ഒ.പി.യിൽ ആശങ്ക നിറഞ്ഞ മുഖത്തോടെ വരുന്ന ധാരാളം മാതാപിതാക്കളുണ്ട്. ഒരിക്കൽ ഒരമ്മ തന്റെ അഞ്ചുവയസ്സുകാരൻ മകനെയും കൂട്ടി കൺസൽട്ടിങ് മുറിയിലേക്ക് വന്നു. അവരുടെ കണ്ണുകളിലും ആശങ്കയുണ്ടായിരുന്നു. ആ കുട്ടിയുടെ വലതുകാൽ ഉള്ളിലേക്ക് വളയുകയും നടക്കുമ്പോൾ നിലത്ത് വലിച്ചിഴയുകയും ചെയ്യുന്നുണ്ടായിരുന്നു.
ഗർഭപാത്രത്തിൽവെച്ചുതന്നെ കാലുകൾക്ക് വൈകല്യം സംഭവിക്കുന്ന 'ക്ലബ്ഫൂട്ട്' (Clubfoot) എന്ന അവസ്ഥയോടെയായിരുന്നു ആ കുട്ടി ജനിച്ചത്. ''എന്റെ കുഞ്ഞ് മറ്റുള്ളവരെപ്പോലെ നടക്കുമോ?'', ''അവന് വേദനയുണ്ടാകുമോ?'' എന്നൊക്കെയായിരുന്നു ആ അമ്മയുടെ ആശങ്ക. ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ ലഭിച്ച വിവരങ്ങൾ അവരെ കൂടുതൽ ആശങ്കപ്പെടുത്തുകയും ചെയ്തിരുന്നു.
എന്താണ് ക്ലബ്ഫൂട്ട്?
ജനനസമയത്ത് കുഞ്ഞിന്റെ പാദങ്ങൾ ഉള്ളിലേക്കും താഴേക്കും വളഞ്ഞിരിക്കുന്ന അവസ്ഥയാണ് 'ക്ലബ്ഫൂട്ട്' (Congenital Talipes Equinovarus-CTEV). പേശികളുടെയും നാഡികളുടെയും വളർച്ചയിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കുട്ടിക്ക് സാധാരണപോലെ നടക്കാൻ ബുദ്ധിമുട്ടാവുകയും സ്ഥിരമായി വൈകല്യമുണ്ടാവുകയും ചെയ്യും. എന്നാൽ, ആധുനിക വൈദ്യശാസ്ത്രത്തിൽ ഇത് പരിഹരിക്കാൻ ഫലപ്രദമായ ചികിത്സയുണ്ട്.
ഗർഭകാലത്തിന്റെ ഇരുപതാഴ്ചയെത്തുമ്പോൾ ചെയ്യുന്ന അനോമലി സ്കാനിങ്ങിൽ (Anomaly scan) മിക്കവാറും ഈ പ്രശ്നം തിരിച്ചറിയാൻ കഴിയും. അങ്ങനെ അനോമലി സ്കാനിങ്ങിൽ ഈ അവസ്ഥ കണ്ടാൽ ഭയപ്പെടേണ്ടതില്ല. കാരണം ഇതൊരു മാറാവ്യാധിയല്ല. പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു അവസ്ഥമാത്രമാണ്.
പോൺസെറ്റി ചികിത്സാരീതി
മറ്റ് പ്രയാസങ്ങളൊന്നുമില്ലെങ്കിൽ കുഞ്ഞ് ജനിച്ച ദിവസംതന്നെ ക്ലബ്ഫൂട്ട് പരിഹരിക്കാനുള്ള ചികിത്സ തുടങ്ങാനാകും 'പോൺസെറ്റി മെത്തേഡ്' (Ponseti method) ആണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യത്തെ കുറച്ചാഴ്ചകളിൽ കാലുകൾ പതുക്കെ നേരേയാക്കി പ്ലാസ്റ്ററിടുന്ന രീതിയാണിത് (Serial casting). ഓരോ ആഴ്ചയും പ്ലാസ്റ്റർ മാറ്റും. ആറാഴ്ചത്തെ പ്ലാസ്റ്ററിങ്ങിനുശേഷം രണ്ടാംമാസത്തിൽ കുതികാലിലെ നാഡിക്ക് അയവ് വരുത്താൻ വളരെ ചെറിയൊരു ശസ്ത്രക്രിയ (Tenotomy) ആവശ്യമായി വരും.
അതിനുശേഷം കാലുകൾ വീണ്ടും വളയാതിരിക്കാൻ പ്രത്യേകതരം ഷൂസുകൾ (Foot abduction brace) നൽകും. അഞ്ചുവയസ്സുവരെ ഈ ഷൂസ് ധരിക്കാൻ നിർദേശിക്കും. രാവും പകലും ആ ഷൂസ് കുഞ്ഞിനെ ധരിപ്പിക്കുകയെന്നത് ശ്രമകരമാണെങ്കിലും ഫലപ്രാപ്തിക്ക് അത് അത്യാവശ്യമാണ്.
കുഞ്ഞ് വളരുമ്പോൾ
പ്രായമേറുന്തോറും ഷൂസിടാനുള്ള കുഞ്ഞിന്റെ മടിയും വാശിയുമൊക്കെ കാരണം മാതാപിതാക്കൾ അതിനുള്ള ശ്രമം പതിയെ ഒഴിവാക്കുകയും എക്സർസൈസുകൾ മുടക്കുകയും ചെയ്യാറുണ്ട്. ഇവിടെയാണ് പലർക്കും പിഴയ്ക്കുന്നത്. നാലോ അഞ്ചോ വയസ്സുവരെ ഈ ഷൂസുകൾ കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ അസുഖം തിരികേ വരാനുള്ള (Recurrence) സാധ്യത വളരെ കൂടുതലാണ്. കുതികാൽ ഉയർത്തിനടക്കാൻ തുടങ്ങുന്നതിനാൽ, പാദം ഉള്ളിലേക്ക് വളഞ്ഞുതുടങ്ങും. ഈയവസ്ഥയിൽ കാലിലെ പേശികൾ നീക്കംചെയ്യുന്ന സർജറികൾ (Soft tissue release) ചെയ്താൽ, ഭാവിയിൽ കാൽ കൂടുതൽ ദൃഢമായിപ്പോകാൻ (Stiffness) സാധ്യതയുണ്ട്. അതിനാൽ, പുറമേനിന്നുള്ള കമ്പികളുപയോഗിച്ച് കാലിനെ പതുക്കെ നേരേയാക്കി കൊണ്ടുവരുന്ന 'ജെസ്സ് ഫിക്സേഷൻ' (JESS-Joshi's External Stabilisation System) എന്ന ചികിത്സാരീതിയാണ് വേണ്ടിവരാറുള്ളത്.
ഓപ്പറേഷൻ കഴിഞ്ഞ് കുഞ്ഞിന്റെ കാലിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്രെയിമിലെ കമ്പികൾ കയറുന്ന ഭാഗങ്ങൾ അണുബാധ വരാതിരിക്കാൻ ദിവസവും വൃത്തിയാക്കുക (Pin site cleaning) എന്നത് പ്രധാനമാണ്.
മൂന്നാലുമാസത്തെ ഇങ്ങനെയുള്ള പരിശ്രമത്തിനുശേഷം ഫ്രെയിം അഴിച്ചുമാറ്റാനാകും. തുടർന്ന്, കുറച്ചുകാലത്തെ പ്ലാസ്റ്ററിങ്ങിനും (Casting) ഷൂസ് ധരിക്കലിനും കൃത്യമായ ഫിസിയോതെറപ്പിക്കും (Physiotherapy) ശേഷം കാൽ സാധാരണ നിലയിലാകും.
ക്ലബ്ഫൂട്ട് ബാധിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് പറയാനുള്ളത് ഇതാണ്: അനോമലി സ്കാനിങ്ങിൽ കുഞ്ഞിന് ക്ലബ്ഫൂട്ട് ഉണ്ടെന്നറിയുമ്പോൾ ആശങ്കപ്പെടാതിരിക്കുക. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിന് മികച്ച ചികിത്സയുണ്ട്. എന്നാൽ, ഇതിന്റെ ചികിത്സ ചെറിയ ഓട്ടമത്സരം പോലെയല്ല, വലിയൊരു മാരത്തൺ പോലെയാണ്. ഡോക്ടർ നിർദേശിക്കുന്ന കാലയളവുവരെ കൃത്യമായി ബ്രേസ് ഉപയോഗിക്കുകയും തുടർപരിശോധനകൾ കൃത്യമായി നടത്തുകയും ചെയ്യുകയെന്നതാണ് രോഗം തിരികേ വരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം. ഒരുകാരണവശാലും കുഞ്ഞിന്റെ കരച്ചിൽ കണ്ടോ വാശി കണ്ടോ ബ്രേസ് ധരിപ്പിക്കുന്നത് മുടക്കരുത്. ഇനി അഥവാ അസുഖം തിരികേ വന്നാലും നിരാശപ്പെടേണ്ടതില്ല. സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാമാർഗങ്ങളിലൂടെ കുഞ്ഞിനെ സന്തോഷത്തോടെ ഓടിച്ചാടി നടക്കുന്ന ഒരു ജീവിതത്തിലേക്ക് തിരികേ കൊണ്ടുവരാൻ സാധിക്കും.
കോഴിക്കോട് & കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പീഡിയാട്രിക് ഓർത്തോപീഡിക്സ് & സ്കോളിയോസിസ് വിഭാഗം മേധാവിയും സീനിയർ കൺസൽട്ടന്റ് ആണ് ലേഖകൻ.
Content Highlights: Learn about congenital talipes equinovarus, commonly known as clubfoot, and how the Ponseti method offers effective treatment for affected children.
Published: 06 Nov 2026, 03:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented