മുട്ടം : പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഒമ്പതാം വാർഡായ തുടങ്ങനാട്ടിൽ യു.ഡി.എഫ്.സ്ഥാനാർഥിക്ക് തകർപ്പൻ ജയം. യു.ഡി.എഫിലെ എൽസമ്മ ടോം 188 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇടതുസ്വതന്ത്ര വി.എസ്. സിന്ധുവിന് 124 വോട്ടുകൾ ലഭിച്ചു.ബി.ജെ.പി.യുടെ എൻ.എസ്.രമ്യയ്ക്ക് 50 വോട്ടുകിട്ടി.

To advertise here,

രൂക്ഷമായ കോൺഗ്രസ് ഗ്രൂപ്പുപോരിനെ തുടർന്ന് യു.ഡി.എഫിന് ഭരണംനഷ്ടമായ താഴ്‌വാര മേഖലയിലെ ഏക പഞ്ചായത്തിലാണ് ഇടതു വാർഡ് തിരികെ പിടിച്ച് യു.ഡി.എഫ്. മികവുകാട്ടിയത്. വാർഡ് മെംബറായിരുന്ന ഇടതുസ്വതന്ത്ര കുട്ടിയമ്മ മൈക്കിളിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഉപതിരഞ്ഞെടുപ്പിൽ വിജയംനേടിയെങ്കിലും മുട്ടത്ത് ഇടതുഭരണത്തിൽ മാറ്റമുണ്ടാകില്ല. 2026-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 14 വാർഡുകളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ ഒമ്പത് സീറ്റുകളുമായാണ് ഇടതുമുന്നണി ഭരണംപിടിച്ചത്. അത് എട്ടായി കുറയും. യു.ഡി.എഫ് സീറ്റുകളുടെ എണ്ണം ആറാകും.

ഉറച്ച യു.ഡി.എഫ്. കോട്ടയായിരുന്നു തുടങ്ങനാട്. കുട്ടിയമ്മ മൈക്കിൾ ആദ്യം യു.‍ഡി.എഫ്. ടിക്കറ്റിലായിരുന്നു മത്സരിച്ചത്. പിന്നീട് തർക്കങ്ങളെ തുടർന്ന് യു.ഡി.എഫുമായി അകന്നപ്പോഴാണ് ഇടതുപാളയത്തിൽ എത്തിയത്. കുട്ടിയമ്മയുടെ വ്യക്തിപ്രഭാവത്തിൽ എൽ.ഡി.എഫ്. വാർഡ് പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 123 വോട്ടുകളുടെ ഭൂരിപക്ഷം കുട്ടിയമ്മയ്ക്ക്‌ ലഭിച്ചു. കുട്ടിയമ്മ മൈക്കിളിനുമുമ്പ്‌ ഇവിടെ ഇടതുവിജയമുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 24 വോട്ടുകളെ ഈ വാർഡിൽനിന്നും ഇടതുസ്ഥാനാർഥിക്ക് ലഭിച്ചുള്ളൂ.തുടങ്ങനാട് വാർഡിൽ ഹാട്രിക് വിജയമായിരുന്നു ഇടതുസ്വതന്ത്രയായ കുട്ടിയമ്മ മൈക്കിളിന്റേത്. പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ മുൻ പ്രസിഡന്റുകൂടിയായ കുട്ടിയമ്മ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയമ്മ മൈക്കിൾ പോയതോടെ തുടങ്ങനാടും യു.ഡി.എഫ്. പാളയത്തിലേക്ക് മടങ്ങി.