ചെറുതോണി: എഴുപത്തെട്ടിന്റെ നിറവിലും കൃഷിയിടത്തിലേക്ക് ഇറങ്ങാൻ ദേവസ്യ ചേട്ടന് പ്രായം തടസ്സമല്ല. മണ്ണിനോടും വിളകളോടുമുള്ള ബന്ധം ജീവിതത്തിന്റെ ഭാഗമാക്കിയ മുളകുവള്ളി തൊട്ടിക്കാനത്തെ ചേറ്റാനിയിൽ ദേവസ്യ ചേട്ടന്റെ ദിവസങ്ങൾ ഇന്നും കൃഷിയുടെ പച്ചപ്പിലാണ്. ഏലം, കുരുമുളക്, കൊക്കോ എന്നിവയാണ് പ്രധാന കൃഷികൾ. വാഴ, തെങ്ങ്, ഇഞ്ചി, റബ്ബർ തുടങ്ങി വിവിധവിളകളും ഫലവൃക്ഷങ്ങളും ചേർന്നതാണ് രണ്ട് ഏക്കറോളം വരുന്ന കൃഷിയിടം.

To advertise here,

കാലാവസ്ഥയുടെ മാറ്റങ്ങളും വിപണിയിലെ അനിശ്ചിതത്വങ്ങളും പലപ്പോഴും കർഷകരെ പ്രതിസന്ധിയിലാക്കുമ്പോഴും വർഷങ്ങളുടെ അനുഭവസമ്പത്താണ് ദേവസ്യ ചേട്ടന്റെ കരുത്ത്. ഓരോവിളയ്ക്കും വേണ്ട പരിചരണവും പരിപാലനവും അനുഭവത്തിലൂടെ സ്വായത്തമാക്കിയതാണ്. ഒരേയൊരു വിളയെ ആശ്രയിക്കാതെ വിവിധവിളകൾ കൃഷി ചെയ്യുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

2018-ലെ പ്രളയത്തിൽ റബ്ബർകൃഷി പൂർണമായും നശിച്ചിരുന്നു. വലിയ നഷ്ടമുണ്ടായെങ്കിലും കൃഷിയിൽനിന്ന് പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. വീണ്ടും മണ്ണിലിറങ്ങി കൃഷി തുടർന്നു. നഷ്ടങ്ങൾക്കിടയിലും കൃഷിയെ ചേർത്തുപിടിച്ച ആ മനസ്സാണ് ഇന്നും അദ്ദേഹത്തെ മുന്നോട്ടുനയിക്കുന്നത്.

കൃഷിയിൽ ദേവസ്യ ചേട്ടന് താങ്ങായി ഭാര്യ റോസയും ഒപ്പമുണ്ട്. 78 വയസ്സുള്ള റോസ കൃഷിയിടത്തിലെ ജോലികളിൽ ഭർത്താവിനൊപ്പം സജീവമാണ്. ആറു മക്കളുണ്ട്. മകൻ പോളിനൊപ്പമാണ് ഇപ്പോൾ താമസം. മൂത്തമകൻ റോയിയും പിതാവിന്റെ പാത പിന്തുടർന്ന് കൃഷിയാണ് പ്രധാനമായി ചെയ്യുന്നത്.

മണ്ണിനോടുള്ള അടുപ്പം കുടുംബത്തിലേക്കും പകർന്നുനിൽക്കുകയാണ്. വിളകൾ വളരുന്നതും അധ്വാനത്തിന്റെ ഫലം വിളവായി മാറുന്നതും തന്നെയാണ് ദേവസ്യ ചേട്ടന്റെ ഏറ്റവുംവലിയ സന്തോഷം. ശരീരത്തിന് പ്രായം കൂടിയെങ്കിലും കൃഷിയോടുള്ള താൽപര്യത്തിന് കുറവില്ല.

വാഴത്തോപ്പ് പഞ്ചായത്തിലെ മുതിർന്ന കർഷകനെന്ന നിലയിൽ കർഷകദിനത്തിൽ ദേവസ്യ ചേട്ടനെ ആദരിച്ചതും ഈ കൃഷിജീവിതത്തിനുള്ള അംഗീകാരമായി. പതിറ്റാണ്ടുകളായി മണ്ണിനെ ആശ്രയിച്ച് ജീവിച്ച ഒരു കർഷകനെ ആദരിക്കുന്നതിനൊപ്പം കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു തലമുറയോടുള്ള ആദരം കൂടിയായി അത്.

പുതുതലമുറ കൃഷിയിൽനിന്ന് അകന്നുനിൽക്കുന്ന കാലത്ത് ദേവസ്യ ചേട്ടന്റെ ജീവിതം മണ്ണിനോടുള്ള ബന്ധത്തിന്റെ ഓർമപ്പെടുത്തലാണ്. എൺപതാം വയസ്സിലും കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന അദ്ദേഹം തെളിയിക്കുന്നത് പ്രായം അധ്വാനത്തിനുള്ള തടസ്സമല്ലെന്നതാണ്. മണ്ണിൽ വിതച്ച അധ്വാനം ഒരുനാൾ വിളവായി തിരിച്ചെത്തുമെന്ന വിശ്വാസത്തോടെ ദേവസ്യ ചേട്ടൻ ഇന്നും കൃഷിയിടത്തിലുണ്ട്.