കൺതടത്തിൽ പല്ല് വളരുന്ന അപൂർവ അവസ്ഥയുമായി പതിനാറുകാരൻ. ഇന്ത്യയിൽ നിന്നുള്ള കുട്ടിയിലാണ് എക്റ്റോപിക് ടൂത്ത് എന്ന അത്യപൂർവ അവസ്ഥ സ്ഥിരീകരിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

ഇടതുകണ്ണിന് മുകളിൽ വേദനയില്ലാത്ത വീക്കം വന്നതോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടക്കത്തിൽ ഒരു തടിപ്പ് മാത്രമായിരുന്നെങ്കിൽ പിന്നാലെ വെള്ളനിറത്തിലുള്ള രണ്ട് മുനയുള്ള ഭാഗം പ്രത്യക്ഷമാവുകയായിരുന്നു. വിദഗ്ധ പരിശോധനയിലാണ് തെറ്റായ സ്ഥലത്ത് പല്ല് വളരുന്ന എക്റ്റോപിക് ടൂത്ത് എന്ന അവസ്ഥയാണെന്നു സ്ഥിരീകരിച്ചത്.

സി.ടി. സ്കാൻ പരിശോധനയ്ക്കൊടുവിലാണ് 'സുപ്പീരിയർ ഓർബിറ്റ്' എന്ന് വിളിക്കുന്ന ഭാഗത്താണ് പൂർണ്ണ വളർച്ചയെത്തിയ ഒരു പല്ല് വളരുന്ന തായി കണ്ടെത്തിയത്. സുരക്ഷിത ശസ്ത്രക്രിയയിലൂടെ പല്ല് നീക്കംചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി. നീർവീക്കം മാറ്റുകയും ഭാവിയിൽ ഉണ്ടാകാനിടയുള്ള സങ്കീർണ്ണതകൾ തടയുകയും ചെയ്തുവെന്നും ഡോക്ടർമാർ പറഞ്ഞു.

വായയ്ക്ക് പകരം തെറ്റായ സ്ഥലത്ത് പല്ല് രൂപപ്പെടുകയോ മുളയ്ക്കുകയോ ചെയ്യുന്ന അവസ്ഥയാണ് എക്റ്റോപിക് ടൂത്ത്. ഇതേക്കുറിച്ച് 'അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജി'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സ്ഥലത്ത് ഒരു എക്റ്റോപിക് ടൂത്ത് കണ്ടെത്തുന്നതെന്നും റിപ്പോർട്ടുണ്ട്. അണ്ണാക്ക് അല്ലെങ്കിൽ മൂക്കിന്റെ ഉൾഭാഗം എന്നിവിടങ്ങളിൽ പല്ലുകൾ കാണപ്പെടുന്നത് അപൂർവമാണെങ്കിലും നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൺതടത്തിനു മുകളിൽ ഇതാദ്യമായാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നു പരിശോധിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.

എന്താണ് എക്റ്റോപിക് ടൂത്ത്?

സാധാരണ പല്ലുകൾ വരുന്ന നിരയിൽ അല്ലാതെ, തെറ്റായ സ്ഥാനത്ത് മുളയ്ക്കുകയോ, വളരുകയോ ചെയ്യുന്ന പല്ലുകളെയാണ് എക്റ്റോപിക് ടൂത്ത് ( ectopic tooth) എന്ന് വിളിക്കുന്നത്. ഇവ കൂടുതലും താടിയെല്ലിന്റെ ഭാഗത്താണ് കാണപ്പെടുക. എന്നാൽ അപൂർവ്വമായി ഇവ മാക്സിലറി സൈനസ്, മൂക്കിന്റെ ഭാഗം , അണ്ണാക്ക്, അല്ലെങ്കിൽ മറ്റ് ശരീരഭാഗങ്ങൾ എന്നിവിടങ്ങളിലും കാണപ്പെടാം. ജനിതക ഘടകങ്ങൾ, താടിയെല്ലിൽ സ്ഥലക്കുറവ് അല്ലെങ്കിൽ പല്ലുകൾ തമ്മിൽ തിങ്ങിഞെരുക്കം, പാൽപ്പല്ലുകൾ നേരത്തെ നഷ്ടപ്പെടുക, വളർച്ചയിലുള്ള തകരാറുകൾ, അല്ലെങ്കിൽ പരിക്കുകൾ എന്നിവ ഇതിന് കാരണമാകാം.