ചെറുതോണി : രാജ്യത്ത് ജനാധിപത്യം അട്ടിമറിച്ച് ബി.ജെ.പി.ക്ക് അനുകൂലമായി എസ്.ഐ.ആറിലൂടെ വോട്ടർപ്പട്ടികയിൽ കൃത്രിമംനടത്താനുള്ള നീക്കങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ തന്നെ കൂട്ടുനിൽക്കുകയാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റും എം.എൽ.എയുമായ റോയി കെ. പൗലോസ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡി.സി.സി.യുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനുശേഷം സെൻട്രൽ ജങ്‌ഷനിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികൾക്കെതിരേ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനങ്ങളിൽ മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ 14 തവണ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയെന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്ന് റോയി കെ. പൗലോസ് പറഞ്ഞു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഇത്തരം ഏകപക്ഷീയ നിലപാടുകൾ അവസാനിപ്പിക്കണമെന്നും ഗ്യാനേഷ് കുമാറിനെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെറുതോണി പാലത്തിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് എം.എൽ.എ.മാരായ അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ എന്നിവരും അഡ്വ. എസ്. അശോകൻ, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, എ.പി. ഉസ്മാൻ, തോമസ് രാജൻ, എം.ഡി. അർജുനൻ, ജി. മുനിയാണ്ടി, അനിൽ ആനയ്ക്കനാട്ട് തുടങ്ങിയവരും നേതൃത്വം നൽകി.