മൂന്നുകാര്യങ്ങൾ അകറ്റി നിർത്തുന്നതിലൂടെ അൽസ്ഹൈമേഴ്സ് സാധ്യത വൈകിപ്പിക്കാമെന്ന് പഠനം. ന്യൂറോളജി ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്ന് ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നതിലൂടെ അൽസ്ഹൈമേഴ്സ് സാധ്യത പതിമൂന്ന് വർഷം വൈകിക്കാനാവുമെന്നാണ് പഠനം പറയുന്നത്.

To advertise here,

എൻ.വൈ.യു. ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ടൈപ് 2 ഡയബറ്റിസ്, പുകവലി, ഉയർന്ന രക്തസമ്മർദം എന്നിവയെ അകറ്റുക വഴി അൽസ്മൈഹേഴ്സ് സ്ഥിരീകരിക്കുന്നത് വൈകിക്കാനാവുമെന്നാണ് ഗവേഷകർ പറയുന്നത്. മധ്യവയസ്സിൽ ഈ മൂന്നുകാര്യങ്ങളെ ഒഴിവാക്കുന്നതിലൂടെ അൽസ്ഹൈമേഴ്സ് സാധ്യത വൈകിക്കാമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. 12,400 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഈ വിലയിരുത്തലിലെത്തിയത്. ഏകദേശം ഇരുപത്തിയാറുവർഷം നീണ്ട കാലയളവിലാണ് പഠനം നടത്തിയത്.

മധ്യവയസ്സിൽ ടൈപ് 2 ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദം, പുകവലി എന്നിവ ഉള്ളവരാണെങ്കിൽ അൽസ്ഹൈമഴ്സിനുള്ള സാധ്യത ഇരട്ടിയും അകാലമരണത്തിനുള്ള സാധ്യത അഞ്ചുമടങ്ങും കൂടുതലാണെന്ന് പഠനം പറയുന്നു. ജീവിതശൈലിയിൽ മാറ്റംവരുത്തി അപകടസാധ്യത കുറയ്ക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു.

ഉയർന്ന രക്തസമ്മർദം, ടൈപ് 2 ഡയബറ്റിസ്, പുകവലി തുടങ്ങിയവയ്ക്കൊപ്പം വ്യായാമം ഇല്ലാതിരിക്കുക, അമിതവണ്ണം, പോഷകാഹാരക്കുറവ്, മദ്യപാനം തുടങ്ങിയവ ഉള്ളവരാണെങ്കിൽ അപകടസാധ്യത വീണ്ടും കൂടുമെന്നും ഗവേഷകർ പറയുന്നു. ഡിമെൻഷ്യ കേസുകളിൽ 45ശതമാനവും ഒഴിവാക്കാവുന്ന അപകടസാധ്യതാഘടകങ്ങൾ മൂലമാണെന്നും ഗവേഷകർ പറയുന്നുണ്ട്.

നാൽപ്പത്തിയഞ്ചു വയസ്സിനും അറുപത്തിയഞ്ചു വയസ്സിനും ഇടയിൽ പ്രായമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ടൈപ് 2 ഡയബറ്റിസോ, ഉയർന്ന രക്തസമ്മർ‍ദമോ, പുകവലിയോ ഇല്ലാത്തവരാണെങ്കിൽ 30 വർഷത്തോളം ഡിമെൻഷ്യ സാധ്യതയെ ഭയക്കാതെ ജീവിക്കാമെന്നു കണ്ടെത്തിയത്. ഇവ മൂന്നും ഉള്ളവരാണെങ്കിൽ 17 വർഷം മാത്രമാണ് ഡിമെൻഷ്യയെ തടയാനാവുക. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഡിമെൻഷ്യ സ്ഥിരീകരിക്കുന്നതിന്റെ തോതും കുറവായിരുന്നു. ഈ അപകടസാധ്യതാ ഘടകങ്ങൾ ഉള്ളവരിൽ 85 വയസ്സായപ്പോഴേക്കും ഏഴുശതമാനംപേർ മാത്രമാണ് ഡിമെൻഷ്യയില്ലാത്തവരായി ഉള്ളത്.

രക്തസമ്മർദവും ടൈപ് 2ഡയബറ്റിസും പുകവലിയും രക്തക്കുഴലുകളെ ബാധിക്കാനും മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടത്തെ തടസ്സപ്പെടുത്താനും പക്ഷാഘാതത്തിനും ഇടയുണ്ട്. ഇതെല്ലാം അൽസ്ഹൈമേഴ്സ് സാധ്യത കൂട്ടുമെന്നാണ് കരുതുന്നത്.

അൽസ്ഹൈമേഴ്സിനെക്കുറിച്ച് ചില കാര്യങ്ങൾ

മനുഷ്യമസ്തിഷ്കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് ഡിമൻഷ്യ അഥവാ മറവിരോഗം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതുമായ മറവിരോഗം ആണ് അൽസ്ഹൈമേഴ്‌സ്. തലച്ചോറിന്റെ സ്വാഭാവികപ്രവർത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന ഈ രോഗം ശ്രദ്ധേയമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനു വർഷങ്ങൾക്കുമുമ്പുതന്നെ തലച്ചോറിനെ നശിപ്പിക്കാൻ തുടങ്ങുന്നു.

നിർഭാഗ്യവശാൽ ഈ അസുഖത്തെ പൂർണമായും ഭേദമാക്കുന്ന ചികിത്സകളൊന്നും നിലവിലില്ല. മാത്രമല്ല പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും മിക്ക ചികിത്സകളും ഫലപ്രദമല്ലാതായി മാറുന്നു.

അൽസ്ഹൈമേഴ്‌സ് രോഗത്തിന്റെ മൂലകാരണങ്ങൾ ഇന്ന്‌ പഠനവിധേയമാണെങ്കിലും മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിൽ അമിലോയിഡ്-ബീ, ടൗ തുടങ്ങിയ പ്രോട്ടീനുകൾ കുന്നുകൂടുന്നതും തുടർന്നുള്ള ചില രാസപ്രവർത്തനങ്ങൾ തലച്ചോറിലെ നാഡീകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നതെന്നത് ഏറക്കുറെ വ്യക്തമാണ്. പക്ഷേ, ഈ പ്രോട്ടീനുകളുടെ കുന്നുകൂടലിലേക്കും തുടർന്നുള്ള വ്യത്യസ്ത രാസപ്രവർത്തനങ്ങളിലേക്കും നയിക്കുന്നത്‌ ആയിരക്കണക്കിന് സന്ദേശവാഹകരായ പ്രോട്ടീനുകളുടെ പ്രവർത്തന ഫലമായാണ്.

ഇത്തരം പല പ്രോട്ടീനുകളെയും ലക്ഷ്യമിട്ട്‌ കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി അൽസ്ഹൈമേഴ്‌സ് രോഗത്തിനുള്ള മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ഒട്ടേറെ പഠനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും രോഗലക്ഷണങ്ങളെ മാത്രം നിയന്ത്രണത്തിലാക്കാൻ കഴിവുള്ള വളരെ കുറച്ചെണ്ണം മാത്രമേ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളൂ. പക്ഷേ, ഈ ചികിത്സകൾ ഒക്കെത്തന്നെ അൽസ്ഹൈമേഴ്‌സിന്റെ ലക്ഷണങ്ങളെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. അവ രോഗം ഭേദമാക്കുകയോ തടയുകയോ ചെയ്യുന്നില്ല.