വെറും രണ്ട് സെന്റിമീറ്റർ ദൂരത്തിൽ കൈവിട്ട ആകാശത്തെ കുറിച്ചല്ല, ഭാവിയിൽ കാത്തിരിക്കുന്ന പ്രതീക്ഷകളെ കുറിച്ചാണ് ഏഷ്യൻ ഗെയിംസ് വേദിയിൽ നിന്ന് ഉറച്ച ശബ്ദത്തോടെ ആൻസി സോജനെന്ന തൃശ്ശൂർക്കാരി പറഞ്ഞത്. അവസാനനിമിഷത്തിൽ സ്വർണം വെള്ളിയിലേക്ക് വഴിമാറുന്നത് കണ്ടുനിൽക്കേണ്ടിവന്നതിന്റെ നിരാശയിലും മുന്നോട്ടുതന്നെ കുതിക്കുമെന്ന് ആൻസി പറഞ്ഞുവെക്കുന്നു. ആൻസിക്കിത് പൊൻതിളക്കമുള്ള വെള്ളി തന്നെയാണ്. കാരണം ഓടിയും ചാടിയും വനിതാ താരങ്ങൾ ചരിത്രമെഴുതിക്കൊണ്ടിരുന്ന വേളയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ക്യാമറക്കണ്ണുകളിൽ അപ്രസക്തമായിരുന്ന ഒരു കാലമുണ്ടായിരുന്നു ആൻസിക്ക്. പിന്നീട് മുന്നോട്ടുകുതിക്കാനുള്ള തീരുമാനമെടുത്തതും സ്വയം തിരുത്തിയും മാറിയും ചാടിയ ദൂരങ്ങൾക്ക് ഇന്ത്യയുടെ റെക്കോഡ് ബുക്കിൽ കണക്കുണ്ട്.
100 മീറ്ററിലും 200 മീറ്ററിലും അസാമാന്യ പ്രകടനം കാഴ്ചവെച്ച അമേരിക്കയുടെ ഇതിഹാസ സ്പ്രിന്റർ ഫ്‌ളോ ജോയെ ഓർമിപ്പിക്കുന്നുണ്ട് ആൻസി. കരിയറിലെ പോരാട്ടങ്ങൾ കൊണ്ട് മാത്രമല്ല, ലുക്ക് കൊണ്ടും ആൻസിക്ക് സമാനതകളുണ്ട്. മുടി പിന്നിലേക്ക് കെട്ടിവെച്ച്. മുഖത്ത് ചായം ചാർത്തി കുതിക്കുന്ന ഫ്‌ളോ ജോയെ പലപ്പോഴും ആൻസി ഓർമിപ്പിക്കുന്നു. ‘നല്ല വസ്ത്രം ധരിക്കുന്നത് നന്നായി കാണാനാണ്. അങ്ങനെ ചെയ്യുമ്പോൾ മികച്ച ഫീലാണ്. അതോടെ വേഗത്തിൽ ഓടാനാകും.’ അമേരിക്കൻ സ്പ്രിന്ററുടെ ഈ വാചകങ്ങൾ ആൻസിക്കൊപ്പവും ചേർത്തുവെക്കാം. അങ്ങനെ ഫാഷനിലൂടെ സ്വയം ആത്മവിശ്വാസം വീണ്ടെടുത്താണ് ആൻസിയുടെ കുതിപ്പ്.
കഴിഞ്ഞ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിലാണ് ആൻസി ഉഗ്രൻപ്രകടനത്തോടെ ഏവരെയും ഞെട്ടിക്കുന്നത്. സ്ഥിരം എതിരാളിയായിരുന്ന യുപിയുടെ ഷൈലി സിങ് ലോങ് ജംപിൽ പൊന്നണിയുമെന്ന വിലയിരുത്തലിലായിരുന്നു ഒട്ടുമിക്കവരും. ക്യാമറക്കണ്ണുകളെല്ലാം ഷൈലിയിലായിരുന്നു. എന്നാൽ ആൻസി ഞെട്ടിച്ചു. ഷൈലി സിങ്ങിനെ മറികടന്ന് ആൻസി സ്വർണം നേടി. 6.75 മീറ്ററോടെയാണ് സ്വർണനേട്ടം. ഷൈലി ചാടിയതാകട്ടെ 6.58 മീറ്റർ. 2024-ൽ ബെംഗളൂരുവിൽ കുറിച്ച (6.71) റെക്കോഡാണ് ആൻസി തിരുത്തിക്കുറിച്ചത്. കഴിഞ്ഞവർഷം ഷൈലി സിങ് കുറിച്ച 6.64 മീ. എന്ന മീറ്റ് റെക്കോഡും ആൻസി മറികടന്നു. പിന്നീട് തൃശ്ശൂരുകാരിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
വനിതാ ലോങ്ജംപിൽ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തീരുത്തിയാണ് ആൻസി ഏഷ്യൻ ഗെയിംസിനെത്തിയത്. 2004 ആതൻസ് ഒളിംപിക്‌സിൽ മലയാളിയായ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്റർ ഇക്കഴിഞ്ഞ ജൂണിൽ ഭുവനേശ്വറിൽ അന്തസ്സംസ്ഥാന മീറ്റിൽ ആൻസി 6.88 മീറ്ററായി തിരുത്തി. അതോടെ ഇക്കുറി സ്വർണം പ്രതീക്ഷിച്ചിരുന്നു ഇന്ത്യ. പക്ഷേ, അവസാനനിമിഷം കാര്യങ്ങൾ മാറിമറിഞ്ഞു.
ആദ്യശ്രമത്തിൽ മിന്നും പ്രകടനമാണ് ആൻസി പുറത്തെടുത്തത്. 6.49 മീറ്റർ ദൂരമാണ് ആൻസി കണ്ടെത്തിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ ചാടി. പിന്നീട് ആൻസിയാണ് മുന്നിട്ടുനിന്നത്. എന്നാൽ, അഞ്ചാം ശ്രമത്തിൽ ചൈനയുടെ യിങ്ഗിങ് ഹുവാങ് 6.49 മീറ്റർ ചാടി ആൻസിക്കൊപ്പമെത്തി. അഞ്ചാം ശ്രമത്തിൽ അത് മറികടന്ന് ആൻസി നില ഭദ്രമാക്കി. 6.53 മീറ്ററാണ് ആൻസി ചാടിയത്. സ്വർണം ഉറപ്പിച്ച നിമിഷത്തിലാണ് ചൈനീസ് താരം ആൻസിയെ മറികടക്കുന്നത്. ചൈനീസ് താരം 6.55 മീറ്റർ ചാടി.
ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ സ്വർണം നേടിയ ഏക ഇന്ത്യൻ താരം അഞ്ജു ബേബി ജോർജാണ്. 2002 ലായിരുന്നു അത്. അന്ന് 6.53 മീറ്റർ ചാടിയാണ് അഞ്ജു പൊന്നണിഞ്ഞത്. 2006 ദോഹ ഏഷ്യൻ ഗെയിംസിലും അഞ്ജു മെഡൽ നേടി. അന്ന് വെള്ളിയാണ് സ്വന്തമാക്കിയത്. 2018 ഏഷ്യൻ ഗെയിംസിൽ നീനയും ഇന്ത്യക്കായി വെള്ളി നേടി. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം ആൻസി വനിതാ ലോങ് ജംപിൽ മെഡൽ നേടി. 2023 ൽ ഹാങ്ചൗവിൽ നടന്ന ഗെയിംസിൽ 6.63 മീറ്ററോടെ വെള്ളി നേടി. ഇക്കുറിയും ആൻസി വെള്ളിയോടെ മടങ്ങി.
