പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്ന രണ്ട് കാര്യങ്ങളുണ്ട് - ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാകുന്നു, പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലും. 2014 ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഈ ശ്രീകോവിലിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്ന മോദിയേയാണ് ലോകം കണ്ടത്. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ അവശിഷ്ടങ്ങൾ പേറുന്ന ഒരു കെട്ടിടമല്ല ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമാവേണ്ടതെന്ന ഉൾവിളിയിൽ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാനും അദ്ദേഹം തയ്യാറായി.
മുഖ്യമായും നാല് ധർമ്മങ്ങളാണ് പാർലമെന്റിനുള്ളത്. നിയമനിർമ്മാണം, ബജറ്റ് അംഗീകരിക്കൽ, ഭരണകൂടത്തെ ചോദ്യം ചെയ്യുക, ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും ഉന്നയിക്കുക. പ്രാതിനിധ്യ ജനാധിപത്യമാണ് ഇന്ത്യ പിന്തുടരുന്നതെന്നതിനാൽ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ജനങ്ങൾക്ക് വേണ്ടി ചോദ്യങ്ങൾ ചോദിക്കുക. ഈ ചോദ്യങ്ങൾ പ്രഥമവും പ്രധാനവുമായി ഉയരേണ്ട വേദിയാണ് പാർലമെന്റ്. അതിനുള്ള അവസരവും അവകാശവും നിഷേധിക്കപ്പെട്ടാൽ പാർലമെന്റ് വെറും കല്ലും മണ്ണുമടങ്ങുന്ന കെട്ടിട സമുച്ചയം മാത്രമാവും.
എവിടെ ഡെപ്യൂട്ടി സ്പീക്കർ?
ഇക്കഴിഞ്ഞ 11 വർഷങ്ങളിൽ പാർലമെന്റിൽ ഏറ്റവും ക്ഷാമം ചർച്ചകൾക്കായിരുന്നു. നെഹ്രുവിന്റെ കാലത്തേക്കൊന്നും പോകേണ്ട. 2009 - 2014 കാലയളവിൽ 71 ശതമാനം ബില്ലുകൾ വിവിധ കമ്മിറ്റികളുടെ പരിശോധനയ്ക്ക് വിട്ടെങ്കിൽ കഴിഞ്ഞ 10 കൊല്ലങ്ങളിൽ അത് 13 ശതമാനമായി കുറഞ്ഞു. കമ്മിറ്റികൾ എന്ന് പറഞ്ഞാൽ അവയിൽ പ്രതിപക്ഷ അംഗങ്ങളുമുണ്ടാവും. ഓരോ നിയമവും കൂലങ്കഷമായി ചർച്ച ചെയ്യപ്പെടും. കമ്മിറ്റികൾക്ക് വിടുന്നില്ലെങ്കിൽ അതിന്റെ അർത്ഥം ചോദ്യങ്ങൾക്കും ചർച്ചകൾക്കും അവസരമില്ല എന്ന് തന്നെയാണ്. അടിയന്തരമായി ഒരു ജനകീയ പ്രശ്‌നം ഉന്നയിക്കുന്നതിന് നോട്ടീസ് നൽകാൻ എംപിമാർക്ക് അവകാശമുണ്ട്. 14, 15 ലോക്‌സഭകളിൽ (2004-2014) ഇത്തരം 152 പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടെങ്കിൽ 16, 17 ലോക്‌സഭകളിൽ (2014-2024) ഇവയുടെ എണ്ണം 17 ആയി കുറഞ്ഞു.
2023 ഡിസംബറിൽ 146 എംപിമാർ പാർലമെന്റിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടു. അതിനും ഒരാഴ്ച മുമ്പ് പാർലമെന്റിൽ ഗാലറി ഹാളിൽ നിന്നും ചില ചെറുപ്പക്കാർ പുക ബോംബെറിഞ്ഞ സംഭവമുണ്ടായി. ഈ വിഷയത്തിൽ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടപ്പോൾ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതേത്തുടർന്നാണ് ഒറ്റയടിക്ക് 146 എംപിമാരെ പുറത്താക്കിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയാതെ പ്രധാനമന്ത്രി ലോക്‌സഭയിൽ നിന്ന് വിട്ടു നിൽക്കുന്ന അത്യപൂർവ്വ കാഴ്ച ഇത്തവണയുണ്ടായി. പ്രധാനമന്ത്രിക്ക് സഭയ്ക്കുള്ളിൽ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് സ്പീക്കർ പറഞ്ഞത്. എന്താണ് ഈ ഭീഷണിയുടെ അടിസ്ഥാനം എന്ന് സ്പീക്കർ പറഞ്ഞിട്ടില്ല. പ്രതിപക്ഷ വനിതാ എംപിമാർ പ്രധാനമന്ത്രിയെ കടിക്കാനിടയുണ്ടെന്ന പരിഹാസ്യമായ വാദമാണ് എൻഡിഎയിലെ ഒരു സഖ്യകക്ഷി നേതാവുയർത്തിയത്. ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ സുരക്ഷാ ഭീഷണിയുടെ മറ ഉയർത്തേണ്ടി വരുന്നത് ഗതികേടല്ലാതെ മറ്റൊന്നുമല്ല.
ഡെപ്യൂട്ടി സ്പീക്കർ എന്നൊരു പദവി ലോക്‌സഭയിലുണ്ടെന്നുള്ളത് മോദി സർക്കാർ മറന്നിട്ട് ആറു കൊല്ലമാവുന്നു. സാധാരണഗതിയിൽ പ്രതിപക്ഷത്തു നിന്നുള്ള ഒരു എംപിയാണ് ഡെപ്യൂട്ടി സ്പീക്കർ ആവുക. 1998 മുതൽ 2004 വരെ ബിജെപി സർക്കാരിന്റെ കാലത്ത് കോൺഗ്രസിന്റെ പി എം സയ്യിദ് ആയിരുന്നു ഡെപ്യൂട്ടി സ്പീക്കർ. 2002 ൽ സ്പീക്കർ ബാലയോഗി ഹെലിക്കോപറ്റ്ർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ കുറച്ചുകാലത്തേക്ക് സ്പീക്കറുടെ ചുമതല വഹിച്ചത് സയ്യിദായിരുന്നു. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് 2004 മുതൽ 2009 വരെ ശിരോമണി അകാലി ദളിലെ ചരൺ സിങ് അത്‌വാളും 2009 മുതൽ 2014 വരെ ബിജെപിയിലെ കരിയ മുണ്ടയുമായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. നരേന്ദ്ര മോദിയുടെ ആദ്യ സർക്കാരിൽ എഐഎഡിഎംകെയിലെ തമ്പി ദുരൈ ഡെപ്യൂട്ടി സ്പീക്കറായി. പക്ഷേ, പിന്നീടിങ്ങോട്ട് ആ പദവി തന്നെ തമസ്‌കരിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. സംഘപരിവാറിൽ നിന്നല്ലാത്ത ഒരാളും ഒരു സുപ്രധാന സ്ഥാനത്തും വേണ്ടെന്ന ശാഠ്യം.
പാർലമെന്റ് നോക്കുകുത്തിയാവുമ്പോൾ
2014 മുതൽ 2024 വരെ ലോക്‌സഭയിൽ ഔദ്യോഗികമായി പ്രതിപക്ഷ നേതാവുണ്ടായിരുന്നില്ല. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് അതിനാവശ്യമായ അംഗബലം ലോക്‌സഭയിൽ ഇല്ലാത്തതായിരുന്നു കാരണം. 2024 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അംഗബലം വർദ്ധിച്ചു. അതുകൊണ്ടുതന്നെ നിലവിൽ ലോക്‌സഭയിൽ രാഹുൽ ഗാന്ധി എന്ന ഔദ്യോഗിക പ്രതിപക്ഷ നേതാവുണ്ട്. ചോദ്യങ്ങൾ ചോദിക്കാനാറിയാവുന്ന പ്രതിപക്ഷ നേതാവാണ് താനെന്ന് ചുരുങ്ങിയ കാലയളവിൽ അദ്ദേഹം തെളിയിക്കുകയും ചെയ്തു. ചോദ്യങ്ങൾ നേരിടാൻ മടിയുള്ള ഒരു ഭരണകൂടത്തിന് ഇത്തരമൊരു പ്രതിപക്ഷ നേതാവ് അലോസരവും ശല്ല്യവുമാകുന്നു. അപ്പോൾ പിന്നെ , ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം തന്നെ ഇല്ലാതാക്കുകയാണ് പരിഹാരം എന്നായിരിക്കാം മോദി സർക്കാർ ചിന്തിക്കുന്നത്.
മുൻ സെനിക മേധാവി ജനറൽ മുകുന്ദ് നവരനെയുടെ ആത്മകഥയിൽ നിന്ന് ചില ഭാഗങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവിനോട് നിശ്ശബ്ദനാവാൻ സ്പീക്കർ ആവശ്യെപ്പട്ടു. സ്പീക്കറുടെ ഉത്തരവ് വന്നത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും തടസ്സവാദങ്ങൾ ഉന്നയിച്ചതിനെത്തുടർന്നായിരുന്നു. ഭരണകൂടത്തിന്റെ വക്താവല്ല നിഷ്പക്ഷതയുടെ പര്യായമാവണം സ്പീക്കർ എന്ന തത്വമാണ് വിസ്മരിക്കപ്പെടുന്നത്. പാർലമെന്റിൽ ജനപ്രതിനിധികൾ എന്ത് ചോദിക്കണമെന്നതിന് ഒരു തരത്തിലുള്ള വ്യവസ്ഥകളുമില്ല. ചോദ്യങ്ങൾ നിഷേധിക്കാൻ സ്്പീക്കർക്കാവും. പക്ഷേ, ഏന്ത് ചോദ്യം ചോദിക്കണമെന്ന് സ്പീക്കർക്കും പറയാനാവില്ല. ഇവിടെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിചിത്ര ഉത്തരവുണ്ടായത്.
പിഎം കെയേഴ്‌സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ അരുതെന്നാണ് നിർദ്ദേശം. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ മൻ കി ബാത്ത് മാത്രം മതിയെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ജനാധിപത്യത്തോടും ഇന്ത്യൻ റിപ്പബ്‌ളിക്കിനോടും തരിമ്പെങ്കിലും കൂറും ആത്മാർത്ഥതയുമുണ്ടെങ്കിൽ സ്പീക്കർക്കും രാജ്യ സഭാദ്ധ്യക്ഷനും ഈ നിർദ്ദേശങ്ങൾ കേട്ട് ആ സ്ഥാനങ്ങളിൽ തുടരാനാവില്ല. പിഎം കെയേഴ്‌സ് ഫണ്ട് പബ്‌ളിക് ഓഡിറ്റിങ്ങിന് വിധേയമല്ല. ഏറ്റവും അവസാനം ലഭ്യമായ റിപ്പോർട്ട് പ്രകാരം 6,283.7 കോടി രൂപയാണ് ഈ ഫണ്ടിലുള്ളത്. ഇത്രയധികം രൂപ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്നൊന്നും ചോദിക്കരുത് എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പറയുന്നത്. ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിമാർ അവലംബിച്ചിരുന്ന നയമാണിത്. 1950 ൽ സ്വതന്ത്ര, പരമാധികാര, ജനാധിപത്യ റിപ്പബ്‌ളിക് ആയ രാജ്യമാണ് ഇന്ത്യ എന്ന പരമമായ സത്യത്തിന് നേർക്കാണ് മോദി സർക്കാർ മുഖം തിരക്കുന്നത്.
Content Highlights: Explore the shrinking space for debate in India`s Parliament, the absence of a Deputy Speaker, and the impact on democratic accountability under the Modi government.
Published: 11 Feb 2026, 10:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented