
'നിങ്ങള്‍ക്കെന്നെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കാം ശത്രുപക്ഷത്ത് നിര്‍ത്താം. പക്ഷേ, വെറുപ്പിന്റെ ഒരു കണിക പോലും എനിക്ക് നിങ്ങളോടില്ല. കൂടുതല്‍ ബഹുമാനവും സ്നേഹവും മാത്രം. കാരണം ഞാനൊരു കോണ്‍ഗ്രസുകാരനാണ്. അധികാരം നഷ്ടപ്പെട്ടാലും ശക്തി നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ളവര്‍ക്ക് തിരിച്ചുവരാനാകുമെന്ന ഉറച്ച വിശ്വാസമുണ്ട്. നിങ്ങളുടെ വെറുപ്പും കളിയാക്കലുകളും എന്നെ കൂടുതല്‍ ശക്തിയുള്ളവനാക്കി', കഴിഞ്ഞവര്‍ഷം ഭാരത് ജോഡോ യാത്ര പുരോഗമിച്ചുകൊണ്ടിരിക്കെ രാഹുല്‍ഗാന്ധി ബി.ജെ.പിക്കേതിരേ നടത്തിയ പ്രസംഗങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു.
കളിയാക്കലുകള്‍ക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനും താന്‍പോരിമയ്ക്കും നേരേയുള്ള കണ്ണാടിയായി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം തിരിഞ്ഞു നിന്നപ്പോള്‍ പപ്പു വിളിയില്‍ നിന്നും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ചുവടുമാറ്റം നടത്തിയിരിക്കകയാണ് രാഹുൽ. ഇനിയറിയേണ്ടത് 2017-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത കാലത്ത് നിന്ന് 2024-ല്‍ എത്തുമ്പോഴേക്കും രാഹുലില്‍ എന്തുമാറ്റമുണ്ടാക്കിയെന്നതാണ്. പക്വതയില്ലാത്ത നേതാവെന്ന് സ്വന്തംപാര്‍ട്ടിക്കാര്‍ പോലും മുദ്രകുത്തിയിടത്തു നിന്നും പ്രതിപക്ഷനേതാവ് പദവിയിലേക്കെത്തുമ്പോള്‍ രാഹുലിന് മുന്നില്‍ വെല്ലുവിളികളും ഏറെയാണ്.

രാഹുലിന് മുന്നിലെ വെല്ലുവിളികള്‍
സോണിയാഗാന്ധിയുടെ പിന്‍ഗാമിയായി 2004 മുതല്‍ രാഹുല്‍ സജീവരാഷ്ട്രീയത്തിലുണ്ടെങ്കിലും പക്വതയില്ലാത്ത രാഷ്ട്രീയക്കാരനെന്ന വിലയിരുത്തലിന് മറുപടി നല്‍കാന്‍ കൂടിയുള്ള അവസരമാണ് പ്രതിപക്ഷനേതാവ് സ്ഥാനമേറ്റെടുക്കുന്നതിലൂടെ രാഹുലിന് മുന്നില്‍ വന്നുനില്‍ക്കുന്നത്. സ്വതന്ത്രഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭരണത്തിലിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസെങ്കിലും 2014 മുതല്‍ അധികാരത്തിന് പുറത്തുനിന്നാണ് കളികാണുന്നത്. പ്രതിപക്ഷനേതാവ് സ്ഥാനം പോലും അവകാശപ്പെടാന്‍ കഴിയാത്ത രീതിയില്‍ തഴയപ്പെട്ടു. കൊഴിഞ്ഞുപോക്കിനെ ഒരുതരത്തിലും തടഞ്ഞു നിര്‍ത്താനായില്ല. ഇത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തു.
പാര്‍ട്ടിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുക കൂടിയാണ് പ്രതിപക്ഷനേതാവ് സ്ഥാനമേറ്റെടുക്കുന്നതിലൂടെ രാഹുലിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല, ഇനിയുമൊരു കൊഴിഞ്ഞുപോക്കിനെ അതിജീവിക്കുകയെന്നതും ഏളുപ്പമാവില്ല. അതിന് പുറമെ മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഇത്തവണ പാര്‍ലമെന്റിലുണ്ടാവുകയും ചെയ്യും. ഇത് രാഹുലിന്റെ ഉത്തരവാദിത്വവും വര്‍ധിപ്പിക്കുന്നുണ്ട്. ഇല്ലാത്തപക്ഷം കോണ്‍ഗ്രസിനുള്ളിലെ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ അപ്രമാധിത്തം തന്നെയാവും ചോദ്യം ചെയ്യപ്പെടുക. കര്‍ഷകപ്രശ്‌നങ്ങളും തൊഴിലില്ലായ്മയുമടക്കം ഗൗരവകാരമായ വിഷയങ്ങള്‍ മുന്നോട്ടുവെച്ചായിരുന്നു ഇത്തവണ പ്രതിപക്ഷം വലിയ നേട്ടമുണ്ടാക്കിയത്. ഇതിനെല്ലാം പരിഹാരം കാണണം. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ന്യായ് പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കണം. ഇവിടെയാണ് പ്രതിപക്ഷ നേതാവെന്ന രീതിയില്‍ രാഹുല്‍ ശോഭിക്കേണ്ടത്. ഇല്ലെങ്കില്‍ കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും വീണ്ടും ജനങ്ങള്‍ തള്ളുമെന്നുമുറപ്പാണ്.

