
കഴുത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയ്‌ഡ് ഗ്രന്ഥി. വലുപ്പത്തിൽ ചെറുതാണെങ്കിലും പ്രവർത്തനത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണിത്. വളർച്ച, കോശങ്ങളുടെ പുനർനിർമ്മാണം, മെറ്റബോളിസം തുടങ്ങി ശരീരത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളെ പരിപാലിക്കാൻ വേണ്ടിയുള്ള വിവിധ ഹോർമോണുകളെ സ്രവിപ്പിക്കുന്നത് തൈറോയ്‌ഡാണ്. എന്നാൽ ചില അവസ്ഥകൾ മൂലം തൈറോയ്‌ഡ് ഗ്രന്ഥി കൃത്യമായി പ്രവർത്തിക്കാതെ വരും. ഇതോടെ ഗ്രന്ഥിയ്ക്ക് ആവശ്യത്തിന് ഹോർമോണുകളെ സ്രവിപ്പിക്കാനാവാത്ത അവസ്ഥയുണ്ടാകും. ഇത് പല രോഗങ്ങൾക്കും കാരണാകും.
ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് കുറയുന്നു എന്നതാണ് ഹൈപ്പോതൈറോയ്‌ഡിസവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളിലൊന്ന്. അതിനാൽ തന്നെ മെറ്റബോളിസം നിരക്ക് ഉയർത്തുകയും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നത് ഹെപ്പോതൈറോയ്‌ഡിസത്തെ നിയന്ത്രണത്തിൽ നിർത്താൻ സഹായിക്കും. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ഈ പ്രശ്നം പരിഹരിക്കാം. തൈറോയ്‌ഡ് പ്രശ്നത്തെ ഗുരുതരമാക്കുന്ന ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.
ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ
ഗോതമ്പ്, ബാർലി തുടങ്ങിയവയിൽ നിന്ന് സംസ്ക്കരിച്ചെടുക്കുന്ന ഭക്ഷണങ്ങളിൽ കണ്ടുവരുന്ന ഒരു പ്രോട്ടീൻ ആണ് ഗ്ലൂട്ടൻ. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇത് തൈറോയ്‌ഡ് ഹോർമോണുകളുടെ ആഗിരണം തടസ്സപ്പെടുത്തി ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടാകാൻ കാരണമാകുന്നു.
തൈറോയ്‌ഡ് പ്രശ്നത്തിന് മരുന്ന് കഴിക്കുന്നവർ ഗ്ലൂട്ടൻ ഫ്രീ ഡയറ്റ് നോക്കുന്നതാണ് നല്ലത്. ഇത് തൈറോയ്‌ഡ് ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ആട്ടമാവ് പോലെയുള്ള മുഴുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മൈദ പോലെ സംസ്ക്കരിച്ചെടുത്തതോ പോളിഷ് ചെയ്തെടുത്തതോ ആകരുത്. ഓട്സ്, കോൺ, അരി, റാഗി തുടങ്ങിയവയും കഴിക്കാം. ഇവ ഗ്ലൂട്ടൻ ഫ്രീ ആണ്.
കാബേജും ബ്രൊക്കോളിയും
കാബേജ്, ബ്രൊക്കോളി തുടങ്ങിയ ക്രൂസിഫെറസ് പച്ചക്കറികൾ അറിയപ്പെടുന്നത് പോഷകസമൃദ്ധം, നാരുകൾ ധാരാളമായി അടങ്ങിയത് എന്നൊക്കെയാണ്. എന്നാൽ ഇവയിൽ ഗോയിട്രോജൻസ് എന്ന ഒരു വസ്തു അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്‌ഡിന്റെ പ്രവർത്തനത്തെ ബാധിക്കും. ക്രൂസിഫെറസ് വെജിറ്റബിൾസ് അയൊഡിൻ ആഗിരണത്തെ തടസ്സപ്പെടുത്തുകയും തൈറോയ്‌ഡ് ഹോർമോൺ ഉത്‌പാദനത്തെ കുറയ്ക്കുകയും ചെയ്യും.
ക്രൂസിഫെറസ് വെജിറ്റബിൾസ് വലിയ തോതിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഈ പ്രശ്നം ഉണ്ടാകൂ എന്ന് ചില ഗവേഷണങ്ങളിൽ പറയുന്നുണ്ട്. അതിനാൽ ഇവ നിർബന്ധമായും ഉപയോഗിക്കണമെന്നുണ്ടെങ്കിൽ നന്നായി പാകം ചെയ്ത് വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കാം. നന്നായി പാകം ചെയ്യുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന ഗോയിട്രോജൻ പ്രവർത്ത
നം കുറയും.
സോയയും സോയ ഉത്‌പന്നങ്ങളും
സോയയും സോയ മിൽക്കുമൊക്കെ ഐസോഫ്ലാവോനെസ് (isoflavones) ധാരാളമായി അടങ്ങിയതാണ്. ഇത് ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. തൈറോയ്‌ഡ് ഹോർമോൺ ആഗിരണം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയതുമാക്കുന്നു.
കാപ്പി
രാവിലെ ഒരു കാപ്പി കുടിച്ചില്ലെങ്കിൽ സുഖമായില്ല എന്നു തോന്നുന്നവരാണ് പലരും. എന്നാൽ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ദഹനവ്യവസ്ഥയിൽ തൈറോയ്‌ഡ് ഹോർമോണിന്റെ ആഗിരണം തടയുന്നു.
ജങ്ക് ഫുഡും സംസ്കരിച്ച ഭക്ഷണങ്ങളും
പഫ്സും പേസ്ട്രിയും പക്കാവടയും മധുരങ്ങളും ഉൾപ്പടെ വൈകുന്നേരങ്ങളിൽ സ്നാക്ക്സ് ആസ്വദിക്കാത്തവർ കുറവായിരിക്കും. സംസ്ക്കരിച്ച മാംസം, കുപ്പിയിലടച്ച ഡെസേർ്ട്ടുകൾ, പായ്ക്കറ്റിലാക്കിയ ചിപ്സ് തുടങ്ങിയവയിൽ ഉപ്പും മധുരവും എണ്ണയും വലിയ തോതിലാണ് അടങ്ങിയിരിക്കുന്നത്. ഇവ ഒഴിവാക്കണം. ഇവയിൽ ശൂന്യകലോറിയാണുള്ളത്. അതായത് പോഷകങ്ങൾ ഒന്നും തന്നെയില്ല എന്ന്.
ഹൈപ്പോതൈറോയ്‌ഡിസമുള്ളവരിൽ മെറ്റബോളിസം നിരക്ക് കുറവാണ് എന്നതിനാൽ ഇവയിലെ കലോറി കത്തിത്തീരാൻ ബുദ്ധിമുട്ടാണ്. ഇത് അമിതവണ്ണത്തിലേക്ക് നയിക്കും.
മദ്യം
മദ്യം ശരീരത്തിലെ തൈറോയ്‌ഡ് ഹോർമോൺ നിലയെയും തൈറോയ്‌ഡ് ഗ്രന്ഥി ഹോർമോൺ ഉത്‌പാദിപ്പിക്കുന്നതിന്റെ കഴിവിനെയും ബാധിക്കും. മദ്യം മൂഡ് ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യത കൂട്ടും. ഇത് ഹൈപ്പോതൈറോയ്‌ഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തൈറോയ്‌ഡ് പ്രശ്നമുള്ളവർ മദ്യപാനം ഒഴിവാക്കണം.
Content Highlights:Foods to avoid hypothyroidism patients, Health, Thyroid Problems,Hypothyroidism
Published: 05 Dec 2020, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented