തൃശ്ശൂര്‍: ആമാശയം പൊട്ടി ഗുരുതരാവസ്ഥയിലായ 12 വയസ്സുള്ള ബാഡ്മിന്റണ്താരമായ കുട്ടിക്ക് ഗവ.മെഡിക്കല്‍ കോളേജില്‍ സങ്കീര്‍ണ ശസ്ത്രക്രിയ. പാലക്കാട് സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയെയാണ് മെഡിക്കല്‍ കോളേജ് ശിശു ശസ്ത്രക്രിയാവിഭാഗത്തിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചത്. സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടു. പൂര്‍ണമായും സൗജന്യമായാണ് ചികിത്സ നടത്തിയത്.
കടുത്ത വയറുവേദനയുമായാണ് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കാനിങ്ങില്‍ കുട്ടിയുടെ ആമാശയം പൊട്ടി കഴിച്ച ഭക്ഷണമെല്ലാം വയറില്‍ ചിതറിക്കിടക്കുന്നതാണ് കണ്ടത്. ഉടനെ അടിയന്തരശസ്ത്രക്രിയക്ക് വിധേയമാക്കി. ആമാശയത്തിന്റെ ദ്വാരം അടക്കുകയും പിന്നീട് ഉണ്ടാകാതിരിക്കാന്‍ പ്രതിവിധികളും ചെയ്തു. നാലുമണിക്കൂറുകൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്.
കുട്ടിയുടെ ഡയഫ്രത്തിന്റെ ഒരു ഭാഗം കനം കുറഞ്ഞ് നെഞ്ചിനുള്ളിലേക്ക് തള്ളിനില്ക്കുന്ന സ്ഥിതിയിലായിരുന്നു. ഈ അപാകം ജന്മനാ ഉള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
രണ്ടാഴ്ച മുന്‍പ് നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത് സമ്മാനം നേടിയിരുന്നു. ഇതിന്റെ പിറ്റേന്ന് കലശലായ വയറുവേദന ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

ബാഡ്മിന്റണ്‍ കളിക്കിടെ വയറിനകത്തെ മര്‍ദം കൂടുകയും ആമാശയം ഡയഫ്രത്തിലെ കനംകുറഞ്ഞ ഭാഗത്തകൂടി നെഞ്ചിനകത്തേക്ക് തള്ളിക്കയറുകയുംചെയ്തു. തുടര്‍ന്ന് ആമാശയത്തില്‍ ഗ്യാസ് നിറഞ്ഞ് പൊട്ടുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജന്മനാ ഈ അപാകമുണ്ടായിരുന്നതിന്റെ ബുദ്ധിമുട്ടുകളൊന്നും കുട്ടിക്കുണ്ടായിരുന്നില്ല.
ശിശുരോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. നിര്‍മല്‍ ഭാസ്കറിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ ശശികുമാര്‍, ഫിലിപ്സ് ജോണ്‍, എന്‍. സുധീര്‍, കെ.ആര്. ഷാജി, അജിത് കുമാര്‍, അതുല്‍ കൃഷ്ണ, നഴ്സിങ് ഓഫീസര്‍മാരായ മിനി പി. ശ്രീധരന്, ശ്രീദേവി ശിവന് എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി.
Content Highlights: Stomach broken free surgery treatment medical college
Published: 22 Nov 2024, 07:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented