ഡിസംബര്‍ ഒമ്പത് എന്നൊരു ദിവസമുണ്ടെങ്കില്‍ തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. തെലങ്കാനയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ആറ് വാഗ്ദാനങ്ങളടങ്ങിയ ഫയല്‍ ആയിരിക്കും സര്‍ക്കാര്‍ ആദ്യം ഒപ്പിടുന്നത്. എല്‍.ബി സ്റ്റേഡിയത്തില്‍ നടക്കാന്‍പോവുന്ന സത്യപ്രതിജ്ഞ ചടങ്ങിനായി നിങ്ങള്‍ തയ്യാറായിക്കോളൂ..' തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിപറഞ്ഞതിങ്ങനെയായിരുന്നു. ജയമല്ലാതെ മറ്റൊരു ഓപ്ക്ഷന്‍ ഇല്ലെന്ന കോണ്‍ഗ്രസിന്റെ ആത്മവിശ്വാസമായിരുന്നു രേവന്തിന്റെ വാക്കുകളിലുണ്ടായിരുന്നത്. ഡിസംബര്‍ 9 വെറുമൊരു തീയതി അല്ല, അത് സോണിയ ഗാന്ധിയുടെ ജന്മദിനമാണ്. ഒപ്പം തെലങ്കാന എന്ന സംസ്ഥാനം രൂപീകരിക്കുമെന്ന് 2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പ്രഖ്യാപിച്ച ദിവസം കൂടിയാണ്. 

To advertise here,

വെറും ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രേവന്ത് റെഡ്ഡി എന്ന 52കാരന്‍ ടിഡിപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. പുതിയ പാര്‍ട്ടിയിലെ ശൈശവദശയില്‍ തന്നെ രേവന്ത് തെലങ്കാന കോണ്‍ഗ്രസിന്റെ അധ്യക്ഷനായും നിയോഗിക്കപ്പെട്ടു. രേവന്തിനെ പാര്‍ട്ടിയുടെ അമരത്തിരുത്തിക്കൊണ്ടിതാ തെലങ്കാനയില്‍ നഷ്ടപ്പെടുത്തിയ പ്രതാപകാലത്തെ രണ്ട് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചിരിക്കുന്നു. തെലങ്കാന കോണ്‍ഗ്രസിന്റെ നായകനായും നാഥനായും ഒരേയൊരാള്‍.. അനുമൂല്‍ രേവന്ത് റെഡ്ഡി. 

രേവന്തിന്റെ തോളിലേറിയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് ജീവന്‍ തിരിച്ചുപിടിച്ചിരിക്കുന്നതെന്നതില്‍ പാര്‍ട്ടിക്കും സംശയമില്ല. തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്‌നമായിരുന്നു കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. രേവന്ത് റെഡ്ഡിക്ക് ഇക്കുറി മത്സരത്തിന് രണ്ട് ലക്ഷ്യങ്ങളുള്ളത്. ഒന്ന് 2018ലെ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരാട്ടമായിരുന്നു. കൊടങ്കലില്‍ പഴയ എതിരാളിയായ നരേന്ദ്ര റെഡ്ഡിയോടായിരുന്നു മത്സരം. രണ്ടാമതായി കാമാറെഡ്ഡി മണ്ഡലത്തില്‍ മുഖ്യമന്ത്രി കെസിആറിനെതിരേ അങ്കത്തിനിറങ്ങി രാജ്യം ശ്രദ്ധിക്കുന്ന പോരാട്ടമാക്കി മാറ്റി. കാമാറെഡ്ഡിയില്‍ ജയിക്കാനായില്ലെങ്കിലും കെസിആറിനെ വീഴ്ത്താന്‍ രേവന്തിന് കഴിഞ്ഞു. രണ്ട് പേരെയും തോല്‍പിച്ച് ബിജെപി ഇവിടെ അട്ടിമറി ജയം നേടി. കോടങ്കലില്‍ വന്‍ വിജയമാണ് രേവന്ത് നേടിയത്‌. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെട്ട ഒരാളുടെ കൈപിടിച്ച് കോണ്‍ഗ്രസ് ഭരണത്തിലേറുന്ന മനോഹരമായ കാഴ്ചയ്ക്ക് തെലങ്കാന സാക്ഷ്യം വഹിക്കുന്നു. 

placeholder
രേവന്ത് റെഡ്ഡി

പഴയ എബിവിപിക്കാരന്‍, പഴയ ടിഡിപിക്കാരന്‍

തെലങ്കാനയിലെ മഹ്ബൂബ്‌നഗര്‍ സ്വദേശിയായ രേവന്ത് റെഡ്ഡി വിദ്യാര്‍ഥിയായിരിക്കെ ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ സജീവാംഗമായിരുന്നു. 2006ല്‍ ആദ്യമായി സ്വതന്ത്ര സ്ഥാനാര്‍ഥിയായി തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിച്ചുവിജയിച്ചു. 2007ല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച് എംഎല്‍സി അംഗമായി. രാഷ്ട്രീയപ്രവര്‍ത്തനം തുടരുന്നതിനിടെ ടിഡിപി നേതാവ് എന്‍ ചന്ദ്രബാബു നായിഡുവിനെ കണ്ടുമുട്ടിയതാണ് രേവന്തിന്റെ രാഷ്ട്രീയജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായത്. ചന്ദ്രബാബു നായിഡുവിന്റെ സ്വാധീനത്തില്‍ രേവന്ത് ടിഡിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാരംഭിക്കുകയും അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കുകയും ചെയ്തു. 

2009'ലാണ് രേവന്ത് റെഡ്ഡി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കൊടങ്കല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രേവന്ത് അട്ടിമറി വിജയമാണ് മണ്ഡലത്തില്‍ നേടിയത്. കൊടങ്കലിലെ അഞ്ചുതവണ എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ഗുരുനാഥ് റെഡ്ഡിയെ ആയിരുന്നു രേവന്ത് പരാജയപ്പെടുത്തിയത്. നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ ഏഴായിരത്തോളം വോട്ടുകള്‍, അതായത് 46 ശതമാനം വോട്ടാണ് രേവന്ത് സ്വന്തമാക്കിയത്. 2014ലെ തിരഞ്ഞെടുപ്പിലും കൊടങ്കലില്‍ നിന്ന് ഗുരുനാഥ് റെഡ്ഡിക്കെതിരേ മത്സരിച്ച രേവന്ത് 14,614 വോട്ടുകള്‍ക്കാണ് മണ്ഡലം നിലനിര്‍ത്തിയത്. നിയമസഭയില്‍ ടിഡിപി നിയമസഭാകക്ഷി നേതാവായിരുന്നു രേവന്ത്. 

2015ലാണ് എംഎല്‍സി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ രേവന്ത് എംഎല്‍എമാരെ പണം നല്‍കി സ്വാധീനിച്ചുവെന്ന ആരോപണങ്ങളുയര്‍ന്നത്. 2015ല്‍ നടന്ന ലജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടിഡിപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനായി മറ്റൊരാള്‍ക്ക് 50 ലക്ഷം രൂപ രേവന്ത് റെഡ്ഡി നല്‍കി എന്നായിരുന്നു കേസ്. പിന്നാലെ അറസ്റ്റിലുമായി. രേവന്തിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണവും ഭരണകക്ഷിക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്. അന്നു മുതല്‍ കെസിആറും രേവന്തും തമ്മില്‍ കടുത്ത ശത്രുതയിലുമായി. വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് രേവന്ത് റെഡ്ഡി പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങളുയരുന്നത്. സൂചനകളെ ശരിവെച്ചുകൊണ്ട് 2018 തുടക്കത്തില്‍ രേവന്ത് റെഡ്ഡി ടിഡിപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രേവന്തിന്റെ പേരിലുയര്‍ന്ന വിവാദങ്ങളില്‍ പാര്‍ട്ടി ഒപ്പം നിന്നില്ലെന്നും പാര്‍ട്ടി നിലപാട് തന്നെ വേദനിപ്പിച്ചെന്നും വിശദീകരിച്ചുകൊണ്ടായിരുന്നു രേവന്ത് ടിഡിപിയില്‍ നിന്ന് രാജിവെച്ചുപോയത്. 

കോണ്‍ഗ്രസില്‍ ചേര്‍ന്ന രേവന്തിന് വന്‍ വരവേല്‍പ്പാണ് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത്. തൊട്ടുപിന്നാലെ 2018ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കൊടങ്കല്‍ മണ്ഡലത്തില്‍ നിന്നുതന്നെ ജനവിധി തേടിയെങ്കിലും ടിആര്‍സിന്റെ പട്‌നം നരേന്ദര്‍ റെഡ്ഡിയോട് പതിനായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. വിജയങ്ങള്‍ മാത്രം കണ്ടുശീലിച്ച രേവന്തിന് തിരഞ്ഞെടുപ്പുകളിലേല്‍ക്കുന്ന ആദ്യത്തെ തിരിച്ചടിയായിരുന്നു അത്. എംഎല്‍എ സ്ഥാനം പോയെങ്കിലും രേവന്തിനെ തെലങ്കാന കോണ്‍ഗ്രസ് തങ്ങളുടെ നേതൃനിരയിലേക്ക് ഉയര്‍ത്തി. 2018 സെപ്തംബറിലാണ് രേവന്ത് തെലങ്കാന കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാല്‍കജ്ഗിരി ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിച്ച് വിജയിച്ചു. ടിആര്‍എസിന്റെ മാരി രാജശേഖര്‍ റെഡ്ഡിയെ ആയിരുന്നു രേവന്ത് പതിനായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ലോക്‌സഭാംഗമായിരിക്കെയാണ് കാമറെഡ്ഡിയില്‍ നിന്ന് കെസിആറിനെ നേരിടാന്‍ കച്ചകെട്ടിയിറങ്ങിയത്. പോരാട്ടം പാഴായില്ലെന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് ഫലം രേവന്തിന്റെ മൈലേജ് ഉയര്‍ത്തുകയും ചെയ്തു. 

കോണ്‍ഗ്രസിനെ വീണ്ടെടുത്ത രേവന്ത് 

2018 തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 94 സീറ്റില്‍ 19 എണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. വിജയിച്ചെങ്കിലും കൂറുമാറ്റം കോണ്‍ഗ്രസിനെ വീണ്ടും തകര്‍ത്തു. 12 എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിആര്‍എസിലേക്ക് പോയത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ മൂന്നെണ്ണത്തില്‍ ബിജെപിയും രണ്ടെണ്ണത്തില്‍ ബിആര്‍എസും ജയിച്ചപ്പോള്‍ കോണ്‍ഗ്രസിനാവട്ടെ കയ്യിലുണ്ടായിരുന്ന മൂന്ന് സീറ്റുകള്‍ നഷ്ടപ്പെടുകയാണ് ചെയ്തത്. പാര്‍ട്ടി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ആ കാലത്താണ് കോണ്‍ഗ്രസിനെ നയിക്കാന്‍ രേവന്ത് എത്തിയത്. രേവന്ത് റെഡ്ഡി അധ്യക്ഷനായതിനു ശേഷം കോണ്‍ഗ്രസിനെ നയിക്കാന്‍ നേതാവായി, പാര്‍ട്ടിയുടെ രീതികള്‍ മാറി. സംഘടനാതലം മുതലുള്ള കാര്യങ്ങളില്‍ രേവന്ത് മാറ്റങ്ങള്‍ കൊണ്ടുവന്നു. നേതാവിന്റെ ജാഡയില്ലാതെ താഴേത്തട്ടിലേക്കിറങ്ങിയുള്ള രേവന്തിന്റെ പ്രകടനം അണികള്‍ക്കിടയിലും മതിപ്പുണ്ടാക്കി. അത് രേവന്തിനും ഗുണം ചെയ്തു. മാറ്റങ്ങളുടെ കാറ്റിനൊപ്പം രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ തെലങ്കാനയിലും പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ ഊര്‍ജം നല്‍കി. 

placeholder
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന രേവന്ത് റെഡ്ഢിയും പ്രിയങ്കാ ഗാന്ധിയും

കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെ തിരികെയെത്തിക്കാനും രേവന്തിന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായി. 2018നു ശേഷം കോണ്‍ഗ്രസ് വിട്ടുപോയ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി, വിവേക് വെങ്കടസ്വാമി, വിജയശാന്തി, ദിവ്യവാണി തുടങ്ങി നേതാക്കളും പ്രവര്‍ത്തകരുമായി മുപ്പതിലേറെ പേരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. മടക്കയാത്രയിലേക്ക് നയിച്ച അനുനയ ചര്‍ച്ചകള്‍ക്ക് പിന്നില്‍ രേവന്താണെന്നും അടക്കംപറച്ചിലുകളുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് പോയവരെ മാത്രമല്ല, ബി.ആര്‍.എസില്‍ നിന്ന് നിരവധി പേരെ കോണ്‍ഗ്രസിലെത്തിക്കാന്‍ രേവന്തിന്റെ തന്ത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. 

ആന്ധ്രാപ്രദേശിനെ രണ്ടായി വിഭജിച്ചതോടെയാണ് തെലുങ്ക് ദേശത്ത് കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചത്. 2018ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 94 സീറ്റുകളില്‍ 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ആ പരാജയത്തിലൂന്നിയാണ് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും വലിയ ഒറ്റകക്ഷിയാവുന്നതിലേക്കുവരെ കോണ്‍ഗ്രസ് വളര്‍ന്നിരിക്കുന്നത്. അതും രേവന്തിന്റെ തന്ത്രങ്ങളിലാണെന്നതില്‍ സംശയവുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഉത്തംകുമാര്‍ റെഡ്ഡിയില്‍ നിന്ന് അധ്യക്ഷസ്ഥാനം രേവന്തിലേക്കെത്തിയതോടെ കോണ്‍ഗ്രസിന്റെ തലവരയും തെളിഞ്ഞു. ആറ് വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസിലെത്തിയതെങ്കിലും വര്‍ക്കിങ് പ്രസിഡന്റില്‍ നിന്നും എംപിയും പിസിസി അധ്യക്ഷനും വരെ എത്തിയ പാടവവും അണികളുടെയും ഹൈക്കമാന്‍ഡിന്റേയും പിന്തുണയാണ് രേവന്ത് റെഡ്ഡിയുടെ ശക്തി. കുത്തേണ്ടിടത്ത് കുത്തിയും ചവിട്ടേണ്ടിടത്ത് ചവിട്ടിയുമുള്ള സ്‌റ്റൈലന്‍ പ്രസംഗ ശൈലി യുവാക്കളേയും ആകര്‍ഷിച്ചു. 

പതിവ് കോണ്‍ഗ്രസ് രീതികള്‍ക്കും പഴഞ്ചന്‍ പ്രചരണ മാര്‍ഗങ്ങളേയും മാറ്റി ന്യൂജെന്‍ കാലത്തിന് ചേരുന്ന പ്രചാരണമാണ് രേവന്തും കോണ്‍ഗ്രസും ഇക്കുറി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി പ്രൊഫഷണല്‍ ടീമിനെ അണിനിരത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വമ്പിച്ച പ്രചാരണമാണ് നടന്നത്. മുഖ്യമന്ത്രിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചതോടെ താരപരിവേഷവുമെത്തി. ഒരുപക്ഷെ മുഖ്യമന്ത്രി കെസിആറിന് തന്റെ രാഷ്ട്രീയജീവിതത്തില്‍ തന്നെ ഇത്രയും വലിയ ഒരു വെല്ലുവിളി നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. മത്സരം കടുത്തപ്പോള്‍ ആവേശവും വാനോളമായിരുന്നു. അതുകൊണ്ടുതന്നെ തെലങ്കാന കോണ്‍ഗ്രസ് പാളയത്തില്‍ എങ്ങുമില്ലാത്ത ഊര്‍ജവും ആഘോഷവുമായിരുന്നു ഇത്തവണയുണ്ടായിരുന്നത്. സംസ്ഥാനം രൂപീകരിച്ചതിനുശേഷം കോണ്‍ഗ്രസ് ഊര്‍ജസ്വലമായത് രേവന്തിന്റെ വരവോടെയാണെന്നാണ് പൊതുഅഭിപ്രായം. ആ ഊര്‍ജം തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. 

placeholder
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രേവന്ത് റെഡ്ഢി

വേദികളില്‍ നിന്ന് വേദികളിലേക്ക് പോകുമ്പോള്‍ ആള്‍ക്കൂട്ടവും രേവന്തിനൊപ്പം ഒഴുകുകയായിരുന്നു. രേവന്ത് സംസാരിക്കുന്നിടത്തെല്ലാം ആളുകള്‍ തടിച്ചുകൂടി. രേവന്തിന്റെ പ്രസംഗങ്ങള്‍ക്ക് അവര്‍ കയ്യടിച്ചു. കെസിആര്‍ നിങ്ങള്‍ക്കെന്ത് ചെയ്തുവെന്ന ചോദ്യങ്ങള്‍ പരസ്പരം ആവര്‍ത്തിച്ചു. മണ്ഡലത്തെ ഇളക്കിമറിച്ചുകൊണ്ടായിരുന്നു രേവന്തിന്റെ പ്രചാരണം മുഴുവന്‍. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി നിങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തെങ്കിലും പാലിക്കപ്പെട്ടോ എന്ന് ചോദിക്കുകയും കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ രേവന്ത് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണ് എന്നതിന് കര്‍ണാടകാ മോഡല്‍ എന്ന തുറുപ്പുചീട്ടാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ ഇറക്കിയത്. രേവന്ത് റെഡ്ഡിയെന്ന നേതാവിന്റെ വ്യക്തിപ്രഭാവവും തിരഞ്ഞെടുപ്പിലെങ്ങും പ്രതിഫലിച്ചു. ഓരോ തിരഞ്ഞെടുപ്പ് യോഗങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസിന്റെ നട്ടെല്ലായ റെഡ്ഡി വിഭാഗത്തില്‍ നിന്ന് വരുന്നുവെന്നത് തന്നെയാണ് രേവന്തിന്റെ മറ്റൊരു പ്രത്യേകത. റെഡ്ഡി സമുദായത്തില്‍ നിന്നുള്ള രേവന്ത് കോണ്‍ഗ്രസിന് ചുക്കാന്‍ പിടിക്കുന്നത് റെഡ്ഡി വോട്ടുകളുറപ്പിക്കാനും നിര്‍ണായകമായി. 

തെലങ്കാന രാഷ്ട്രീയ ചൂടിലേക്ക് അടുക്കുന്നതിനിടെയാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പന്‍ വിജയം രുചിച്ചത്. കര്‍ണാടകത്തില്‍ ഡി ശിവകുമാറും സിദ്ധരാമയ്യയും പാര്‍ട്ടിയെ നയിച്ചതും വിജയത്തിലെത്തിച്ചതും എങ്ങനെയാണോ അതേ താളത്തിലാണ് രേവന്ത് തെലങ്കാനയില്‍ തന്ത്രങ്ങള്‍ പയറ്റിയത്. കര്‍ണാടകത്തിലെ വിജയത്തിന്റെ ആവേശവും ഊര്‍ജവും തെലങ്കാനയിലും പ്രതിഫലിച്ചു. കര്‍ണാടകത്തില്‍ വിജയമുറപ്പിക്കാന്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ഡി ശിവകുമാര്‍ മാത്രമായിരുന്നില്ല, സുനില്‍ കനഗോലു എന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കൂടിയായിരുന്നു. കര്‍ണാടകത്തിന് സമാനമായ തെലങ്കാനയിലും രേവന്തിന് പിന്നില്‍ തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് വളയം തിരിച്ചവരില്‍ സുനില്‍ കനഗോലുവുമുണ്ട്. ഇരുവരുടേയും സൂത്രവാക്യങ്ങള്‍ എവിടേയും പിഴച്ചില്ല. കര്‍ണാടകത്തിലെ ജയത്തിന് പാരിതോഷികമായി  കനുഗോലുവിന് കോണ്‍ഗ്രസ് നല്‍കിയത് ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുഖ്യഉപദേശക സ്ഥാനമായിരുന്നു. ഒപ്പം തെലങ്കാന പിടിക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കാനും കോണ്‍ഗ്രസ് കനുഗോലുവിനെ നിയോഗിച്ചു. രേവന്ത് റെഡ്ഡിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് തെലങ്കാന പിടിക്കുമ്പോള്‍ അതിനായി കനുഗോലു രൂപം കൊടുത്തത് വലിയ  സോഷ്യല്‍ മീഡിയ പ്രചാരണത്തിനായിരുന്നു. കെസിആര്‍, ബി.ആര്‍.എസ് എന്ന പാര്‍ട്ടി ബിജെപിയുടെ ബി ടീം ആണെന്ന വ്യാപക പ്രചാരണം സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് നടത്തി. കൂടാതെ, രാഷ്ട്രീയയോഗങ്ങളിലും ഇതുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചു. കനുഗോലു ഒരുക്കിയ രാഷ്ട്രീയതന്ത്രമായിരുന്നു ഇത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയം കാണുമ്പോള്‍ കനുഗോലു തന്ത്രങ്ങള്‍ ഒരിക്കല്‍ കൂടി ഫലം കണ്ടുവെന്നാണ് വ്യക്തമാക്കുന്നത്. 

കര്‍ണാടക മാതൃകയില്‍ ആറു വാഗ്ദാനങ്ങളാണ് തെലങ്കാനയിലും കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. മഹാലക്ഷ്മി, രയ്തു ഭറോസ, ഗൃഹജ്യോതി, ഇന്ദിരാമ്മ ഇന്ത്‌ലു, യുവ വികാസം, ചെയ്യുത തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍. പ്രചാരണങ്ങളിലെല്ലാം രേവന്തും സംഘവും ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. തെലങ്കാന തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സഹായവും ലഭിച്ചിരുന്നു. കര്‍ണാടകയില്‍ നടപ്പാക്കിയ കാര്യങ്ങള്‍ മന്ത്രിമാരടക്കമുള്ളവരാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ തെലങ്കാനക്കാരെ അറിയിച്ചത്. തെലങ്കാനയില്‍ നടത്തിയ പ്രചരണത്തിനിടെ, എങ്ങനെയാണ് വികസനം നടപ്പാക്കുന്നത് എന്ന് കാണാന്‍ സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തെലങ്കാനക്കാരെ കര്‍ണാടകയിലേക്കു ക്ഷണിച്ചിരുന്നു. വികസനം കാണിക്കാന്‍ കൊണ്ടുപോകാനുള്ള ബസുകള്‍ ഏര്‍പ്പെടുത്താമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പിന്നാലെ പ്രസ്താവിക്കുകയും ചെയ്തു.

അടിത്തട്ട് മുതല്‍ പരിഷ്‌കരിക്കപ്പെട്ട് തെലങ്കാനയില്‍ കോണ്‍ഗ്രസ് വളരുമ്പോള്‍ മറ്റൊരിടത്ത് കെസിആറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. കെസിആറും പാര്‍ട്ടിയും ഭരണനേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും രാഷ്ട്രീയത്തെ കുടുംബ ബിസിനസ്സാക്കി മാറ്റിയെന്ന ആരോപണം കെസിആറിനെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ എത്തുമെന്ന കെസിആറിന്റെ മോഹങ്ങളാണ് തിരഞ്ഞെടുപ്പോടുകൂടി വിയര്‍ത്തുപോവുന്നത്. ബിജെപിക്കെതിരേ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന കെസിആര്‍ ആണ് മോദി വിരുദ്ധ സഖ്യം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച നേതാക്കളില്‍ പ്രധാനി. ഈ സഖ്യത്തിലേക്ക് കെസിആര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നില്ല. കെസിആറിന്റെ മകന്‍ കെടി രാമറാവുവിനെതിരേയും മകള്‍ കെ കവിതയ്‌ക്കെതിരേയും നിരവധി അഴിമതി ആരോപണങ്ങളും ഒരുഘട്ടത്തിലുയര്‍ന്നിരുന്നു. 

പ്രണയവും പോരാട്ടം, ഒടുവില്‍ വിജയം 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച എസ്.ജയ്പാല്‍ റെഡ്ഡിയുടെ മരുമകള്‍ ഗീതയാണ് രേവന്ത് റെഡ്ഡിയുടെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. തന്റെ 24ാം വയസ്സിലായിരുന്നു ഗീതയുമായുള്ള രേവന്തിന്റെ വിവാഹം. ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയതിനുശേഷം ഒരു പ്രിന്റിങ് പ്രസ് നടത്തുകയായിരുന്നു രേവന്ത് അക്കാലത്ത്. നാഗാര്‍ജുനസാഗര്‍ അണക്കെട്ടില്‍ ബോട്ടിങ്ങിനിടെയാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയും പ്രണയത്തിലായും. എന്നല്‍ പ്രണയത്തെ കുറിച്ചറിഞ്ഞ ജയ്പാല്‍ റെഡ്ഡിയും കുടുംബവും ബന്ധത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് മാത്രമല്ല ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവരും തയ്യാറായില്ല. ഒടുവില്‍ വിവാഹത്തിന് പച്ചക്കൊടി ലഭിച്ചു. വിവാഹം കഴിഞ്ഞെങ്കിലും അമ്മാവനായ ജയ്പാല്‍ റെഡ്ഡിയുമായി അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ല രേവന്ത്. എങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. പിന്നീട് ജയ്പാല്‍ റെഡ്ഡി തന്നെയാണ് രേവന്തിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് ചുക്കാന്‍ പിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.