കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ പ്രതിപക്ഷ ആഹ്വാനം പാളി. കോൺഗ്രസും ഇടതുപാർട്ടികളും മമതയുടെ ആഹ്വാനം തള്ളിക്കളഞ്ഞു. ശനിയാഴ്ച ബിജെപി നേതാവ് സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മമത ബാനർജി പ്രതിപക്ഷ ഐക്യത്തിനായി വീഡിയോ സന്ദേശം പുറത്തുവിട്ടത്. ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്നും അവർക്കെതിരെ വിദ്യാർത്ഥി സംഘടനകളും എൻജിഒകളും ഇടത്-തീവ്ര ഇടത് പക്ഷങ്ങളും ഒന്നിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

To advertise here,

എന്നാൽ, അഴിമതിക്കാരും ക്രിമിനലുകളുമായി യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം വ്യക്തമാക്കി. തന്റെ ഭരണകാലത്ത് ജനാധിപത്യത്തെ അപകടത്തിലാക്കിയ മമതയുമായി സഖ്യത്തിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ്വപ്പൻ ബാനർജിയും പറഞ്ഞു.

മുമ്പ് കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിച്ച മമത ഇപ്പോൾ സഹായം അഭ്യർത്ഥിക്കുന്നത് വിശ്വസിക്കാനാവില്ലെന്നാണ് സംസ്ഥാന കോൺഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ് പ്രതികരിച്ചത്. 2016-ലെ സഖ്യത്തെ മമത അധിക്ഷേപിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

സമീപകാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 294 സീറ്റുകളിൽ 207 എണ്ണം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ടിഎംസിക്ക് 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് രണ്ടും ഇടത് മുന്നണി ഒരു സീറ്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, കൊൽക്കത്തയിലെ ബള്ളിഗഞ്ചിൽ നിന്ന് വിജയിച്ച മുതിർന്ന നേതാവ് ശോഭൻദേബ് ചതോപാധ്യായയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ടിഎംസി നിയോഗിച്ചു.