-
ആന, തടിച്ചി എന്നീ വിളിപ്പേരുകൾ, നിരന്തരമുള്ള കളിയാക്കലുകൾ, ഒറ്റപ്പെടുത്തൽ...അമിത വണ്ണം സമ്മാനിച്ച ഈ സങ്കടദിനങ്ങളെ മറികടന്ന് ജിസ്മ ജിജി എന്ന കോഴിക്കോടുകാരി ഏവരെയും ഞെട്ടിച്ചത് കിടിലൻ മെയ്ക്കോവറിലൂടെയാണ്. സിനിമ മോഹവുമായി ഓഡിഷന് ചെന്നപ്പോൾ അവിടെയും വണ്ണത്തിന്റെ പേരിൽ തഴയപ്പെട്ടതോടെ ജിസ്മ തീരുമാനിച്ചു, അനുസരണയില്ലാതെ കൂടുന്ന വണ്ണത്തെ പിടിച്ചു കെട്ടാൻ. ഒരാവേശത്തിൽ 80 കിലോയിൽ നിന്ന് രണ്ട് മാസം കൊണ്ട് 45 ലേക്ക് എത്തിച്ചപ്പോൾ കൂട്ടു വന്നത് അനാരോഗ്യം. പറ്റിപ്പോയ അബദ്ധം മനസിലാക്കി കൃത്യമായ വർക്കൗട്ടും ഡയറ്റും പിന്തുടർന്നതോടെ 52 കിലോ ഭാരത്തോടൊപ്പം ഫിറ്റായ ശരീരവും ജിസ്മയ്ക്ക് സ്വന്തമായി. ആത്മവിശ്വാസം നഷ്ടപ്പെട്ട പണ്ടത്തെ ആ പെൺകുട്ടിയിൽ നിന്ന് ഇന്ന് മോഡലിങ്ങിലേക്കും അവതാരക എന്ന റോളിലേക്കും എത്തി നിൽക്കുന്ന ജിസ്മ സംസാരിക്കുന്ന മെയ്ക്കോവർ യാത്രയെക്കുറിച്ച്...
ഒറ്റപ്പെടലിന്റെ നാളുകൾ
ചെറുപ്പം മുതലേ തടിച്ചിരിക്കുന്നത് കൊണ്ട് അതാണ് നമ്മുടെ ഒരു രീതി എന്ന നിലയിലാണ് ഞാൻ ചിന്തിച്ച് പോന്നിരുന്നത്. പക്ഷേ സ്കൂളിലൊക്കെ അസഹനീയമാം വണ്ണം കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. ഒറ്റപ്പെടുത്തിയിട്ടുണ്ട്.എന്റെ വീടിനടുത്ത് ഒരു ട്യൂട്ടോറിയൽ ഉണ്ട്. സ്കൂളിൽ പോകാനിറങ്ങുമ്പോൾ അവിടെ പഠിക്കാൻ വരുന്ന കുട്ടികൾ ആന എന്ന് വിളിച്ച് പറയുമായിരുന്നു. പത്തിൽ പഠിക്കുമ്പോൾ അറുപത് കിലോ ആയിരുന്നു ഭാരം. തടിച്ചി എന്ന വിളി ശീലമായിരുന്നു. ആളുകളെ കാണാൻ, മറ്റുള്ളവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ ഒക്കെ മടിയായിരുന്നു. ആത്മവിശ്വാസം പേരിന് പോലും ഇല്ലായിരുന്നു.

കുട്ടികൾ മാത്രമല്ല അധ്യാപകർ വരെ തടിയുടെ പേരിൽ കളിയാക്കിയിട്ടുണ്ട്. കുഞ്ഞിലേ മുതൽ ഇതെല്ലാം ശീലമായത് കൊണ്ട് ഈ തടി എന്റെ ഭാഗമാണെന്ന ധാരണയിലാണ് ഞാൻ ഇരുന്നത്. സ്കൂളിലൊന്നും എനിക്ക് കൂട്ടുകാരുണ്ടായിരുന്നില്ല. ആരും അടുപ്പിച്ചിരുന്നില്ല. എന്താണ് കാരണം എന്ന് എനിക്കറിയില്ല. പ്ലസ് വൺ പ്ലസ് ടു സമയത്ത് പഠിത്തത്തിന് ഏറെ പ്രാധാന്യം കൊടുത്തത് കൊണ്ട് കളിയാക്കലുകൾ ബാധിച്ചതേയില്ല. ഞാൻ ആർകിടക്ച്ചറിലാണ് ബിരുദമെടുത്തത്. കോളേജിലെത്തിയപ്പോഴാണ് കുറച്ചെങ്കിലും ഞാൻ ആക്ടീവ് ആകുന്നത്. അവിടെ വച്ചൊന്നും അങ്ങനെ മനസ് തകർക്കുന്ന രീതിയിലുള്ള കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടില്ല. ആളുകളോടുള്ള പേടി അന്നേരം കുറയാൻ തുടങ്ങിയിരുന്നു. വണ്ണം കുറയാൻ തുടങ്ങിയതോടെ ആത്മവിശ്വാസവും തിരികെ വന്നു.
