ക്രീം, ലോഷൻ, ജെൽ, സ്പ്രേ എന്നിങ്ങനെ പല രീതിയിൽ ഇന്ന സൺസ്ക്രീൻ വിപണിയിൽ ലഭ്യമാണ്. യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴുമെല്ലാം പലരും ഇത് ഉപയോഗിക്കാറുമുണ്ട്. സൺസ്ക്രീനിന്റെ പതിവായ ഉപയോഗം ചർമത്തിലെ അർബുദം, സൂര്യരശ്മിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ തടയുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ, സൺസ്‌ക്രീനിനെക്കുറിച്ച് ആളുകൾക്കിടയിലുള്ള മിഥ്യാധാരണകൾ തിരുത്തുകയാണ് കോസ്മെറ്റോളജിസ്റ്റ് ഡോ. കരുണ മൽഹോത്ര. ചർമത്തെ ദോഷകരമായി ബാധിക്കുന്ന പല കാര്യങ്ങളും ഒരുപരിധി വരെ കുറയ്ക്കാൻ സൺസ്ക്രീനിന് സാധിക്കും. എന്നാൽ, പൂർണമായ സംരക്ഷണം സാധ്യമല്ലെന്നും അവർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
SPF കൂടുതലാണെങ്കിൽ സംരക്ഷണം കൂടുതലായിരിക്കുമോ?
ഉയർന്ന സൺ പ്രൊട്ടക്ഷൻ ഫാക്ടർ (SPF) UVB രശ്മികളിൽ നിന്ന് കൂടുതൽ സംരക്ഷണം നൽകുന്നു. എന്നാൽ, UVB വികിരണത്തിനെതിരായ പ്രതിരോധം മാത്രമേ SPF നൽക്കുന്നുള്ളൂ. UVA യെ ഇക്കാര്യം പരിഗണിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അൾട്രാവയലറ്റ് എ രശ്മികൾ ചർമത്തിന് കേടുപാടുകൾ വരുത്തുകയും ചർമ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ, UVA, UVB വികിരണങ്ങൾക്കെതിരെ സംരക്ഷണം നൽകുന്ന ഒരു ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്.
ഇരുണ്ട നിറമുള്ളവർക്ക് സൺസ്ക്രീൻ ആവശ്യമില്ലേ?
മെലാനിന് UVB രശ്മികളെ ഒരു പരിധി വരെ പ്രതിരോധിക്കാനും സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കാനും കഴിയും. എന്നാലും, ഇരുണ്ട ചർമമുള്ളവരും ഒരു ഫുൾ സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കേണ്ടതാണ്. UVA മൂലമുണ്ടാകുന്ന വിഷയങ്ങളെ പ്രതിരോധിക്കാൻ മെലാനിന് കഴിയില്ല. സംരക്ഷണമില്ലാതെ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ മെലാനിന് സാധിക്കില്ല.
മേഘാവൃതമായ ദിവസങ്ങളിൽ സൺസ്ക്രീൻ ഒഴിവാക്കാമോ?
മേഘാവൃതമായ ദിവസങ്ങളിലും സൂര്യരശ്മി മൂലം ചർമത്തിന് കേടുപാടുകൾ സംഭവിക്കാം. 80% വരെ UV വികിരണങ്ങൾക്ക് നേരിയ മേഘപാളികളിലൂടെ കടന്ന് ചർമത്തിലെത്താൻ സാധിക്കുമെന്ന് ഡോക്ടർ പറയുന്നു. അതിനാൽ, കാലാവസ്ഥ എന്തുതന്നെയായാലും എല്ലാ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
സൺസ്‌ക്രീൻ ഇടവേളകളിൽ ഉപയോഗിക്കേണ്ടതുണ്ടോ?
സൺസ്‌ക്രീൻ ഒരു തവണ പുരട്ടിയാൽ ദിവസം മുഴുവൻ സംരക്ഷണം ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ. പ്രകാശമേൽക്കുമ്പോൾ സൺസ്‌ക്രീനിന്റെ ഫലപ്രാപ്തി വേഗം നഷ്ടപ്പെടും. അതിനാൽ, ഓരോ രണ്ടോ നാലോ മണിക്കൂർ കൂടുമ്പോൾ ഇത് വീണ്ടും ഉപയോഗിക്കണം.
വാട്ടർപ്രൂഫ് ആണോ സൺസ്ക്രീൻ?
ഒരു സൺസ്‌ക്രീനും 100 ശതമാനം വാട്ടർ റെസിസ്റ്റന്റ് അല്ല. വിയർപ്പിനെയും വെള്ളത്തെയും പ്രതിരോധിക്കുന്നവ എന്നോ കായികതാരങ്ങൾക്കുള്ള സൺസ്‌ക്രീൻ എന്നോ പരസ്യം ചെയ്യുന്നവയ്ക്ക് ഒരുപരിധി വരെ ഇതിന് സാധിച്ചേക്കാം. എന്നാൽ, നീന്തലിന് ശേഷം സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കേണ്ടതാണ്.
തണുപ്പുകാലത്ത് ശൈത്യകാലത്ത് സൺസ്‌ക്രീൻ ആവശ്യമുണ്ടോ?
സൺസ്‌ക്രീൻ വേനൽക്കാലത്ത് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. തണുപ്പുകാലത്ത് സൺസ്ക്രീൻ ഒഴിവാക്കുന്നത് ടാനിങ്ങ്, പിഗ്മെന്റേഷൻ എന്നിവയ്ക്ക് കാരണമാകും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Learn the truth about sunscreen! Expert Dr. Karuna Malhotra debunks common myths about SPF, dark skin, cloudy days, and more. Protect your skin effectively.
Published: 12 Nov 2025, 01:29 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented