കരിമണ്ണൂർ : നിർമാണം പൂർത്തിയായ തൊമ്മൻകുത്ത് നാൽപ്പതേക്കർ കലുങ്ക് ഗതാഗതത്തിനായി പൂർണമായും തുറന്നുകൊടുത്തു.

To advertise here,

കലുങ്ക് നിർമാണവേളയിൽ ഗതാഗതം തിരിച്ചുവിടുന്നതിനായി സമാന്തരമായി ഒരുക്കിയിരുന്ന താത്‌കാലിക പാത പൂർണമായും പൊളിച്ചുനീക്കിയിട്ടുണ്ട്. ഇതോടെ വെള്ളപ്പൊക്കഭീഷണി ഒഴിവായി.

കഴിഞ്ഞ മാസങ്ങളിൽ പെയ്ത അതിതീവ്രമഴയിൽ മേഖലയിൽ കലുങ്കിൽ വെള്ളംകയറാൻ ഇടയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമാന്തരമായി നിർമിച്ച താത്‌കാലിക പാത വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകാനുള്ള സാധ്യത മുൻനിർത്തി, പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനുമാണ് താത്‌കാലിക പാത അടിയന്തരമായി പൊളിച്ചുനീക്കാൻ അധികൃതർ നടപടി സ്വീകരിച്ചത്.