രാജാക്കാട് : തകർന്നുകിടക്കുന്ന പ്ലാക്കൂട്ടം–മില്ലുംപടി റോഡ് നന്നാക്കാൻ നടപടിയില്ല.

To advertise here,

സ്കൂൾബസുകൾ, രോഗികളുമായി പോകുന്ന വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കെല്ലാം പ്ലാക്കൂട്ടം–മില്ലുംപടി റോഡിലൂടെയുള്ള യാത്ര വലിയ ദുരിതമാണ്.രാജകുമാരി പഞ്ചായത്തിലെ ഏഴാംവാർഡിൽപ്പെട്ട റോഡ് നാലുവർഷമായി തകർന്നുകിടക്കുകയാണ്. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കുഴികളിൽ വാഴയും ചേനയും നട്ടു. 150-ലേറെ കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പൗരസമിതിയും രൂപവത്കരിച്ചു. മൂന്നുകിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ പ്ലാക്കൂട്ടംമുതൽ മില്ലുംപടിവരെയുള്ള ഒരുകിലോമീറ്റർ ഭാഗമാണ് പൂർണമായും തകർന്നത്. കുഴികൾ നിറഞ്ഞ റോഡിലൂടെ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദിവസേന ഏഴ്‌ സ്കൂൾബസ്‌ കടന്നുപോകുന്ന വഴിയാണിത്. ഓട്ടോറിക്ഷകളും ടാക്സികളും എത്താൻ മടിക്കുന്നതിനാൽ വാഹനങ്ങൾ വിളിക്കുമ്പോൾ അമിതചാർജ് നൽകേണ്ടിവരുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. പ്രദേശത്തെ വയോധികർക്കും രോഗികൾക്കും ആശുപത്രിയിലെത്താൻ റോഡിന്റെ ശോചനീയാവസ്ഥ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. റോഡ് നന്നാക്കണമെന്ന ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാജകുമാരി പഞ്ചായത്തിലെ മുള്ളംതണ്ട് ടൂറിസം മേഖലയിലേക്കുള്ള യാത്രയ്ക്കും റോഡ് പ്രധാനമാണ്. തകർച്ച ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിനുമുൻപ്‌ റോഡ് നവീകരണത്തിന് 12 ലക്ഷം രൂപ അനുവദിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ, നിർമാണപ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. ഇതിൽ പ്രതിഷേധിച്ചാണ് റോഡിലെ കുഴികളിൽ വാഴയും ചേനയും നട്ട് അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചത്. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായതിനെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതാണ് റോഡ് നവീകരണം വൈകാൻ കാരണമെന്ന് വാർഡ് മെമ്പർ പറഞ്ഞു. റോഡിന്റെ ഏറ്റവും മോശമായ ഭാഗം ഉടൻ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.