തൃശ്ശൂർ നാട്ടികയിൽ ഇടപ്പള്ളി വീട്ടിൽ സോജന്റെയും ജാൻസിയുടെയും മകളാണ്. ഓട്ടോ ഡ്രൈവറായിരുന്നു പിതാവിന്റെ കഠിനാധ്വാനവുമാണ് ആൻസിയുടെ യാത്രയ്ക്ക് ഊർജ്ജമാകുന്നത്. അത് ആൻസി തന്നെ പലവട്ടം പറഞ്ഞുവെച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറുടെ മകൾക്ക് എവിടെയെത്താൻ കഴിയും എന്ന് ആളുകൾ ചോദിച്ചിട്ടുണ്ടെന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. ഓരോ മത്സരത്തിനും അച്ഛൻ ഒപ്പമുണ്ടാകാറുണ്ടെന്നും ഭക്ഷണവും വസ്ത്രവും സ്പൈക്ക് ഷൂവും അങ്ങനെ എല്ലാ കാര്യങ്ങളും അദ്ദേഹം നോക്കുമെന്നും ആൻസി തുറന്നുപറഞ്ഞിട്ടുണ്ട്. ആ പിന്തുണയാണ് ആൻസിയുടെ കരുത്ത്. മാത്രമല്ല, റിലയൻസ് ഫൗണ്ടേഷൻ നടത്തിയ ഇടപെടലുകളും വഴിത്തിരിവായി. ആൻസിയുൾപ്പെടെയുള്ള അത്‌ലറ്റുകൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകാൻ റിലയൻസ് ഫൗണ്ടേഷന് സാധിച്ചു.
സ്വർണം കൈവിട്ട സങ്കടത്തിലും ഇനിയും പോരാടുമെന്ന ഉറച്ച പ്രഖ്യാപനം നടത്തിയാണ് ആൻസി മടങ്ങിയത്. കഴിഞ്ഞതവണയും വെള്ളിയാണ് ലഭിച്ചത്. സ്വർണത്തിന് വേണ്ടിയാണ് വന്നത്. ഞാൻ പോരാടി. പരാജയമുണ്ടാകും. അതിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുമെന്ന് ആൻസി വ്യക്തമാക്കി. ‘സ്വർണം പ്രതീക്ഷിച്ചിരുന്നു. മുന്നിൽ തന്നെയായിരുന്നു. എന്നാൽ, അവസാനനിമിഷമാണ് മാറിമറിഞ്ഞത്. സ്വർണം നേടാനാവുമെന്ന് വിശ്വസിച്ചിരുന്നു. ഇന്ന് എന്റെ ദിവസമല്ല. എന്നാൽ ഇനിയും മത്സരങ്ങളുണ്ട്. ഇതുകൊണ്ട് അവസാനിപ്പിക്കില്ല’, ആൻസി പറഞ്ഞു.
‘ഈ സീസണിൽ പത്തിൽക്കൂടുതൽ കോംപറ്റീഷനിൽ മത്സരിച്ചു. സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈയൊരു സാഹചര്യത്തിൽ ഇത്രയും ചെയ്യാനായതിൽ സന്തോഷമുണ്ട്. പിന്തുണച്ചവരോടെല്ലാം നന്ദിയുണ്ട്. ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല. തുടങ്ങാൻ പോകുന്നതേയുള്ളൂ. ഇതൊരു തുടക്കം മാത്രമാണ്. അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കും’, ആൻസി പറഞ്ഞു.
കഴിഞ്ഞവർഷം ദക്ഷിണകൊറിയയിലെ ഗുമിയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനയിലെ ജിയാൻജിനിൽ നടന്ന ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ 6.21 മീറ്റർ ചാടി മൂന്നാം സ്ഥാനത്തുമെത്തി.
Content Highlights: Ancy Sojan won a silver medal in the women's long jump at the Asian Games
Published: 28 Sept 2026, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented