ബെംഗളൂരു : ബെംഗളൂരു-മംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്‌പ്രസ് തീവണ്ടിയുടെ പരീക്ഷണയോട്ടം ശനിയാഴ്ച നടക്കും. ചുരം മേഖലയിലെ ദുർഘടപ്പാതയുൾപ്പെടുന്ന റൂട്ടിൽ സുരക്ഷയ്ക്കായി ഓട്ടമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനം ഘടിപ്പിച്ച 16 കോച്ചുകളുള്ള വന്ദേഭാരത് തീവണ്ടിയാണ് പരീക്ഷണയോട്ടം നടത്തുന്നത്. രാവിലെ 6.05-ന് യശ്വന്തപുര സ്റ്റേഷനിൽനിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 2.25-ന് മംഗളൂരു സെൻട്രലിലെത്തും. 363 കിലോമീറ്റർ ദൂരമാണ് യാത്രയ്ക്കുള്ളത്. യാത്രയ്ക്കിടെ ഹാസൻ, സകലേശ്പുര, സുബ്രഹ്മണ്യ റോഡ് എന്നിവിടങ്ങളിൽ നിർത്തും. വൈകീട്ട് മൂന്നിന് മംഗളൂരു സെൻട്രലിൽനിന്ന് മടക്കയാത്ര ആരംഭിക്കും. രാത്രി 11 ന് യശ്വന്തപുരയിൽ തിരിച്ചെത്തും.

To advertise here,

തീവണ്ടിയുടെ സ്ഥിരം സർവീസ് അടുത്തുതന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ബെംഗളൂരു-മംഗളൂരു തീവണ്ടികളുടെ യാത്രാ സമയത്തേക്കാൾ ഒരു മണിക്കൂർ നേരത്തെ വന്ദേഭാരതിന് എത്താനാകുമെന്നതാണ് നേട്ടം.

മംഗളൂരുവിൽനിന്ന് കാസർകോട്ടേക്കും കണ്ണൂരിലേക്കും തീവണ്ടിയുള്ളതിനാൽ മലയാളികൾക്കും ഈ സർവീസ് അനുഗ്രഹമാണ്. പാതയുടെ ചുരം മേഖലയിലൂടെയുള്ള പരീക്ഷണയോട്ടം കഴിഞ്ഞ മാസം നടത്തിയിരുന്നു.

സകലേശ്പുര മുതൽ സുബ്രഹ്മണ്യ റോഡ് വരെയുള്ള ദുർഘടപ്പാതകളിലാണ് പരീക്ഷണയോട്ടം വിജയകരമായി നടത്തിയത്.

55 കിലോമീറ്റർ ദൈർഘ്യമുണ്ട് ഈ മേഖലയിലെ പാതയ്ക്ക്. 57 തുരങ്കങ്ങളും 250 പാലങ്ങളും 108 വളവുകളും ഈ ഭാഗത്തെ റെയിൽപ്പാതയിലുണ്ട്.