സുൽത്താനിയായിലെ പൊതുശ്മശാനം നന്നാക്കി

To advertise here,

ഉപ്പുതറ : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ടുതേടിച്ചെന്നപ്പോൾ നാട്ടുകാർ ഒരാവശ്യം മുന്നോട്ടു വച്ചു. ജയിച്ചാൽ സുൽത്താനിയായിലെ പൊതുശ്മശാനം നന്നാക്കണം. വഴിയും വേണം. ആവശ്യം നടപ്പാക്കുമെന്ന് സ്വതന്ത്ര സ്ഥാനാർഥിയായ ഷാജി പാറക്കടവിൽ നാട്ടുകാർക്ക് ഉറപ്പുകൊടുത്തു. തിരഞ്ഞെടുപ്പിൽ ഷാജി തോറ്റു. എങ്കിലും ആ വാക്കുപാലിച്ചു.

തിരഞ്ഞെടുപ്പിൽ 109 വോട്ടുനേടി ഷാജി രണ്ടാംസ്ഥാനത്ത് വന്നു. സുൽത്താനിയായിലെ നാട്ടുകാരാണ് തനിക്കിത്രയും പിന്തുണ തന്നതെന്ന ഷാജി ഇപ്പോഴും വിശ്വസിക്കുന്നു. നാട്ടുകാർ തന്നിലർപ്പിച്ച വിശ്വാസം ഷാജി ഏറ്റെടുത്തു.

തോറ്റെങ്കിലും വാക്കുപാലിക്കാൻ ഷാജി തീരുമാനിച്ചു. ഒരേക്കർ വിസ്തൃതമായ ശ്മശാനവും പരിസരവും തിങ്കളാഴ്ച വെട്ടിത്തെളിക്കാൻ തുടങ്ങി. സ്വന്തം പണിക്കാരെയും സുഹൃത്തുക്കളെയും കൂട്ടിയാണ് ഷാജി കാടുതെളിക്കുന്നത്. ഇതിനുശേഷം

ശ്മശാനത്തിലേക്ക് റോഡുവെട്ടണം. മൃതദേഹം വച്ച് അന്ത്യകർമങ്ങൾ ചെയ്യുവാനുള്ള തറയും ദഹിപ്പിക്കാനുള്ള മുറിയും പണിതുനൽകണം. അതാണ് ഷാജിയുടെ ആഗ്രഹം.

സ്വന്തം തോട്ടത്തിലെ 17 തൊഴിലാളികൾക്ക് കൂലിനൽകിയാണ് ഷാജി പണിചെയ്യിക്കുന്നത്. പ്രദേശത്ത് താമസക്കാരായ മറ്റുള്ളവരും കൂടെച്ചേർന്നിട്ടുണ്ട്. ഇവർക്കുള്ള ഭക്ഷണച്ചെലവും ഷാജിയുടെ വകയാണ്. രണ്ടര ലക്ഷം രൂപയോളം ചെലവുവരും.

എല്ലാം നാട്ടുകാർ തന്നിലർപ്പിച്ച വിശ്വാസത്തിന് തുല്യമാവില്ലെന്ന് ഷാജി പറഞ്ഞു. തമിഴ്വംശജരായ നൂറോളം

തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഇവരുടെ പൂർവികരായ നൂറിലധികംപേരെ ഈ പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചിട്ടുണ്ട്. മൃതദേഹം സംസ്‌കരിക്കുന്ന സമയം അതിനുള്ള സ്ഥലംമാത്രം തെളിക്കുകയാണ് പതിവ്.

ശ്മശാനം മുഴുവനായും തെളിച്ച് സംരക്ഷിക്കണം എന്ന് ഇവർക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ ആവശ്യമാണ് അയ്യപ്പൻകോവിൽ സുൽത്താനിയ (എട്ട്) വാർഡിൽ മത്സരിക്കുമ്പോൾ നാട്ടുകാർ ഷാജിയുടെ മുന്നിൽ വച്ച ആവശ്യം.

തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഷാജി ആ വാക്കുപാലിക്കുകയാണ്. ആത്മാർഥതയോടെ പിന്തുണയുമായി ഭാര്യ സബീനയും ഒപ്പമുണ്ട്. ജയിച്ചാലും പറഞ്ഞ വാക്കുപാലിക്കാത്ത ജനപ്രതിനിധികൾക്ക് മാതൃകയാണ് തോറ്റ സ്ഥാനാർഥിയായ ഷാജി പാറക്കടവിൽ.