തൃശ്ശൂർ: ചില നേട്ടം കൈവരിക്കുമ്പോഴും ഇന്ത്യയുടെ പൊതുജനാരോഗ്യരംഗം നിശബ്ജ വെല്ലുവിളി നേരിടുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലീരോഗങ്ങളുടെ വലിയതോതിലുള്ള വ്യാപനം പകർച്ചവ്യാധിക്ക് സമാനമാണെന്നാണ് വിലയിരുത്തൽ.

To advertise here,

ലോകാരോഗ്യദിനത്തിന്റെ ഭാഗമായി അപ്പോളോ ആശുപത്രി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. അഞ്ചുവർഷമായി നടത്തിയ പഠനം ക്രോഢീകരിച്ചിരിക്കുകയാണ് ഇത്തവണ.

വിവിധ ആശുപത്രികളിലായി പരിശോധനക്കെത്തിയ 2,57,199 പേരുടെ വിവരങ്ങളാണ് വിലയിരുത്തിയത്. ഇതിലേറ്റവും ആശങ്കയുയർത്തുന്നത് കരളിലെ കൊഴുപ്പിന്റെ പ്രശ്നമാണ്. വിലയിരുത്തിയതിൽ 65 ശതമാനം പേരും കരളിൽ കൊഴുപ്പ് അധികമായുള്ളവരാണ്.

ഇതിൽത്തന്നെ 85 ശതമാനവും മദ്യോപയോഗമില്ലാത്തവരാണെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഒരു ലക്ഷണവുമില്ലാത്ത ഹൃദയസ്തംഭനം വന്നവർ 40 ശതമാനമാണ്. ആർത്തവവിരാമത്തെത്തുടർന്നുള്ള ആരോഗ്യനിലയും ആശങ്കയാകുന്നുണ്ട്. ഇതിൽ പ്രമേഹം വന്നവർ അഞ്ചുവർഷംകൊണ്ട് 14-ൽനിന്ന് 40 ശതമാനത്തിലേക്കാണ് വളർന്നത്.

ഇക്കൂട്ടരിലെ അമിതവണ്ണക്കാരുടെ വളർച്ച പത്തുശതമാനമാണ്. വൈറ്റമിൻ-ഡി യുടെ കുറവ് 75 ശതമാനത്തിന് മുകളിലാണ്. കോളേജ് വിദ്യാർഥികളുടെ ആരോഗ്യപ്രതിസന്ധിയും റിപ്പോർട്ട് വ്യക്തമാക്കുന്നു. പരിശോധനക്കെത്തിയ വിദ്യാർഥികളിൽ 28 ശതമാനത്തിന് അമിതഭാരമുണ്ട്.

19 ശതമാനമാകട്ടെ രക്തസമ്മർദത്തിന്റെ പൂർവഘട്ടത്തിലുമാണ്. ആരോഗ്യപരിശോധനകൾക്ക് വരുന്നവരുടെ മൊത്തം എണ്ണം കൂടുന്നതാണ് ശുഭകരമായി എടുത്തുകാട്ടപ്പെടുന്നത്. അഞ്ചുവർഷത്തിൽ പത്തുലക്ഷത്തിൽനിന്ന്‌ 25 ലക്ഷത്തിലേക്കാണ് വളർച്ച.

കേരളത്തിനും ബാധകം

മൂന്നുദശകമായി ഇത്തരം രോ​ഗങ്ങൾ ഇവിടെയും വളരുകയാണ്. ചെറുപ്പക്കാരിലേക്കും രോ​ഗം പടരുന്നത് ​ഗുരുതരം. ഉഷ്ണരാജ്യമായിട്ടും വൈറ്റമിൻ-ഡി കുറവ് ഏറുകയാണ്. പരിശോധനകൾ കൂടുന്നുണ്ടെങ്കിലും പ്രതിരോധം പാളുന്നുവെന്നതാണ് സ്ഥിതി. ജീവിതശൈലിയിൽ കർശന ക്രമീകരണം അനിവാര്യം. 

ഡോ. ബി. പദ്മകുമാർ
പ്രിൻസിപ്പൽ
കൊല്ലം ​ഗവ.മെഡിക്കൽ കോളേജ്