വേനലെത്തും മുമ്പേ സൂര്യന്‍ 'കലിപ്പനായതിനാല്‍' വിപണിയില്‍ സണ്‍ സ്‌ക്രീനുകളുടെ കച്ചവടം പൊടിപൊടിക്കുകയാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരവും സ്വയം അന്വേഷിച്ചുമെല്ലാമാണ് പലരും സണ്‍ സ്‌ക്രീന്‍ വാങ്ങി ഉപയോഗിക്കുന്നത്. കത്തുന്ന വെയില്‍ ചര്‍മത്തിനേല്‍പ്പിക്കുന്ന 'പ്രഹര'ത്തെ ഒരുപരിധിവരെ തടുത്തുനിര്‍ത്തുകയാണ് സണ്‍സ്‌ക്രീനുകള്‍ ചെയ്യുന്നത്. 

To advertise here,

ഇതേസമയമാണ് സാമൂഹികമാധ്യമത്തില്‍ സണ്‍ സ്‌ക്രീനിനെതിരെ ചില സന്ദേശങ്ങള്‍ പ്രചരിക്കുന്നതും. സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണമേകുന്ന സണ്‍ സ്‌ക്രീനും ശരീരത്തിന് ഹാനികരമാണ് എന്നാണ് അത്തരം സന്ദേശങ്ങളില്‍ പറയുന്നത്. നമ്മളില്‍ പലര്‍ക്കും സണ്‍ സ്‌ക്രീന്‍ ഉപയോഗത്തിന്റെ ദോഷവശങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടാകും. ഈ സാഹചര്യത്തില്‍ അത്തരം സന്ദേശങ്ങളെ കുറിച്ച് വിദഗ്ധര്‍ പറയുന്നതെന്താണെന്ന് നോക്കാം. 

കരള്‍രോഗം മുതല്‍ കാന്‍സര്‍ വരെ

സണ്‍ സ്‌ക്രീനില്‍ ഓക്‌സിബെന്‍സോണ്‍, അവോബെന്‍സോണ്‍ തുടങ്ങിയ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും അവ ചര്‍മത്തിലൂടെ ശരീരത്തിനകത്തേക്ക് കടക്കുമെന്നുമാണ് പ്രചാരണം. അങ്ങനെ സംഭവിച്ചാല്‍ അത് വൃക്കരോഗം, കരള്‍രോഗം തുടങ്ങി കാന്‍സറിലേക്ക് വരെ നയിക്കാമെന്നും സണ്‍ സ്‌ക്രീന്‍ വിരുദ്ധര്‍ പറയുന്നു. 

എന്താണ് യാഥാര്‍ഥ്യം?

രണ്ടുതരത്തിലുള്ള സണ്‍ സ്‌ക്രീനുകളാണ് നിലവിലുള്ളത്. മിനറല്‍ സണ്‍ സ്‌ക്രീനും കെമിക്കല്‍ സണ്‍ സ്‌ക്രീനും. സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് പോലുള്ള ആക്ടീവ് മിനറലുകളാണ് മിനറല്‍ സണ്‍ സ്‌ക്രീനുകളിലുള്ളത്. ഈ മിനറലുകള്‍ ചര്‍മത്തെ പൊതിഞ്ഞുപിടിക്കുകയും സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ തടയുകയുമാണ് ചെയ്യുന്നത്.

കെമിക്കല്‍ സണ്‍ സ്‌ക്രീനുകള്‍ മറ്റൊരുതരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജമുള്ള അള്‍ട്രാവയലറ്റ് രശ്മികളെ വെള്ളത്തെ സ്‌പോഞ്ച് എന്നപോലെ ആഗിരണം ചെയ്തുകൊണ്ടാണ് കെമിക്കല്‍ സണ്‍ സ്‌ക്രീന്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നത്. ഒക്ടോക്രൈലീന്‍, ഓക്‌സിബെന്‍സോണ്‍, അവോബെന്‍സോണ്‍, ഒക്ടിസലേറ്റ് പോലുള്ള രാസവസ്തുക്കളാണ് ഇത്തരം സണ്‍ സ്‌ക്രീനുകളിലുള്ളത്. 

കെമിക്കല്‍ സണ്‍ സ്‌ക്രീനുകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വില്ലന്‍ പരിവേഷമുള്ളത്. ചര്‍മത്തില്‍ പുരട്ടുന്ന സണ്‍ സ്‌ക്രീനിലെ രാസവസ്തുക്കള്‍ രക്തത്തിലേക്ക് എത്തുന്നുവെന്നും അങ്ങനെ ശരീരത്തിന് ഹാനികരമാകുന്നുവെന്നുമാണ് വാദം. ഇതിനായി എഫ്ഡിഎ പോലുള്ള ഏജന്‍സികളേയും ഇത്തരം സന്ദേശങ്ങള്‍ പടച്ചുവിടുന്നവര്‍ കൂട്ടുപിടിക്കുന്നു. 

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) യുഎസ്സിലെ ഫെഡറല്‍ ഏജന്‍സിയായതിനാല്‍ അവര്‍ നല്‍കുന്ന വിവരങ്ങള്‍ ആധികാരികമാണ്. അതിനാലാണ് ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം എഫ്ഡിഎയേയും കൂട്ടുപിടിക്കുന്നത്. എന്നാല്‍ എഫ്ഡിഎ യഥാര്‍ഥത്തില്‍ പറയുന്നത് വെയിലത്ത് സണ്‍ സ്‌ക്രീന്‍ നിരന്തരം ഉപയോഗിക്കണമെന്ന് തന്നെയാണ്. സണ്‍ സ്‌ക്രീനുകള്‍ ഹാനികരമാണെന്ന് എഫ്ഡിഎയുടെ ഒരു പഠനത്തിലും പറയുന്നില്ല. 

കെമിക്കല്‍ സണ്‍ സ്‌ക്രീനുകളിലെ രാസവസ്തുക്കള്‍ ചെറിയ അളവില്‍ രക്തത്തില്‍ കലരാമെന്നത് സത്യമാണ്. എന്നാല്‍ ഇവ മനുഷ്യരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നതിന് തെളിവുകളില്ല. 

സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുന്നു എന്നതിന് ഒരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല എന്നാണ് യുഎസ്സിലെ ടെക്‌സാസിലുള്ള എം.ഡി. ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്റര്‍ പറയുന്നത്. എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കാന്‍സറിന് കാരണമാകുന്നുവെന്നതിന് പ്രത്യക്ഷത്തില്‍ തെളിവുകളുണ്ടെന്നും അവര്‍ പറയുന്നു. ഇത്രയൊക്കെ കേട്ടിട്ടും കെമിക്കല്‍ സണ്‍ സ്‌ക്രീനുകളെ പേടിയാണെങ്കില്‍ മിനറല്‍ സണ്‍ സ്‌ക്രീനുകള്‍ ഉപയോഗിച്ച് ടെന്‍ഷനില്ലാതെ നടക്കാം.