കോഴിക്കോട്: നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും എത്തിച്ച മരുന്നുകളിൽ പലതും കാലഹരണപ്പെടാറായവ. കൂടാതെ ആവശ്യമില്ലാത്ത മരുന്നുകളും കൂടിയ അളവിൽ എത്തിച്ചു. ഇതോടെ മരുന്നുകൾ തിരിച്ചെടുക്കാൻ നടപടി തുടങ്ങി.
ഓഗസ്റ്റ്, സെപ്റ്റംബർ, നവംബർ മാസങ്ങളിലൊക്കെ കാലാവധി തീരുന്ന മരുന്നുകളാണ് ഏതാനും ദിവസംമുൻപ് എത്തിച്ചത്. ചിലത് 200-400 എണ്ണമൊക്കെയുണ്ട്.
‘ഓഗസ്റ്റ് അവസാനംവരെ ഉപയോഗിക്കാൻ പറ്റുന്ന മരുന്ന് നൽകിയത് ദിവസങ്ങൾക്കുമുൻപാണ്. പ്രമേഹരോഗികൾക്കുള്ള ഇൻസുലിൻ മരുന്ന് 2028-29 വരെ കാലാവധിയുള്ളത് സ്റ്റോക്കുണ്ട്. 480 എണ്ണം സ്‌റ്റോക്കുള്ളപ്പോൾ 300 എണ്ണം കൂടിവന്നു. എത്ര രോഗികളെത്തുന്നുണ്ടെന്നുപോലും കണക്കാക്കാതെ ഇത്രയേറെ മരുന്ന് എന്തിനാണെന്ന് മനസ്സിലാവുന്നില്ല’, ചേവരമ്പലത്തെ കൗൺസിലർ സരിത പറയേരി പറഞ്ഞു.
ഡോക്ടർ ആവശ്യപ്പെടാത്ത ഇരുപതിലേറെയിനം മരുന്നുകളെത്തി. ദിവസം ശരാശരി 50-70 പേരൊക്കെയാണ് സെന്ററുകളിൽ എത്തുന്നത്. ഈസ്റ്റ്ഹില്ലിൽ 16 മരുന്നുകൾക്കുപകരം ഇരട്ടിയിലേറെ എത്തിച്ചെന്ന് കൗൺസിലർ എൻ. ശിവപ്രസാദ് പറഞ്ഞു.
മരുന്ന് നൽകിയത് കോർപ്പറേഷൻ
സാധാരണ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ ദേശീയ ആരോഗ്യദൗത്യംവഴി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ (കെ.എം.സി.എൽ.) ആണ് മരുന്നെത്തിക്കുന്നത്. അത്തരം സെന്ററുകളിൽ മരുന്ന് കുറവുള്ളപ്പോൾ കോഴിക്കോട് കോർപ്പറേഷൻ എത്തിക്കും. അതാത് സെന്ററുകളിലെ മെഡിക്കൽ ഓഫീസർമാരുടെ അപേക്ഷ പ്രകാരമാണിത്.
കോർപ്പറേഷനും കെ.എം.സി.എല്ലിൽനിന്നാണ് മരുന്ന് വാങ്ങുന്നത്. കെ.എം.സി.എൽ. മരുന്ന് നൽകാൻ വൈകിയാൽ അതല്ലാതെ മറ്റിടങ്ങളിൽനിന്ന് വാങ്ങി ആരോഗ്യകേന്ദ്രങ്ങളിൽ എത്തിക്കും. ഇത്തരത്തിൽതന്നെയാണ് കോർപ്പറേഷൻ നേരിട്ടുനടത്തുന്ന ആരോഗ്യകേന്ദ്രങ്ങളിലും മരുന്നെത്തിക്കുന്നത്.
ഇങ്ങനെ കോർപ്പറേഷൻ എത്തിച്ച മരുന്നുകളിൽ കെ.എം.സി.എല്ലിൽനിന്നും അല്ലാതെയും വാങ്ങിയ മരുന്നുകളുണ്ട്. എവിടെനിന്നുള്ള മരുന്നാണ് കാലഹരണപ്പെട്ടതെന്ന് കണ്ടെത്തണം.
തിരിച്ചെടുക്കും
നഗരപ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ജനകീയാരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാക്കിയ മരുന്നുകളിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ട പട്ടികയിലില്ലാത്തതും ആവശ്യവുമില്ലാത്തതാണെന്ന് ദേശീയ ആരോഗ്യദൗത്യം കോർപ്പറേഷനെ അറിയിച്ചിട്ടുണ്ട്. ഈ മരുന്നുകൾ തിരിച്ചെടുത്ത് ആവശ്യപ്പെട്ട മരുന്ന് നൽകണമെന്ന അപേക്ഷ ഓഗസ്റ്റ് മൂന്നിന് ജില്ലാ പ്രോഗ്രാം മാനേജർ, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർക്ക് കത്ത് നൽകി.
അത് സാധാരണ നടപടിക്രമം മാത്രമാണെന്ന് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്‌സൽ പറഞ്ഞു. അധികമുള്ളതും കാലഹരണപ്പെട്ടതുമായ മരുന്നുകൾ എടുത്തുവെക്കാൻ ആരോഗ്യകേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്‌മാൻ അറിയിച്ചു. ‘കെ.എം.സി.എല്ലിൽനിന്ന് ചിലപ്പോൾ മരുന്ന് കിട്ടാൻ താമസമുണ്ട്. അപ്പോഴാണ് മറ്റിടങ്ങളിൽനിന്ന് വാങ്ങുന്നത്. ഒരേ അസുഖത്തിന് തന്നെ ഒരു ഡോക്ടർ കുറിക്കുന്ന മരുന്നല്ല മറ്റൊരാൾ എഴുതുക. താത്കാലികമായി നിയമിക്കുന്ന ഡോക്ടർമാരാണ് ഇത്തരം കേന്ദ്രങ്ങളിലുള്ളത്. അതുകൊണ്ടുതന്നെ അപേക്ഷ നൽകിയ ഡോക്ടർ ചിലപ്പോൾ മാറിയിട്ടുണ്ടാവും. അതുകൊണ്ടും മരുന്നിന്റെ പേരിൽ മാറ്റമുണ്ടായിട്ടുണ്ടാവും’- ഡോ. മുനവർ റഹ്‌മാൻ പറഞ്ഞു.
അന്വേഷണം
ആരോഗ്യകമ്മിറ്റി വിഷയം അന്വേഷിക്കുമെന്ന് കൗൺസിൽ യോഗത്തിൽ മേയർ ഒ. സദാശിവൻ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെയാണ് കാലാവധി തീരാറായ മരുന്നെത്തിയതെന്ന് അന്വേഷണത്തിൽ മനസ്സിലാകുമെന്ന് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ പറഞ്ഞു.
Content Highlights: Near-expiry and unrequested medicines were supplied to health and wellness centres in Kozhikode. National Health Mission (NHM) directed the Corporation to take back the excess medicines. Kozhikode Mayor stated that the Health Committee will investigate the issue.
Published: 02 Sept 2026, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented