യഥാർത്ഥ സംരക്ഷണം എന്നത് എല്ലാ വെല്ലുവിളികളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം പ്രതികൂല സാഹചര്യങ്ങളെ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ അവരെ പഠിപ്പിക്കുകയാണ്. “Let your children learn and unlearn on their own, let them fall and stand up on their own” എന്നത് എല്ലാ മാതാപിതാക്കളും ഓർക്കുക. മാതാപിതാക്കൾ അമിത സംരക്ഷണം നൽകിക്കൊണ്ട് കുട്ടികളെ സുരക്ഷിതമായും സന്തോഷത്തോടെയും നിലനിർത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും അവരുടെ അമിതമായ ജാഗ്രത കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് തിരിച്ചടിയാകുന്നു.
അമിത സംരക്ഷണം നൽകാനുള്ള കാരണങ്ങൾ എന്തൊക്കെയാകാം?
- ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച കുട്ടി: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കുട്ടിയാണെങ്കിൽ മാതാപിതാക്കൾ പലപ്പോഴും അമിത ജാഗ്രത പുലർത്തുന്നു.
- ഒൺലി ചൈൽഡ് സിൻഡ്രോം: ഒരേയൊരു കുട്ടിയാണ് ഉള്ളതെങ്കിൽ അമിതമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കൾക്ക് തോന്നിയേക്കാം.
- സിംഗിൾ പാരന്റിംഗ്: അമ്മയുടെയോ അച്ഛന്റെയോ മാത്രം സംരക്ഷണത്തിൽ വളരുന്ന കുട്ടികൾ ആണെങ്കിൽ അവരുടെ കാര്യത്തിൽ രക്ഷിതാവ് അമിത സംരക്ഷണം നൽകുന്ന സാഹചര്യം ഉണ്ടാകാം.
- അപ്പൂപ്പനും അമ്മൂമ്മയും കുട്ടികളെ വളർത്തുമ്പോൾ: പഴയ തലമുറയിലെ ആൾക്കാരിൽ സംരക്ഷണ സമീപനം കൂടുതലായി കാണാറുണ്ട്.
- കുട്ടികളുടെ ആദ്യ അധ്യാപകരെന്ന നിലയിൽ മാതാപിതാക്കൾ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവരുടെ മാർഗനിർദ്ദേശം നിർണായകമാണ്. എന്നാൽ അമിതമായി സംരക്ഷണം നൽകുന്നത് ഭാവിയിൽ പല പ്രശ്നങ്ങൾക്കും വഴിയൊരുക്കും.
അമിത സംരക്ഷണത്തിന്റെ അനന്തരഫലങ്ങൾ
- അമിതമായി നിയന്ത്രിക്കുന്ന ചുറ്റുപാടുകളിൽ വളർന്ന കുട്ടികൾ പലപ്പോഴും നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. അതിൽ പ്രധാനപ്പെട്ടവയാണ് താഴെ പറയുന്നവ
- ഉത്കണ്ഠയും പരാജയത്തേക്കുറിച്ചുള്ള നിരന്തരമായ ഭയവും.
- പുതിയതോ വെല്ലുവിളി നിറഞ്ഞതോ ആയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ വിട്ടുമാറി നിൽക്കുന്ന പെരുമാറ്റ രീതികൾ.
- തീരുമാനമെടുക്കുന്നതിന് മറ്റുള്ളവരെ അമിതമായി ആശ്രയിക്കുക.
- സ്വന്തം ആഗ്രഹങ്ങൾ തുറന്നു പറയാനുള്ള ബുദ്ധിമുട്ട്.
- സമപ്രായക്കാരുമായുള്ള സാമൂഹിക ഇടപെടലുകളിൽ ആത്മവിശ്വാസക്കുറവ്.
- മറ്റുള്ളവർ കളിയാക്കുമോ എന്ന പേടിയിൽ നിലകൊണ്ട് വരിക.
ഇത്തരം സാഹചര്യങ്ങളിൽ വളരുന്ന കുട്ടികളിൽ പലപ്പോഴും സ്വയം നിയന്ത്രണത്തിന്റെ അഭാവവും അതുമൂലം പരിധിവിട്ട രീതിയിലേക്ക് ജീവിതരീതി മാറാനും സാധ്യതയുണ്ട്.
അമിത സംരക്ഷണം ലഭിക്കുന്ന സാഹചര്യത്തിൽ ചെയ്യേണ്ടതെന്ത്?
- നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ചുള്ള തീരുമാനങ്ങളും അതിന്റെ ഫലവും സ്വയം ഏറ്റെടുക്കുക.
- സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ പരിധി നിശ്ചയിക്കുക.
- സ്വന്തം കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി ഒരു വ്യക്തിഗത ദിനചര്യ പാലിക്കുക.
- മറ്റുള്ളവരോടുള്ള ഇടപെടൽ ഒരു പരിധിവരെ നിലനിർത്തിക്കൊണ്ട് സ്വന്തം കാര്യങ്ങൾക്കായി സമയം മാറ്റിവയ്ക്കുക.
- മാതാപിതാക്കളെ അവർക്ക് താല്പര്യമുള്ള വിനോദ പ്രവർത്തിയിൽ ഏർപ്പെടാനും സമപ്രായക്കാരുമായുള്ള ആശയവിനിമയത്തിൽ ഏർപ്പെടാനും പ്രോത്സാഹിപ്പിക്കുക.
- ജീവിതത്തെ തൃപ്തികരമാംവിധം മുന്നോട്ടു കൊണ്ടുപോകുന്നതിനായി self-care, self-love എന്നിവ കൂടി പരിഗണിക്കുക.
- നിങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചും അതിരുകളെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ടായിരിക്കണം. അതിൽ ഉറച്ചുനിന്ന് അതിനുവേണ്ടി പ്രവർത്തിക്കുക.
- സംരക്ഷണം അത്യന്താപേക്ഷിതമാണെങ്കിലും അമിത സംരക്ഷണം കുട്ടികളുടെ വളർച്ചയെ വിപരീതമായി ബാധിക്കാം. ആത്മവിശ്വാസമുള്ള, കഴിവുള്ള, പ്രതികരണശേഷിയുള്ള വ്യക്തികളായി നമ്മുടെ കുഞ്ഞുങ്ങൾ വളരാൻ അവരുടെ ചിറകുകൾക്ക് ഭാരം നൽകാതെ അത് സ്വതന്ത്രമാക്കാം.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ ചൈൽഡ് തെറാപ്പിസ്റ്റാണ് ലേഖിക
Content Highlights: dangers of overprotective parenting
Published: 14 Jan 2025, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented