ലോക്ക്ഡൗണുകളും മറ്റ് നിബന്ധനകളും മൂലം കോവിഡ് മഹാമാരിക്കാലത്ത് കുട്ടികള്‍ മാനസികമായി വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അധ്യാപകരെയും സഹപാഠികളെയും നേരിട്ട് കാണാതെയും അവരുമായി ഇടപഴകാതെയും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠനം നടത്തുന്ന രണ്ടാമത്തെ അധ്യയന വര്‍ഷമാണിത്. ഇത്തരം നിരവധി കാരണങ്ങള്‍ ഈ കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ആരോഗ്യനിലയെ ബാധിക്കാനിടയുണ്ട്. അക്കാര്യങ്ങളക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍

കോവിഡ് 19 വ്യാപിച്ചിരിക്കുന്ന ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന ഒരു വിഭാഗം കുട്ടികളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കുട്ടികള്‍ സ്‌കൂളില്‍ പോകാതായിട്ട്. മുന്‍പൊരിക്കലും ഇത്തരത്തില്‍ വീട്ടില്‍ തന്നെ അടച്ചിരിക്കേണ്ട അവസ്ഥ കുട്ടികള്‍ക്ക് ഉണ്ടായിട്ടില്ല. പഠനത്തിനും വിനോദത്തിനുമെല്ലാം മൊബൈലും ടിവിയും കംപ്യൂട്ടറുമൊക്കയാണ് എല്ലാവരും ആശ്രയിക്കുന്നത്. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി തന്നെ സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും അവരുടെ പഠനം, മറ്റ് കഴിവുകളുടെ വികാസം എന്നിവ തടസ്സമില്ലാതെ മുന്നോട്ട് പോകാന്‍ മാതാപിതാക്കള്‍  ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. 

സംരക്ഷണ സമ്പര്‍ക്ക നിയന്ത്രണവും കുട്ടികളും

കോവിഡിന്റെ ആദ്യതരംഗം മുതല്‍ ഏറ്റവും അപകടസാധ്യതയുള്ള വിഭാഗങ്ങളായി കണക്കാക്കിയിരുന്നത് വയോജനങ്ങളെയും കുട്ടികളെയുമാണ്. ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചപ്പോഴും ഈ രണ്ട് കൂട്ടര്‍ക്കും ഇളവുണ്ടായിരുന്നില്ല. പുറത്തിറങ്ങാന്‍ ഇവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. സംരക്ഷണ സമ്പര്‍ക്ക നിയന്ത്രണം അഥവാ റിവേഴ്‌സ് ക്വാറന്റീന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ നിയന്ത്രണം മൂലമാണ് കുട്ടികള്‍ക്ക് വീടിന് പുറത്തുപോകാനും സ്‌കൂളില്‍ പോകാനും സാധിക്കാതെ വന്നത്. 

വിജ്ഞാന വിനിമയവും കുട്ടികളുടെ സാമൂഹികവത്ക്കരണവുമാണ് വിദ്യാഭ്യാസത്തിന്റെ രണ്ട് ലക്ഷ്യങ്ങള്‍. മറ്റ് കുട്ടികളോടും അധ്യാപകരോടും ഇടപെടുക വഴി താനൊരു സാമൂഹിക ജീവിയാണെന്ന ബോധ്യം കുട്ടിക്കുണ്ടാവുകയും അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുകയും ചെയ്തിരുന്നു. അത് തടസ്സപ്പെട്ടത് കുട്ടികളുടെ സ്വഭാവത്തെ ബാധിക്കുന്നുണ്ട്. 

കുട്ടികളിലെ ഡിജിറ്റല്‍ അടിമത്തം

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നമാണ് ഡിജിറ്റല്‍ അടിമത്തം. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ടാബ് ലെറ്റുകള്‍ തുടങ്ങിയവയില്‍ കുരുങ്ങിപ്പോയി കുട്ടികളുടെ ലോകം. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ലോഗിന്‍ ചെയ്യുന്ന ചില കുട്ടികളെങ്കിലും വീഡിയോയും ഓഡിയോയും ഓഫ് ചെയ്ത് മറ്റ് വിന്‍ഡോകള്‍ തുറന്ന് ഓണ്‍ലൈന്‍ ഗെയിമുകള്‍, ഓണ്‍ലൈന്‍ ചാറ്റ് എന്നിവയില്‍ പെട്ടുപോകുന്നത് പതിവാണ്. അശ്ലീല സൈറ്റുകളിലെയും സന്ദര്‍ശകരായി ചില കുട്ടികള്‍ മാറിയിട്ടുണ്ട്. ക്ലാസ് മുഴുവന്‍ ഓണ്‍ലൈനായി നടക്കുമ്പോള്‍ തന്നെ ക്ലാസിന് ശേഷവും ഹോംവര്‍ക്കും അസൈന്‍മെന്റുമൊക്കെ ഉണ്ടെന്ന പേരും പറഞ്ഞ് രാത്രി വളരെ വൈകിയും ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ തന്നെ സമയം ചെലവിടുന്ന കുട്ടികളുമുണ്ട്. ഇതുമൂലം ഇവര്‍ വളരെ വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. കുട്ടികളുടെ ദിനചര്യ താളം തെറ്റുകയാണ് ഇതുമൂലമുണ്ടാകുന്നത്. 

ഐ.ടിക്കാരില്‍ മാത്രമല്ല കുട്ടികളിലുമുണ്ട് ഇപ്പോള്‍ ഉറക്കപ്രശ്‌നങ്ങള്‍

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഐ.ടി. ജോലിക്കാരിലും മറ്റും മാത്രം കണ്ടിരുന്ന ഒരു ഉറക്കപ്രശ്‌നമാണ് ഡിലേയ്ഡ് സ്ലീപ് വേക്ക് ഫേസ് ഓണ്‍സെറ്റ് ഡിസോര്‍ഡര്‍. രാത്രി വളരെ വൈകി ഉറങ്ങിയാലും അടുത്ത ദിവസം രാവിലെ ഓണ്‍ലൈന്‍ ക്ലാസില്‍ നേരത്തെ തന്നെ ലോഗിന്‍ ചെയ്യേണ്ടതിനാല്‍ രാവിലെ ഉണരാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ഇതുമൂലം തലച്ചോറിന് ആവശ്യത്തിന് വിശ്രമം കിട്ടാന്‍ വേണ്ടത്ര ഉറക്കം ഇവര്‍ക്ക് ലഭിക്കുന്നില്ല എന്ന പ്രശ്‌നമുണ്ടാകുന്നു. ഉറക്കം കുറയുന്നതു മൂലം രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് ഉണ്ടാവുക. പകല്‍ പഠിക്കുന്ന കാര്യങ്ങള്‍ തലച്ചോറില്‍ വ്യക്തമായി ഉറയ്ക്കുന്നില്ല എന്നതാണ് ആദ്യത്തെ കാര്യം. പകല്‍ തലച്ചോറിലെ കോശങ്ങളിലെ ചയാപചയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ പുറന്തള്ളപ്പെടാത്തതു മൂലം തലച്ചോറില്‍ ആ മാലിന്യങ്ങള്‍ അടഞ്ഞുകൂടി മന്ദതയും ശ്രദ്ധക്കുറവും ഉണ്ടാവുന്നു. 

ഗെയിമുകളില്‍ കുട്ടികള്‍ കൂടുതല്‍ നേരം മുഴുകിയിരിക്കുമ്പോള്‍ അവരില്‍ അമിത വികൃതിയും പിരുപിരിപ്പും ശ്രദ്ധക്കുറവും എടുത്തുചാട്ടവും കാണാനാകും. ദീര്‍ഘനേരം ഗെയിം കളിക്കുന്ന കുട്ടികളുടെ തലച്ചോറിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവില്‍ വ്യത്യാസമുണ്ടാകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തലച്ചോറിന്റെ രണ്ട് അര്‍ധഗോളങ്ങളും തമ്മിലുള്ള ഏകോപനക്കുറവിനും ശ്രദ്ധക്കുറവിനും ഇത് കാരണമാകുന്നുണ്ട്. എടുത്തുചാട്ട സ്വഭാവവും പിരുപിരുപ്പും ഉണ്ടാകാന്‍ ഇതാണ് കാരണമാകുന്നത്. 

online class
Photo: AFP

കൗമാരക്കാരായ കുട്ടികളില്‍ ചിലര്‍ സമൂഹമാധ്യമങ്ങള്‍ക്കും അശ്ലീല വെബ്‌സൈറ്റുകള്‍ക്കും അടിമയാകുന്ന സാഹചര്യം ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. ഡേറ്റിങ് ആപ്പുകളുടെ അമിതമായ ഉപയോഗമാണ് അടുത്തകാലത്തായി കണ്ടുവരുന്ന മറ്റൊരു ശീലം. ഇതുവരെ നേരിട്ട് കാണാത്ത, വിദൂരസ്ഥലത്തുള്ള ആളുകളുമായി ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിക്കാനും ഇത് കാരണമാകുന്നു. ഇത്തരം പരിചയക്കാര്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അവസ്ഥകളും ഈ ലോക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

മൊബൈല്‍ അടിമത്തവും കുട്ടികളിലെ വിഷാദരോഗവും

ദീര്‍ഘകാല മൊബൈല്‍ അടിമത്തം ചില കുട്ടികളില്‍ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സങ്കടം, ഒന്നും ആസ്വദിക്കാന്‍ സാധിക്കാത്ത മാനസികാവസ്ഥ, കാരണമില്ലാത്ത ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും വേഗം കുറയുന്ന അവസ്ഥ, നിരാശ, പ്രതീക്ഷ ഇല്ലായ്മ, ആത്മഹത്യാ പ്രവണത എന്നിവയാണ് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളില്‍ അഞ്ചെണ്ണമെങ്കിലും രണ്ടാഴ്ച തുടര്‍ച്ചയായി നീണ്ടുനിന്നാല്‍ ആ കുട്ടിക്ക് വിഷാദരോഗം ഉണ്ടോ എന്ന് സംശയിക്കണം. ചികിത്സിക്കാതെ പോകുന്ന വിഷാദരോഗം ആത്മഹത്യകള്‍ക്ക് കാരണമാകും. അതിനാല്‍ കഴിഞ്ഞ വര്‍ഷം സ്‌കൂളുകള്‍ അടഞ്ഞുകിടന്ന കാലത്ത് കുട്ടികളുടെ ആത്മഹത്യാനിരക്കില്‍ വലിയ കുറവ് വന്നില്ല എന്നത് വളരെയധികം ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു കാര്യമാണ്.

അക്കാദമിക്കായോ വീടിന് പുറത്തോ ഉണ്ടാകുന്ന സമ്മര്‍ദങ്ങള്‍ക്ക് പകരം മൊബൈല്‍ അടിമത്തവും അനുബന്ധപ്രശ്‌നങ്ങളും വിഷാദത്തിന് വഴി തെളിക്കുന്നുവെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍. ചില കുട്ടികളിലെങ്കിലും അമിതമായ ദേഷ്യവും അമിത ഉത്കണ്ഠാ ലക്ഷണങ്ങളും ഈ മൊബൈല്‍ അടിമത്തം മൂലം ഉണ്ടാകാറുണ്ട്. ഒരു ദിവസം മൊബൈല്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തലവേദന, അമിതമായ നെഞ്ചിടിപ്പ്, കൈകാലുകള്‍ക്ക് വിറയല്‍, തലയ്ക്ക് പെരുപ്പ് എന്നിവ തൊട്ട് അക്രമ സ്വഭാവവും സ്വയം മുറിവേല്‍പ്പിക്കുന്ന പ്രവണതയും വരെ കുട്ടികളില്‍ കാണപ്പെടാറുണ്ട്. 

online class
File Photo

ഈ പ്രശ്‌നങ്ങളില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് കുട്ടികളെ വളര്‍ത്തുന്നത് വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ഒരു ജോലിയാണ്. ഇതില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികളുടെ ദിനചര്യ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുക. ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും നിശ്ചയിച്ച് അത് കൃത്യമായി പാലിക്കാന്‍ കുട്ടികളെ നിഷ്‌കര്‍ഷിക്കുക. രാത്രിയില്‍ ഉറങ്ങുന്ന സമയം 12 മണി കഴിയാന്‍ പാടില്ല എന്നത് കൗമാരപ്രായക്കാര്‍ക്ക് പോലും നിര്‍ബന്ധം ഉള്ള കാര്യമാണ്. ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിന്‍ എന്നൊരു രാസവസ്തു തലച്ചോറിലെ പീനിയല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്നുണ്ട്. പൂര്‍ണമായി ഇരുട്ടാകുമ്പോഴാണ് ഈ മെലാട്ടോണിന്‍ ഉത്പാദനം ഉണ്ടാകുന്നത്. രാത്രി 11 നും 12 നും ഇടയില്‍ മെലാട്ടോണിന്‍ ഉത്പാദനം അതിന്റെ പരമാവധിയിലേക്കെത്തുകയും രാവിലെ ആറുമണി വരെ ഇത് അതേ അളവില്‍ തന്നെ നില്‍ക്കുകയും ചെയ്യും. ആറുമണിയോടെ സൂര്യപ്രകാശം വീഴുമ്പോള്‍ മെലാട്ടോണിന്റെ ഉത്പാദനം കുറഞ്ഞുവരുകയും ചെയ്യും. 

