ജന്മദിനാശംസകളുമായി സിനിമാലോകം

To advertise here,

കൊച്ചി : മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി സിനിമാലോകം. തിങ്കളാഴ്ച 75-ാം പിറന്നാൾ ആഘോഷിച്ച മമ്മൂട്ടിക്ക് നടൻ മോഹൻലാൽ ഉൾപ്പെടെ ഒട്ടേറെ താരങ്ങളാണ് ആശംസകൾ നേർന്നത്. ‘ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്കാ! താങ്കൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർന്നുള്ള എല്ലാ വിജയങ്ങളും എപ്പോഴും ഉണ്ടാകട്ടെ’ എന്നായിരുന്നു മോഹൻലാലിന്റെ ആശംസ.

ഒന്നിച്ച് അഭിനയിക്കുകയെന്ന സ്വപ്നം ഇനിയും ബാക്കിയെന്ന് പറഞ്ഞാണ് നടൻ നിവിൻ പോളി മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്നത്. ‘എന്റെ സ്കൂൾകാലം മുതൽ സിനിമയെക്കുറിച്ച് സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അതിന് കാരണം നിങ്ങളായിരുന്നു. നിങ്ങളോടൊപ്പം ഒരു സിനിമ ചെയ്യുകയെന്നത് ഞാൻ ഇപ്പോഴും മുറുകെപ്പിടിക്കുന്ന സ്വപ്നമാണ്. നിങ്ങളുടെ അസാധാരണമായ പ്രകടനങ്ങൾകൊണ്ട് ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നത് തുടർന്നുകൊണ്ടേയിരിക്കൂ...’ എന്നായിരുന്നു നിവിൻ പോളി കുറിച്ചത്.

താരങ്ങൾക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവരും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ‘മലയാളത്തിന്റെ അഭിമാനതാരം, പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. അഞ്ചുപതിറ്റാണ്ടിലേറെയായി അഭ്രപാളിയിൽ വിസ്മയം തീർക്കുന്ന അദ്ദേഹത്തിന്റെ അഭിനയസപര്യ ഇന്ത്യൻ സിനിമയ്ക്ക് തന്നെ എക്കാലവും പ്രചോദനമാണ്. പ്രിയ മമ്മൂക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങളും നന്മകളും നേരുന്നു.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ജന്മദിനാശംസ. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു. ‘അഭിനയത്തിന്റെ അനന്തസാധ്യതകളെ ഓരോ കഥാപാത്രത്തിലൂടെയും അടയാളപ്പെടുത്തുന്ന അതുല്യ പ്രതിഭയാണ് മമ്മൂട്ടി. തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഇനിയും നിരവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ അദ്ദേഹത്തിന് സാധിക്കട്ടെ.’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആശംസ.

ചലച്ചിത്രപ്രവർത്തകരായ സുരേഷ് ഗോപി, ജയസൂര്യ, മഞ്ജു വാരിയർ, എം. ജയചന്ദ്രൻ രാഷ്ട്രീയ നേതാക്കളായ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ തുടങ്ങി ഒട്ടേറെപ്പേർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു.