സ്റ്റോപ്പ് മെമ്മോ നൽകി
ഉപ്പുതറ : ഇടുക്കി വന്യജീവി സങ്കേതത്തിന് സമീപം വീണ്ടും അനധികൃത പാറഖനനം നടക്കുന്നതായി പരാതി ഉയർന്നതിനെത്തുടർന്ന് ഉപ്പുതറ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. കോതപാറ പൂനിൽക്കുംകാലായിൽ ബിനോയിയുടെ കൈവശഭൂമിയിലാണ് അനധികൃത ഖനനം നടക്കുന്നത്.
വില്ലേജ് ഓഫീസറുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പീരുമേട് താലൂക്ക് സർവേയർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ഭൂമിയുടെ രേഖകൾ സംബന്ധിച്ച റിപ്പോർട്ട് താലൂക്ക് സർവേയർ ഉടൻ സമർപ്പിക്കും. പട്ടയമില്ലാത്ത ഭൂമിയിലാണ് ഖനനം നടത്തിയതെന്ന് വ്യക്തമായാൽ ക്രിമിനൽ കേസെടുക്കുന്നതടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. പട്ടയഭൂമിയാണെങ്കിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് റിപ്പോർട്ട് കൈമാറും.
രണ്ടുമാസം മുമ്പ് ഇതേ വ്യക്തി വീടിനു സമീപം അനധികൃതമായി പാറഖനനം നടത്തിയിരുന്നു. അന്നും വില്ലേജ് ഓഫീസർ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ, സ്റ്റോപ്പ് മെമ്മോ നിലനിൽക്കേ, ഇതേ ഭൂമിയിലെ മറ്റൊരു ഭാഗത്താണ് പുതുതായി ഖനനം ആരംഭിച്ചത്.
ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളും ബ്രേക്കർ ഉൾപ്പെടെയുള്ള ആധുനിക യന്ത്രസാമഗ്രികളും ഉപയോഗിച്ച് വ്യാപകമായ തോതിലാണ് ഖനനം നടക്കുന്നത്. വില്ലേജ് ഓഫീസർ പരിശോധനയ്ക്കായി എത്തിയപ്പോൾ ഖനനം ചെയ്ത മുപ്പതിലധികം ലോഡ് പാറ സ്ഥലത്ത് സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. നൂറുകണക്കിന് ലോഡ് പാറ ഇതിനോടകം പൊട്ടിച്ചുകടത്തിയതായി നാട്ടുകാർ ആരോപിച്ചു. വന്യജീവി സങ്കേതത്തോട് ചേർന്ന് സ്റ്റോപ്പ് മെമ്മോപോലും അവഗണിച്ച് വീണ്ടും ഖനനം നടത്തിയത് റവന്യൂ അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
Published: 27 Nov 2026, 01:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented