കുമളിയെ ആവേശത്തിലാക്കി 'തൂഫൻ കമാൻഡോസ്' വാക്കത്തൺ

To advertise here,

കുമളി : ലഹരിയെന്ന മഹാവിപത്തിനെതിരേ പ്രതിരോധനിരതീർത്ത് എൻ.എസ്.എസ്. പീരുമേട് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘തൂഫാൻ കമാൻഡോസ്’ മെഗാ വാക്കത്തൺ സംഘടിപ്പിച്ചു.

കുമളി ഒന്നാംമൈലിലാരംഭിച്ച കൂറ്റൻ റാലിയിൽ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും വ്യാപാരികളുമടക്കം 625 പേർ പങ്കെടുത്തു.

കേരള സംസ്ഥാന ആഭ്യന്തരവകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി നടപ്പാക്കുന്ന സമഗ്ര ലഹരിവിരുദ്ധപദ്ധതിയായ ‘തൂഫാൻ മൂവ്മെന്റി’ന്റെ ഭാഗമായുള്ള ‘തൂഫാൻ കമാൻഡോസ്’ പ്രഖ്യാപനം ഇടുക്കി ജില്ലാ പഞ്ചായത്തംഗം ആൻസി ജെയിംസ് നിർവഹിച്ചു. വാക്കത്തണിന്റെ ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് നിർവഹിച്ചു. കുമളി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബിൻ കാരക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വ്യാപാരിവ്യവസായി ഏകോപനസമിതി പ്രതിനിധി ടി.ടി. തോമസ് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ക്ലസ്റ്റർ കൺവീനർ അബ്ബാസ് മന്ത്രി, സലിംരാജ്, തോമസ് ചെറിയാൻ, വി.എം. ജയപ്രദീപ്, ഡോ. നോയൽ മാത്യൂസ്, സന്തോഷ് ഉമ്മൻ, ബിജു ഡാണിയേൽ, ജെസി റോയ്, ജയൻസി ലൂക്കോസ്, ആഷ്ലി തെരേസാ ജോസ് എന്നിവർ പ്രസംഗിച്ചു.

വാക്കത്തണിന് കുമളി ടൗണിൽ പൊതുജനങ്ങളും വ്യാപാരികളും ചേർന്ന് സ്വീകരണം നൽകി.