മെലാട്ടോണിന്‍ ഉത്പാദനം അതിന്റെ പരമാവധിയിലേക്കെത്തുമ്പോഴാണ് തടസ്സമില്ലാത്ത തുടര്‍ച്ചയായ സുഖനിദ്ര കിട്ടാന്‍ ഏറ്റവും നല്ല സമയം. ഇക്കാരണം കൊണ്ട് ഈ സമയത്ത് കുട്ടികളെ ഉറങ്ങാന്‍ ശീലിപ്പിക്കുന്നതായിരിക്കും നല്ലത്. പലപ്പോഴും കൗമാരപ്രായക്കാരായ കുട്ടികള്‍ പോലും നല്ല ഉറക്കം കിട്ടുന്നില്ല എന്ന പരാതി അടുത്ത കാലത്ത് ഉന്നയിക്കുന്നുണ്ട്. അവര്‍ക്ക് സുഖകരമായ ഉറക്കം കിട്ടാന്‍ അവരെ ശീലിപ്പിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിദ്രാശുചിത്വ വ്യായാമങ്ങള്‍(Sleep Hygiene Exercise ) എന്നാണ് ഇവ അറിയപ്പെടുന്നത്. 

പ്രധാനപ്പെട്ട നിദ്രാശുചിത്വ വ്യായാമങ്ങള്‍ 

* എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുന്ന സമയവും ഉണരുന്ന സമയവും കൃത്യമായി നിലനിര്‍ത്തുക. 
* ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുന്‍പുള്ള ഒരു മണിക്കൂര്‍ നേരമെങ്കിലും മൊബൈല്‍ഫോണ്‍ അടക്കമുള്ള എല്ലാ ദൃശ്യമാധ്യമങ്ങളും മാറ്റിവെക്കുക. 
* ചെറിയ കുട്ടികള്‍ക്ക് എട്ടുമണിക്കൂറെങ്കിലും ഉറക്കം ഉറപ്പുവരുത്തേണ്ടതാണ്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കൗമാരപ്രായക്കാര്‍ ആണെങ്കിലും അവര്‍ക്കും കുറഞ്ഞത് ആറുമണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണ്. 
* ഉച്ചയ്ക്ക് ശേഷം ചായ, കാപ്പി, കോള തുടങ്ങി തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന കഫീന്‍ അടങ്ങിയ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക. 
* ഉറങ്ങുന്നതിന് ഏകദേശം അഞ്ച്- ആറ് മണിക്കൂര്‍ മുന്‍പ് ദിവസേന ഒരു മണിക്കൂര്‍ നേരമെങ്കിലും സൂര്യപ്രകാശം കിട്ടുന്നതരത്തില്‍ വ്യായാമം ചെയ്യുക. വീടിന്റെ മുറ്റത്ത് തന്നെ വേഗത്തില്‍ നടക്കാം, ഓടാം, സൈക്കിള്‍ ചവിട്ടാം എന്നിവയൊക്കെ ഈ കാലഘട്ടത്തിലും ചെയ്യാം. സൂര്യപ്രകാശം ലഭിക്കുന്നത് വഴി ശരീരത്തില്‍ ആവശ്യമായ വിറ്റാമിന്‍ ഡിയുടെ ഉത്പാദനം നടക്കുന്നു. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും കായികക്ഷമതയ്ക്കും തലച്ചോറിന്റെ വിജ്ഞാന വിശകലന ശേഷിക്കും രോഗപ്രതിരോധ ശക്തിക്കും വരെ വിറ്റാമിന്‍ ഡി പ്രധാനമാണ്. കോവിഡ് രോഗബാധയുടെ സാധ്യതയും തീവ്രതയും വരെ വിറ്റാമിന്‍ ഡി കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വിറ്റാമിന്‍ ഡിയുടെ ഉത്പാദനം നടക്കാന്‍ സൂര്യപ്രകാശം കൊള്ളേണ്ടത് അത്യാവശ്യമാണ്. 

വ്യായാമം ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യകരമാണ്. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുന്‍പായി കണ്ണടച്ചുകിടന്ന് ഏതെങ്കിലുമൊരു റിലാക്‌സേഷന്‍ വ്യായാമം ശീലിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ നല്ലതാണ്. ദീര്‍ഘശ്വസന വ്യായാമങ്ങള്‍, പ്രോഗ്രസ്സീവ് മസില്‍ റിലാക്‌സേഷന്‍, ധ്യാനം, യോഗ തുടങ്ങി ഏതെങ്കിലും ഒന്ന് കിടക്കുന്നതിന് മുന്‍പ് ചെയ്യാവുന്നതാണ്. 

planting tree
File Photo

ഉണര്‍ന്നതിന് ശേഷം പകല്‍ സമയത്ത് കുട്ടികള്‍ ചെയ്യുന്നത് എന്താണെന്ന് ക്രമീകരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കാരണം അലസമായി ഇരിക്കുമ്പോള്‍ മൊബൈല്‍ അടിമത്തം അടക്കമുള്ള പ്രശ്‌നങ്ങളിലേക്ക് കുട്ടികള്‍ നീങ്ങും. രാവിലെ ഉണര്‍ന്നെഴുന്നേറ്റ ഉടന്‍ തന്നെ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷം ഇളംവെയില്‍ കൊണ്ട് അരമണിക്കൂര്‍ നേരം വ്യായാമം ചെയ്യുന്നത് നല്ലതാണ്. വ്യായാമം വഴി വിറ്റാമിന്‍ ഡിയുടെ ഉത്പാദനം ഉണ്ടാകും. അതുപോലെ തന്നെ തലച്ചോറിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവ് വര്‍ധിക്കാന്‍ വ്യായാമം സഹായിക്കുന്നു. ഡോപ്പമിന്‍ ആണ് ഏകാഗ്രതയുടെ ഏറ്റവും പ്രധാന നിയന്ത്രണ ശക്തി. കൃത്യമായി വ്യായാമം ചെയ്യുന്ന കുട്ടികളില്‍ ഡോപ്പമിന്റെ അളവ് കൂടും. ഇതുമൂലം ഏകാഗ്രതയോടെ പഠിക്കാന്‍ അവര്‍ക്ക് സാധിക്കും. തലച്ചോറിലെ എന്‍ഡോര്‍ഫിന്‍സ് എന്ന രാസവസ്തുവും വ്യായാമത്തിന്റെ ഫലമായി കൂടും. എന്‍ഡോര്‍ഫിനുകളുടെ അളവ് കൂടുന്നത് സന്തോഷവും ഉന്‍മേഷവും ലഭിക്കാന്‍ കുട്ടികള്‍ക്ക് സഹായമാകും. ഇത്തരം കുട്ടികള്‍ക്ക് വിഷാദം പോലെയുള്ള പ്രയാസങ്ങള്‍ വരാന്‍ സാധ്യത കുറവാണ്. തലച്ചോറടക്കമുള്ള എല്ലാ അവയവങ്ങളിലേക്കും രക്തയോട്ടം കൂടാന്‍ വ്യായാമം സഹായിക്കും. 

ഓര്‍ക്കണം ചില കാര്യങ്ങള്‍

കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെയാണോ കാണുന്നത് എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പഠനത്തിന് വേണ്ടി തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് ശ്രദ്ധിക്കണം. ക്ലാസില്ലാത്ത ദിവസങ്ങളില്‍ പാചകമടക്കമുള്ള സകല വീട്ടുകാര്യങ്ങളിലും ആണ്‍-പെണ്‍ ഭേദമന്യേ കുട്ടികളെ സഹകരിപ്പിക്കണം. വീട് വൃത്തിയാക്കല്‍ ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളിലും മാതാപിതാക്കളും കുട്ടികളും ഒന്നിച്ചും പങ്കെടുക്കണം. ഇത് പരസ്പരമുള്ള മാനസിക അടുപ്പം വര്‍ധിക്കാന്‍ സഹായകമാകും. പച്ചക്കറി തോട്ടം നട്ടുവളര്‍ത്താന്‍ ശ്രമിക്കാം. ഒരു ചെടി നട്ടുവളര്‍ത്തി വലുതാക്കുന്നത് ഒരു കൊച്ചുകുട്ടിയെ വളര്‍ത്തുന്നതിന് തുല്യമായ പ്രക്രിയയാണ്. ഇതുവഴി ഒരു വ്യക്തിയുടെ മനസ്സില്‍ അനുതാപം(എംപതി) എന്ന ഗുണം രൂപപ്പെടാന്‍ സഹായിക്കും. 

കുട്ടികള്‍ക്കായി മാറ്റിവയ്ക്കാം അല്പം സമയം

ദിവസവും അരമണിക്കൂര്‍ എങ്കിലും കുട്ടികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. ഈ സമയത്തെ ക്വാളിറ്റി ടൈം എന്ന് വിശേഷിപ്പിക്കാറുണ്ട്. കുട്ടികളെ ശാസിക്കാനോ ശിക്ഷിക്കാനോ ഉള്ള സമയമല്ല ഇത്. കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള സമയമാണിത്. ഒപ്പം അവരുടെ സംശയങ്ങള്‍ തീര്‍ക്കാനുള്ള സമയമായിട്ട് കരുതുകയും വേണം. ഇതുവഴി കുട്ടികളുടെ ആശയവിനിമയശേഷി മെച്ചപ്പെടാനും അവരുമായി ആഴത്തിലുള്ള ഒരു സൗഹൃദം സ്ഥാപിക്കാനും മാതാപിതാക്കള്‍ക്ക് അവസരം ലഭിക്കും. പ്രണയം, സൗഹൃദം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരം തേടാന്‍ അധ്യാപകരുടെയും കുടുംബ ഡോക്ടര്‍മാരുടെയും സഹായം തേടാം. കുട്ടികള്‍ ഇതിന്റെ ഉത്തരങ്ങള്‍ തേടി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നത് അബദ്ധ ധാരണകള്‍ക്ക് വഴിയൊരുക്കും. 

കുട്ടികളുടെ മുന്‍പില്‍ വഴക്കടിക്കരുത്

കോവിഡ് മഹാമാരിയും ലോക്ഡൗണും മുതിര്‍ന്നവരുടെ മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിച്ചിരിക്കുന്നതിനാല്‍ അവര്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതൊന്നും കുട്ടികളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളുടെ മുന്‍പില്‍ വെച്ച് വഴക്കടിക്കാനോ ചീത്ത വാക്കുകള്‍ പറയാനോ നില്‍ക്കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ സംവാദ രീതിയില്‍ മാത്രമേ അവതരിപ്പിക്കാവൂ. അല്ലാത്ത പക്ഷം കുട്ടികളുടെ മനസ്സില്‍  മാതാപിതാക്കളോടുള്ള ബഹുമാനം ഇല്ലാതാകും. ഇത്തരത്തില്‍ വളരുന്ന കുട്ടികളെ ഭാവിയില്‍ അച്ചടക്കം പരിശീലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. കുട്ടികള്‍ ഉള്ളപ്പോള്‍ മദ്യപാനം, പുകവലി എന്നിവയും ഒഴിവാക്കണം. 

കുട്ടികളുടെ ഡിജിറ്റല്‍ അടിമത്തം എങ്ങനെ തടയാം

മാതാപിതാക്കളുടെ പലരുടെയും സംശയമാണിത്. കുട്ടികള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറിന് കീ ലോഗര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ചില പേരന്റല്‍ കണ്‍ട്രോള്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഉദാഹരണമായി ആര്‍ഡമാക്‌സ് കീ ലോഗര്‍. ഇതുപയോഗിച്ച് കുട്ടികളുടെ കംപ്യൂട്ടറിന്റെ ഉപയോഗ സമയം നിയന്ത്രിക്കാനാകും. അതില്‍ കുട്ടികള്‍ മോശപ്പെട്ട കാര്യങ്ങള്‍ തിരയുന്നത് നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ എംസ്‌പൈ(Mspy) പോലെയുള്ള ആപ്പുകള്‍ ഉപയോഗിച്ച് മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം. ഇതിനായി ഈ ആപ്പ് കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. അപ്പോള്‍ അവര്‍ ആ മൊബൈല്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നെല്ലാം സ്‌ക്രീന്‍ഷോട്ടായി മാതാപിതാക്കള്‍ക്ക് ലഭിക്കും. എന്നാല്‍ ഇവയ്‌ക്കെല്ലാം പണം കൊടുക്കേണ്ടതുണ്ട്. അതിനാല്‍ ഇവയ്ക്ക് പകരം ഉപയോഗിക്കാവുന്ന സൗജന്യ മാര്‍ഗങ്ങളും നിലവിലുണ്ട്. ഇവയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിള്‍ ഫാമിലി ലിങ്ക് എന്ന ആപ്പ്. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പ് ആദ്യം മാതാപിതാക്കള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. Google family link for Parents എന്ന ആപ്പാണ് മാതാപിതാക്കള്‍ സ്വന്തം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.  അതിനുശേഷം കുട്ടികളുടെ ഫോണില്‍ Google family link for children and teams എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. കുട്ടികള്‍ക്ക് ഒരു ജിമെയില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷമാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. ഇതിനുശേഷണ്‍ ഈ രണ്ട് മൊബൈലുകള്‍ തമ്മില്‍ ലിങ്ക് ചെയ്താല്‍ കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെ ഫലപ്രദമായി മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം. കുട്ടികള്‍ എത്ര മണിക്കൂര്‍ ഒരു ദിവസം മൊബൈല്‍ ഉപയോഗിക്കണം, എത്ര തവണ മൊബൈല്‍ അണ്‍ലോക്ക് ചെയ്യണം എന്നിവ തീരുമാനിക്കാം. ഏതെങ്കിലും സൈറ്റുകള്‍ കാണാതിരിക്കേണ്ടതുണ്ടെങ്കില്‍ അത് ബ്ലോക്ക് ചെയ്യാം. ഇത്തരം നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയാല്‍ കുട്ടികള്‍ ഡിജിറ്റല്‍ അടിമത്തത്തിലേക്ക് പോകുന്നത് തടയാം. തീവ്രമായ മൊബൈല്‍ അടിമത്തത്തിലേക്ക് പോയ കുട്ടികളെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ വിദഗ്ധ ചികിത്സ ആവശ്യമായി വന്നേക്കാം. മൊബൈല്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ തീവ്രമായ പിന്‍വാങ്ങല്‍ ലക്ഷണങ്ങളും കഠിനമായ ദേഷ്യവും അസ്വസ്ഥതകളും പ്രകടിപ്പിക്കുന്ന കുട്ടികളെ ചികിത്സയിലൂടെ രക്ഷപ്പെടുത്താനാകും. 

കുട്ടികളുടെ മാനസികാരോഗ്യം തകരുന്നുണ്ടോ എന്ന് എങ്ങനെ അറിയാം?

താഴെ പറയുന്ന ലക്ഷണങ്ങള്‍ കാണുമ്പോള്‍ മനസ്സിലാക്കണം കുട്ടികളുടെ മാനസികാരോഗ്യം തകരുന്നു, വിദഗ്ധ ചികിത്സ വേണം എന്ന്.
* ഒട്ടും ഉറക്കമില്ലാതെയോ ഭക്ഷണം കഴിക്കാതെയോ കുട്ടി ഇരിക്കുക. 
* ആത്മഹത്യാ പ്രവണത കാണിക്കുക. 
* ഒട്ടും പഠിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട് പ്രകടിപ്പിക്കുമ്പോള്‍
* മണിക്കൂറുകളോളം മൊബൈലിന് അടിമപ്പെട്ട് ഇരിക്കുന്നത്
* അമിതമായ ദേഷ്യവും ശാരീരിക ആക്രമണ പ്രവണതയും
* അമിത വികൃതിയും ശ്രദ്ധക്കുറവും വളരെ പ്രകടമായി വരുന്ന സന്ദര്‍ഭം

മേല്‍പ്പറഞ്ഞ സന്ദര്‍ഭങ്ങളെല്ലാം കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാവുന്നതാണ്. എങ്കിലും ചികിത്സിക്കേണ്ട സാഹചര്യത്തിലേക്ക് കുട്ടികളെ എത്തിക്കാതിരിക്കുക എന്നതാണ് നാം ശ്രദ്ധിക്കേണ്ടത്. 

തയ്യാറാക്കിയത്
അനു സോളമന്‍

Content Highlights: How online class Covid19 lockdown impacts students mental health, Health, Mental Health, Kids Health, Online Class