ഈസോഫഗൈറ്റിസ് സ്ഥിരീകരിച്ചുവെന്ന് പ്രശസ്ത ടി.വി.താരം കിം കർദാഷിയാൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ജീവിതകാലമുടനീളം ഈയവസ്ഥയെ നിരീക്ഷിക്കേണ്ടി വരുന്നതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് കിം. അന്നനാളത്തിലെ വീക്കം ഭേദമായെങ്കിലും അന്നനാളത്തിലെ ടിഷ്യുവിന്റെ ആവരണത്തിലുണ്ടകുന്ന മാറ്റങ്ങൾ തുടർന്നും നിരീക്ഷിക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും താരം പറഞ്ഞു.
കിം കർദാഷിയാന്റെ അച്ഛൻ റോബർട്ട് കർദാഷിയാന്റെ മരണം അന്നനാളത്തിലെ അർബുദം ബാധിച്ചാണ് എന്നതുകൂടി കണക്കിലെടുത്താണിത്. അച്ഛൻ ഈസോഫേഗൽ കാൻസർ ബാധിച്ച് മരിച്ചതിനാൽ നിരന്തരം ഈയവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും കിം പറയുന്നുണ്ട്.
എൻഡോസ്കോപ്പി ചെയ്തതിൽ ഹിയാറ്റൽ ഹെർണിയ കണ്ടുവെന്നും അത് വളരെ സാധാരണമാണെന്ന് ഡോക്ടർമാർ അറിയിച്ചുവെന്നും കിം വ്യക്തമാക്കി. റോബർട്ട് കർദാഷിയാനും ഹിയാറ്റൽ ഹെർണിയ സ്ഥിരീകരിച്ചിരുന്നു. വയറിന്റെ മുകൾഭാഗം ഡയഫ്രത്തിലൂടെ തള്ളിക്കയറുന്ന അവസ്ഥയാണിത്. ദി കർദാഷിയാൻസ് എന്ന ടി.വി. ഷോയുടെ ട്രെയിലറിലാണ് കിം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
എന്താണ് ഈസോഫഗൈറ്റിസ് ?
അന്നനാളത്തിനുണ്ടാകുന്ന വീക്കമാണ് ഈസോഫഗൈറ്റിസ്. ഈസോഫഗൈറ്റിസ് ഉള്ളവരിൽ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടും വേദനയും ഉണ്ടാകാം. ഇത് നെഞ്ചെരിച്ചിലിനും കാരണമാകും. ആസിഡ് റിഫ്ലക്സ്, അണുബാധ, ചിലയിനം മരുന്നുകൾ, അലർജികൾ തുടങ്ങിയവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. അന്നനാളത്തിന് ഏറ്റിട്ടുള്ള കേടുപാടുകളെ അടിസ്ഥാനമാക്കിയാണ് ചികിത്സ നിശ്ചയിക്കുക.
ചികിത്സിച്ചില്ലെങ്കിൽ അന്നനാളത്തിന്റെ ആന്തരികപാളി നശിക്കുകയും വായയിൽനിന്ന് ആമാശയത്തിലേക്ക് ഭക്ഷണവും പാനീയങ്ങളും എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. അന്നനാളം ചുരുങ്ങുക, ശരീരഭാരം കുറയുക, നിർജ്ജലീകരണം തുടങ്ങിയവയും ഉണ്ടാവാം.
ലക്ഷണങ്ങൾ
- ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്.
- ഭക്ഷണം ഇറക്കുമ്പോൾ വേദന.
- ഭക്ഷണം അന്നനാളത്തിൽ കുടുങ്ങുക
- നെഞ്ചെരിച്ചിൽ
- ആസിഡ് റിഫ്ലക്സ്
കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമായി കാണണമെന്നില്ല. ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുക, ശരിയായ വളർച്ച ഉണ്ടാകാതിരിക്കുക, മുതിർന്ന കുട്ടികളിൽ നെഞ്ചിലോ വയറിലോ ഉണ്ടാകുന്ന വേദന തുടങ്ങിയവ ശ്രദ്ധിക്കണം.
ലക്ഷണങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുക, ഓവർ ദി കൗണ്ടർ മരുന്നുകൾ ഉപയോഗിച്ചിട്ടും കുറയാതിരിക്കുക, ശരീരഭാരം പെട്ടെന്നു കുറയുക, തലവേദന, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ വൈകിക്കരുത്.
Content Highlights: Kim Kardashian discusses her ongoing battle with esophagitis, a condition requiring lifelong monitoring due to her father's esophageal cancer history.
Published: 16 Nov 2026, 04:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented