ല കാരണങ്ങളാൽ വയറുവേദന അനുഭവപ്പെടുന്നവരുണ്ട്. പലപ്പോഴും ഭക്ഷണരീതിയും ഗ്യാസ്ട്രിക് പ്രശ്നങ്ങളുമൊക്കെയാണ് സാധാരണ വയറുവേദനയ്ക്ക് കാരണമാകാറുള്ളത്. എന്നാൽ ഇടയ്ക്കിടെ വയറുവേദന വരികയും ഒപ്പം ഛർദിയും തലവേദനയുമൊക്കെ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അബ്ഡൊമിനൽ മൈഗ്രേൻ എന്ന അവസ്ഥ മൂലമാകാം എന്നാണ് ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ പറയുന്നത്.

To advertise here,

മിക്കപ്പോഴും അഞ്ചുമുതൽ പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികളിലാണ് കൂടുതലായും ഈ അവസ്ഥ കാണാറുള്ളതെന്നും അദ്ദേഹം പറയുന്നു. പലപ്പോഴും ടെസ്റ്റുകൾ ചെയ്താലും റിപ്പോർട്ടുകൾ നോർമലാവുന്നതിനാൽ രോഗനിർണയം വൈകാറുണ്ടെന്നും ഡോ.സുധീർ കുമാർ പറയുന്നു.

ഇടയ്ക്കിടെ വയറുവേദന വരികയും ഒപ്പം ഛർദിയും ഉണ്ടെങ്കിൽ അതിനു കാരണം ഗ്യാസ്ട്രിക് പ്രശ്നങ്ങളല്ല മറിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്ന അബ്ഡൊമിനൽ മൈഗ്രേൻ ആവുമെന്നാണ് അദ്ദേഹം പറയുന്നത്. ഡോക്ടറെ കാണാൻ വൈകരുതെന്നും കൃത്യസമയത്ത് ചികിത്സ നൽകുന്നത് കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.

എന്താണ് അബ്ഡൊമിനൽ മൈഗ്രേൻ?

ചിലപ്പോൾ മിതമായ രീതിയിലും ചിലപ്പോൾ കടുത്തരീതിയിലും വേദന ഇടയ്ക്കിടെ അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഒരു മണിക്കൂർ മുതൽ എഴുപത്തിരണ്ട് മണിക്കൂർ വരെ വേദന നീണ്ടുനിൽക്കാം. പൊതുവേ പതിനേഴ് മണിക്കൂറിനുള്ളിലൊക്കെ മാറാറുണ്ട്. മൈഗ്രേൻ തലവേദനയും വയറുവേദനയും ഒരുമിച്ച് വരികയും ചെയ്യാം. മൈഗ്രേൻ വയറുവേദന ഉള്ള ഇരുപത്തിനാല് ശതമാനം പേരിൽ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ മൈഗ്രേൻ തലവേദന കണ്ടുവരാറുണ്ടെന്ന് ക്ലീവ്ലൻഡ് ക്ലിനിക്ക് റിപ്പോർട്ട് ചെയ്യുന്നു.

രക്തബന്ധത്തിൽ മൈഗ്രേൻ ഉള്ളവരുടെ കുട്ടികൾക്ക് അബ്ഡൊമിനൽ മൈഗ്രേൻ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ്, നീണ്ടസമയം ഭക്ഷണം കഴിക്കാതിരിക്കുക, നിർജലീകരണം, മോഷൻ സിക്ക്നസ്, അമിതമായ കഫീൻ ഉപഭോഗം എന്നിവയും എന്നിവയും രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്.

പ്രധാന ലക്ഷണങ്ങൾ

വയറിനു നടുവിലും പൊക്കിളിനു ചുറ്റുമായാണ് ഈ വേദന സാധാരണ കാണപ്പെടാറുള്ളത്. പൊടുന്നനെ വരികയും പോവുകയും ചെയ്യാം. വിശപ്പില്ലായ്മ, ഛർദി, ഓക്കാനം, തലവേദന തുടങ്ങിയവയും കണ്ടുവരാറുണ്ട്.