ന്യൂഡല്‍ഹി: പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിന്റെ മുംബൈ യോഗത്തിലെ തീരുമാനത്തെത്തുടര്‍ന്ന് രൂപീകരിച്ച വിവിധ സമിതികളില്‍ പുനര്‍വിചിന്തനം നടത്തിയേക്കും. 14 അംഗ ഏകോപനസമിതിയുടേതടക്കം ആവശ്യകതയെക്കുറിച്ച് ചര്‍ച്ച വേണമെന്ന് മുന്നണിയില്‍ തന്നെ ആവശ്യമുയര്‍ന്നുവെന്നാണ് സൂചന. ഏകോപനസമിതിയിലെടുത്ത തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാന്‍ സാധിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുയരുന്നത്.
സെപ്റ്റംബര്‍ ഒന്നിന് സമാപിച്ച ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിലായിരുന്നു 14 അംഗ ഏകോപനസമിതി പ്രഖ്യാപിച്ചത്. ഇതില്‍ 13 പാര്‍ട്ടികളുടെ പ്രതിനിധികളെ അന്ന് തന്നെ തീരുമാനിച്ചിരുന്നു. സി.പി.എം. പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, സെപ്റ്റംബര്‍ 17-ന് ഡല്‍ഹിയില്‍ അവസാനിച്ച പോളിറ്റ് ബ്യൂറോ യോഗത്തിന് പിന്നാലെ, ഇന്ത്യ സഖ്യത്തില്‍ അംഗമായി തുടരുമെങ്കിലും ഏകോപനസമിതിയില്‍നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനമെന്ന് സി.പി.എം. അറിയിച്ചിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി തുടരുമെങ്കിലും അംഗങ്ങളായ പാര്‍ട്ടികളുടെ തീരുമാനത്തിനുമുകളില്‍ പ്രത്യേക സമിതികള്‍ വേണ്ടെന്നാണ് നിലപാടെന്ന് സി.പി.എം. വ്യക്തമാക്കിയിരുന്നു. പല പാര്‍ട്ടികളില്‍നിന്ന് പ്രധാന നേതാക്കള്‍ ഇല്ലാത്ത സമിതിക്ക് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിട്ടുനില്‍ക്കലിനെ സി.പി.എം. നേതാക്കള്‍ പരസ്യമായി വിശദീകരിച്ചിരുന്നത്.
ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് സമിതികളില്‍ പുനര്‍വിചിന്തനം വേണമെന്ന ആവശ്യമുയരുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇല്ലാത്തതിനാല്‍ ഏകോപനസമിതിക്ക് പ്രധാനതീരുമാനങ്ങള്‍ എടുക്കാനോ എടുക്കുന്നവ അംഗീകരിക്കപ്പെടാനോ സാധ്യതയില്ലെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സമിതിയില്‍ ഇല്ലാത്ത മുതിര്‍ന്ന നേതാക്കള്‍ക്ക് തീരുമാനങ്ങളെ വീറ്റോ ചെയ്യാന്‍ കഴിയുമെന്നിരിക്കെ ഏകോപനസമിതിയുടെ ആവശ്യമെന്താണെന്ന് സഖ്യത്തില്‍ കശ്മീരില്‍നിന്നുള്ള പാര്‍ട്ടിയുടെ നേതാവ് ചോദിക്കുന്നു.
ഇതുവരെ രണ്ടുതീരുമാനങ്ങളാണ് ഏകോപനസമിതി യോഗം ചേര്‍ന്ന് കൈക്കൊണ്ടത്. അതിലൊന്ന് ഭോപ്പാലില്‍ ഇന്ത്യ മുന്നണിയുടെ സംയുക്ത റാലി സംഘടിപ്പിക്കാനായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കരുതപ്പെടുന്ന കമല്‍നാഥിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം മാറ്റിയിരുന്നു. ജാതി സെന്‍സസ് ഇന്ത്യ മുന്നണിയുടെ പ്രധാന തിരഞ്ഞെടുപ്പ് ആവശ്യമായി ഉയര്‍ത്താനും ഏകോപനസമിതി നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഇതിനോട് അനുകൂല നിലപാടല്ല മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത്.
14 വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിക്കാനുള്ള മാധ്യമ ഉപസമിതിയുടെ തീരുമാനത്തെ സെപ്റ്റംബര്‍ 13-ന് ചേര്‍ന്ന ഏകോപനസമിതി യോഗം പിന്തുണച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. തൃണമൂല്‍ പ്രതിനിധിയായി സമിതിയിലുള്ള അഭിഷേക് ബാനര്‍ജി ഇ.ഡി. ഹാജരാവാന്‍ നോട്ടീസ് നല്‍കിയതിനാല്‍ യോഗത്തിനെത്തിയിരുന്നില്ല.
ഗാന്ധി കുടുംബത്തില്‍നിന്ന് ആരുമില്ലാത്ത ഏകോപനസമിതിയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നത് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ്. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, ഡി.എം.കെ. എം.പി. ടി.ആര്‍. ബാലു, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ജെ.എം.എം. നേതാവ് ഹേമന്ത് സോറന്‍, തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി, എ.എ.പി. നേതാവ് രാഘവ് ഛദ്ദ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, ജെ.ഡി.യു. നേതാവ് ലല്ലന്‍ സിങ്, സമാജ്വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍ എന്നിവരാണ് മറ്റ് ഏകോപനസമിതി അംഗങ്ങള്‍.
Content Highlights: opposition unity INDIA bloc coordination committee review cpm
Published: 27 Sept 2023, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented