വണ്ടിപ്പെരിയാർ : ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ പ്രൈമറി വിഭാഗത്തിൽ ജില്ലാതല മികച്ച പ്രകടനത്തിനുള്ള അവാർഡ്‌ വണ്ടിപ്പെരിയാർ ഗവ. യു.പി. സ്കൂളിന്‌. 50,000 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.

To advertise here,

ഇടുക്കി ജില്ലയിൽ പ്രൈമറി വിഭാഗത്തിൽ വണ്ടിപ്പെരിയാർ ഗവ. യു.പി.എസും, ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാർ ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളും ഹയർസെക്കൻഡറി വിഭാഗത്തിൽ വാഴത്തോപ്പ് സെയ്ന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളുമാണ് അവാർഡിന് അർഹരായത്.

തോട്ടം മേഖലയിൽനിന്നുള്ള സാധാരണക്കാരായ കുട്ടികളാണ് ഈ വിദ്യാലയത്തിൽ അധികവും പഠിക്കുന്നത്. പ്രതിസന്ധികൾക്കിടയിലും ശനി, ഞായർ ദിവസങ്ങളിൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ചും അവധിക്കാലത്ത് സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ 'പഠനോത്സവങ്ങൾ' സംഘടിപ്പിച്ചും വിദ്യാലയം മാതൃകയായി.

കാറിൽ യാത്രചെയ്തിട്ടില്ലാത്ത കുട്ടികൾക്കായി കാർയാത്രയും തുടർന്ന് വിമാനയാത്രയും അധ്യാപകർ ഒരുക്കി നൽകി. കൂടാതെ, യാത്രാസൗകര്യമില്ലാതിരുന്ന മലമ്പണ്ടാര ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികളെ രണ്ടാഴ്ചക്കാലം സ്വന്തം വാഹനത്തിൽ സ്കൂളിലെത്തിക്കാനും ഇവിടത്തെ അധ്യാപകർ തയ്യാറായി.

 

കഴിഞ്ഞ അഞ്ചിലധികം വർഷങ്ങളായി പ്രഥമാധ്യാപകൻ എസ്.ടി. രാജും സഹഅധ്യാപകരും ചേർന്ന് നടത്തുന്ന മികച്ച പ്രവർത്തനങ്ങളാണ് സ്കൂളിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ നിരവധി പ്രതിഭകളെയും ഈ വിദ്യാലയം വാർത്തെടുത്തിട്ടുണ്ട്. അധ്യാപകദിനമായ ശനിയാഴ്ച രാവിലെ 10.30-ന് കട്ടപ്പനയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണംചെയ്യും.