പ്രായമേറുന്നതനുസരിച്ച് സ്ത്രീകളിലെ പ്രത്യുല്‍പാദനശേഷി കുറയുമെന്നത് ഒട്ടുമിക്കപേര്‍ക്കും അറിയാവുന്ന സംഗതിയാണ്. പഠനങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. പ്രായം കൂടാതെ സ്ത്രീകളില്‍ പ്രത്യുല്‍പാദനശേഷി കുറയ്ക്കുന്ന മറ്റുഘടകങ്ങളുമുണ്ട്. അമ്മയാകാനൊരുങ്ങുന്നതിനോടൊപ്പം ഇത്തരത്തിലുള്ള ന്യൂനതകളുണ്ടോ എന്ന് പരിശോധിക്കുന്നതും ഉണ്ടെങ്കില്‍ അവ പരിഹരിക്കാനുള്ള ചികിത്സാമാര്‍ഗ്ഗങ്ങള്‍ തേടുന്നതും നല്ലതാണെന്ന് സ്ത്രീരോഗവിദഗ്ധര്‍ പറയുന്നു.
സ്ത്രീലൈംഗികാവയവത്തിന്റെ പ്രധാനഭാഗമാണ് അണ്ഡാശയം (Ovary). സ്ത്രീകളിലെ പ്രത്യുല്‍പാദന അവയമാണിത്. അണ്ഡാശയത്തില്‍ വെച്ചാണ് അണ്ഡകോശങ്ങള്‍ രൂപാന്തരം പ്രാപിക്കുന്നതും പക്വമായി ബീജസങ്കലനത്തിന് യോഗ്യമായി തീരുന്നതും. സ്ത്രീകള്‍ക്ക് പ്രായം കൂടുന്തോറും അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം കുറയും. പ്രത്യുല്‍പാദനത്തിനായി അണ്ഡാശയത്തിലുള്ള കരുതല്‍കോശങ്ങള്‍ ക്രമേണ കുറയും. എന്നാല്‍ പ്രായാധിക്യം കൂടാതെ മറ്റുഘടകങ്ങള്‍ മൂലവും അണ്ഡങ്ങളുടെ അളവിലും ഗുണത്തിലും കുറവ് സംഭവിക്കാം. ഈ അവസ്ഥയാണ് ഡിമിനിഷ്ഡ് ഒവേറിയന്‍ റിസര്‍വ് (diminished ovarian reserve -DOR). ഡി.ഒ.ആര്‍.സ്ത്രീകളിലെ പ്രത്യുല്‍പാദനശേഷി കുറയാന്‍ കാരണമാകുന്നു.
മുപ്പത്തിയഞ്ച് വയസ്സിനുമുകളില്‍ പ്രായമുള്ള സ്ത്രീകളിലാണ് സാധാരണയായി ഡിഒആര്‍ കണ്ടുവരുന്നത്. ക്രമരഹിതമായ ആര്‍ത്തവം, ഗര്‍ഭം ധരിക്കാന്‍ കഴിയാതിരിക്കുക, ആര്‍ത്തവത്തിന് മുന്നോടിയായുള്ള ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുക എന്നിവയെല്ലാം ഡിഒആറിന്റെ ലക്ഷണങ്ങളാണ്. ഡിഒആറിന്റെ കാരണങ്ങളെ കുറിച്ച് അമ്മയാകാനാഗ്രഹിക്കുന്ന സ്ത്രീകള്‍ ബോധവതികളായിരിക്കേണ്ടത് ആവശ്യമാണ്.
ഡി.ഒ.ആറിന് പിന്നിലെ ഘടകങ്ങള്‍
1. പ്രായം: സ്ത്രീകള്‍ക്ക് പ്രായം കൂടുന്നതിനനുസരിച്ച് അണ്ഡങ്ങളുടെ എണ്ണത്തിലും ഗുണശേഷിയും കുറവ് വരും. ഇത് ഗര്‍ഭധാരണം തടസ്സപ്പെടുത്തുന്നതിന് കാരണമാകും.
2. ജനിതകം: ജനിതകഘടകങ്ങള്‍ പലപ്പോഴും അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതിന് കാരണമാകാറുണ്ട്.
3. ചെറുപ്രായത്തിലെ ശസ്ത്രക്രിയകളും ചികിത്സയും: കീമോതെറാപ്പി, റേഡിയേഷന്‍, ഒവേറിയന്‍ സര്‍ജറി തുടങ്ങിയ ചികിത്സകള്‍ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.
4. ശരീരത്തിന്റെ പ്രതിരോധശേഷിയിലുള്ള വൈകല്യങ്ങള്‍: റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് (RA), ഇന്‍ഫ്‌ളമേറ്ററി ബവ്വല്‍ ഡിസീസ് (IBD), ലൂപസ് എന്നിവ ഡി.ഒ.ആറിന് കാരണമായോക്കും.
5. പുകവലി: പുകവലി പ്രത്യുല്‍പാദനശേഷി കുറയ്ക്കുന്ന പ്രധാനകാരണങ്ങളിലൊന്നാണ്.
6. പരിസ്ഥിതി ഘടകങ്ങള്‍ : ശാരീരികാരോഗ്യത്തെ സാരമായി ബാധിക്കുന്ന പരിസ്ഥിതി ഘടകങ്ങളും ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്തും.
ഡി.ഒ.ആര്‍. നിര്‍ണയിക്കുന്നതെങ്ങനെ?
ഹോര്‍മോണ്‍ പരിശോധന, ആന്‍ട്രല്‍ ഫോളിക്കിള്‍ കൗണ്ട് എന്ന അള്‍ട്രാസൗണ്ട പരിശോധന, ഒവേറിയന്‍ റിസര്‍വ് അസ്സെസ്സ്‌മെന്റ് എന്നിവയിലൂടെ ഇത് സാധ്യമാണ്.
ചികിത്സ
പരിശോധനയിലൂടെ ഡി.ഒ.ആര്‍. സ്ഥിരീകരിച്ചവര്‍ ഗര്‍ഭധാരണത്തിനായി വിദഗ്ധരുടെ സേവനം തേടേണ്ടതാണ്. കൃത്യമായ ചികിത്സാനിര്‍ണയത്തിലൂടെ അമ്മയാകുക എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാം. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ( IVF) പോലുള്ളവ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. അണ്ഡശീതികരണം മറ്റൊരു ഫലപ്രദമായ രീതിയാണ്. അണ്ഡം ശേഖരിച്ച് ശീതികരിച്ച് പിന്നീട് ബീജസങ്കലനത്തിനായി ഉപയോഗിക്കുന്ന രീതിയാണിത്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും സമീകൃതാഹാരശീലത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കുന്നതിലൂടെയും മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുന്നതിലൂടെയും ശാരീരികാരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നത് ഗര്‍ഭധാരണത്തേയും സഹായിക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
Content Highlights: Diminished Ovarian Reserve (DOR), its causes, symptoms, diagnosis, and treatment
Published: 30 Nov 2024, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented