ജില്ലാ വികസന സമിതി യോഗം
ഇടുക്കി : ജില്ലയിൽ ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഓരോവകുപ്പുകളും തങ്ങളുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ അവസ്ഥ സംബന്ധിച്ച വിശദാംശങ്ങൾ ഒരാഴ്ചയ്ക്കകം തയാറാക്കി സമർപ്പിക്കാനും വകുപ്പ് മേധാവികൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. ഉപയോഗശൂന്യമായി കിടക്കുന്ന മുറികളും ഓഫീസ് കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്തി ഓഫീസുകളോ സർക്കാർ ജീവനക്കാർക്കുള്ള താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ആരോഗ്യ വകുപ്പിന് മുൻഗണന നൽകിയാകും താമസ സൗകര്യങ്ങൾ ഒരുക്കുക. ആശുപത്രികളുടെ സമീപത്ത് ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും താമസസൗകര്യം ഏർപ്പെടുത്തുന്നതിനാണിത്.
ആനയിറങ്കൽ ജലാശയത്തിൽ ഹൈഡൽ ടൂറിസം വകുപ്പ് നടത്തുന്ന ബോട്ടിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് സംയുക്ത പരിശോധന നടത്തും. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ വനം വകുപ്പ്, സർവേ, തദ്ദേശസ്വയംഭരണ വകുപ്പുകൾ ഫീൽഡ് തല പഠനം നടത്തി തുടർനടപടി തീരുമാനിക്കും. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. ആനയുടെ സഞ്ചാരപാതയായി വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുള്ള പ്രദേശമായതിനാലാണ് പദ്ധതി നിർത്തിവെച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക സേനാപതി വേണു എം.എൽ.എ.യുടെ അധ്യക്ഷതയിൽ യോഗം ചേരാനും തീരുമാനിച്ചു.
ജില്ലയിൽ പാറ, മണൽ, എംസാൻഡ് പോലുളള നിർമാണ സാമഗ്രികളുടെ കുറവ് കണക്കിലെടുത്ത് ക്വാറി പ്രവർത്തനങ്ങൾക്കാവശ്യമായ സർക്കാർ പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും. നിലവിൽ കണ്ടെത്തിയ സ്ഥലങ്ങളിൽ ജിയോളജിസ്റ്റും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സാധ്യതാപഠനം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. യോഗത്തിൽ എം.എൽ.എ.മാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ ജോയ് വെട്ടിക്കുഴി, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, സബ് കളക്ടർ വി.എം. ആര്യ, എ.ഡി.എം. മിനി കെ. ജോൺ, ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. പി. പ്രവീൺ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Published: 27 Sept 2026, 03:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented