നെല്ലിക്കാട്-ഒറ്റമരം-പോതമേട് റോഡിൽ ഗതാഗതം ദുഷ്‌കരമായി

To advertise here,

കുഞ്ചിത്തണ്ണി : നെല്ലിക്കാട്ടിൽനിന്ന് ഒറ്റമരംവഴി പോതമേടിനുള്ള റോഡ് പൂർണമായി തകർന്ന് ഗതാഗതം ദുസ്സഹമായി. ബൈസൺവാലി ഇരുപതേക്കറിൽനിന്ന് മൂന്നാറിന് പോകുന്നതിനുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്.

കഴിഞ്ഞ മഴക്കാലത്താണ് റോഡിന്റെ ടാറിങ് ഒലിച്ചുപോയി കുഴികൾ രൂപപ്പെട്ടത്.

പിന്നീട് അറ്റകുറ്റപ്പണികൾ നടത്താതിരുന്നതോടെ കുഴികൾ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധം വലുതാകുകയും കഴിഞ്ഞ ആഴ്ച മുതൽ ചെറുവാഹനങ്ങൾക്ക് പോകാൻ വയ്യാത്ത സ്ഥിതിയുണ്ടായി.

നെല്ലിക്കാട്ടിൽ നിന്നു ഒറ്റമരത്തിനുള്ള റോഡിൽ ബ്ലാക്ക് നെൽ ഫോറസ്റ്റ് റിസോർട്ടിന് സമീപത്തുള്ള കൊടുംവളവിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നതാണ് ചെറിയ വാഹനങ്ങൾക്ക് പോകുവാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

നിരവധി വിനോദസഞ്ചാരികളും നാട്ടുകാരും ഉപയോഗിച്ചുകൊണ്ടിരുന്ന ഈ റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ഇരുപതിലധികം കിലോമീറ്റർ ദൂരം അധികം സഞ്ചരിച്ചാണ് ബൈസൺവാലി പഞ്ചായത്തിലുള്ളവർ മൂന്നാറിലെത്തുന്നത്.

ഫോർവീൽ ഡ്രൈവുള്ള ജീപ്പുകൾ മാത്രമാണ് ഇപ്പോൾ ഇതിലെ പോകുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഇല്ലെങ്കിൽ റോഡ് വീണ്ടും തകരും. മഴ പെയ്യുന്നതിനാൽ തകർച്ച വളരെ വേഗത്തിലാകും.