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോക്സഭയിലേക്ക് പ്രതിപക്ഷനേതാവിനെ ലഭിക്കുന്നത്. 2019-ല്‍ 52 സീറ്റുമായി ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന രണ്ടാമത്തെ പാര്‍ട്ടിയായി സഭയില്‍ കോണ്‍ഗ്രസ് മാറിയിരുന്നുവെങ്കിലും പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക പദവി ലഭിച്ചിരുന്നില്ല. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണെങ്കില്‍ 44 സീറ്റ് മാത്രവുമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുലിന് കാബിനറ്റ് റാങ്ക് ലഭിക്കും. പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനവും ലഭിക്കാം. വിവിധ അന്വേഷണ മേധാവികള്‍, മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍, വിവരാവകാശ കമ്മിഷണര്‍ എന്നിവരെയടക്കം നിയമിക്കുന്ന സമിതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രാഹുലും ഇടംപിടിക്കും.
ഗതിമാറ്റിയ ജോഡോ യാത്ര
ചരിത്രത്തിലില്ലാത്ത തോല്‍വിയെ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും നേരിട്ട സമയത്ത് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെയായിരുന്നു രാഹുലിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും മുറുമുറുപ്പുണ്ടായിരുന്നത്. നിര്‍ണായക ഘട്ടത്തില്‍ ഉത്തരവാദിത്വമേറ്റെടുക്കാന്‍ നില്‍ക്കാതെ ഒളിച്ചോടിയെന്ന പഴി പാര്‍ട്ടിക്കുള്ളില്‍ നിന്നും പോലും കേള്‍ക്കേണ്ടി വന്നു. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനത്തും ഭരണത്തിലിരുന്ന ഒരു പാര്‍ട്ടി ഒന്നോ രണ്ടോ സംസ്ഥാനത്ത് മാത്രമായി ഒതുങ്ങിയതിന് പിന്നില്‍ നേതൃത്വമില്ലായ്മയാണെന്ന വലിയ വിമര്‍ശനമുണ്ടായി.പാര്‍ട്ടിക്കുള്ളില്‍ ജി.23 എന്ന പേരില്‍ വിമതഗ്രൂപ്പുവരെ ഉയര്‍ന്നുവന്നു. പരസ്യ വിമര്‍ശനമുന്നയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം കൂട്ടത്തോടെ ബി.ജെ.പി അംഗത്വമെടുക്കുകയും കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. പുറത്തുപോയവരെല്ലാം കുറ്റപ്പെടുത്തിയതും രാഹുലിനെ തന്നെ. പക്ഷെ രാഹുല്‍ഗാന്ധി നടത്തിയ ജോഡോ യാത്രയിലൂടെ പ്രതിപക്ഷത്തെ വലിയ രീതിയില്‍ ഒന്നിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജോഡോ യാത്രയില്‍ രാഹുല്‍ പാവപ്പെട്ടവരേയും കര്‍ഷകരേയും കണ്ടു, വിലക്കയറ്റത്തെ കുറിച്ചും ജനാധിപത്യത്തേയും കുറിച്ചും സംസാരിച്ചു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരേയുള്ള 136 ദിവസം നീണ്ട് നിന്ന 4000 കി.മി 'ഭാരത് ജോഡോ യാത്ര'യും മണിപ്പുര്‍ മുതല്‍ മുംബൈവരേയുള്ള 'ന്യായ് യാത്ര'യും അങ്ങനെ തിരഞ്ഞെടുപ്പിന്റെ ഗതിനിര്‍ണയിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ച യാത്രയായി മാറി. 2019-ലെ 52 എന്ന സീറ്റ് നിലയില്‍ നിന്നും 99 സീറ്റിലേക്ക് കോണ്‍ഗ്രസിനെ വളര്‍ത്തിയതില്‍ രാഹുലിന്റെ യാത്രയ്ക്കും കഠിനാധ്വാനത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. അത് 'പപ്പു'വെന്ന് വിളിച്ച് കളിയാക്കവര്‍ക്ക് നേരേയുള്ള തിരിഞ്ഞുകുത്തലുമായി.
2013 ഓക്ടോബറില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം അമിത് ഷായായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരേ 'പപ്പു'വെന്ന വിളിക്ക് പ്രധാനമായും തുടക്കമിട്ടത്. പ്രധാനമന്ത്രിപദം പപ്പുവിന്റെ ജന്മാവകാശമാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും എന്നാല്‍ ഇത് ജാനാധിപത്യ രാജ്യമാണെന്ന് ഓര്‍ക്കണമെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും പലകാലങ്ങളില്‍ അത് മുഴങ്ങിക്കേള്‍ക്കുകയും ചെയ്തു. ഈ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പപ്പു കാമ്പയിനിന് തുടക്കമിട്ടതോടെ അത് സോഷ്യല്‍ മീഡിയ അടക്കം ഏറ്റെടുക്കുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. പക്ഷേ, അപ്പോഴും കളിയാക്കലുകള്‍ ഗൗനിക്കാതെ ഇന്ത്യാ സഖ്യത്തെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള യാത്രയിലായിരുന്നു രാഹുല്‍. അത് ഫലം കാണുകയും ചെയ്തു.
12 സംസ്ഥാനങ്ങള്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയിലൂടെയാണ് ജോഡോ യാത്ര കടന്നുപോയത്. 13 പ്രതിപക്ഷ കക്ഷികളും എം.കെ സ്റ്റാലിനടക്കമുള്ള നാല് മുഖ്യമന്ത്രിമാരും യാത്രയുടെ ഭാഗമായിരുന്നു. അങ്ങനെ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി ഭാരത് ജോഡോ യാത്ര മാറുകയും ചെയ്തു. ഇതിലൂടെ താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ രീതിയിലുളള ഊര്‍ജം പകാരാന്‍ പാര്‍ട്ടിക്ക് സാധിക്കുകയും ചെയ്തു. രാഹുലിനെതിരായ സ്ഥിരം പരിഹാസത്തിലൂന്നിയായിരുന്നു ബി.ജെ.പി തുടക്കത്തില്‍ യാത്രയെ കൈകാര്യം ചെയ്തിരുന്നത്. യാത്രയെ അവഗണിക്കുക എന്ന നിലപാടിലേക്ക് പിന്നീട് ബി.ജെ.പി കടന്നു. പക്ഷേ, ഉത്തരേന്ത്യയിലടക്കം വന്‍ സ്വീകാര്യത യാത്രയ്ക്ക് ലഭിച്ചതോടൊയാണ് ബി.ജെ.പി അപകടം മടണത്തത്. ഇതോടെ പല തരത്തില്‍ യാത്രയെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വന്‍ വിജയത്തിലേക്ക് ചരിത്ര യാത്രയെ അവസാനപ്പിക്കാന്‍ രാഹുലിനും കോണ്‍ഗ്രസും സാധിച്ചു. ഇതിലൂടെ വലിയ മാറ്റമാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടാക്കാന്‍ സാധിച്ചത്.

ഭരണഘടന കൈയില്‍ പിടിച്ചുള്ള യാത്ര
2024-ലെ തിരഞ്ഞെടുപ്പ് രണ്ടു കാര്യങ്ങള്‍ക്കാണ് മുഖ്യമായും ശ്രദ്ധേയമായിരുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലെന്ന രീതിയില്‍ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു മുന്നണി ആ തിരഞ്ഞെടുപ്പോടെ അധികാരത്തില്‍ വന്നു. മറ്റൊന്ന് രാഹുല്‍ഗാന്ധിയെന്ന നേതാവിന്റെ വരവുമായിരുന്നു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം 2017-ല്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനമേറ്റെടുത്തു. 2019-ല്‍ രാഹുലെന്ന ഒറ്റമൂലിയിലൂടെ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വന്‍ പരാജയമായിരുന്നു നേരിടേണ്ടി വന്നത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിച്ചില്ല. തലമുറമാറ്റത്തിലൂടെ യുവവോട്ടുകള്‍ സ്വന്തമാക്കി അധികാരം തിരിച്ചുപിടിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പക്ഷേ, നിരാശയായിരുന്നു ഫലം. ഇതോടെ പക്വതയില്ലാത്ത നേതാവെന്ന പഴി വീണ്ടും കേള്‍ക്കേണ്ടി വന്നു രാഹുല്‍ ഗാന്ധിക്ക്. കോണ്‍ഗ്രസ് അധാകരത്തിലിരുന്ന പത്തു വര്‍ഷം (2004-2014) മന്ത്രിയോ പ്രധാനമന്ത്രി തന്നെയോ വേണമെങ്കില്‍ രാഹുലിന് ആകാമായിരുന്നു. ചുറ്റും നില്‍ക്കുന്നവര്‍ നീയാണ് യോഗ്യന്‍ എന്ന് സ്തുതി പാടുമ്പോള്‍ രാഹുല്‍ ഒഴിഞ്ഞമാറി. 2019-ല്‍ അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചപ്പോഴും വിമര്‍ശിക്കപ്പെട്ടു. പക്ഷേ, അവിടെ നിന്ന് 2024-ല്‍ എത്തുമ്പോഴേക്കും രാഹുലിന്റെ ആരും കാണാത്ത മേക്ക് ഓവറാണ് കോണ്‍ഗ്രസ് കണ്ടത്. അത് പ്രവര്‍ത്തകരെയാകെ ആവേശം കൊള്ളിക്കുകയും ചെയ്തു.
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് 107 പൊതുപരിപാടികളിലാണ് രാഹുല്‍ പങ്കെടുത്തത്. ചുവപ്പുചട്ടയുള്ള ഭരണഘടനയും കയ്യിലേന്തി റാലികളിലെത്തിയ രാഹുലിനെ ഹര്‍ഷാരവത്തോടെ ആളുകള്‍ സ്വീകരിച്ചയച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടു. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന പ്രചാരണം യുവജനങ്ങളിലടക്കമുണ്ടാക്കിയത് ചെറിയ മാറ്റമല്ല. രാഹുല്‍ നയിച്ച രണ്ട് യാത്രകളിലൂടേയും പാര്‍ട്ടി പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ കഴിഞ്ഞൂവെന്നും കോണ്‍ഗ്രസ് സംഘടനാസംവിധാനത്തിന് പുതുജീവന്‍ നല്‍കാന്‍ കഴിഞ്ഞുവെന്നും ഇത് വോട്ടായി മാറിയിട്ടുണ്ടെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിൽപ്പരം ഭൂരിപക്ഷത്തിന് വിജയിക്കാന്‍ കഴിഞ്ഞതും കൈവിട്ടുപോയ അമേഠിയടക്കമുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുന്നതിനും രാഹുലിന്റെ യാത്ര വഴിവെച്ചു. നാഗാലന്‍ഡിനും മണിപ്പുരിനും പുറമെ ഝാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനായി.

മറുപടി ബി.ജെ.പിക്ക് മാത്രമല്ല
കോണ്‍ഗ്രസിന്റെ നേതൃശോഷണത്തിനെതിരേ ' മേല്‍വിലാസമില്ലാത്ത കവര്‍ പോലെയാണ് ഇന്ന് കോണ്‍ഗ്രസ് 'എന്ന രൂക്ഷ വിമര്‍ശനമുന്നയിച്ചത് ഏതെങ്കിലും ബി.ജെ.പി നേതാവോ സി.പി.എം നേതാവോ ആയിരുന്നില്ല. ഭാരത് ജോഡോ യാത്രയ്ക്ക് രാഹുല്‍ഗാന്ധിക്ക് ഒപ്പം തിരുവനന്തപുരത്ത് പദയാത്രയില്‍ അണിനിരന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റിന് സംഘടനയുടെ പുനര്‍ജീവന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ ജി 23 സംഘത്തിലെ തലവനായിരുന്ന ഗുലാംനബി ആസാദ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ശേഷമായിരുന്നു ജി.23-ല്‍ ഉണ്ടായിരുന്ന ശശി തരൂര്‍ ഇങ്ങനെ പറഞ്ഞത്. പക്ഷേ, അന്നും രാഹുല്‍ തന്നെ പാര്‍ട്ടിയെ നയിക്കാന്‍ ഉചിതനെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിനുണ്ടായത്.
സംഘടനാഭാരം മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ഏല്‍പിച്ച് രാഹുല്‍ നടത്തിയ യാത്ര 400 സീറ്റെന്ന ആവകാശ വാദം നടത്തിയവരെ കേവല ഭൂരിപക്ഷത്തിനരികെ തളച്ചിടുന്നതിലേക്കെത്തിച്ചു. അങ്ങനെ ജനാധിപത്യ ഇന്ത്യയുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകമായി രാഹുല്‍ മാറി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും ഒറ്റപ്പെടുത്തവര്‍ക്കും വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായും മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന അതികായനെതിരേ പ്രതിപക്ഷ നേതൃനിര കെട്ടിപ്പെടുക്കുന്ന ഭാരിച്ച ഉത്തരവാദിത്വം രാഹുല്‍ ചുമലിലേറ്റി. പലപ്പോഴും മോദിക്കെതിരേ ഒറ്റയാള്‍ പട്ടാളമായി. പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ചിരുന്നവരെന്ന അഹംഭാവം മാറ്റിവെച്ച് സീറ്റ് ചര്‍ച്ചകളില്‍ വീട്ടുവീഴ്ച ചെയ്തു. പാര്‍ട്ടിയുടേയോ ഇന്ത്യാ മുന്നണിയുടേയോ ഔപചാരിക നേതാവല്ലെങ്കിലും രണ്ടിന്റേയും അവസാന വാക്ക് രാഹുല്‍ഗാന്ധിയെന്ന 54 കാരനമായി മാറുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു.

ഒളിച്ചോട്ടക്കാരന്‍, ഭീരു അവിടേയും തീര്‍ന്നില്ല
2019-ൽ കോൺഗ്രസ് നടത്തിയ സർപ്രൈസ് നീക്കമായിരുന്നു വയനാട്ടിലെ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം. വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവ് ഒളിച്ചോട്ടമാണെന്നും ബി.ജെ.പിയെ പേടിച്ചാണെന്നുമടക്കം അന്നുമുതല്‍ ഇടതുപക്ഷവും ബി.ജെ.പിയുമടക്കമുള്ളവര്‍ ആരോപണങ്ങളുന്നയിച്ചിട്ടും മോദിയും ബി.ജെ.പിയും മാത്രമായിരുന്നു രാഹുലിന്റെ പ്രധാന പ്രചാരണ ആയുധം. വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവിനെ ട്രോളുകളായും കളിയാക്കലുകളായും സാമൂഹിക മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോഴും അതിനെ മൈന്‍ഡ് ചെയ്യാതെ വിടുകയായിരുന്നു ഒന്നാം വരവില്‍ രാഹുല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തിയ രാഹുല്‍ ഗാന്ധിക്ക് അര്‍ഹമായ പരിഗണന തന്നെ 2019-ല്‍ വയനാട്ടുകാര്‍ നല്‍കി. 4,31,770 എന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം. എന്നാല്‍ അഞ്ചുവര്‍ഷത്തിനിപ്പുറം രണ്ടാം തവണയും രാഹുല്‍ തന്നെ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ കാര്യങ്ങള്‍ മാറി.
ഇത്തവണ മോദി മാത്രമായിരുന്നില്ല രാഹുലിന്റെ വിഷയം. അതിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയനേയും നിരന്തരം വിമര്‍ശിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിച്ചു. രണ്ടുപേരും പരസ്പരം പോര്‍മുഖം തുറന്നു. വയനാട് നിന്ന് മാത്രമല്ല രാഹുല്‍ ഗാന്ധി പോവുന്നിടത്തൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണം രാഹുല്‍-പിണറായി എന്ന നിലയിലേക്ക് മാറി. മറുപടി പറയാന്‍ മുഖ്യന്ത്രിയും വേദി കണ്ടെത്തി. ഇതോടെ വിഷയം പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഏറ്റെടുത്ത് പ്രധാന പ്രചാരണ ആയുധമാക്കി. 2024-ല്‍ മോദിക്കെതിരേ നിര്‍ണായക മുന്നേറ്റമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യാ സഖ്യത്തിനെതിരേ പ്രയോഗിക്കാന്‍ ബി.ജെ.പിക്ക് കിട്ടിയ മൂര്‍ച്ചയുള്ള ആയുധമായി കേരളത്തിലെ വാക്‌പോര് മാറുകിയിരുന്നുവെങ്കിലും വയനാടിന് പുറമെ റായ്ബറേലിയിലും വന്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ഗാന്ധി വിജയിക്കുന്ന കാഴ്ച കണ്ടു. കഴിഞ്ഞ തവണ കൈവിട്ട അമേഠിയടക്കം തിരിച്ചുപിടിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറുകയും ചെയ്തു. കുടംബാധിപത്യത്തിലൂടെ നേതൃത്വത്തിലെത്തിയെന്നും രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവെന്നും അവധി ആഘോഷിക്കാന്‍ വിദേശത്തേക്കു പോകുന്നുവെന്നും ബി.ജെ.പി നിരന്തരം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടി കൂടിയായി ഒടുവില്‍ രാഹുല്‍ഗാന്ധിയുടെ പ്രതിപക്ഷ നേതൃസ്ഥാനം.
Content Highlights: Rahul Gandhi and lok sabha election 2024
Published: 26 Jun 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented