നുഷ്യരുടെ ആരോഗ്യത്തിന് ആധാരമായ ഒട്ടേറെ നിർണായകപ്രവർത്തനങ്ങൾ നടത്തുന്ന അവയവമാണ് കരൾ. ആരോഗ്യകരമായ ജീവിതചര്യ, ശരീരത്തിന് ഹാനികരമായ വസ്തുക്കളുടെ വർജനം, ഹെപ്പറ്റൈറ്റിസ് ബാധയ്ക്കെതിരേയുള്ള കുത്തിവെപ്പ്, ക്രമമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധന എന്നിവയിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനാകും. പലരും കരുതുന്നതുപോലെ കടുത്ത മദ്യപാനികളേയും പ്രായമായ പുരുഷന്മാരേയും മാത്രമല്ല കരൾ രോ​ഗം പിടികൂടുന്നത്. മദ്യപിക്കുന്നില്ലെങ്കിൽ പോലും കരളിനെ ബാധിക്കുന്ന രോ​ഗങ്ങളിൽ ഒന്നാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്. സ്ത്രീകളേയും ഈ രോ​ഗം ബാധിക്കുന്നുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ, ജീവിതശൈലിയുമായി ബന്ധപ്പെട്ട ശീലങ്ങൾ, സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകൾ പോലും ഇതിൽ ഒരു പങ്കു വഹിച്ചേക്കാം.

To advertise here,

വിട്ടുമാറാത്ത ക്ഷീണം
ഒരു രാത്രി മുഴുവൻ ഉറങ്ങിയതിനുശേഷവും വല്ലാതെ ക്ഷീണിച്ചിരിക്കുന്നെങ്കിൽ ചിലപ്പോൾ അത് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങളാകാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരു രാത്രി മുഴുവൻ ഉറങ്ങിയതിനു ശേഷവും ജോലി ചെയ്തതുകൊണ്ടോ ഉണ്ടാകുന്ന ക്ഷീണത്തെക്കുറിച്ചല്ല പറയുന്നത്. മറിച്ച്, നമുക്ക് വിശദീകരിക്കാനാകാത്ത ക്ഷീണമുണ്ടാകുന്നെങ്കിൽ ശ്രദ്ധ വേണം. 

മെറ്റബോളിക് പ്രവർത്തനത്തിൽ നിർണായകമാണ് കരൾ. അമിതമായ കൊഴുപ്പിന്റെ ഭാരം വരുന്നത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇതോടെ, കരളിന് പോഷകങ്ങളെ കാര്യക്ഷമമായി സംസ്കരിക്കാനോ ശരീരത്തെ വിഷമുക്തമാക്കാനോ കഴിയില്ല. ഇതിന്റെ ഫലമായാണ് ഫാറ്റി ലിവർ രോ​ഗം ബാധിച്ചവർക്ക് എപ്പോഴും ക്ഷീണം തോന്നുന്നത്.

വയറിന് ചുറ്റുമുള്ള കൊഴുപ്പ്
തുടർച്ചയായി വയറുവീർക്കുന്നതുപോലുള്ള പ്രശ്നങ്ങളുണ്ടെങ്കിലും ശ്രദ്ധിക്കണം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ അത് ചുറ്റുമുള്ള അവയവങ്ങളിൽ സമ്മർദം ചെലുത്താനും അത് അസ്വസ്ഥതയ്ക്ക് കാരണമാകുകയും ചെയ്യും. പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങളാണെന്ന് ശ്രദ്ധിക്കാതെ പോകുന്ന ഈ പ്രശ്നങ്ങൾ ഫാറ്റി ലിവറിന്റെ ലക്ഷണമാകാം. 

അമിതഭാരം
ആരോഗ്യകരമായി ഭക്ഷണം, വ്യായാമം, പഞ്ചസാര കുറയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെങ്കിൽ അത് കരളിന്റെ ആരോ​ഗ്യം മോശമാണ് എന്നതിന്റെ സൂചനയാകാം. കരളിൻ്റെ പ്രധാന ജോലികളിൽ ഒന്നാണ് കൊഴുപ്പ് മെറ്റബോളൈസ് ചെയ്യുക എന്നത്. അമിതമായി കൊഴുപ്പ് അടിയുന്നതോടെ ആ പ്രക്രിയ തടസ്സപ്പെടുന്നു.

ഫാറ്റി ലിവർ രോഗമുള്ള സ്ത്രീകളെ സംബന്ധിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങളൊന്നും വരുത്തിയില്ലെങ്കിലും പലപ്പോഴും അരക്കെട്ടിന് ചുറ്റും ഭാരം കൂടുന്നത് അനുഭവപ്പെടാറുണ്ട്. ഇതിന് പുറമെ, കൊഴുപ്പ് എരിയിച്ചുകളയാനുള്ള കരളിന്റെ കാര്യക്ഷമത കുറയുകയും ചെയ്യും. ഇതോടെ, ശരീരഭാരം കുറയ്ക്കുന്നത് ദുഷ്കരമാകുന്നു. 

ചർമത്തിലെ കറുത്ത പാടുകൾ 
കഴുത്തിലും കക്ഷങ്ങളിലും തുടയിടുക്കിലും കറുത്തതും മൃദുലമായതുമായ ചർമം രൂപപ്പെടുന്നത് ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണമാകാം. അക്കാന്തോസിസ് നിഗ്രിക്കൻസ് എന്നറിയപ്പെടുന്ന ഈ പാടുകൾ വെറും സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ഒരുപക്ഷേ സ്ത്രീകളിൽ ഫാറ്റി ലിവർ രോഗത്തിന്റെ സൂചനയാകാം. രക്തത്തിലെ പഞ്ചസാരയുടേയും ഇൻസുലിന്റേയും അളവ് ശരിയല്ലെന്നതിന്റെ സൂചനയാണ് ഈ കറുത്ത പാടുകൾ. ഇത് കരളിനേയും ബാധിച്ചേക്കാം. 

ഹോർമോൺ വ്യതിയാനം
ഹോർമോണുകളെ നിയന്ത്രിക്കുന്നതിലും കരളിന് വലിയ പങ്കുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനാരോഗ്യകരമായ കരൾ ക്രമം തെറ്റിയുള്ള ആർത്തവം, വന്ധ്യതാ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. ക്രമം തെറ്റിയതോ കൂടുതൽ വേദനയുള്ളതോ ആയ ആർത്തവത്തിന് കാരണം കരളിന്റെ അനാരോ​ഗ്യമാകാമെന്ന് വെബ്എംഡി റിപ്പോർട്ട് സൂചിപ്പിക്കുന്നു.