ജീവിതത്തിലെ വഴിത്തിരിവ്
ചെറുപ്പം മുതലേ സിനിമ, അഭിനയം ഇതൊക്കെ വലിയ ഇഷ്ടമായിരുന്നു. കോഴിക്കോട് മുക്കത്താണ് എന്റെ വീട്. നാട്ടിൻപുറമായത് കൊണ്ട് തന്നെ ഇതെല്ലാം വെറും സ്വപ്നമായി മാറും എന്ന് കരുതി തന്നെയാണ് ഞാനിരുന്നത്. ബിരുദ പഠനം കൊച്ചിയിലായിരുന്നു. അവിടെ വച്ചാണ് ഞാൻ ഓഡിഷനുകളിൽ പങ്കെടുക്കാൻ തുടങ്ങുന്നത്. അതായിരുന്നു വഴിത്തിരിവും.
2016 ലാണ് വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്. ഞാൻ ഏറ്റവുമധികം വണ്ണം വച്ച സമയം കൂടിയായിരുന്നു അത്. 80 കിലോ ഭാരമുണ്ടായിരുന്നു. അതുവരെ വണ്ണം വലിയൊരു പ്രശ്നമാണെന്ന തോന്നലുകളൊന്നും ഉണ്ടായിട്ടില്ല. അന്ന് ഒരു ഓഡിഷനിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് അവർ പറയുന്നത് എന്നെ കാണാൻ വളരെയധികം പ്രായം തോന്നിക്കുമെന്ന്. അതായത് 22 വയസുള്ള എനിക്ക് ഒരു 32 വയസെങ്കിലും തോന്നുമെന്ന് പറയുന്നത്.. ഒരു 25 കിലോയൊക്കെ കുറച്ച് വന്നാൽ നമുക്ക് നോക്കാം എന്ന് പറഞ്ഞ് എന്നെ മടക്കി അയച്ചു.

80-ൽ നിന്ന് 45-ലേക്ക്, കൂട്ടു വന്ന അനാരോഗ്യം
അങ്ങനെയാണ് തടി കുറയ്ക്കണം എന്ന ചിന്ത വരുന്നത്. ആർകിടക്ച്ചർ നാലാം വർഷം കഴിഞ്ഞപ്പോൾ എനിക്ക് രണ്ട് മാസം ലീവ് ഉണ്ടായിരുന്നു. വീട്ടിൽ തന്നെയായിരുന്നു ആ സമയം മുഴുവൻ. ആരോടും പറയാനൊന്നും പോയില്ല, വീട്ടിൽ തന്നെ സ്വയം വർക്കൗട്ട് ചെയ്തും ഡയറ്റ് എടുത്തും തടി കുറയ്ക്കാൻ തുടങ്ങി. ആദ്യമൊക്കെ ഭയങ്കര പ്രശ്നമായിരുന്നു. പുഷ് അപ് ഒന്നും എടുക്കാനേ പറ്റിയിരുന്നില്ല. എന്റെ സഹോദരനാണ് എന്നെ സഹായിച്ചത്. അവൻ ബാസ്കറ്റ് ബോൾ ട്രെയ്നറാണ്. പുള്ളി അവിടുത്തെ കുട്ടിക്കൾക്ക് പറഞ്ഞു കൊടുക്കുന്ന ചെറിയ ചെറിയ വർക്കൗട്ടുകൾ എനിക്ക് പറഞ്ഞു തന്നു. ആദ്യം ഇത് ചെയ്യാൻ പറ്റുമോയെന്ന് നോക്ക്, തടി കുറഞ്ഞില്ലെങ്കിൽ വേറെ നോക്കാം എന്ന് പറഞ്ഞു.
അങ്ങനെ വർക്കൗട്ട് തുടങ്ങി. എന്റെ അമ്മ തുണി തയ്ക്കാറുണ്ട്. ഒരു രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ എന്റെ ഡ്രസ് ഒന്ന് ആൾട്ടർ ചെയ്യാൻ അവളെടുത്തപ്പോഴാണ് അമ്മ പറയുന്നത് ആഹാ ഒരു രണ്ടിഞ്ച് കുറഞ്ഞല്ലോ എന്ന്. അതെനിക്ക് വല്ലാത്ത ആവേശമായി. അങ്ങനെ കൂടുതൽ കൂടുതൽ വർക്കൗട്ട് ചെയ്യാൻ തുടങ്ങി. ഫിറ്റ്നസ് ആപ്, വീഡിയോ ഒക്കെ നോക്കി, ചാലഞ്ചുകൾ എടുത്തു അങ്ങനെ എന്റെ രീതിയിൽ ചെയ്യാൻ തുടങ്ങി. അങ്ങനെ രണ്ട് മാസം കൊണ്ട് 35 കിലോ കുറഞ്ഞ് 80 ൽ നിന്ന് 45 ലേക്ക് എത്തി എന്റെ ഭാരം.
അബദ്ധം തിരുത്തി 52 ലേക്ക്
പക്ഷേ ആരോഗ്യം നോക്കാതെയുള്ള തടി കുറക്കലിന്റെ ഭാഗമായി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ശരീരത്തിന് പ്രതിരോധ ശേഷി കുറഞ്ഞു, കണ്ണെല്ലാം കുഴിഞ്ഞു ആകെ കോലം കെട്ടു. അങ്ങനെ ഡോക്ടറെ കണ്ടപ്പോഴാണ് അബദ്ധം മനസിലാവുന്നത്. ഡോക്ടറാണ് പറയുന്നത് ഉയരത്തിന് അനുസരിച്ച് തൂക്കം ഇല്ലെങ്കിൽ അത് ചീത്തയാണെന്ന്. അങ്ങനെയാണ് വീണ്ടും നല്ല രീതിയിലുള്ള ഡയറ്റിങ്ങും വ്യായാമവും ചെയ്ത് 52 ലേക്ക് എത്തിക്കുന്നത്. ഇപ്പോൾ എനിക്കറിയാം എനിക്കെന്തൊക്കെ കഴിക്കാം, എന്ത് കഴിച്ചാൽ തടിക്കും, എന്ത് കഴിച്ചാൽ മെലിയും എന്നെല്ലാം.
ഇപ്പോഴാണ് ഞാൻ ഫിറ്റ് ആയത് എന്ന് പറയാം. 52-54 ഇതിനിടയിൽ ഭാരം നിലനിർത്താൻ ഞാൻ ശ്രമിക്കുന്നുണ്ട്. വണ്ണം കുറഞ്ഞെങ്കിലും ആബ്സ് സെറ്റാക്കാനൊക്കെയുള്ള വ്യായാമങ്ങൾ ഇപ്പോഴും ചെയ്യുന്നുണ്ട്. അത്ര ഫിറ്റ്നസ് ഫ്രീക്ക് ഒന്നുമല്ലെങ്കിലും വർക്കൗട്ട് മുടക്കാറില്ല. 2018ലാണ് ഞാൻ പിന്നെ ഓഡിഷനുകൾ വീണ്ടും പങ്കെടുക്കാൻ തുടങ്ങിയത്.
നിങ്ങളോട് പറയാനുള്ളത്
ജിമ്മിൽ പോയാലേ തടി കുറയ്ക്കാൻ പറ്റൂ, അല്ലെങ്കിൽ ഇതിനി കുറയില്ല സർജറിയേ കാര്യമുള്ളൂ എന്ന് കരുതുന്നവരുണ്ട്. അവരോടൊക്കെ പറയാനുള്ളത് അതെല്ലാം വെറും തെറ്റിദ്ധാരണ മാത്രമാണ്. നമ്മൾ മനസ് വച്ചാൽ നടക്കാവുന്നതേയുള്ളൂ. നമ്മുടെ ശരീരത്തെ കുറിച്ച് നമുക്ക് തന്നെ ധാരണയുണ്ടാവണം. അതിനനുസരിച്ചുള്ള ഡയറ്റും വർക്കൗട്ടുകളും വീട്ടിലിരുന്നും ചെയ്യാവുന്നതേയുള്ളൂ.
തടിയുണ്ടായിരുന്ന സമയത്ത് നല്ല പോലെ ഭക്ഷണം കഴിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. ചെല്ലക്കുട്ടി ആയത് കൊണ്ട് ഭക്ഷണം കഴിപ്പിച്ചിരുന്നതിന്റെ ശരീരത്തിൽ നല്ലപോലെ കണ്ടിരുന്നു. വണ്ണം കുറയ്ക്കാൻ തുടങ്ങിയപ്പോഴാണ് ചോറ് ഒഴിവാക്കുന്നത് നല്ലതാണെന്ന് അറിഞ്ഞത്. അങ്ങനെ ചോറ് , അരിയാഹാരം, പാല്, പഞ്ചസാര ഇതെല്ലാം ഒഴിവാക്കിയാണ് ആദ്യമെല്ലാം ഡയറ്റ് ചെയ്തത്. അങ്ങനെയാണ് പെട്ടെന്ന് മെലിഞ്ഞത്. പക്ഷേ അതത്ര ആരോഗ്യപരമായിരുന്നില്ല, നേരത്തെ പറഞ്ഞല്ലോ. ഇപ്പോൾ പക്ഷേ എനിക്കിഷ്ടമുള്ളതെല്ലാം ഞാനിടയ്ക്ക് കഴിക്കാറുണ്ട്..
എനിക്കെത്ര കലോറി വേണമെന്നും എത്ര കലോറി ഞാൻ എരിച്ച് കളയണമെന്നും എനിക്കിന്ന് കൃത്യമായ ധാരണയുണ്ട്. ജങ്ക് ഫുഡ്സ് തീർത്തും ഒഴിവാക്കണം. വീട്ടിലെ ഭക്ഷണം തന്നെയാണ് എന്നും ആരോഗ്യകരം. കഴിക്കുന്നത് കുറച്ച് കുറച്ചായി കഴിക്കുക. അതായത് ചോറ് കഴിക്കണമെങ്കിൽ ചോറ് കുറച്ചും ധാരാളം കറികളും കഴിക്കുക. പിന്നെ മാംസാഹാരം ഞാനത്ര കഴിക്കാറില്ല.
ഏറ്റവും പ്രധാനം വർക്കൗട്ടാണ്. എത്ര തിരക്കുണ്ടെങ്കിലും ഞാൻ വർക്കൗട്ട് ചെയ്യും. അതിനി എത്ര രാത്രി ആയാലും ശരി വർക്കൗട്ട് മുടക്കില്ല. രാത്രി പന്ത്രണ്ട് മണിക്ക് വരെ വർക്കൗട്ട് ചെയ്ത സമയമുണ്ട്.
സിനിമയാണ് അന്നും ഇന്നും പാഷൻ. അതിനായാണ് ഈ തടി കുറച്ചത് വരെ. സീരിയലുകളിൽ നിന്ന് ഓഫറുകൾ വരുന്നുണ്ട് . പക്ഷേ ഇത്രയും കാത്തിരുന്നില്ലേ സിനിമയിൽ ഒരു നല്ല വേഷം വരുന്നത് വരെ കൂടി കാത്തിരിക്കാം എന്നാണ് എന്റെ തീരുമാനം.
ബുള്ളികളോട് പറയാനുള്ളത്
സ്കൂളിൽ പഠിക്കുമ്പോൾ കളിയാക്കലുകൾ നേരിടേണ്ടി വന്നപ്പോൾ അവർ കുട്ടികളല്ലേ, ചെറുതല്ലേ, അറിവില്ലായ്മ കൊണ്ടല്ലേ എന്നാണ് എന്നോട് അമ്മ പറഞ്ഞിരുന്നത്. അങ്ങനെ നിറത്തിന്റെയോ വണ്ണത്തിന്റെയോ പേരിൽ ആരെയും ഒറ്റപ്പെടുത്താതിരിക്കാനാണ് നമ്മൾ മക്കളോട് പറഞ്ഞു കൊടുക്കേണ്ടത്. കാരണം ആ കളിയാക്കലുകളും മറ്റും മനസിൽ മുറിവായി കിടക്കും കാലങ്ങളോളം. ആരാണ് നാളെ ആരായി തീരുക എന്ന് പറയാനാവില്ലല്ലോ. അധ്യാപകരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. പിന്നെ ബുള്ളികളോട് മറ്റുള്ളവരെ വിഷമിപ്പിക്കുമ്പോൾ നിങ്ങൾക്ക് എന്ത് സന്തോഷമാണ് കിട്ടുന്നത്. ഒരു നേരത്തെ ശ്രദ്ധയ്ക്ക് വേണ്ടി നിങ്ങൾ പറയുന്ന തമാശകൾ മറ്റൊരാളെ അത്ര മാത്രം വേദനിപ്പിക്കുമെന്ന് മനസിലാക്കുക. ഇനി ബുളളിയിങ്ങ് നേരിടുന്നവരോട് ഇതെല്ലാം കാര്യമായി എടുക്കുകയേ വേണ്ട. നമ്മുടെ ശരീരത്തെ ഉപദ്രവിക്കാത്ത ഒരു കാര്യത്തെ എന്തിന് പേടിക്കണം. നമ്മളെക്കൊണ്ട് സാധിക്കുന്നത് ചെയ്ത് കാണിച്ച് കൊടുക്കുക അത്രേയുള്ളൂ
ജിസ്മീസ് ടിപ്സ്
സ്വയം സ്നേഹിക്കുക, സ്വന്തം ശരീരത്തെയും. വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ല, അവനവന് വേണ്ടി അവനവന്റെ ശരീരത്തിന് ആവശ്യമായ വർക്കൗട്ട് സ്ഥിരമായി ചെയ്യുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ജങ്ക് ഫുഡ്സ് ഒഴിവാക്കുക, വെള്ളം നല്ല പോലെ കുടിക്കുക.
Content highlights :Weight loss Journey Model VJ Jisma Jiji Fitness Tips and workout diet plans


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..