കഞ്ഞിക്കുഴി: പ്രകൃതിയുടെ പച്ചപ്പും പാറക്കെട്ടിലൂടെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും ദൂരക്കാഴ്ചകളുടെ മനോഹാരിതയും... ടൂറിസം ഭൂപടത്തിൽ ഇടംനേടാനുള്ള എല്ലാ സാധ്യതകളുമുണ്ടായിട്ടും അവഗണനയിൽ കഴിയുകയാണ് കഞ്ഞിക്കുഴി പുന്നയാർകുത്തിന് സമീപത്തെ വട്ടോൻപാറ.

To advertise here,

പ്രകൃതിരമണീയമായ പ്രദേശത്തെ ടൂറിസം ഹബ്ബാക്കി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രദേശവാസികൾ.

കഞ്ഞിക്കുഴി ടൗണിൽനിന്ന് പുന്നയാറിലേക്ക് പോകുന്ന വഴിയിലാണ് വട്ടോൻപാറ വെള്ളച്ചാട്ടം. ചരിഞ്ഞ പാറയിലൂടെ ഉരുളൻ കല്ലുകളിൽ തട്ടി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും ചുറ്റുമുള്ള പച്ചപ്പുമാണ് പ്രധാന ആകർഷണം.

ജനുവരിവരെയുള്ള കാലയളവിൽ സമൃദ്ധമായി വെള്ളച്ചാട്ടം കാണാനാകുമെന്നതും പ്രത്യേകതയാണ്. വട്ടോൻപാറയിൽനിന്നുള്ള കാഴ്ചയിൽ നേര്യമംഗലം-പാംബ്ല വനമേഖലയും തെളിഞ്ഞുകാണാം. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് മികച്ച ഇടമായി വട്ടോൻപാറയെ വികസിപ്പിക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

പാറയോടുചേർന്ന് സുരക്ഷാ കൈവരികൾ സ്ഥാപിക്കുക, ഇരിപ്പിടങ്ങൾ ഒരുക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവ നടപ്പാക്കിയാൽ പ്രദേശത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും.

വട്ടോൻപാറയുടെ മനോഹരമായ ദൂരക്കാഴ്ച ആസ്വദിക്കാൻ സമീപത്ത് വാച്ച് ടവർ നിർമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കഞ്ഞിക്കുഴിയുടെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വട്ടോൻപാറയെ മാറ്റാനാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഇതിനായി പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

അവഗണന മാറുമോ?

വട്ടോൻപാറയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുതിയ ഭരണസമിതി വിഷയത്തിൽ ഇടപെട്ട് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിലൂടെ വട്ടോൻപാറയെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനായാൽ കഞ്ഞിക്കുഴിയുടെ ടൂറിസം മേഖലയിൽ പുതിയ അധ്യായം തുറക്കാനാകും.