത്തോളം ബിജെപി അട്ടിമറിക്കായുള്ള ചര്‍ച്ചകള്‍ അജിത് പവാറുമായി നടത്തി വരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയില്‍ അജിത് പവാര്‍ അമിത് ഷാ അടക്കമുള്ളവരുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകള്‍ പിളര്‍പ്പ് അന്തിമമാക്കുകയും ചെയ്തു. 

ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തിയ ബിജെപിയുടെ അടുത്ത ലക്ഷ്യം ബിഹാറാണ്. പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നിതീഷ് കുമാറിന്റെ ജെഡിയുവിനെ പിളര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി സജീവമാക്കിയിരിക്കുന്നത്. നേരത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നതിന് പിന്നാലെ തന്നെ ജെഡിയുവിനെതിരെയുള്ള നീക്കം ബിജെപി ആരംഭിച്ചിരുന്നു. ഒട്ടേറെ ജെഡിയു നേതാക്കള്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയും ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാനും പറയുകയുണ്ടായി.

placeholder
അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നഡ്ഡ |ഫോട്ടോ:PTI

നിതീഷിനെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് രണ്ടാഴ്ച മുമ്പ് മഹാസഖ്യത്തില്‍ നിന്ന് നാല് എംഎല്‍എമാരുള്ള ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയെ അടര്‍ത്തിയെടുത്തത്. മാഞ്ചിയുടെ പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുകയും ചെയ്തു. ജാതി വോട്ടുകളില്‍ സ്വാധീനമുള്ള മറ്റൊരു നേതാവ് ഉപേന്ദ്ര കുശ്വാഹയെ അടര്‍ത്തിഎന്‍ഡിഎയിലെത്തിച്ചതിന് പിന്നാലെയാണിത്.

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം നിന്നു മത്സരിച്ചിരുന്ന ആര്‍.എല്‍.ഡിയെ അടര്‍ത്തിയെടുക്കാനും ബിജെപി ശ്രമം നടത്തിവരുന്നുണ്ട്. പട്‌ന പ്രതിപക്ഷ യോഗത്തില്‍ ആര്‍എല്‍ഡി പങ്കെടുക്കാതിരുന്നതോടെയാണ് അഭ്യൂഹം ശക്തമായത്. എന്നാല്‍ ബെംഗളൂരുവില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത ചൗധരി അറിയിച്ചിട്ടുണ്ട്. ഇതിനിടെ ജയന്ത് ചൗധരിയെ കേന്ദ്രമന്ത്രിയാക്കി ഒപ്പം കൂട്ടാനുള്ള നീക്കവും ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്‌.

ഈയിടെനടന്ന നഗരസഭാ തിരഞ്ഞെടുപ്പില്‍ പലയിടത്തും എസ്.പി.ക്കെതിരേ ആര്‍എല്‍ഡി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. അതിനിടെ, കഴിഞ്ഞദിവസം ജയന്ത് ചൗധരി ബി.ജെ.പി. നേതാവായ കേന്ദ്രമന്ത്രിയുമായി ചര്‍ച്ചനടത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആര്‍.എല്‍.ഡി. ഇത് നിഷേധിച്ചെങ്കിലും ജയന്ത് ചൗധരി എന്‍.ഡി.എ.യ്‌ക്കൊപ്പം എത്തുമെന്നും സമാജ്​വാദി പാര്‍ട്ടിയുമായി അവര്‍ക്ക് ഒത്തുപോകാനാവില്ലെന്നും കേന്ദ്രമന്ത്രി രാംദാസ് അതാവ്ലെ പരസ്യപ്രസ്താവന നടത്തിയതും ചര്‍ച്ചയായിരുന്നു. മായാവതിയുടെ ബി.എസ്.പി.യെ ക്ഷയിപ്പിച്ച് ദളിത് പിന്നാക്ക വോട്ട് ബാങ്ക് അരക്കിട്ടുറപ്പിക്കാനുള്ള ശ്രമങ്ങളും മറ്റൊരുഭാഗത്ത് ബിജെപി നടത്തിവരുന്നുണ്ട്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ എസ്.പി.ക്കൊപ്പംനിന്ന് ബി.ജെ.പി.യെ ശക്തമായി എതിരിട്ട ആര്‍.എല്‍.ഡി.കൂടി മറുകണ്ടം ചാടിയാല്‍ പ്രതിപക്ഷ ഐക്യത്തിനേല്‍ക്കുന്ന മറ്റൊരു അടിയാകുമത്.