കണ്ണൂർ: സംസ്ഥാനത്ത് 2.16 ലക്ഷം മേധാക്ഷയ (ഡിമെൻഷ്യ) രോഗികളെന്ന് കണക്കുകൾ. അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സർവേ പ്രകാരമാണ് കണക്ക്. ഇതിൽതന്നെ 60 ശതമാനത്തിന് മുകളിൽ അൽഷിമേഴ്സ് രോഗികളാണ്. രോഗബാധിതരെക്കാൾ തങ്ങൾക്ക് രോഗമുണ്ടോയെന്ന് സംശയിച്ച് വിളിക്കുന്നവരാണ് കൂടുതലെന്ന് കണ്ണൂർ ഡിമെൻഷ്യ കെയർ സൊസൈറ്റി പ്രസിഡന്റ് കാർത്തി ഭാസ്കരൻ പറഞ്ഞു.
അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണലിന്റെ റിപ്പോർട്ടനുസരിച്ച് ഓരോ മൂന്ന് സെക്കൻഡിലും മേധാക്ഷയം ബാധിച്ച ഒരു പുതിയ വ്യക്തി ഉണ്ടാകുന്നു. 2050 ആകുമ്പോഴേക്കും 139 മില്യൺ മേധാക്ഷയബാധിതർ ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മേധാക്ഷയം ഒരു രോഗാവസ്ഥയാണ്. ഇതിൽ കൂടുതൽ ആളുകളിൽ കാണപ്പെടുന്നത് അൽഷിമേഴ്സാണ്. അറുപതിന് മുകളിൽ പ്രായമുള്ളവരെയാണ് അൽഷിമേഴ്സ് അധികവും ബാധിക്കുക. ഫ്രോണ്ടോ ടെംപറൽ ഡിമെൻഷ്യ, വാസ്കുലർ ഡിമെൻഷ്യ, ലേവി ബോഡി ഡിമെൻഷ്യ, മിക്സഡ് ഡിമെൻഷ്യ തുടങ്ങിയവയും പ്രധാനപ്പെട്ടവയാണ്.
കൂടുതൽ പരിചരണകേന്ദ്രങ്ങൾ ആവശ്യം
കണക്കുകൾ പ്രകാരം 10 ശതമാനം ആളുകളിൽ മാത്രമാണ് രോഗനിർണയം നടക്കുന്നത്. 90 ശതമാനം രോഗബാധിതരും അവഗണിക്കപ്പെട്ടവരാണ്.
എം.എം.എസ്.ഇ. പരിശോധന, എം.ആർ.ഐ./സി.ടി. സ്കാൻ, വിറ്റാമിൻ ബി12/തൈറോയ്ഡ് ഹോർമോൺ എന്നീ പരിശോധകളിലൂടെ രോഗം നിർണയിക്കാം. സർക്കാർ, സ്വകാര്യ മേഖലകളിൽ മതിയായ രോഗനിർണയ, പരിചരണ കേന്ദ്രങ്ങൾ ഇല്ലാത്തതും രോഗനിർണയം വൈകുന്നതിനും രോഗബാധിതർ അവഗണിക്കപ്പെടുന്നതിനും കാരണമാകുന്നുണ്ടെന്ന് കുന്നംകുളം പകൽ പരിപാലനകേന്ദ്രത്തിൽ സോഷ്യൽ വർക്കറായ ഒ.പി. സുരേഷ് കുമാർ പറയുന്നു.
മേധാക്ഷയം ചികിത്സിച്ച് ഭേദമാക്കാൻ സാധ്യമല്ല. രോഗാവസ്ഥ മൂർച്ഛിക്കാതെ നോക്കാനും പരിചരണത്തിനുമാണ് സംവിധാനങ്ങൾ വേണ്ടത്. ചികിത്സ രോഗബാധിതരെക്കാൾ പരിചാരകർക്കാണ് ആവശ്യം. മേധാക്ഷയബാധിതരോട് ഇടപെടേണ്ടത് എങ്ങനെയെന്ന് പരിചാരകർ മനസ്സിലാക്കണം. ആവശ്യമെങ്കിൽ കൗൺസലിങ്ങും വേണം.
മേധാക്ഷയരോഗികളെ പരിചരിക്കുന്നതിന് സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ‘സ്മൃതിപഥം’ (കേരള സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിമൻഷ്യ). സാമൂഹികനീതിവകുപ്പിന്റെ കീഴിൽ 2014-ലാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എറണാകുളം എടവനക്കാട് മുഴുവൻസമയ പരിചരണകേന്ദ്രവും തൃശ്ശൂർ കുന്നംകുളത്ത് പകൽ പരിപാലനകേന്ദ്രവും 2015 മുതൽ പ്രവർത്തിക്കുന്നുണ്ട്. രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതൽ മെമ്മറി ക്ലിനിക്കുകളും പരിചരണ കേന്ദ്രങ്ങളും തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സാമൂഹിനനീതിവകുപ്പ്.
Content Highlights: what is alzheimers disease
Published: 21 Sept 2022, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented