എഴുകുംവയലിലെ സായംപ്രഭ ഹോമിൽ കളിചിരികൾ നിലയ്ക്കുന്നില്ല

To advertise here,

നെടുങ്കണ്ടം: വാർധക്യത്തെ രണ്ടാംബാല്യമാണെന്നാണ് വിശേഷിപ്പിക്കുന്നത്. കളിചിരികളും പരിഭവങ്ങളും നിഷ്‌കളങ്കതയുമെല്ലാം ഒരിക്കൽകൂടി വിരുന്നെത്തുന്ന പ്രായം. ഈ പ്രായത്തിൽ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടാതെ വിശാലമായ സൗഹൃദവും സന്തോഷവും പങ്കുവയ്ക്കുകയാണ് എഴുകുംവയലിലെ സായംപ്രഭഹോമിലെ അംഗങ്ങൾ. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ഇവിടെ കളിചിരികളാലും തമാശകളാലും മുഖരിതമാകും. 300 അംഗങ്ങളിൽ പതിവായി 20 അധികം പേർ ഇവിടെ ദിവസവും എത്താറുണ്ട്.

നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാർഡ് അംഗം എന്നിവരടങ്ങിയ മോണിട്ടറിങ് കമ്മിറ്റിക്കാണ് നടത്തിപ്പ്ചുമതല. 2015-ൽ ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺ എന്ന പേരിൽ നാട്ടിലെ സുഹൃത്തുക്കളായ വയോധികർ രൂപവത്കരിച്ച സംഘടന 2018-ൽ നെടുങ്കണ്ടം പഞ്ചായത്ത് ഏറ്റെടുത്തതോടെ സായംപ്രഭഹോമായി മാറുകയായിരുന്നു. അംഗങ്ങളുടെ എണ്ണം വർധിച്ചതോടെ സ്വന്തം കെട്ടിടത്തിലേക്കു മാറി. പ്രതിവർഷം പത്ത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പ്രവർത്തനം. സാമൂഹികനീതിവകുപ്പ് നിയോഗിച്ചിരിക്കുന്ന കെയർ ടേക്കറുടെ പരിചരണത്തോടൊപ്പം വകുപ്പ് നൽകുന്ന വയോപോഷണ കിറ്റും ഭിന്നശേഷിക്കാർക്കായുള്ള ഉപകരണങ്ങളും സായംപ്രഭയിലെ അംഗങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്.

രാവിലെ ലഘുഭക്ഷണവും ഉച്ചഭക്ഷണവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകുന്നു. ഹോമിന്റെ പ്രവർത്തനത്തെപ്പറ്റി പഠിക്കാൻ കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽനിന്നും വിദ്യാർഥികൾ എല്ലാ വർഷവും ഇവിടെ എത്താറുണ്ട്.

കൂടാതെ പരിസരപ്രദേശങ്ങളിലെ സ്‌കൂളുകളിൽനിന്നു കുട്ടികൾ പതിവായി ഇവിടെ സന്ദർശിക്കുകയും അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതും പതിവാണ്. കുടിയേറ്റ കാലത്തെ അനുഭവകഥകൾ കുട്ടികൾക്ക് വിവരിച്ചുകൊടുക്കുമ്പോൾ തങ്ങളും ചെറുപ്പമായി മാറുകയാണെന്ന് ഇവർ പറയുന്നു. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ എല്ലാമാസവും നാല് മെഡിക്കൽ ക്യാമ്പുകളും യോഗപരിശീലനവും നടത്തിവരുന്നു. അംഗങ്ങൾക്കായി വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട്.

കോവിഡ് കാലത്തുപോലും ഹോം എല്ലാദിവസവും പ്രവർത്തിച്ചിരുന്നു. എന്നാൽ വയോജനങ്ങളുടെ വരുമാനമാർഗമായിരുന്ന സോപ്പ്, പേപ്പർ ബാഗ് നിർമാണം എന്നിവ കോവിഡ് കാലത്തിൽ നിലച്ചുപോയതിലുള്ള സങ്കടം ഇവർ പങ്കുവയ്ക്കുന്നുണ്ട്‌. ഇത് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വീടില്ലാത്തവർക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.