
'അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശപ്പെട്ട അവസ്ഥയിലാണ്. ഇനിയും ഭക്ഷണം കഴിക്കാതിരുന്നാല്‍ അത് ഗുരതരമായ പ്രത്യാഘാതമുണ്ടാക്കും. രക്തത്തില്‍ പ്രോട്ടീന്റെ അളവ് അപകടകരമായ നിലയിലാണ്', 2009 ഡിസംബര്‍ ഒമ്പതിന് ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നു.
പ്രത്യേക തെലങ്കാന സംസ്ഥാനം വേണമെന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സമരത്തിലേര്‍പ്പെട്ട ചന്ദ്രശേഖര റാവുവിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയായിരുന്നു ആ മെഡിക്കല്‍ ബുള്ളറ്റിന്‍. ചന്ദ്രശേഖര റാവുവിന്റെ ആരോഗ്യനില മോശമാകുകകയും തെലങ്കാന വിഷയം വൈകാരികമായി വളരുകയും ചെയ്തതോടെ രായ്ക്കുരാമാനം കേന്ദ്ര സര്‍ക്കാര്‍ ഒരു പ്രഖ്യാപനം നടത്തി. ആന്ധപ്രദേശ് വിഭജിച്ച് പ്രത്യേക തെലങ്കാന രൂപീകരിക്കുമെന്ന് തൊട്ടടുത്ത ദിവസം ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരം പ്രഖ്യാപിക്കുകയുണ്ടായി.
അന്ന് അര്‍ദ്ധരാത്രിയോടെ 11 ദിവസം നീണ്ട് നിന്ന നിരാഹാര സമരം അവസാനിപ്പിച്ച കല്‍വകുന്തല ചന്ദ്രശേഖര റാവു നൈസാം ആശുപത്രി കിടക്കയില്‍ നിന്ന് തെലങ്കാനയുടെ അമരത്തേക്കാണ് ഉയര്‍ത്തെഴുന്നേറ്റത്. 2014-ല്‍ ജൂണ്‍ രണ്ടിന് ഔദ്യോഗികമായി നിലവില്‍ വന്ന തെലങ്കാനയുടെ മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവു ചുമതലയേറ്റു. ഒപ്പം മകനും മരുമകനും മന്ത്രിസഭയില്‍ ഇടംപിടിച്ചു. 119-ല്‍ 63 സീറ്റുകള്‍ നേടിയാണ് കെ.സി.ആറിന്റെ ടി.ആര്‍.എസ്.(നിലവില്‍ ബി.ആര്‍.എസ്) അധികാരത്തിലേറിയത്. 2018-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം 88-ലേക്കെത്തിച്ച് തെലങ്കാനയില്‍ കെ.സി.ആര്‍.സര്‍വ്വാധിപത്യം നേടി. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയുള്ള കുതിപ്പില്‍ പാര്‍ട്ടിയുടെ പേര് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കാല്‍വെക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മൂന്നാം മൂഴത്തില്‍ കെ.സി.ആര്‍ പടുത്തുയര്‍ത്തിയ തട്ടകത്തില്‍ തെന്നിവീണിരിക്കുന്നത്.
അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് പേരുകേട്ട ചന്ദ്രശേഖര റാവു കോണ്‍ഗ്രസ് സേവകനായിട്ടാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. അതേ കോണ്‍ഗ്രസിനെ മുട്ടുക്കുത്തിച്ച് കലുഷിതമായ രാഷ്ട്രീയ പാത വെട്ടിത്തളിച്ച കെ.സി.ആറിന്റെയും പാര്‍ട്ടിയുടെയും ഭാവി ഇനി കണ്ടറിയേണ്ടതാണ്.
പാര്‍ട്ടിയില്‍ ചോദ്യംചെയ്യപ്പടാനില്ലാത്ത നേതാവായിരുന്നു ചന്ദ്രശേഖര റാവു. എന്നാല്‍ കുടുംബാംഗങ്ങള്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും അധികാരകേന്ദ്രമായതോടെയാണ് അദ്ദേഹത്തിന്റെ ജനസമ്മിതിയില്‍ കാര്യമായ ഇടിവുണ്ടാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്ന സാഹചര്യവും ഉണ്ടായി. ഒടുവില്‍ തെലങ്കാന ചന്ദ്രശേഖര റാവുവിനേയും പാര്‍ട്ടിയേയും കൈവിട്ടു.
കെസിആറിന്റെ രാഷ്ട്രീയ-ജീവിത യാത്ര
1954-ഫെബ്രുവരി 17-ന് ഇപ്പോഴത്തെ സിദ്ധിപ്പേട്ട് ജില്ലയിലെ ചിന്തമടക്കയില്‍ രാഘവ റാവുവിന്റെയും വെങ്കടമ്മയുടേയും മകനായിട്ടാണ് ജനനം. ഒമ്പത് സഹോദരിമാരും ഒരു മൂത്ത സഹോദരനും അദ്ദേഹത്തിനുണ്ട്. ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് തെലുഗ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ചന്ദ്രശേഖര റാവു യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. കെ.ശോഭയാണ് ഭാര്യ. മകന്‍ കെ.ടി.രാമ റാവു പാര്‍ട്ടിയില്‍ രണ്ടാമനും തെലങ്കാനയിലെ വ്യവസായ മന്ത്രിയുമാണ്. മകള്‍ കവിത എംഎല്‍സിയാണ്.
1970-ല്‍ യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത കെ.സി.ആര്‍. 1983-ല്‍ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി)യില്‍ ചേര്‍ന്നു. രണ്ട് വര്‍ഷത്തിന് ശേഷം സിദ്ധിപേട്ട് മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തെ നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. 1985 മുതല്‍ 2004 വരെ അദ്ദേഹം ആന്ധ്രപ്രദേശ് നിയമസഭാ അംഗമായി തുടര്‍ന്നു. 1987ലും 1997-ലും മന്ത്രിയായിട്ടുണ്ട്. 1999 മുതല്‍ 2001 വരെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.
2001-ല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദം രാജിവെച്ച് കെ.സി.ആര്‍.തെലങ്കാന പ്രക്ഷോഭത്തിലേക്ക് കടന്നു. ഒപ്പം തെലുഗുദേശം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ടി.ആര്‍.എസ് (തെലങ്കാന രാഷ്ട്ര സമിതി) എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. പ്രത്യേക തെലങ്കാന എന്ന ഒറ്റ അജണ്ടയോടെയായിരുന്നു പാര്‍ട്ടിയുടെ രൂപീകരണം. 2009 നവംബറിലാണ് തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസിആര്‍ മരണം വരെ നിരാഹാരം പ്രഖ്യാപിച്ചത്. കെ.സി.ആറിന്റെ നിരാഹാര സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് 11-ാം ദിവസം തെലങ്കാന സംസ്ഥാനം പ്രഖ്യാപിക്കേണ്ടി വന്നു.
തെലങ്കാന രൂപീകരണത്തിന് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണ നേടിയെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. തെലങ്കാന രൂപവത്കരണത്തിന്റെ വിജ്ഞാപനം വന്നാലുടന്‍ തന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന പ്രഖ്യാപിച്ചിരുന്ന കെ.ചന്ദ്രശേഖര റാവു പിന്നീട് വാക്ക് മാറ്റി. അതേ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ടാണ് ചന്ദ്രശേഖര റാവു തെലങ്കാന പിടിച്ചടക്കിയത്.
ദേശീയ രാഷ്ട്രീയ മോഹം
തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ദേശീയ രാഷ്ട്രീയ മോഹംവെച്ച് പുലര്‍ത്തുന്ന നേതാവാണ് കെ.സി.ചന്ദ്രശേഖര റാവു. 2019-ല്‍ ശ്രമം നടത്തി പരാജയപ്പെട്ട മൂന്നാം മുന്നണി സ്വപ്നത്തെ ഇടയ്ക്കിടെ പുനരുജ്ജീവിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു പാര്‍ട്ടിയുടെ പേര് മാറ്റം നടത്തിയത്. തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) എന്നത് ഭാരതീയ രാഷ്ട്രീ സമിതി (ബി.ആര്‍.എസ്) ആയെങ്കിലും അത് സംസ്ഥാനത്തിനപ്പുറത്തേക്ക് അതിനിപ്പോഴും കാല്‍നീട്ടാനായിട്ടില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, എസ്പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുമായി കെ.സി.ആര്‍.പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. മകന്‍ കെ.ടി.രാമറാവുവിന് തെലങ്കാന കൈമാറി ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനായിരുന്നു ലക്ഷ്യം. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഒരു ഫെഡറല്‍ മുന്നണിയായിരുന്നു കെ.സി.ആര്‍ നോട്ടമിട്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും അദ്ദേഹം ഇതിനിടെ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയില്‍ എത്തുമ്പോഴൊന്നും അദ്ദേഹത്തെ സ്വീകരിക്കാന്‍ കെ.സി.ആര്‍.തയ്യാറായിരുന്നില്ല.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിജെപിക്ക് പരോക്ഷ പിന്തുണ നല്‍കിയിരുന്ന കെ.സി.ആറും പാര്‍ട്ടിയും പിന്നീട് പ്രതിപക്ഷ നിരയിലേക്ക് കടന്നുവരികയായിരുന്നു. എന്നാല്‍ തെലങ്കാന ലക്ഷ്യംവെച്ചിരുന്ന കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയില്‍ ബിആര്‍എസിനെ ഉള്‍പ്പെടുത്താന്‍ താത്പര്യപ്പെട്ടിരുന്നില്ല.
ഹോം ഗ്രൗണ്ടില്‍ സുരക്ഷിതമാണെ് ആത്മവിശ്വാസത്തിലാണ് കെ.സി.ആര്‍ ദേശീയ രാഷ്ട്രീയം സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ കാലുറപ്പിച്ച മണ്ണ് ഒലിച്ചുപോയ സ്ഥിതിയിലാണിപ്പോള്‍.
ക്ഷേമ രാഷ്ട്രീയവും വികസന കാഴ്ചപ്പാടും
തെലങ്കാന രൂപീകരണത്തില്‍ രക്തസാക്ഷി പരിവേഷം ലഭിച്ചെങ്കിലും ക്ഷേമ പദ്ധതികളായിരുന്നു കെ.സി.ആറിനെ ജനകീയമാക്കിയിരുന്നത്. ഒപ്പം തെലങ്കാനയുടെ വികസനനേട്ടറങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിന്റെ മേല്‍ക്കോയ്മയും ചന്ദ്രശേഖര റാവുവിനുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനമായി തെലങ്കാനയെ മാറ്റിയ അദ്ദേഹം കൊണ്ടുവന്ന ക്ഷേമ പദ്ധതികളും ശ്രദ്ധനേടിയിരുന്നു. വര്‍ഷംതോറും കര്‍ഷകര്‍ക്ക് ഒരേക്കറിന് പതിനായിരം രൂപ നല്‍കി വരുന്ന റൈത്തബന്ധു പദ്ധതിയാണ് ഏറ്റവും ജനകീയം. എന്നാല്‍ പ്രഖ്യാപനങ്ങളല്ലാതെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടി ഭരണവിരുദ്ധ വികാരം സൃഷ്ടിച്ച കോണ്‍ഗ്രസ് നീക്കം വിജയിച്ചു. കുടാതെ പാര്‍ട്ടിയിലും സര്‍ക്കാരിലും കെസിആര്‍ കുടുംബത്തിന്റെ ആധിപത്യവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കി.

ജ്യോതിഷവും ആചാരങ്ങളും
ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലുമടക്കം വലിയ രീതിയില്‍ വിശ്വാസം വെച്ച് പുലര്‍ത്തിയിരുന്ന നേതാവായിരുന്നു കെ.സി.ആര്‍. ഭരണതലത്തിലും പാര്‍ട്ടി കാര്യങ്ങളിലുമടക്കം അദ്ദേഹം ഇത് കലര്‍ത്തിയിരുന്നു. പാര്‍ട്ടി പേര് മാറ്റവും ഇതുമായി ബന്ധപ്പെട്ട ഒരു വിശ്വാസത്തിന്റെ പേരിലാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
Content Highlights: A glance at K Chandrashekhar Rao's life-Telangana Assembly election RESULT
Published: 03 Dec 2023, 04:36 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented