സ്റ്റാലിന്റെ 'നായികമാരായ​ത്' നാലു ലക്ഷം; പുതിന്റെ വഴിയെ എത്രപേർ?


സാബി മുഗുഭാഷയിൽ മാത്രമല്ല, മറ്റു പല സാമ്യതകളും വിദഗ്ദർ പുതിനിലും സ്റ്റാലിനിലും കണ്ടെത്തുന്നുണ്ട്. ഭയം, ആരാധനാക്രമം, സ്വതന്ത്രമായ സംസാരം, സഹവാസം, ഏകാന്ത ജീവിതം ഇരുവരുടേയും സമാനമാണെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സ്റ്റാലിന്റെ രഹസ്യം പോലീസ് സേന ഇപ്പോഴും പുതിന്റെ ഭരണത്തിന്റെ ഭാഗമായി തുടരുന്നുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 

IN DEPTH

സ്റ്റാലിൻ, പുതിൻ, ഇൻസൈറ്റിൽ മദർ ഓഫ് ഹീറോയിൻ അവാർഡ് | Photo: AP/ AFP

രണ്ടാം ലോക മഹായുദ്ധത്തില്‍ ഏകദേശം രണ്ടരക്കോടി ആളുകളെയാണ് അന്നത്തെ സോവിയറ്റ് യൂണിയന് നഷ്ടപ്പെട്ടത്. യുദ്ധത്തിന് മുമ്പ് പത്തൊമ്പതരക്കോടിയായിരുന്ന ജനസംഖ്യ 17 കോടിയായി. ലക്ഷക്കണക്കിനാളുകള്‍ അംഗവിഹീനരായി. തൊഴിലെടുക്കാനും സൈനിക സേവനത്തിനും ആരോഗ്യമുള്ള യുവജനങ്ങളുടെ കുറവ് രാജ്യത്തെ പിന്നോട്ടടിക്കുമെന്ന് മനസിലാക്കിയ ഭരണാധികാരി സ്റ്റാലിന്‍ 1944 ല്‍ യുദ്ധം അവസാനിക്കുന്നതിന് മുമ്പ് തന്നെ 'വിപ്ലവകരമായ'പദ്ധതി പ്രഖ്യാപിച്ചു. ജനസംഖ്യ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1944 ജൂലൈ എട്ടിന് ഡിക്രി ഓഫ് പ്രസീഡിയം ഓഫ് സുപ്രീം സോവിയറ്റ് പ്രഖ്യാപിച്ച പദ്ധതിയാണ് 'അമ്മ നായിക' (Mother Heroine).

എന്താണ് മദര്‍ ഹീറോയിന്‍ പദ്ധതിമദർ ഓഫ് ഹീറോയിൻ അവാർഡ് |
Photo: https://twitter.com/MollyMcKew

10 മക്കള്‍ക്ക് ജന്മം നല്‍കുകയും അവരെ സോവിയറ്റ് യൂണിയന്‍ പൗരത്വമുള്ളവരായി വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീകള്‍ക്കാണ് 'അമ്മ നായിക' പദവി നല്‍കിയിരുന്നത്. മദര്‍ ഹീറോയിന്‍ എന്ന എഴുത്തിനൊപ്പം സോവിയറ്റ് എംബ്ലവും അഞ്ച് നക്ഷത്രങ്ങളും അടങ്ങിയ മെഡലും സര്‍ട്ടിഫിക്കറ്റും സാമ്പത്തിക സഹായങ്ങളും ഇവര്‍ക്ക് ലഭിച്ചിരുന്നു. 10 മക്കളും ജീവിച്ചിരിപ്പുണ്ടെങ്കില്‍ മാത്രമായിരുന്നു ഈ പദവി. രാജ്യസേവനത്തിനിടയില്‍ മക്കളുടെ ജീവന്‍ നഷ്ടപ്പെടുകയോ കാണാതാകുകയോ ചെയ്താല്‍ 10 മക്കളും ജീവിച്ചിരിക്കണമെന്ന കാര്യത്തില്‍ ഒഴിവുണ്ടായിരുന്നു. പത്താമത്തെ കുട്ടിക്ക് ഒരു വയസാകുമ്പോളാണ് സമ്മാനങ്ങള്‍ ലഭിക്കുക. പത്ത് കുട്ടികളില്‍ ദത്തെടുത്ത് വളര്‍ത്തുന്നവരുണ്ടങ്കിലും അമ്മമാര്‍ ഈ അവാര്‍ഡിന് അര്‍ഹരാകും. 'ഹീറോ ഓഫ് റഷ്യന്‍ ഫെഡറേഷന്‍', 'ഹീറോ ഓഫ് ലേബര്‍' തുടങ്ങിയ ഉന്നത റഷ്യന്‍ ബഹുമതികള്‍ക്കൊപ്പമാണ് മദര്‍ ഹീറോയിന്‍ അവാര്‍ഡും.

10 മക്കളെ പ്രസവിക്കുന്ന അമ്മ നായികയ്ക്ക് പുറമെ ഒമ്പത്, എട്ട്, എഴ് മക്കളുള്ളവര്‍ക്കായി ഓര്‍ഡര്‍ ഓഫ് മെറ്റേണല്‍ ഗ്ലോറി എന്ന പേരില്‍ മൂന്ന് തരം മെഡലുകളും സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. 1953-ല്‍ സ്റ്റാലിന്റെ മരണ ശേഷം ഈ പദ്ധതികള്‍ ആരും കാര്യമായി പരിഗണിച്ചില്ല. പിന്നീട് അഞ്ച് മക്കളില്‍ കൂടുതലുള്ളവര്‍ക്കും ഇത്തരം മെഡല്‍ നല്‍കാന്‍ തുടങ്ങി. 1991 ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഈ പദ്ധതി നിര്‍ത്തലാക്കപ്പെട്ടു.

1991 വരെ 4,00,000 സ്ത്രീകളാണ് സ്റ്റാലിന്റെ ആഹ്വാനം ഏറ്റെടുത്ത് നായികമാരായത്. ഏകദേശം 50 ലക്ഷത്തോളം സ്ത്രീകള്‍ ഓര്‍ഡര്‍ ഓഫ് മെറ്റേണല്‍ ഗ്ലോറി മെഡലുകളും നേടി. നെഞ്ചില്‍ മെഡലും ഉള്ളില്‍ ദേശസ്‌നേഹവും നിറച്ച് അവര്‍ നായികമാരായി. കുലം നിലനിര്‍ത്താനായി പോരാട്ടം നടത്തിയ വീരാംഗനമാരായി.

എന്തിനാണ് വീണ്ടും സ്റ്റാലിന്‍കാലത്തെ പദ്ധതി റഷ്യ നടപ്പിലാക്കുന്നത്?

സ്റ്റാലിന്റെ ഈ പദ്ധതി പുനരവതരിപ്പിക്കുകയാണ് ഇന്ന് വീണ്ടും ഒരു യുദ്ധകാലത്ത് റഷ്യ. അമ്മ നായികമാര്‍ക്ക് മെഡലിനൊപ്പം 10 ലക്ഷം റൂബിളും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യക്ക് വലിയ ആള്‍നഷ്ടമുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റഷ്യയുടെ ജനസംഖ്യയില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇക്കൊല്ലം ജനുവരിക്കും മേയ്ക്കുമിടയില്‍ മാത്രം മനുഷ്യവിഭവശേഷിയില്‍ നിന്ന് 86000 ആളുകളെ നഷ്ടപ്പെട്ടത് റെക്കോഡാണ്. കോവിഡ് മഹാമാരിയും ഇതിനൊരു കാരണമായിട്ടുണ്ട്.യുദ്ധം ആരംഭിച്ചതു മുതല്‍ 75 000ത്തോളും കുടിയേറ്റക്കാരും ചില പൗരന്മാരും രാജ്യം വിട്ടിട്ടുമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. ഭൂമിയുടെ ഭൂവിസ്തൃതിയില്‍ 11 ശതമാനം ഉള്‍ക്കൊള്ളുന്നത് റഷ്യയാണ്. ഏഷ്യ, യൂറോപ്പ് എന്നീ രണ്ട് ഭൂഖണ്ഡങ്ങളിലായി കിടക്കുന്ന റഷ്യ യൂറോപ്പിലേയും ഏഷ്യയിലേയും ഏറ്റവും വലിയ രാജ്യം കൂടിയാണ്. ഏകദേശം 4 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പ്രകൃതിവാതകം, കല്‍ക്കരി, എണ്ണ തുടങ്ങിയവയുടെ സമൃദ്ധമായ കരുതല്‍ ശേഖരമുള്ളതിനാല്‍ തന്നെ റഷ്യ ഏറ്റവും വലിയ ഊര്‍ജ്ജ ശക്തിയായി കണക്കാക്കപ്പെടുന്നു. കൂടാതെ വനവിഭവങ്ങളുടെ ഏറ്റവും വലിയ കരുതല്‍ ശേഖരവും ശുദ്ധവും ശീതീകരിക്കാത്തതുമായ ജലത്തിന്റെ നാലിലൊന്നും റഷ്യയിലാണ്. എന്നാല്‍ ഇതൊക്കെ ഉണ്ടെങ്കിലും റഷ്യയില്‍ ജനസംഖ്യ ആവശ്യത്തിന് ഇല്ല എന്നതാണ് വസ്തുത. ലോകത്ത് ജനസംഖ്യ പെരുപ്പം കൊണ്ട് ബുദ്ധിമുട്ടുമ്പോഴും ഏഷ്യാ ഭൂഖണ്ഡത്തില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ റഷ്യയുടെ തൊട്ടു പിന്നിലുള്ള ചൈനയില്‍ ജനസംഖ്യാ പെരുപ്പം കൊണ്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴും റഷ്യയില്‍ ജനസംഖ്യയുടെ കാര്യത്തില്‍ വളരെ ഏറെ പിറകിലാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനസംഖ്യയുടെ കാര്യത്തില്‍ വന്നിരിക്കുന്നത് വന്‍ ഇടിവാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇപ്പോള്‍ പുതിന്‍ സ്റ്റാലിന്‍ യുഗത്തിലെ പദ്ധതികളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നത് എന്ന് വേണം കരുതാന്‍.

പൗരന്മാര്‍ക്ക് കൂടുതല്‍ മക്കള്‍ വേണമെന്ന പക്ഷക്കാരനാണ് പുതിന്‍. തന്റെ പ്രസംഗങ്ങളില്‍ പുതിന്‍ പലപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം വലിയ കുടുംബങ്ങള്‍ക്ക് പുതിന്‍ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. നാലു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് നികുതി ഇളവ് റഷ്യയില്‍ നിലവിലുണ്ട്.

റഷ്യന്‍ ജനസംഖ്യ

വര്‍ധിച്ച് വരുന്ന ജനസംഖ്യാ ശോഷണം തടയാനാണ് പുതിന്റെ പുതിയ പ്രഖ്യാപനം. വര്‍ഷാവര്‍ഷം റഷ്യന്‍ ജനസംഖ്യയില്‍ വന്‍തോതില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. 2050 ആവുമ്പോഴേക്കും റഷ്യന്‍ ജനസംഖ്യയില്‍ വന്‍ മാറ്റമുണ്ടാകുമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ റഷ്യ 2100 ആവുമ്പോഴേക്കും 1991ന് സമാനമായ ജനസംഖ്യയിലേക്ക് താഴുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.നിലവില്‍ 144,713,314 ആണ് റഷ്യയിലെ ജനസംഖ്യ. 2021ലേതിനേക്കാള്‍ 0.27 ശതമാനമാണ് ഈ വര്‍ഷം കുറവു വന്നിരിക്കുന്നത്. 2021ല്‍ 145,102,755 ആയിരുന്നു. 2020നേക്കാള്‍. 35 ശതമാനം കുറവായിരുന്നു ഇത്. 2019ല്‍ 145,617,329, 2018ല്‍ 145,742,286 ആയിരുന്നു റഷ്യയുടെ ജനസംഖ്യാ നിരക്ക്. 2018ല്‍ 0.06 ശതമാനം ജനസംഖ്യ 2017നേക്കാള്‍ ഉയര്‍ന്നിരുന്നു. പിന്നീട് 2022 വരെ വര്‍ഷാ വര്‍ഷം കുറഞ്ഞു കുറഞ്ഞ് വരികയായിരുന്നു.1990 കളില്‍ റെക്കോര്‍ഡ് ജനനനിരക്ക് കുറവാണ് റഷ്യ അഭിമുഖീകരിച്ചത്. 1999ല്‍ 1.16 ആയിരുന്നു റഷ്യയിലെ ജനന നിരക്ക്്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇത്. റഷ്യയുടെ ജനനനിരക്ക് നിലവില്‍ 1.48 ശതമാനമാണ്.

Data Source: United Nations - World Population Prospects (1950 - 2102 )

സ്റ്റാലിന്റെ അമ്മ നായികാ പദ്ധതി അവസാനിച്ച 1992 മുതല്‍ റഷ്യന്‍ ജനസംഖ്യ നെഗറ്റീവ് വളര്‍ച്ചയിലാണ്. രാജ്യത്തെ കുറഞ്ഞുവരുന്ന ജനസംഖ്യ പുതിനെ കുറച്ചൊന്നുമല്ല ആകുലനാക്കുന്നത്. കുട്ടികളുടേയും യുവാക്കളുടേയും കുറവും വൃദ്ധജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും ഏതൊരു രാജ്യത്തേയും പിന്നോടിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. നമ്മളിലെത്രപേര്‍ അവശേഷിക്കുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ് റഷ്യയുടെ വിധിയും ചരിത്രവും നിര്‍ണയിക്കപ്പെടുക എന്നാണ് പുതിന്‍ പറയാറ്. ജനന നിരക്ക് ഇതേ നിലയില്‍ പോകുകയാണങ്കില്‍ 'റഷ്യക്കാര്‍' ഇനി എത്ര നാള്‍ എന്ന ചോദ്യമാണ് പുതിന്‍ ഉയര്‍ത്തുന്നത്.

ജനസംഖ്യ കുറയുന്നതുമൂലം അതിര്‍ത്തികളിലെ ചൈനീസ് കുടിയേറ്റവും റഷ്യയെ ഭയപ്പെടുത്തുന്നുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യയുടെ കിഴക്കന്‍ മേഖലകളിലെ ജനസംഖ്യ 1991 മുതല്‍ കുറഞ്ഞ് വരികയാണ്. 2025 ഓടെ ഈ പ്രദേശത്തെ ജനസംഖ്യ 4.7 മില്ല്യണ്‍ ആകുമെന്നാണ് അനുമാനം. അതേസമയം റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന മൂന്ന് വടക്കു കിഴക്കന്‍ ചൈനീസ് പ്രവിശ്യകളിലെ ജനസംഖ്യ 110 മില്ല്യണാണ്. റഷ്യയുടെ ഈ വിദൂര കിഴക്കന്‍ മേഖലയിലെ പല പ്രദേശങ്ങളിലും ചൈനീസ് പൗരന്മാര്‍ കടന്നുകയറി അധീശത്വം പ്രകടിപ്പിക്കാന്‍ ആരംഭിച്ചതും റഷ്യയെ അലട്ടുന്നുണ്ട്. ജനസംഖ്യ കുറയുന്നത് സൈനിക ബലത്തിലും വലിയ തിരിച്ചടിയാണ് റഷ്യക്ക്. സൈനിക സേവനത്തിന് യുവാക്കളെ കിട്ടാനില്ലാത്തത് തിരിച്ചടിയാകുന്നു. 10 മക്കള്‍ നയം പ്രാവര്‍ത്തികമായെങ്കില്‍ 2030 ഓടെ നഷ്ടപ്പെട്ട സാമ്പത്തിക, സൈനിക പ്രതാപം തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് റഷ്യ.

2007 മുതല്‍ 10 വര്‍ഷത്തേക്ക് മെറ്റേണിറ്റി ക്യാപിറ്റല്‍ പെയ്‌മെന്റ് എന്ന പേരില്‍ രണ്ടു കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി റഷ്യ അവതരിപ്പിച്ചിരുന്നു. എന്നാല്‍ 2017 ന് ശേഷം ജനനനിരക്കിലെ കുറവ് വീണ്ടും പ്രകടമായി. ഒറ്റക്കുട്ടി പോലും വേണ്ടെന്ന നിലപാടിലായി പലരും. സാമ്പത്തിക അസ്ഥിരതയാണ് ഇക്കൂട്ടരെ ഭയപ്പെടുത്തിയത്. സാമ്പത്തിക നിലയാണ് ജനനിരക്കിനെ സ്വാധീനിക്കുന്നതെന്ന കണ്ടെത്തലാണ് അമ്മ നായിക പദ്ധതി വീണ്ടും ആരംഭിക്കാന്‍ കാരണം.

പ്രതിസന്ധി മറികടക്കാന്‍ പുതിന്‍

രാജ്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി മുന്നില്‍ കണ്ടു കൊണ്ട് തന്നെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ അതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു. പരമ്പരാഗതമായി തുടര്‍ന്നു പോകുന്ന മൂല്യങ്ങളെ മുറുകെപ്പിടിക്കാനുള്ള ആഹ്വാനങ്ങളും ക്രെംലിനില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. നിരവധി സാമ്പത്തിക സഹായങ്ങളില്‍ കൂടി രാജ്യത്തെ കുടുംബങ്ങളില്‍ ജനസംഖ്യാ വര്‍ധനവിനുള്ള പ്രഖ്യാപനങ്ങള്‍ നടത്തി. അതിന്റെ പ്രാധാന്യങ്ങള്‍ നിരന്തരം വിവരിച്ചു.

2020ലെ തന്റെ വാര്‍ഷിക പ്രസംഗത്തില്‍ പുതിന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു;

'ചരിത്രപരമായി തങ്ങള്‍ക്കുള്ള ഉത്തരവാദിത്തം എന്നത് കുറച്ചു കാലത്തേക്ക് മാത്രമായി ജനസംഖ്യാകെണിയില്‍ നിന്ന് പുറത്തു കടക്കുക എന്നതല്ല, മറിച്ച് വരാനിരിക്കുന്ന ദശാബ്ദങ്ങളില്‍ സുസ്ഥിരമായ ജനസംഖ്യാ വളര്‍ച്ച ഉറപ്പാക്കുക കൂടിയാണ്'

ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ സ്റ്റാലിന്‍ നടപ്പിലാക്കിയിരുന്ന അവാര്‍ഡ് പുനഃസ്ഥാപിച്ചിരിക്കുന്നതും. അതേസമയം സ്റ്റാലിന്‍ യുഗത്തിലേക്കുള്ള ചുവടുവെപ്പെന്നോണമാണ് പുതിന്‍ ഈ അവാര്‍ഡ് പുനഃസ്ഥാപിക്കുന്നതിലൂടെ നടപ്പിലാക്കുന്നത് എന്ന തരത്തിലുള്ള ആക്ഷേപങ്ങളും പല കോണില്‍ നിന്നും ഉയരുന്നുണ്ട്.

സ്റ്റാലിനെ അനുകരിക്കുന്ന പുതിന്‍

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിന്‍ നടത്തിയ പല പരാമര്‍ശങ്ങളും സ്റ്റാലിനോട് സമാനമുള്ളതായിരുന്നുവെന്ന് പല കോണില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. പുതിന്‍ നടത്തിയ പ്രസംഗങ്ങളില്‍ സ്റ്റാലിനിന്റേതിന് സമാനമായ Traitors, Scum, Purification, Enemies തുടങ്ങിയ പദങ്ങള്‍ 1937നെ ഓര്‍മപ്പെടുത്തും വിധത്തിലുള്ളതാണെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ സൈമണ്‍ സെബാഗ് മോണ്ടെഫിയോര്‍ പറയുന്നു.

സ്റ്റാലിൻ | Photo: Hulton-Deutsch Collection/COR

പുതിൻ ഉപയോഗിച്ച റഷ്യൻ വാക്കായ samoochishchenie (self cleaning) എന്നത് chistka (cleaning) എന്ന റഷ്യൻ പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്നും ഇത് ശുദ്ധീകരണം എന്നർത്ഥമാക്കുന്നതാണെന്നും ദി ടെലഗ്രാഫ് യു.കെ. നിരീക്ഷിക്കുന്നു.

ഭാഷയില്‍ മാത്രമല്ല, മറ്റു പല സാമ്യതകളും വിദഗ്ദര്‍ പുതിനിലും സ്റ്റാലിനിലും കണ്ടെത്തുന്നുണ്ട്. ഭയം, ആരാധനാക്രമം, സ്വതന്ത്രമായ സംസാരം, സഹവാസം, ഏകാന്ത ജീവിതം ഇരുവരുടേയും സമാനമാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റാലിന്റെ രഹസ്യ പോലീസ് സേന ഇപ്പോഴും പുതിന്റെ ഭരണത്തിന്റെ ഭാഗമായി തുടരുന്നുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ശക്തമായി ചെറുത്ത് നില്‍ക്കുന്ന യുക്രൈന്‍, റഷ്യയുടെ അധിനിവേശം എങ്ങുമെത്താതെ നില്‍ക്കുന്ന സാഹചര്യം 1939ലെ സ്റ്റാലിന്‍ കാലത്തെ ഫിന്‍ലാന്‍ഡ് അധിനിവേശത്തോടാണ് വിദഗ്ദര്‍ ഉപമിക്കുന്നത്.

Content Highlights: all you know about mother of heroine - Russia offers Mother Heroine medal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented