കോണ്‍ഗ്രസിന് മാത്രമല്ല, രാജ്യത്തെ ഇടതുപാര്‍ട്ടികള്‍ക്കും വലിയ തിരിച്ചടിയാണ് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നൽകിയത്. പ്രധാന ഇടത് പാര്‍ട്ടികളായ സി.പി.എമ്മിനും സി.പി.ഐക്കും തിരഞ്ഞെടുപ്പില്‍ എടുത്തുപറയാൻ നഷ്ടങ്ങൾമാത്രമാണുള്ളത്. സി.പി.എമ്മിന് രാജസ്ഥാനിലെ രണ്ട് സിറ്റിങ് സീറ്റുകളാണ് നഷ്ടപ്പെട്ടത്.

To advertise here,

2018-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനൊപ്പം നിന്ന ദുംഗര്‍ഗഡ്, ഭദ്ര എന്നീ മണ്ഡലങ്ങൾ രണ്ടും നഷ്ടമായി. ദുംഗര്‍ഗഡില്‍ ഗിര്‍ധരിലാല്‍ മഹിയയും ഭദ്രയില്‍ ബല്‍വാന്‍ പൂനിയയുമാണ് സീറ്റ് നഷ്ടപ്പെട്ട സിറ്റിങ് എംഎൽഎമാർ. ദുംഗര്‍ഗഡില്‍ ഇത്തവണ ഗിര്‍ധരിലാല്‍ മഹിയ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെടുകയും ചെയ്തു. ബി.ജെ.പി. സ്ഥാനാര്‍ത്ഥി താരാചന്ദ് 8125 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിലെ മംഗളറാം ഗോദാര രണ്ടാമതെത്തി.

ഭദ്ര മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി സഞ്ജീവ് കുമാറിനോട് 1132 വോട്ടുകള്‍ക്കാണ് ബല്‍വാന്‍ പൂനിയ പരാജയപ്പെട്ടത്. 2020-ല്‍ അശോക് ഗെഹലോത്തും സച്ചിന്‍ പൈലറ്റും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എം.എല്‍.എമാരെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ചപ്പോള്‍ തന്റെ വയലിനെ വെട്ടുകിളിക്കൂട്ടത്തില്‍ നിന്ന് സംരക്ഷിക്കുകയായിരുന്ന ഗിര്‍ധരിലാല്‍ മഹിയ അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 

രാജസ്ഥാനില്‍ 17 സീറ്റുകളിലാണ് ഇത്തവണ സി.പി.എം. മത്സരിച്ചത്. ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 0.96 ശതമാനം വോട്ടുകള്‍ മാത്രം നേടാന്‍ കഴിഞ്ഞ സി.പി.എം. സംസ്ഥാനത്ത് നോട്ടയെക്കാള്‍ പിന്നിലാണ്. 0.04 ശതമാനം വോട്ടാണ് സി.പി.ഐയ്ക്ക് ലഭിച്ചത്. 0.01 ശതമാനമാണ് സി.പി.ഐ (എം.എല്‍) (എല്‍) നേടിയത്. 

അതേസമയം, തെലങ്കാനയില്‍ സി.പി.ഐ. അക്കൗണ്ട് തുറന്നു. കൊത്തകുടം മണ്ഡലത്തില്‍ വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ സി.പി.ഐ. സ്ഥാനാര്‍ത്ഥി കെ. സാംബശിവ റാവു 26547 വോട്ടുകള്‍ക്ക് വിജയിച്ചു. ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാനാര്‍ത്ഥിയെയാണ് സാംബശിവറാവു തോല്‍പ്പിച്ചത്. 

തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സി.പി.ഐ കോണ്‍ഗ്രസുമായി ധാരണയിലെത്തിയിരുന്നു. കൊത്തകുടം മണ്ഡലത്തിലെ സീറ്റും അധികാരത്തിലെത്തിയാല്‍ രണ്ട് എം.എല്‍.സി. സീറ്റുകളുമാണ് സി.പി.ഐയ്ക്ക് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനം. 

അതേസമയം, 17 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച സി.പി.എമ്മിന് ഒന്നില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ഖമ്മം ജില്ലയിലെ പലൈര്‍ മണ്ഡലത്തില്‍ മത്സരിച്ച സി.പി.എം. തെലങ്കാന സംസ്ഥാന സെക്രട്ടറി വീരഭദ്രം തമ്മിനേനിക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഈ വര്‍ഷം ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ച് ബി.ആര്‍.എസ്. പൊതുയോഗം നടത്തിയത് ഖമ്മത്തായിരുന്നു. 

0.22 ശതമാനം വോട്ടാണ് സി.പി.എമ്മിന് സംസ്ഥാനത്തൊട്ടാകെ ലഭിച്ചത്. സി.പി.ഐക്ക് 0.34 ശതമാനവും സി.പി.ഐ(എം.എല്‍)(എല്‍)-ന് പൂജ്യം ശതമാനം വോട്ടും ലഭിച്ചു. 

(കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിൽ നിന്ന്)