കാളിയാർ : കളിക്കളം നിർമിക്കാൻ രണ്ട് ഏക്കറിലധികം സ്ഥലം സ്വന്തമായുണ്ട്. ഫണ്ടില്ല. അതിനാൽത്തന്നെ കാളിയാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മികച്ച കളിക്കളം എന്ന സ്വപ്നം യാഥാർഥ്യമാകുന്നില്ല.

To advertise here,

സ്കൂളിൽനിന്ന് ഒട്ടേറെ വിദ്യാർഥികൾ സംസ്ഥാനതല മത്സരങ്ങളിൽ വരെ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. പരിശീലിക്കാൻ നല്ലൊരു മൈതാനമില്ലാത്ത കുട്ടികളുടെ നേട്ടം. അപ്പോൾ ഒരു കളിക്കളം ഒരുക്കിനൽകിയാലോ.

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് ടെക്‌നിക്കൽ സ്കൂളുകൾ പ്രവർത്തിക്കുന്നത്.

 

ഇവ ത്രിതല പഞ്ചായത്തുകൾക്ക് കൈമാറിയിട്ടില്ലാത്തതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത്തരം സ്കൂളുകളുടെ വികസനത്തിനായി തുക അനുവദിക്കാനാകില്ല.

കളിക്കളം നിർമിക്കുന്നതിനായി പൊതുമരാമത്തുവകുപ്പ് 39.7 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് സമർപ്പിച്ചിരുന്നു. ഫണ്ടില്ലെന്നായിരുന്നു മറുപടി.

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് സംസ്ഥാന സർക്കാർ നൽകുന്ന ബജറ്റ് വിഹിതം കുറവാണ്. അതിലാണ് തുക അനുവദിക്കാൻ കഴിയാത്തത്. സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ ബജറ്റിലും ഇതിനായി പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടില്ല. എം.എൽ.എ.യ്ക്കും എം.പി.ക്കും പ്രാദേശിക വികസനഫണ്ടിൽനിന്ന് കളിക്കളം നിർമാണത്തിന് തുക അനുവദിക്കാനാകും. ഇവർ ഇതിനായി മുൻകൈയെടുത്താൽ വലിയ ഉപകാരമാകും.

 

ടെക്‌നിക്കൽ സ്കൂളുകളിൽ ത്രിതല പഞ്ചായത്തുകൾക്കും വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയാൽ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്ന് പി.ടി.എ. ചൂണ്ടിക്കാട്ടുന്നു. കൂടാതെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കൂടുതൽ ഫണ്ടും അനുവദിക്കണം. കായിക താരങ്ങളുടെ കഷ്ടപ്പാട് അവസാനിപ്പിക്കണം