ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജനം സംസ്ഥാന തലത്തില്‍ നടത്താന്‍ ധാരണ. ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം. ജനുവരി രണ്ടാംവാരത്തോടെ സീറ്റ് വിഭജനത്തില്‍ അവസാന തീരുമാനം ഉണ്ടാക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്.

To advertise here,

സീറ്റ് വിഭജന ചര്‍ച്ചകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ചൊവ്വാഴ്ച അഞ്ചംഗ ദേശീയ സഖ്യ സമിതിയെ പ്രഖ്യാപിച്ചിരുന്നു. മുകുള്‍ വാസ്‌നിക് കണ്‍വീനറായ സമിതിയില്‍ രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും അടക്കമുള്ളവരുണ്ട്. ഇതിന് പിന്നാലെയാണ് സീറ്റ് വിഭജന ചര്‍ച്ച വേഗത്തിലാക്കാന്‍ ഇന്ത്യ മുന്നണിയില്‍ തീരുമാനമുണ്ടായിരിക്കുന്നത്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിന്നായി 151 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ ഡിസംബര്‍ 22-ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ യോഗം പ്രമേയം പാസാക്കി. സീറ്റ് വിഭജനത്തില്‍ സംസ്ഥാന തലത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് ദേശീയ തലത്തില്‍ പരിഹരിക്കും. രാജ്യത്തുടനീളം പത്തോളം യോഗങ്ങള്‍ ഇന്ത്യ മുന്നണി നടത്തും.

തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് പ്രഥമലക്ഷ്യം. ആര് പ്രധാനമന്ത്രിയാവണമെന്ന് തുടര്‍ന്നുള്ള കാര്യമാണ്. എം.പിമാരില്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച് ചിന്തിക്കുന്നതില്‍ എന്തുകാര്യമാണുള്ളത്? ഐക്യത്തോടെ പോരാടി ഭൂരിപക്ഷം നേടുകയെന്നതാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നും ഖാര്‍ഗെ പറഞ്ഞു.

'തമിഴ്‌നാട്, കേരളം, തെലങ്കാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ്... ഏത് സംസ്ഥാനത്താണെങ്കിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ പരിഹരിക്കപ്പെടും', ഖാര്‍ഗെ പറഞ്ഞു.

വൈകാതെ തന്നെ സീറ്റ് വിഭജന നടപടികള്‍ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്തമാക്കി.

വോട്ടിങ് മെഷീന്‍ തിരിമറിയുമായി ബന്ധപ്പെട്ട വിഷയം യോഗം ചര്‍ച്ച ചെയ്‌തെന്ന്  സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശം യോഗത്തിലുണ്ടായെന്നും തിരഞ്ഞെടുപ്പ് കമ്മിഷനുമുമ്പാകെ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജനം, ബഹുജന സമ്പര്‍ക്ക പരിപാടിയടക്കം യോഗത്തില്‍ ചര്‍ച്ചയായെന്നും ഇവ 20 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ എല്ലാ തീരുമാനവും ഉണ്ടാവുമെന്ും ആര്‍.ജെ.ഡി. എം.പി. മനോജ് ഝാ പറഞ്ഞു. അതേസമയം, സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ ഡിസംബര്‍ 31 എന്ന സമയപരിധി തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ വെച്ചുവെന്ന് സൂചനയുണ്ട്.