പാകിസ്താനിൽനിന്നുള്ള അനധികൃത സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO). 'ചാന്ദ്നി വൈറ്റ്നിങ് ക്രീം', 'ഗോരി ബ്യൂട്ടി ക്രീം' എന്നീ രണ്ട് ക്രീമുകൾ ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പുള്ളത്. ക്രീമുകളിൽ ഉയർന്ന അളവിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഈ ക്രീമുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും സിഡിഎസ്‌സിഒ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഗോരി ബ്യൂട്ടി ക്രീം, ചാന്ദ്നി വൈറ്റ്നിങ് ക്രീം എന്നീ അനധികൃത കോസ്മെറ്റിക് ഉത്പന്നങ്ങൾ വാങ്ങരുതെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകുന്നുമുണ്ട്.
ഈ ഉത്പന്നങ്ങളോ സമാനമായ പേരിലുള്ളവയോ വാങ്ങിയിട്ടുണ്ടെങ്കിൽ ഉപയോഗിക്കരുത്. നിർമാണ ലൈസൻസ് നമ്പറും നിർമാതാവിന്റെ വിവരങ്ങളും ഉൾക്കൊള്ളുന്ന അംഗീകൃത കോസ്മെറ്റിക് ഉത്പ്പന്നങ്ങൾ വാങ്ങണമെന്നും നിർദേശത്തിലുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ ബാച്ച് നമ്പർ, നിർമാണവും കാലഹരണപ്പെടുന്ന തീയതിയും, രജിസ്ട്രേഷൻ നമ്പർ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ പറയുന്നുണ്ട്.
ഗോറി ബ്യൂട്ടി ക്രീം ഉപയോഗിച്ചിരുന്ന നിരവധി സ്ത്രീകൾക്ക് വൃക്ക സംബന്ധമായ അസുഖങ്ങൾ പിടിപെട്ടിരുന്നുവെന്നു കാണിച്ച് നാഗ്പുരിൽനിന്ന് നിരവധിപേർ പരാതികൊടുത്ത പശ്ചാത്തലത്തിലാണ് പരിശോധന കടുപ്പിച്ചത്. മെർക്കുറി അടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ ദീർഘകാലം ഉപയോഗിച്ചാൽ വൃക്ക, നാഡീവ്യൂഹം, മറ്റ് അവയവങ്ങൾ എന്നിവയ്ക്ക് സാരമായ തകരാറുകൾ വരാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ചർമം വെളുപ്പിക്കാനുള്ള ക്രീമുകളിൽ ചർമത്തിലെ മെലാനിൻ ഉത്പാദനം തടയുന്നതിനായി പലപ്പോഴും നിയമവിരുദ്ധമായി മെർക്കുറി പോലുള്ളവ അമിതമായി ചേർക്കാറുണ്ട്. സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇവ ചർമത്തിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അടിഞ്ഞുകൂടുകയും ചെയ്യും. ഇത് വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്നത് ഉൾപ്പെടെ പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
Content Highlights: CDSCO warns against using fairness creams from Pakistan due to high mercury levels, posing severe health risks to consumers.
Published: 16 Sept 2026, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented